

ബജറ്റോ പ്രകടന പത്രികയോ?
file photo
വീണ്ടുവിചാരം|ജോസഫ് എം. പുതുശേരി
ഒരു നിശ്ചിത കാലയളവിലേക്കുള്ള വരുമാനത്തിന്‍റെയും ചെലവുകളുടെയും കണക്ക് അല്ലെങ്കിൽ ആസൂത്രണ രേഖയാണ് ബജറ്റ്. മലയാളത്തിൽ ഇതിനെ ആയവ്യയ കണക്ക്, വരവ്- ചെലവ് പത്രിക അല്ലെങ്കിൽ ബജറ്റ് എന്ന് വിളിക്കുന്നു. ഇത് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഫണ്ടുകൾ വകയിരുത്താനും സഹായിക്കുന്നു. ബജറ്റിനെ കുറിച്ചുള്ള അംഗീകൃത വിശേഷണവും വ്യാഖ്യാനവുമാണിത്.
എന്നാൽ, യഥാർഥത്തിലുള്ള അർഥത്തിന്‍റെ അടിസ്ഥാനത്തിലും പരിധിക്കുള്ളിലുമാണോ ബജറ്റുകൾ അവതരിപ്പിക്കപ്പെടുന്നത്? കുറെക്കാലമായി ഉയരുന്നുണ്ട് ഈ സംശയം. ഇത്തവണത്തെ ബജറ്റുകൾ ഈ സംശയം രൂഢമൂലമാക്കുന്നു. വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾ! അതും കാൽക്കാശില്ലാത്ത ഖജനാവിന്‍റെ പേരിൽ. അധികാരത്തിലിരുന്ന 5 വർഷവും ചെയ്യാത്തതെല്ലാം അന്തിമ മുഹൂർത്തത്തിൽ പ്രഖ്യാപിക്കുന്നതിന്‍റെ സാംഗത്യവും യുക്തിഭദ്രതയും ചോദ്യം ചെയ്യപ്പെടുകയല്ലേയുള്ളൂ.
ഇവിടെ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും ഭരണഘടനാ വിദഗ്ധരും നിയമ നിർമാതാക്കളുമൊക്കെ ഗൗരവമായി ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ബജറ്റ് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ളതാണ്. കൃത്യമായി പറഞ്ഞാൽ 2026 ഏപ്രിൽ മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്കുള്ളത്. ആ സാമ്പത്തിക വർഷത്തിനു മുൻപേ തെരഞ്ഞെടുപ്പു പ്രഖ്യാപനം വരും.
മാർച്ച് ഒന്നിനാണ് സാധാരണയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഡൽഹിയിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത്. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. ഇപ്പോഴത്തെ ഭരണകക്ഷി തന്നെ വിജയിച്ചു വീണ്ടും അധികാരത്തിൽ വന്നാലും ആ സർക്കാർ പുതിയ ബജറ്റ് അവതരിപ്പിക്കും. അങ്ങനെയെങ്കിൽ ഇപ്പോൾ നടത്തിയ ബജറ്റ് പ്രഖ്യാപനങ്ങൾ അധാർമികവും അശ്ലീലവുമല്ലേ?
കാലാവധി അവസാനിക്കുന്ന ഗവൺമെന്‍റുകൾ അടുത്ത സാമ്പത്തിക വർഷത്തെ നിത്യനിദാന ചെലവുകൾ നിർവഹിക്കാൻ വോട്ട് ഓൺ അക്കൗണ്ട്സ് മാത്രം അവതരിപ്പിച്ചു ഭരണഘടനാ ബാധ്യത നിർവഹിക്കുകയാണ് ചെയ്യേണ്ടത്. പണ്ടൊക്കെ ബജറ്റിന്‍റെ വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടായിരുന്നു അവതരണം. ഇന്നത് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിയായി തരംതാഴ്ന്നിരിക്കുന്നു.
സംസ്ഥാന ബജറ്റിലേക്ക് നോക്കുക. ഈ ആക്ഷേപം പൂർണമായും ബോധ്യപ്പെടും. 10 വർഷം അധികാരത്തിലിരുന്നപ്പോൾ ചെയ്യാത്ത പല കാര്യങ്ങളുമാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിന്‍റെ ഭാഷ കടമെടുത്താൽ പൂച്ച പെറ്റു കിടക്കുന്ന ഖജനാവ് വച്ചുള്ള ഈ പ്രഖ്യാപനങ്ങളുടെ കാപട്യം ജനങ്ങൾ തിരിച്ചറിയും.
