ജാതി സർവെയും ഇടതുപക്ഷവും തെരഞ്ഞെടുപ്പും

ഇന്ത്യയില്‍ സ്വതന്ത്ര്യത്തിന് ശേഷം ജാതി സെന്‍സസ് നടത്തിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് ഏറ്റവും ഒടുവില്‍ ജാതി സർവെ നടന്നിരിക്കുന്നത്.
ജാതി സർവെയും ഇടതുപക്ഷവും തെരഞ്ഞെടുപ്പും

#അഡ്വ. ജി. സുഗുണന്‍

ജാതി സർവെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജാതി സർവെ പ്രാധാന്യം നല്‍കി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാറിന്‍റെയും മറ്റും ചുവടു പിടിച്ച് ഒടുവില്‍ ഝാര്‍ഖണ്ഡിലും ജാതി സർവെ നടത്താനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ നിർദേശം നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സർവെ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് ""കൂടുതല്‍ ജനസംഖ്യ കൂടുതല്‍ വിഹിതം, ഝാര്‍ഖണ്ഡ് തയ്യാര്‍'' എന്ന് മുഖ്യമന്ത്രി പറഞ്ഞത് സർവെയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്തെ എഎംഎം- കോണ്‍ഗ്രസ്- ആര്‍ജെഡി ഭരണസഖ്യത്തിലെ എംഎൽഎമാര്‍ ദീര്‍ഘകാലമായി ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടു വരുകയാണ്.

അടുത്തിടെയാണ് തെലങ്കാന സര്‍ക്കാര്‍ ജാതി സെന്‍സസ് നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. രാജസ്ഥാനില്‍ മുന്‍ അശോക് ഗെലോട്ട് സര്‍ക്കാരും ജാതി സെന്‍സസ് പ്രഖ്യാപിച്ചിരുന്നു. ഒഡീഷ ജൂലൈയില്‍ ജാതി സർവെ നടത്തിയിരുന്നു. ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ നേരത്തേ തന്നെ ജാതി സെന്‍സസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ആ സര്‍ക്കാര്‍ ഒബിസി സംവരണം 13% വർധിപ്പിക്കാന്‍ അസംബ്ലിയില്‍ പ്രമേയവും പാസാക്കിയിരുന്നു.

വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ജാതി സെന്‍സസ് നടത്താനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സെന്‍സസ് ഉടന്‍ നടത്തുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. അധികാരത്തിലെത്തിയാല്‍ തെലങ്കാനയില്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ശക്തമായി വാദിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നയിലെ ബഹുഭൂരിപക്ഷം കക്ഷികളും. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് ഈ കക്ഷികളെല്ലാം ഇതിനകം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ സർവെ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കർണാടക സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ബിഹാര്‍ സര്‍ക്കാര്‍ ഇതിനകം ജാതി സെന്‍സസ് പ്രഖ്യാപിക്കുകയും പൂര്‍ത്തിയാക്കുകയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ആന്ധ്രാ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച ജാതി സെന്‍സസ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യാമുന്നണിയിലെ ഘടക കക്ഷിയല്ലാത്തതും, കേന്ദ്ര ഭരണകക്ഷിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ടിയുമാണ് ആന്ധ്രയില്‍ ജാതി സർവെ ആരംഭിച്ചിരിക്കുന്നതെന്ന കാര്യം എടുത്ത് പറയേണ്ടതാണ്. കേന്ദ്രം ഉടനെ ഒന്നും ജാതി സെന്‍സസ് നടപ്പാക്കില്ല എന്ന് ഉറപ്പായതോടെയാണ് ആന്ധ്ര സ്വന്തം നിലയ്ക്ക് സെന്‍സസ് നടപ്പാക്കാന്‍ തീരുമാനമെടുത്തത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ 3.56 കോടി ജനസംഖ്യയുള്ള 1.23 കോടി കുടുംബങ്ങളും, നഗരപ്രദേശങ്ങളില്‍ ഏകദേശം 1.3 കോടി ജനസംഖ്യയുള്ള 44.44 ലക്ഷം കുടുംബങ്ങളും അടങ്ങുന്ന ആന്ധ്രാ പ്രദേശത്തിന്‍റെ വിവരങ്ങള്‍ ജാതി സെന്‍സസിലൂടെ ശേഖരിക്കപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബിഹാറില്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ ജാതി സെന്‍സസ് നടപ്പിലാക്കിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് സർവെ റിപ്പോര്‍ട്ടില്‍ പറയുന്നു. 27.12 ശതമാനം പിന്നാക്കവിഭാഗത്തില്‍ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളതുമാണെന്നാണ് ബിഹാര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആ സംസ്ഥാനത്തെ മഹാഭൂരിപക്ഷം പേരും പിന്നാക്ക ജനവിഭാഗങ്ങളാണെന്ന് സർവെ ചൂണ്ടികാട്ടുകയാണ്.

