

ഇന്ന് ലോക മാതൃഭാഷാദിനം
file image
ലോകത്ത് നിലവിലുള്ള സംസാര ഭാഷകളില്‍ 43 ശതമാനവും ഭാവിയില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുകാലത്തെ പ്രൗഢ ഭാഷകളായിരുന്ന ലാറ്റിനും സംസ്കൃതവും പുരാതന ഗ്രീക്കും ഇന്ന് മൃതഭാഷയുടെ പട്ടികയിലാണെന്നുള്ളത് എന്നത് നമ്മളെ ജാഗ്രത്താക്കേണ്ട യാഥാർഥ്യമാണ്. ലോകത്തിലെ ഏറ്റവും പഴയതും ശക്തവുമായ സംസ്കാരങ്ങളുടെ ഭാഷകളായിരുന്ന സുമേറിയന്‍,അക്കാഡിയന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയവ ഒരിടത്തും ഉപയോഗത്തില്‍ ഇല്ലാത്ത വിധം ഭൂമിയില്‍ നിന്നു മടങ്ങിക്കഴിഞ്ഞു. മാതൃഭാഷാ സംരക്ഷണത്തിന്‍റെ പ്രാധാന്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
മലയാള ഭാഷയുടെ പ്രധാന വാഹകരില്‍ ഒരാളായ പ്രിയ എഴുത്തുകാരന്‍ എംടിയാണ് നമ്മുടെ മലയാളത്തിന്‍റെ ഭാഷാ പ്രതിജ്ഞ എഴുതിയത്. അത് ഇപ്രകാരമാണ്.
മലയാളമാണ് എന്‍റെ ഭാഷ,
എന്‍റെ ഭാഷ എന്‍റെ വീടാണ്.
എന്‍റെ ആകാശമാണ്.
ഞാന്‍ കാണുന്ന നക്ഷത്രമാണ്.
എന്നെ തഴുകുന്ന കാറ്റാണ്.
എന്‍റെ ദാഹം ശമിപ്പിക്കുന്ന
കുളിര്‍ വെള്ളമാണ്.
എന്‍റെ അമ്മയുടെ തലോടലും
ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും
ഞാന്‍ സ്വപ്നം കാണുന്നത്
എന്‍റെ ഭാഷയിലാണ്.
എന്‍റെ ഭാഷ
ഞാന്‍ തന്നെയാണ്.
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷാദിനമാണ്. കേരളത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മലയാളം മിഷന്‍, സാക്ഷരതാ മിഷന്‍, പബ്ലിക്ക് റിലേഷന്‍ വകുപ്പ് തുടങ്ങിയവര്‍ കേരള സര്‍ക്കാരിന് വേണ്ടി വിപുലമായാണ് ആഘോഷിക്കുന്നത്. എവിടെയുണ്ടോ മലയാളി, അവിടെയെല്ലാം മലയാളംഎന്നതാണ് മലയാളം മിഷന്‍റെ മുദ്രാവാക്യം തന്നെ. തെരഞ്ഞെടുത്ത മലയാള ഭാഷാ അധ്യാപകരെ ആദരിക്കുന്ന ചടങ്ങുമുണ്ട് ആഘോഷത്തിന്‍റെ ഭാഗമായി.
1999 നവംബര്‍ 17നാണ് യുനെസ്കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 ഫെബ്രുവരി 21 നാണ് ആദ്യമായി ലോക മാതൃഭാഷാദിനം ആഘോഷിച്ചത്. 2008-ന് ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ആശയവിനിമയത്തിനപ്പുറം ഒരു നാടിന്‍റെ സംസ്കാരവും, തനിമയും, പ്രത്യേകതകളും പ്രതിഫലിപ്പിക്കുന്ന മാധ്യമം കൂടിയാണ് ഭാഷ.
