
ആഗോള മേഖലയിലെ രാഷ്‌ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ഐടി മേഖല മികച്ച പ്രകടനം തുടരുന്നു
freepik.com
ബിസിനസ് ലേഖകൻ
ആഗോള മേഖലയിലെ രാഷ്‌ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഇന്ത്യന്‍ ഐടി മേഖല മികച്ച പ്രകടനം തുടരുന്നു. ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ യുദ്ധത്തെ തുടര്‍ന്ന് അമെരിക്കയും യൂറോപ്പും കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ ശക്തമായതോടെ ഇന്ത്യന്‍ ഐടി കമ്പനികള്‍ കരുതലോടെയാണ് നീങ്ങിയത്.
അമെരിക്കന്‍ വിപണിയിലെ പ്രതിസന്ധികള്‍ കമ്പനികളുടെ ഐടി കരാറുകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ രാജ്യത്തെ മുന്‍നിര ഐടി കമ്പനികള്‍ പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിടുമെന്നാണ് പ്രമുഖ ഓഹരി അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ഐടി കരാറുകള്‍ നിലനിർത്തുന്നതിനും പുതിയ കരാറുകള്‍ നേടുന്നതിലും ഇന്ത്യന്‍ കമ്പനികള്‍ വിപണി നേതൃത്വം നിലനിർത്തിയെന്നും അവര്‍ വിലയിരുത്തുന്നു.
അമെരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ വിപണികള്‍ കണ്ടെത്തിയതും നിർമിത ബുദ്ധി അടക്കമുള്ള മേഖലകള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും ഇന്ത്യന്‍ ഐടി മേഖലയ്ക്ക് ഗുണമായെന്നാണ് വിലയിരുത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കാലയളവില്‍ കരാറുകള്‍ റദ്ദാക്കുന്ന നടപടികളും പ്രൊജക്റ്റുകളുടെ ചെലവ് ചുരുക്കാനുള്ള നീക്കങ്ങളോ വിദേശ കമ്പനികള്‍ സ്വീകരിച്ചില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, അവലോകന കാലയളവില്‍ വരുമാന വളര്‍ച്ച കാര്യമായി കൂടില്ലെന്നാണ് വിലയിരുത്തുന്നത്. പുതിയ സാഹചര്യത്തില്‍ വന്‍കിട കമ്പനികള്‍ നിരക്കുകളില്‍ വിലപേശല്‍ നടത്തുന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടവും കമ്പനികളുടെ വരുമാന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്‍റെ അറ്റാദായം ആറ് ശതമാനം ഉയര്‍ന്ന് 12,760 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന ലാഭം 1.3% വളര്‍ച്ചയോടെ 63,437 കോടി രൂപയിലെത്തി.
ജനുവരി മാര്‍ച്ച് കാലയളവിനേക്കാള്‍ കമ്പനിയുടെ മാര്‍ജിന്‍ നേരിയ തോതില്‍ മെച്ചപ്പെട്ടു. കമ്പനിയുടെ മൊത്തം കരാര്‍ മൂല്യം ജൂണ്‍ പാദത്തില്‍ 940 കോടി ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. ഇക്കാലയളവില്‍ 6,071 ജീവനക്കാരെ ടിസിഎസ് പുതുതായി നിയമിച്ചിരുന്നു.