കരുതലാകാം ഈ ഇത്തിരിക്കുഞ്ഞന്മാർക്ക്

മേയ് 20 - ലോക തേനീച്ച ദിനം. പരമ്പരയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം.
കരുതലാകാം ഈ ഇത്തിരിക്കുഞ്ഞന്മാർക്ക്

#റീന വർഗീസ് കണ്ണിമല


മേയ് 20 - ലോകം തേനീച്ചകൾക്കായി മാറ്റി വച്ച ദിവസം... world honey bee day.

ആദ്യകാല  കാർണിയോളൻ തേനീച്ച കർഷകനായിരുന്ന ആന്‍റൺ ജൻസയുടെ ജന്മദിനമാണ് ലോക തേനീച്ച ദിനമായി ആചരിക്കുന്നത്.1734 ൽ സ്ലോവേനിയയിലെ കാർണിയോളയിൽ ജനിച്ച ജൻസയ്ക്ക് കാര്യമായ വിദ്യാഭ്യാസം ചെറുപ്പത്തിൽ ലഭിച്ചിരുന്നില്ല. എന്നാൽ, ജൻസ നല്ലൊരു ചിത്രകാരനായിരുന്നു. വിദ്യാഭ്യാസത്തിന്‍റെ കുറവു മൂലം ചിത്രകലയിൽ ഉന്നത വിദ്യാഭ്യാസം തുടരാനാകാതെ വന്നതോടെ ആന്‍റൺ തനിക്കേറ്റവും പ്രിയപ്പെട്ട തേനീച്ചകളെ വളർത്താൻ തുടങ്ങി. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചും പഠിച്ചും ജൻസ 1769 ഓടെ ഒരു മുഴുവൻ സമയ തേനീച്ചകർഷകനായി മാറി.

ലോകത്താദ്യമായി ഓസ്ട്രിയൻ മേഖലകളിലെമ്പാടും എപ്പികൾച്ചറിനെ കുറിച്ചു പ്രചരിപ്പിക്കാൻ രാജാവ് നേരിട്ട് നിയമിച്ച എപ്പികൾച്ചർ അധ്യാപകനായി ആന്‍റൺ ജെൻസ. അതോടെ ഓസ്ട്രിയ മുഴുവൻ യാത്ര ചെയ്ത് തേനീച്ചകളെ കുറിച്ചുള്ള തന്‍റെ ഗവേഷണനിരീക്ഷണങ്ങൾ പ്രചരിപ്പിച്ചു തുടങ്ങി.

കൂടാതെ തേനീച്ചകളെ കുറിച്ച് ലോകത്താദ്യമായി ആധികാരികമായി രണ്ടു പുസ്തകങ്ങളും അദ്ദേഹം എഴുതി.1771ൽ ജർമൻ ഭാഷയിൽ എഴുതിയ Discussion on Beekeeping, അദ്ദേഹത്തിന്‍റെ മരണശേഷം 1775ൽ പ്രസിദ്ധീകരിക്കപ്പെട്ട A Full Guide to Beekeeping എന്നിവയാണവ.രണ്ടാമത്തെ പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി:"Bees are a type of fly, hardworking, created by God to provide man with all needed honey and wax. Among all God's beings there are none so hard working and useful to man with so little attention needed for its keep as the bee."

അക്കാലത്തെ ചക്രവർത്തിനിയായിരുന്ന മരിയ തെരേസ ജൻസയുടെ മരണശേഷം പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകം എപ്പികൾച്ചർ പഠിപ്പിക്കാൻ വരുന്ന  എല്ലാ അധ്യാപകരും ആന്‍റൺ ജൻസയുടെ ഈ പുസ്തകം വാങ്ങി ഉപയോഗിക്കണം എന്നു ഡിക്രി  ഇറക്കി.

1773 സെപ്റ്റംബർ13 ന് വിയന്നയിൽ വച്ചാണ് ആന്‍റൺ ജൻസ മരണമടഞ്ഞത്.