ഇന്ത്യയില്‍ സ്വതന്ത്ര്യത്തിന് ശേഷം ജാതി സെന്‍സസ് നടത്തിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്താണ് ഏറ്റവും ഒടുവില്‍ ജാതി സർവെ നടന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഡിഎംകെ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളും ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും കൈകൊണ്ടിട്ടില്ല.

ഇടതുപക്ഷ പാര്‍ട്ടികളുടെ ഭരണത്തിനുള്ള കേരളത്തിലും ജാതി സെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ ഒരു നടപടിയും നാളിതുവരെ കൈകൊണ്ടിട്ടില്ല. മഹാഭൂരിപക്ഷം വരുന്ന സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും പിന്നണിയിലുള്ള ജനസമൂഹത്തിന്‍റെ വികാരങ്ങള്‍ മാനിക്കാന്‍ തയ്യാറാകാത്ത ഭരണാധികാരികള്‍ക്ക് വരുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നുള്ള യാഥാര്‍ത്ഥ്യം പലപാര്‍ട്ടികളും ബോധപൂര്‍വ്വം വിസ്മരിക്കുകയാണ്. ഈ പാര്‍ട്ടികള്‍ക്കെല്ലാം സമൂഹത്തിലെ ന്യൂനപക്ഷമായ മുന്നാക്ക വിഭാഗങ്ങളുടെ താല്‍പര്യമാണ് പ്രധാനം.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും, അതിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാ സാഹിനി കേസിലെ (1992) ഐതിഹാസികമായ വിധിയും നാളിതുവരെ പൂർണമായും നടപ്പാക്കാന്‍ ഈ രാജ്യത്ത് കഴിഞ്ഞിട്ടില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ എണ്ണവും വിവരങ്ങളും പോലും സര്‍ക്കാരിന്‍റെ കൈവശമില്ല. വസ്തുതാ വിരുദ്ധമായ ജാതി കണക്കുകളുടെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സംവരണം നടപ്പിലാക്കുന്നതിന് ആദ്യമായി വേണ്ടത് ജാതി സർവെ തന്നെയാണ്. ഇതിന് തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരായാലും, സംസ്ഥാന സര്‍ക്കാരുകളായാലും പിന്നാക്ക സാമുദായിക സംവരണം വേണ്ടെന്ന് കരുതുന്നവര്‍ തന്നെയാണ്.

എന്തായാലും ബിഹാറിലെ ജാതി സെന്‍സസും, ഇപ്പോള്‍ ആന്ധ്രയിലാരിഭിച്ചിട്ടുള്ള ജാതി സർവെയും, തെലുങ്കാനയിലെ ജാതിസർവെയും എല്ലാം രാജ്യത്തെ മാഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളില്‍ രാഷ്‌ട്രീയമായ വലിയ ചലനങ്ങള്‍ ഉണ്ടാക്കമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

പിന്നാക്ക ജനവിഭാഗങ്ങളാണ് കേരളം, തമിഴനാട്, പശ്ചിമബംഗാള്‍ അടക്കമുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും മഹാഭൂരിപക്ഷം ജനങ്ങളും. ഇക്കൂട്ടരുടെ വികാരം മാനിക്കാതെയും, മഹാഭൂരിപക്ഷത്തിനും സാമൂഹ്യനീതി നിഷേധിച്ചുകൊണ്ടും ഒരു സര്‍ക്കാരിനും അധിക കാലം മുന്നോട്ടുപോകാന്‍ കഴിയുകയില്ല. സംസ്ഥാനങ്ങള്‍ക്കു തന്നെ ജാതി സെന്‍സസ് നടത്താന്‍ പരമോന്നത കോടതിയും കേന്ദ്ര സര്‍ക്കാരും അനുവാദം നല്‍കിയിട്ടും ജാതി സെന്‍സസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് കൈ കഴുകുന്ന ചില സംസ്ഥാന സര്‍ക്കാരുകളും രാജ്യത്തെ ഇടതുപക്ഷവുമെല്ലാം സ്വന്തം ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ്.