1947ല്‍ പാക്കിസ്ഥാന്‍ രൂപീകൃതമായ ശേഷം, ജനങ്ങളുടെ ഭാഷാപരമായ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട്, ഉറുദു ഏക ഔദ്യോഗിക ഭാഷയാക്കുമെന്ന് അധികാരികള്‍ പ്രഖ്യാപിച്ചു. കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) നടന്ന ഒരു രാഷ്‌ട്രീയ പ്രസ്ഥാനമായിരുന്നു ബംഗാളി ഭാഷാ പ്രസ്ഥാനം. സര്‍ക്കാര്‍ കാര്യങ്ങളില്‍ അതിന്‍റെ ഉപയോഗം അനുവദിക്കുക, വിദ്യാഭ്യാസ മാധ്യമമായി അതിന്‍റെ ഉപയോഗം തുടരുക, മാധ്യമങ്ങള്‍, കറന്‍സി, സ്റ്റാംപുകള്‍ എന്നിവയില്‍ അതിന്‍റെ ഉപയോഗം അനുവദിക്കുക, ബംഗാളി അക്ഷരമാലയിലും ബംഗാളി ലിപിയിലും അതിന്‍റെ എഴുത്ത് നിലനിര്‍ത്തുക എന്നിവയായിരുന്നു പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.
1952 ഫെബ്രുവരി 21-ന് ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പ്രകടനത്തിന് നേരെ പോലീസ് വെടിവയ്പ്പ് നടത്തി. അബ്ദുള്‍ ജബ്ബാര്‍, അബു ബര്‍ക്കത്ത്, രഫീഖ് ഉദ്ദീന്‍ അഹമ്മദ്, അബ്ദുള്‍ സലാം എന്നിവരടക്കം നിരവധി പേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ബംഗാളി ഭാഷയ്ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് പിന്നീട് എല്ലാ വര്‍ഷവും ഫെബ്രുവരി 21 ബംഗ്ലാദേശ് ഭാഷാ രക്തസാക്ഷി ദിനമായി ആചരിച്ചു വരുന്നു. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരം കൂടിയാണ് ലോക മാതൃഭാഷാ ദിനത്തിന്‍റെ ഉദ്ഭവം.
യുനെസ്കോയുടെ കണക്കനുസരിച്ച് 8,324 സംസാരിക്കുന്നതോ ആംഗ്യഭാഷ ഉപയോഗിക്കുന്നതോ ആയ ഭാഷകള്‍ ലോകത്തിലുണ്ട്. ഇതില്‍ ഏകദേശം 7,000 ഭാഷകള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്. വിദ്യാഭ്യാസ സംവിധാനങ്ങളിലും പൊതുസഞ്ചയത്തിലും ഏതാനും നൂറ് ഭാഷകള്‍ക്ക് മാത്രമേ യഥാര്‍ത്ഥത്തില്‍ സ്ഥാനം ലഭിച്ചിട്ടുള്ളൂ.
ഡിജിറ്റല്‍ ലോകത്ത് നൂറില്‍ താഴെ ഭാഷകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു ഭാഷ അപ്രത്യക്ഷമാകുന്നു. അതോടൊപ്പം ഒരു മുഴുവന്‍ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകവും കൂടി ഉള്‍ക്കൊള്ളുന്നു. മാതൃഭാഷയായി ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നത് മന്‍ഡാരിന്‍ ചൈനീസാണ്. എന്നാല്‍, മാതൃഭാഷയല്ലാത്തവരെ കൂടി കണക്കിലെടുത്താല്‍ ഇംഗ്ലിഷാണ് ഒന്നാം സ്ഥാനത്ത്.
ഒട്ടേറെ ഭാഷകള്‍ സംസാരിക്കാന്‍ കഴിവുള്ളവരാണ് പോളിഗ്ലോട്ടുകള്‍. ലൈബീരിയയില്‍ ജനിച്ച്, ലെബനനില്‍ വളരുകയും, ഇപ്പോള്‍ ബ്രസീലില്‍ താമസിക്കുകയും ചെയ്യുന്ന സിയാദ് ഫസയാണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പോളിഗ്ലോട്ടായി അവകാശപ്പെടുന്നത്. 58 ലോകഭാഷകളില്‍ ഇദ്ദേഹത്തിന് പ്രാവീണ്യമുണ്ടെന്നാണ് ഗിന്നസ് ബുക്ക് സാക്ഷ്യപ്പെടുത്തുന്നത്. നമ്മുടെ മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന് 17 ഭാഷകളില്‍ അറിയുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു.
