
കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ കാഹളം മുഴക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം
മലപ്പുറം: കേരള രാഷ്ട്രീയത്തില്‍ മാറ്റത്തിന്‍റെ കാഹളം മുഴക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലമാണ് നിലമ്പൂരിലേത്. എല്‍ഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമ്പോള്‍, മാറുന്ന രാഷ്ട്രീയ സാഹചര്യത്തിന്‍റെ കൂടി സൂചകമാണത്. യുഡിഎഫും കോണ്‍ഗ്രസും കൈമെയ് മറന്ന് ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്തിന്‍റെ ഫലവും തെരഞ്ഞെടുപ്പിൽ കണ്ടു. യുഡിഎഫില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നതും ഈ ഐക്യമാണ്. അത് നഷ്ടമായ ഘട്ടത്തിലെല്ലാം പ്രതിപക്ഷത്തിരുന്നതിന്‍റെ കയ്പ്പുനീര് നുണഞ്ഞ അനുഭവം ഉള്ളതുകൊണ്ടാകണം, ഐക്യബോധത്തിന് കോട്ടം തട്ടാതിരിക്കാനുള്ള ജാഗ്രത കോണ്‍ഗ്രസും മുന്നിണിയിലെ മറ്റുഘടകകക്ഷി നേതൃത്വവും പുലര്‍ത്തുന്നത്. വണ്‍മാൻ ഷോയെക്കാൾ ആ പ്രസ്ഥാനത്തിന് വേണ്ടത് നേതാക്കളെയും അണികളെയും ശരിയായ ദിശയിലേക്കു നയിക്കുന്ന ദീർഘവീക്ഷണമാണ്. അതിന്ന് കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ടെന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം.
അപ്രതീക്ഷിതമായി എം. സ്വരാജ് എന്ന സ്ഥാനാര്‍ഥിയെ ഇറക്കി എല്‍ഡിഎഫും, എവിടെനിന്നോ ഒരു സ്ഥാനാര്‍ഥിയെ ഇറക്കി എന്‍ഡിഎയും, മത്സരിക്കുന്നില്ലെന്ന് ആദ്യം പറയുകയും പിന്നീട് നിലപാട് മാറ്റം ശൈലിയാക്കി പിവി അന്‍വര്‍ മത്സരിക്കുകയും ചെയ്ത തെരഞ്ഞെടുപ്പാണു കടന്നുപോയത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ വോട്ടെടുപ്പ് ദിവസം വരെ തന്ത്രങ്ങളും രാഷ്ട്രീയ അജണ്ടകളും നിശ്ചയിക്കുന്നതില്‍ യുഡിഎഫ് മികച്ചു നിന്നു. യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകുമെന്നും അതായിരിക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അജണ്ടയാകുകയെന്നും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജയം ചര്‍ച്ചയാകില്ലെന്നും മനക്കോട്ട കെട്ടിയ സിപിഎമ്മിനെയും ബിജെപിയെയും ഞെട്ടിച്ചു കൊണ്ട് പതിവില്ലാതെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത് യുഡിഎഫ് ആയിരുന്നു. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിക്കൊണ്ട്, കുരുക്ഷേത്ര യുദ്ധത്തില്‍ അര്‍ജുനന്‍റെ തേരാളിയെപ്പോലെ മലപ്പുറം ഡിസിസി പ്രസിഡന്‍റും സ്ഥാനാര്‍ഥിപ്പട്ടികയില്‍ രണ്ടാം പേരുകാരനുമായിരുന്ന വി.എസ്. ജോയി മുന്നില്‍ നിന്ന് പ്രചാരണം നയിക്കുകയും ചെയ്തതോടെ ആദ്യഘട്ട ആനുകൂല്യം കോണ്‍ഗ്രസ് സ്വന്തമാക്കുകയായിരുന്നു.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഗോദയില്‍ യുഡിഎഫ് വികസനവും ജനകീയ പ്രശ്ങ്ങളും ചര്‍ച്ച ചെയ്ത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണവിരുദ്ധ പ്രതിഫലിപ്പിച്ചു നേടിയ നിലമ്പൂരിലെ വിജയത്തിന് പത്തരമാറ്റിന്‍റെ തിളക്കമുണ്ട്. നിലമ്പൂരിലെ വിജയത്തെ ഇങ്ങനെ വിശേഷിപ്പിക്കുമ്പോള്‍, കോണ്‍ഗ്രസിന്‍റെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍നെയും പേരെടുത്ത് പരാമര്‍ശിക്കാതിരിക്കാനാവില്ല. അസ്വാരസ്യങ്ങളില്ലാതെ യുഡിഎഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണയം പൂർത്തിയാക്കുകയും, അതിനു ശേഷം ഐക്യത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് പോകാന്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുകയും ചെയ്തതിൽ അദ്ദേഹത്തിന്‍റെ അദൃശ്യമായ ഇടപെടലുണ്ട്.
അതുമാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ അജണ്ട രൂപീകരിച്ചത് കെ.സി. വേണുഗോപാലാണ്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിലെ സിപിഎമ്മിന്‍റെയും അവരുടെ സര്‍ക്കാരിന്‍റെയും ഒളിച്ചുകളിയും ആത്മാര്‍ഥത ഇല്ലായ്മയും വേണുഗോപാല്‍ ചര്‍ച്ചാ വിഷയമാക്കിയതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പൂര്‍ണമായും അതിലേക്ക് കേന്ദ്രീകരിച്ചു. ക്ഷേമപെന്‍ഷന് മേലുള്ള ചര്‍ച്ച ഫലത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്തു. സിപിഎമ്മിന് പിടിച്ച് നില്‍ക്കാനെങ്കിലും ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്ത് നല്‍കേണ്ട അവസ്ഥ വന്നു.
മുഖ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും തലവേദന സൃഷ്ടിക്കുന്ന നിരന്തര ചോദ്യങ്ങളുമായി അക്ഷരാര്‍ഥത്തില്‍ ഈ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത് കെ.സി. വേണുഗോപാല്‍ ആയിരുന്നു. ദേശീയപാത തകര്‍ച്ചയിലെ അപകാതയും അഴിമതിയും ചൂണ്ടിക്കാട്ടുകയും അതിനോട് സംസ്ഥാന സര്‍ക്കാരിന്‍റെ തണുപ്പന്‍ പ്രതികരണത്തേയും അദ്ദേഹം ചോദ്യം ചെയ്തു. അതിന്‍റെ പേരില്‍ കെ.സി. വേണുഗോപാലിനെ വ്യക്തിഹത്യ നടത്തുന്ന പ്രചരണങ്ങള്‍ക്ക് വരെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേദിയായി. മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശം ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയാക്കി നിലമ്പൂരിലെ പോരാട്ടമണില്‍ സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പൂര്‍ണമായും നിലംപരിശാക്കി, അവരുടെ പരാജയത്തിന്‍റെ വേഗത ഉറപ്പിക്കാനും കെ.സി.വേണുഗോപാലിന് കഴിഞ്ഞു.
കെ.സി. വേണുഗോപാൽ
ആക്ഷേപങ്ങളിലും അധിക്ഷേപങ്ങളിലും തളരാതെ ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുകയും സിപിഎമ്മിന്‍റെ കപട മതേതര നിലപാടുകളുടെ തുറന്നുകാട്ടുകയും വഴി എല്‍ഡിഎഫിനെ പ്രതിരോധിലാക്കിയതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കെ.സി. വേണുഗോപാലിനായി. അത് കോണ്‍ഗ്രസും ഘടകകക്ഷികളും ഏറ്റെടുത്തതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ഗതിമാറി. പിടിച്ചു നില്‍ക്കാന്‍ ഗത്യന്തരമില്ലാതെ സിപിഎം വര്‍ഗീയ കാര്‍ഡ് ഇറക്കി. അവിടെയും സിപിഎമ്മിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമായി കെസി കളം നിറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ ആര്‍എസ്എസ് - സിപിഎം സഹകരണ പരാമര്‍ശത്തെ മുഖ്യമന്ത്രി വെള്ളപൂശാനും തള്ളിപ്പറയാനും ശ്രമിച്ചപ്പോള്‍ മുന്‍ സിപിഎം ദേശീയ സെക്രട്ടറി പി. സുന്ദരയ്യ രാജിവെയ്ക്കാനുണ്ടായ സാഹചര്യം ഓര്‍മിപ്പിച്ച് വോട്ടെടുപ്പ് ദിവസവും കെ.സി. വേണുഗോപാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തെ നിയന്ത്രിച്ചു.
അവകാശവാദങ്ങളുടെ ആവശ്യമില്ലാതെ ഈ തെരഞ്ഞെടുപ്പ് വിജയം പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടെയും യുഡിഎഫ് നേതൃത്വത്തിന്‍റെതുമാണെന്ന് കെ.സി. വേണുഗോപാല്‍ പറയുമ്പോള്‍, ആ പക്വതയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇനിയാവശ്യം. ഒരുകാലത്ത് കോണ്‍ഗ്രസില്‍ ലീഡര്‍ കെ. കരുണാകരുനും എ.കെ. ആന്‍റണിയും പീന്നീട് ഉമ്മന്‍ ചാണ്ടിയും വഹിച്ചിരുന്ന ക്രൈസിസ് മാനേജ്‌മെന്‍റ് എന്ന വൈദഗ്ധ്യം ഇന്ന് കെ.സി. വേണുഗോപാലില്‍ കാണാന്‍ കഴിയുന്നുണ്ട്. നാളത്തെ കോണ്‍ഗ്രസിനും യുഡിഎഫിനും അതൊരു ശുഭപ്രതീക്ഷയാണ്.