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്‍റെ 38 ശതമാനം മാത്രമേ ഇതുവരെ ചെലവഴിക്കാൻ കഴിഞ്ഞിട്ടുമുള്ളൂ. പ്രഖ്യാപനങ്ങളിലെ പൊള്ളത്തരം അനാവരണം ചെയ്യുന്ന സംസാരിക്കുന്ന കണക്ക്. എന്നിട്ടും ഓരോ മേഖലയ്ക്കും വൻതുക നീക്കിവച്ചു എന്ന് പുതിയ ബജറ്റിലും പ്രഖ്യാപിക്കുകയാണ്.
10 ലക്ഷം രൂപയിൽ കൂടുതൽ മാറാനാവില്ല എന്ന ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടാണ് ഈ വമ്പൻ പ്രഖ്യാപനങ്ങൾ എന്നതാണ് ഏറെ രസവാഹം. 34,587 കോടി രൂപ റവന്യൂ കമ്മി കാണിക്കുന്ന ബജറ്റിൽ ചെലവ് നടത്തിപ്പുകൾ എങ്ങനെ സാധ്യമാക്കുമെന്ന സ്വാഭാവികമായും ഉയരുന്ന ചോദ്യത്തിന് ധനമന്ത്രിയും ഉത്തരവാദപ്പെട്ടവരും മറുപടി പറയേണ്ടതുണ്ട്.
മാത്രമല്ല കേന്ദ്ര ബജറ്റ് വന്നതോടെ സംസ്ഥാന ബജറ്റിലെ വരുമാന കണക്കിൽ അതനുസരിച്ചുള്ള മാറ്റം വന്നേ മതിയാവൂ. 20,000 കോടിയുടെ കുറവാണ് അതിലൂടെ സംഭവിച്ചിരിക്കുന്നത്. റവന്യൂ കമ്മി നികത്തൽ ഗ്രാന്‍റായി കേന്ദ്രത്തിൽനിന്ന് 14,137 കോടി രൂപ കിട്ടും എന്നാണ് സംസ്ഥാന ബജറ്റിൽ കാണിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്‍റുകൾ പൂർണമായി ഒഴിവാക്കാനുള്ള തീരുമാനത്തോടെ ഇനി അത് ലഭിക്കില്ല.
കേന്ദ്ര നികുതി വിഹിതം മുൻ വർഷത്തെക്കാൾ കൂടുമെങ്കിലും സംസ്ഥാന ബജറ്റിൽ കാണിച്ചിരിക്കുന്നതിനെക്കാൾ 5,759 കോടി രൂപയുടെ കുറവാണ് അത്. ഇത് രണ്ടും കൂടി കൂട്ടിയുള്ള 20,000 കോടി കൂടി കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 കോടിയുടെ ഈ കുറവോടെ പദ്ധതി നിർവഹണം വീണ്ടും അവതാളത്തിലാകും.
ബജറ്റിൽ വരുമാന വർധനയ്ക്കുള്ള പുതിയ ശുപാർശകൾ ഒന്നുമില്ല. വരുമാനം വർധിക്കാതെ ചെലവ് കൂട്ടുന്ന ഈ പ്രഖ്യാപനങ്ങൾക്ക് എവിടെ നിന്നാണ് തുക കണ്ടെത്തുക? തെരഞ്ഞെടുപ്പിലേക്ക് പോകുന്നതു കൊണ്ട് ജനവികാരം എതിരാകരുത്. അതിനുവേണ്ടി നികുതി വർധന വരുന്ന ശുപാർശകളൊക്കെ അടുത്ത പുതുക്കിയ ബജറ്റിലേക്ക് മാറ്റിവച്ചിരിക്കുന്നു. സൂക്ഷ്മമായി പ്രയോഗിക്കുന്ന സൂത്രവിദ്യ.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം 2024ൽ നടപ്പാക്കേണ്ടതായിരുന്നു. നാളിത്രയേറെയായിട്ടും അത് ചെയ്യാതിരുന്നിട്ട് ഇപ്പോൾ പോകുന്ന പോക്കിൽ ശമ്പള പരിഷ്കരണ കമ്മിഷനെ പ്രഖ്യാപിച്ചു തടി തപ്പുകയാണ്. കമ്മിഷൻ റിപ്പോർട്ട് ഏതു സാഹചര്യത്തിലും അടുത്ത സർക്കാരിന്‍റെ മുന്നിലെ വരൂ എന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്. അഷ്വേഡ് പെൻഷൻ പദ്ധതി ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും അപ്രായോഗികം. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ തന്നെ കൂടുതൽ സമയം വേണം.