ലോകത്ത് നിലവിലുള്ള സംസാര ഭാഷകളില്‍ 43 ശതമാനവും ഭാവിയില്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരുകാലത്തെ പ്രൗഢ ഭാഷകളായിരുന്ന ലാറ്റിനും സംസ്കൃതവും പുരാതന ഗ്രീക്കും ഇന്ന് മൃതഭാഷയുടെ പട്ടികയിലാണെന്നുള്ളത് എന്നത് നമ്മളെ ജാഗ്രത്താക്കേണ്ട യാഥാർഥ്യമാണ്. ലോകത്തിലെ ഏറ്റവും പഴയതും ശക്തവുമായ സംസ്കാരങ്ങളുടെ ഭാഷകളായിരുന്ന സുമേറിയന്‍,അക്കാഡിയന്‍, ഈജിപ്ഷ്യന്‍ തുടങ്ങിയവ ഒരിടത്തും ഉപയോഗത്തില്‍ ഇല്ലാത്ത വിധം ഭൂമിയില്‍ നിന്നു മടങ്ങിക്കഴിഞ്ഞു.
മാതൃഭാഷാ സംരക്ഷണത്തിന്‍റെ അടിയന്തര ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുമുണ്ട്. എല്ലാ ഭാഷകള്‍ക്കും അതിന്‍റേതായ പ്രത്യേകതകളുമുണ്ട്. ഭാഷാപരമായ വൈവിധ്യവും ബഹുഭാഷാത്വവും പ്രോത്സാഹിപ്പിക്കുന്നതിനും, സ്വന്തം ഭാഷയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ലോക മാതൃഭാഷാ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.
'മര്‍ത്യനു പെറ്റമ്മതന്‍ ഭാഷ താന്‍' എന്ന ആപ്തവാക്യത്തെ ഓർമിപ്പിച്ചുകൊണ്ട്, സ്വന്തം ഭാഷയുടെ സൗന്ദര്യവും വൈവിധ്യവും തിരിച്ചറിയാന്‍ ഈ ദിനം നമ്മളെ പ്രേരിപ്പിക്കുന്നു. ഭാഷയുടെ വൈവിധ്യം ആഘോഷിക്കുകയും ഭാഷയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സംസ്ക്കാരത്തെ സംരക്ഷിക്കുകയുമാണ് ലോക മാതൃഭാഷാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സാങ്കേതിക രംഗം വളര്‍ന്നതോടുകൂടി ഭാഷാ വിവര്‍ത്തനം എളുപ്പമായി മാറിയിരിക്കുകയാണ്. പ്രതിദിനം പതിനായിരം കോടി വാക്കുകള്‍ ഗൂഗിള്‍ ട്രാൻസ്‌ലേറ്റ് മുഖേന മാത്രം വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും സുന്ദരമായ ഭാഷ ഏതെന്ന് ഒരു മലയാളിയോട് ചോദിച്ചാല്‍ അവന്‍റെ ഉത്തരം മലയാളം എന്നായിരിക്കും. അതുപോലെയാണ് ഓരോ ഭാഷയ്ക്കും അതാത് പ്രദേശത്തുള്ളവര്‍ പരിഗണന നല്‍കുക. പലരും മാതൃഭാഷയ്ക്ക് അവരുടെ ഹൃദയങ്ങളില്‍ ഒരു പ്രത്യേക സ്ഥാനം നല്‍കുന്നുണ്ട്. നിരവധി ഭാഷകള്‍ ഈ ലോകത്തുണ്ടെങ്കിലും അവയില്‍ ഓരോന്നും അത് സംസാരിക്കുന്ന ജനങ്ങളുടെ അതുല്യമായ സത്ത വഹിക്കുന്നവയാണ്.