രാജ്യത്തെ പിന്നാക്ക- പട്ടിക ജനവിഭാഗങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണം വര്‍ഗീയ വിപത്താണെന്ന് കേരളത്തിലെ പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ അടിവരയിട്ട് പറയുകയാണ്. ഇതിന് പരിഹാരം സാമ്പത്തിക സംവരണമാണെന്ന് പ്ലസ് വണ്‍ സ്റ്റേറ്റ് സിലബിസില്‍പ്പെട്ട ഹ്യുമാനിറ്റിസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവര്‍ത്തനം എന്ന വിഷയത്തിലെ പാഠഭാഗത്തില്‍ പറയുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്‌സിഇആർടി 2019ല്‍ തയാറാക്കിയ ഈ പാഠഭാഗം സോഷ്യല്‍വര്‍ക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്. സാമുദായിക സംവരണത്തിനു പകരും സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ഈ പാഠത്തില്‍ പറയുന്നു. നമ്മുടെ സംസ്ഥാനത്ത് സ്‌കൂള്‍ കുട്ടികളെപ്പോലും പിന്നാക്ക സംവരണത്തിനെതിരായി തിരിച്ചുവിടുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ പാഠഭാഗം നീക്കം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഒടുവില്‍ പ്രസ്താവന നടത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ച സിപിഎം തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ പാര്‍ട്ടി ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അടുത്ത ദേശീയ സെന്‍സസില്‍ ജാതി കോളം കൂടി ചേര്‍ത്ത് ജാതി സെന്‍സസ് നടത്തണമെന്നാണ് ഇതില്‍ പറയുന്നത്. ഇടതുപക്ഷം അധികാരത്തിലുള്ള ഏക സംസ്ഥാനം കേരളമാണ്. ഇവിടെ ജാതി സെന്‍സസ് ഈ ഗവണ്‍മെന്‍റിന് തന്നെ നടത്താന്‍ കഴിയുമെന്നിരിക്കെ അതിന് തയ്യാറാതാകാതിരിക്കുന്നതിന് യാതൊരു നീതീകരണവുമില്ല.

എന്തായാലും സിപിഎം നേതൃത്വത്തിലുള്ള കേരളത്തിലെ സര്‍ക്കാരിന് ജാതി സെന്‍സസില്‍ നിന്ന് ഇനി പിന്നോട്ടു പോകാന്‍ കഴിയുകയില്ല. ഇടതുപക്ഷം കേരളത്തില്‍ മാത്രമാണ് അധികാരത്തിലുള്ളത്. ഇടതുപക്ഷത്തിന് കേരളത്തില്‍ മാത്രമേ ജാതി സർവെ നടത്താനും കഴിയുകയുള്ളൂ. അടിയന്തിരമായി സംസ്ഥാനത്ത് ജാതി സർവെ നടത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പിന്നാക്ക സംവരണവും ജാതി സർവെയുമെല്ലാം ഒരു വലിയ വിഷയമാവുകയാണ്. സാമൂഹ്യനീതി നിഷേധിക്കുന്ന ചില സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ ജനകീയ കോടതിയില്‍ നിശ്ചയമായും ചോദ്യം ചെയ്യപ്പെടും.

കേരളത്തിലെ ജനസംഖ്യയില്‍ 80% പിന്നാക്ക ജനവിഭാഗങ്ങളാണ്. ഹിന്ദു പിന്നാക്കവും മുസ്‌ലിം- ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗവും ചേര്‍ന്നാണ് ഈ 80 ശതമാനം. ഈ പിന്നാക്ക ജനവിഭാഗത്തെ വിസ്മരിച്ചു മുന്നോട്ടു പോകാന്‍ പിന്നാക്ക ജനവിഭാഗത്തിന്‍റെ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള സംസ്ഥാനത്തെ ഇടതുപക്ഷത്തിന് ഒരിക്കലും സാധിക്കുമെന്ന് തോന്നുന്നില്ല.

(ലേഖകന്‍റെ ഫോണ്‍: 9847132428)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com