തേനീച്ച: പരിസ്ഥിതിയുടെ നെടുംതൂൺ

മനുഷ്യർ തങ്ങളുടെ ഭക്ഷ്യാവശ്യത്തിനായി
ഭൂമിയിലെമ്പാടും ഉൽപാദിപ്പിക്കപ്പെടുന്ന നാലിൽ മൂന്നു വിളകളുടെയും ഫലങ്ങളുടെയും പരാഗണം നടത്തപ്പെടുന്നത് പ്രധാനമായും തേനീച്ചകളിലൂടെയും മറ്റു പരാഗവാഹകരിലൂടെയുമാണ്. പൂമ്പാറ്റകളും ഹമ്മിങ് ബേർഡ്സും എല്ലാം ഇതിലുൾപ്പെടുന്നു.പരിസ്ഥിതിയുടെ നിലനിൽപ്പിനു തന്നെ പരാഗണം അത്യന്താപേക്ഷിതമാണ്.വനമേഖലകളിൽ കുറെയൊക്കെ മൃഗങ്ങളിലൂടെയും പരാഗണം നടത്തപ്പെടുന്നുണ്ട്.ലോക ഭക്ഷ്യവിപണിയുടെ 75 ശതമാനവും തേനീച്ചകളാൽ പരാഗണം നടത്തപ്പെടുന്നവയാണ്.

തേനീച്ചകൾക്ക് പൂമ്പൊടി അത്യാവശ്യമാണ്. സസ്യങ്ങൾക്കാകട്ടെ തേനീച്ചകളിലൂടെയുള്ള പരാഗണവും അത്യാവശ്യമാണ്. പ്രകൃതിയുടെ ഈ പാരസ്പര്യത്തെ നിലനിർത്തുന്നതിനു പകരം ആർത്തി മൂത്ത മനുഷ്യൻ വ്യാവസായിക കാർഷികോൽപാദനത്തിനായി വൻ തോതിൽ രാസ വളങ്ങളുപയോഗിക്കുന്നത് തേനീച്ചകളുടെ നിലനിൽപിനെ തന്നെ സമ്മർദ്ദത്തിലാക്കുന്ന അവസ്ഥയാണിപ്പോൾ.2023 ൽ തേനീച്ച സൗഹൃദ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുക എന്ന തത്വത്തിലാണ്  യുഎൻ മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കുന്നത്. പാരിസ്ഥിതിക മേഖലയുടെ നെടുംതൂണെന്നാണ് പരാഗവാഹകരായ തേനീച്ചകൾ അറിയപ്പെടുന്നതു തന്നെ.

ലോകത്താകമാനം 25,000 ത്തിനും 30,000ത്തിനുമിടയിൽ തേനീച്ച വർഗങ്ങളുണ്ടെന്നാണ് കണക്ക്.പരിസ്ഥിതിയുടെ നെടുംതൂണായ പരാഗവാഹകർ ഇവരാണെന്നാണ് പഠനങ്ങൾ പറയുന്നത്. മറ്റു പല മൃഗങ്ങളിലൂടെയും പരാഗണം സാധ്യമാണെങ്കിലും തേനീച്ചകളോളം ആരോഗ്യപ്രദമായ പരാഗണം മറ്റൊന്നിലും നടക്കുന്നില്ല എന്നതാണ് തേനീച്ചകളെ ഇത്രമേൽ പ്രിയപ്പെട്ടതാക്കുന്നതിനു കാരണം. ഈ കുഞ്ഞൻ തേനീച്ചകളില്ലെങ്കിൽ ലോകം പട്ടിണിയിലാകുമെന്നു സാരം.തേനീച്ചകൾ നടത്തുന്ന പരാഗണത്തിലൂടെ പത്തിരട്ടി വിളവു വർധിക്കുന്നതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ അന്തരീക്ഷ മലിനീകരണത്തിൽ നിന്നും കാർഷിക മേഖലയിലെ അനിയന്ത്രിതമായ രാസവള ഉപയോഗത്തിൽ നിന്നുമെല്ലാം ഈ കുഞ്ഞൻ തേനീച്ചകളെ സംരക്ഷിക്കാൻ‌ സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com