എല്ലാ ഭാഷകള്‍ക്കും അതിന്‍റേതായ സൗന്ദര്യവും സംസ്കാരവുമുണ്ട്. ഇത്തരം സവിശേഷതകളെയും വൈവിധ്യങ്ങളേയും ആഘോഷിക്കുക എന്ന ലക്ഷ്യവും ഈ ആഘോഷത്തിനുണ്ട്. ശ്രേഷ്ഠഭാഷാപദവി ലഭിച്ച മലയാളം നമ്മുടെ സംസ്കാരത്തിന്‍റെ പ്രതീകമാണ്. മലയാള ഭാഷയും ശൈലിയും ഒട്ടനവധി മാറ്റങ്ങള്‍ക്ക് വിധേയമായി ആധുനിക തലമുറയില്‍ എത്തി നില്‍ക്കുമ്പോള്‍ ശ്രേഷ്ഠ ഭാഷാ പദവിയും ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവുമൊക്കെ മലയാളികളുടെ ഭാഷാ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണ്.
മലയാളഭാഷ, സാഹിത്യം, കല എന്നിവയില്‍ അഭിരുചി വളര്‍ത്തുക, സൃഷ്ടികള്‍ ആസ്വദിക്കാനുള്ള വഴിയൊരുക്കുക, ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാളപഠനം സാധ്യമാക്കുക. ഭാഷാസാങ്കേതികവിദ്യയില്‍ നൈപുണിയുണ്ടാക്കുക. സമ്പര്‍ക്കപഠനം, വായനാശീലം തുടങ്ങിയവയിലൂടെ മലയാളഭാഷയുടെ വ്യാപനവും വളര്‍ച്ചയും സാധ്യമാക്കുക, ഭരണനിര്‍വഹണത്തിന്‍റെ ജനാധിപത്യവത്കരണം നടപ്പാക്കുക, മാതൃഭാഷാപഠനത്തിലൂടെ മാനവവിഭവശേഷി വര്‍ധിപ്പിച്ച് നാടിന്‍റെ വികസനം സാധ്യമാക്കുക, മലയാള ഭാഷാ പഠനത്തിലൂടെ വൈജ്ഞാനിക സമ്പത്ത് വളര്‍ത്തുക തുടങ്ങിയ ലക്ഷ്യസാധ്യത്തിന് കേരള സര്‍ക്കാര്‍ വിവിധ സ്ഥാപനങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
കേരളത്തിലുള്ളവര്‍ക്ക് മലയാള ഭാഷ പഠിക്കാനും പ്രയോഗിക്കാനുമുള്ള ക്ഷമതയുണ്ടാക്കുക എന്ന ലക്ഷ്യമായി സാക്ഷരതാ മിഷന്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് മലയാളം അറിയാത്ത കേരളത്തിലെ ജീവനക്കാരെ അതിന് പ്രാപ്തരാക്കുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ, മറ്റ് രാജ്യങ്ങളില്‍ നിന്നോ വന്ന് കേരളത്തില്‍ താമസിക്കുന്നവര്‍ക്ക് മലയാളം പഠിക്കാനുള്ള അവസരം നല്‍കുക എന്നിവയും സാക്ഷരതാ മിഷന്‍റെ ലക്ഷ്യമാണ്.
മലയാള സര്‍വ്വകലാശാല നമുക്കുണ്ട്. ഗോത്ര ഭാഷയടക്കം സംരക്ഷിക്കേണ്ട ചുമതല അവരുടേതാണ്. പ്രവാസികളായ മലയാളികള്‍ക്കും അവരുടെ പിന്‍ തലമുറയ്ക്കും മലയാളഭാഷ അനായാസം പ്രയോഗിക്കാന്‍ അവസരമൊരുക്കുകയാണ് മലയാളം മിഷന്‍റെ പ്രഥമ ലക്ഷ്യം. മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്ക് മലയാളം ഭാഷ പഠിക്കുന്നതിനും കേരള സംസ്കാരം പരിചയിക്കുന്നതിനും അവസരം ഒരുക്കുന്നതിനാണ് മലയാളം മിഷന്‍ സ്ഥാപിച്ചത്.
എന്നാലിന്ന് ലക്ഷ്യങ്ങള്‍ മറന്നാണ് എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. മാതൃഭാഷയുടെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് പ്രാധാന്യം നല്‍കുകയും സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് മാതൃഭാഷാദിനാഘോഷം ഊര്‍ജം പകരും.