വികസനവും സാമൂഹ്യ ക്ഷേമവും സമന്വയിപ്പിക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ സാമ്പത്തിക പരിപാടിയുടെ സ്വാഭാവിക തുടർച്ചയാണ് ഈ ബജറ്റ് എന്നാണ് ഇടതു സഹയാത്രികർ ഇതിനെ വിശേഷിപ്പിക്കുന്നത്. 14,500 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതടക്കമുള്ള ക്ഷേമ പരിപാടികൾക്കായി ബജറ്റിൽ നീക്കിവച്ചത് ചൂണ്ടിക്കാട്ടിയാണ് ഈ മേനി പറച്ചിൽ.
വർധന വരുത്താതെയും കുടിശിക വരുത്തിയും 4 വർഷക്കാലവും മുന്നോട്ടുപോയിട്ട് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം വർധന പ്രഖ്യാപിക്കുന്ന സമീപനത്തെ സാമ്പത്തിക ദർശനമായി എങ്ങനെ വിലയിരുത്താനാകും? നാമമാത്ര പ്രതിഫലം മാത്രം ലഭിക്കുന്ന ആശ വർക്കർമാർ മാസങ്ങൾ നീണ്ട സെക്രട്ടറിയേറ്റ് സമരം നടത്തിയിട്ടും അനുനയമേ വേണ്ട എന്ന വാശിയിൽ സമരത്തെ പരിഹസിച്ചവർക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉൾവിളി തെരഞ്ഞെടുപ്പ് രോഗത്തിന്‍റെ ലക്ഷണമാണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്.
ശബരിമലയിലെ വികസനത്തിന് മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതിക്ക് 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിൽ 27.6 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കിട്ടിയത് 2 കോടി മാത്രം. കഴിഞ്ഞ 4 വർഷങ്ങളിലെ ബജറ്റുകളിലും 25 കോടിക്കും 30 കോടിക്കും ഇടയ്ക്ക് തുക പ്രഖ്യാപിച്ചെങ്കിലും അനുവദിച്ച പണം 5 കോടിക്കു മേൽ പോയിട്ടില്ല.ആവശ്യമായ പഠനങ്ങളോ തയാറെടുപ്പുകളോ ഇല്ലാതെയാണ് വേഗ റെയ്‌ൽ പദ്ധതിയെ സർക്കാർ സമീപിക്കുന്നതെന്ന് ബജറ്റ് പ്രസംഗവും വ്യക്തമാക്കുന്നു
. ബജറ്റിന്‍റെ തലേന്ന് മന്ത്രിസഭ അംഗീകാരം നൽകിയ റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്‍റെ (ആർആർടിഎസ്) പ്രാരംഭ പ്രവർത്തനത്തിന് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും സാങ്കേതിക വിദ്യയുമായി അടക്കം പിടിവാശിയില്ലെന്നും കേന്ദ്രം മുന്നോട്ടു വന്നാൽ സംസ്ഥാന സർക്കാരിന്‍റെ എല്ലാ സഹകരണവും ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത് ഇതിലെ ആശയക്കുഴപ്പമാണ് വ്യക്തമാകുന്നത്.
ചുരുക്കത്തിൽ വേഗറെയ്‌ൽ സർക്കാരിനു മേനി നടിക്കാനുള്ള പ്രഖ്യാപന പദ്ധതി മാത്രം. "കെ- റെയ്‌ൽ വരും കേട്ടോ' എന്ന് ഇതുവരെ വാശി പറഞ്ഞിടത്തുനിന്നാണ് ഈ മാറ്റം. ആ വാശിയുടെ പേരിൽ ജനങ്ങൾക്കുണ്ടാക്കിയ ബുദ്ധിമുട്ടും പ്രയാസവും എത്രയെന്ന് ഇനിയെങ്കിലും വിലയിരുത്തുമോ!
സംസ്ഥാന ബജറ്റ് വരുമാന സ്രോതസ് ഇല്ലാതെയുള്ള പ്രഖ്യാപനങ്ങളുടെ വെടിക്കെട്ടാണെങ്കിൽ കേന്ദ്ര ബജറ്റ് രാഷ്‌ട്രീയ പക്ഷപാതത്തിന്‍റെ നേർചിത്രമാണ്. കേരളം ഉന്നയിച്ച 29 ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെങ്കിലും പ്രത്യേക പദ്ധതികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച കേരളത്തിന് കടുത്ത നിരാശയാണുണ്ടായിരിക്കുന്നത്.
ദീർഘകാല ആവശ്യമായ എയിംസോ വേഗ റെയ്‌ൽ പദ്ധതിയോ ഒന്നുമുണ്ടായില്ല. ജിഎസ്ടി നഷ്ടവും മറ്റും കണക്കിലെടുത്ത് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചതേയില്ല. വിഴിഞ്ഞം പദ്ധതിയുടെ അനുബന്ധ വികസനം, മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാനും കൃഷിനാശം തടയാനുമുള്ള പദ്ധതികൾക്കായി 1,000 കോടി രൂപയുടെ പ്രത്യേക സഹായം, 1,000 കോടി രൂപ നിക്ഷേപിച്ചു റബർ വില സ്ഥിരതാ ഫണ്ട് തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല.
രാജ്യത്ത് 7 അതിവേഗ റെയ്‌ൽ ഇടനാഴികൾ ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ അതിലും കേരളമില്ല. 20 പുതിയ ദേശീയ ജലപാതകൾ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഉൾപ്പെടുത്തിയില്ല. കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് സംശയം തോന്നിപ്പിക്കുന്ന സമീപനം. സംസ്ഥാനങ്ങൾക്ക് ഒരു തരത്തിലുമുള്ള ഗ്രാന്‍റുകൾ അനുവദിക്കേണ്ടതില്ലെന്ന 16ാം ധനകാര്യ കമ്മിഷന്‍റെ ശുപാർശ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് വൻ തിരിച്ചടിയാണ്.
സ്വന്തം നിലയിൽ വരുമാനം വർധിപ്പിക്കാനും ചെലവുകൾ പരിമിതപ്പെടുത്താനും കഴിയണമെന്നാണ് കമ്മിഷന്‍റെ നിലപാട്. എന്നാൽ കേന്ദ്ര നികുതി വിഹിതം വർധിപ്പിച്ചത് തെല്ലൊരാശ്വാസമായി. 15ാം ധനകാര്യ കമ്മിഷന്‍റെ കാലത്ത് ( 2021-26) 1.92% ആയിരുന്ന വിഹിതം ഇപ്പോൾ 2.38% ആയാണ് വർധിപ്പിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ഏപ്രിൽ ഒന്നിനു തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷം കേരളത്തിന് 36,355 കോടി രൂപ ലഭിക്കും. നടപ്പ് സാമ്പത്തിക വർഷം ഇത് 26,814 കോടി രൂപയായിരുന്നു. ഫലത്തിൽ അടുത്തവർഷം 9,541 കോടി രൂപയുടെ വർധന.കേന്ദ്ര നികുതി വിഹിതം 2.72% ആക്കണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം. 10ാം ധന കമ്മിഷൻ 3.88% അനുവദിച്ചിരുന്നതുമാണ്.
എന്നാൽ 15ാം കമ്മിഷന്‍റെ കാലത്ത് ഇത് 1.92% ആയി കുറച്ചു. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ബിഹാർ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പദ്ധതി പ്രഖ്യാപനങ്ങൾ സമൃദ്ധമായിരുന്നു. ഇപ്രാവശ്യം കേരളത്തിനു പുറമേ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങൾക്ക് ബജറ്റിൽ താരതമ്യന മെച്ചപ്പെട്ട പരിഗണന നൽകിയിട്ടുമുണ്ട്.
അപ്പോൾ എന്താണ് മാനദണ്ഡം? കേരളത്തോട് മുഖം തിരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? രാജ്യത്തെയാകെ ഒന്നായി കാണാനും അതിന്‍റെ വികസന കുതിപ്പിന് ഗതി വേഗം വർധിപ്പിക്കാനും ഈ ബജറ്റിനാവുന്നുണ്ടോ? അതോ സങ്കുചിതത്വവും പക്ഷപാതിത്വവും നിഴലിക്കുന്ന വെറും രാഷ്‌ട്രീയ രേഖയായി അത് അധഃപ്പതിച്ചുവോ?