സര്‍വകലാശാലകളുടെ വാതിലുകള്‍ തുറക്കുന്ന ഐതിഹാസിക തീരുമാനം

പോളിടെക്‌നിക് ഡിപ്ലോമ, ഐടിഐ കോഴ്‌സുകള്‍ എന്നിവ വിജയിച്ചവര്‍ക്ക് ഇനി സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേയ്ക്ക് അടക്കം പ്രവേശനം നേടാം
 The legendary decision that opens the doors of universities

സര്‍വകലാശാലകളുടെ വാതിലുകള്‍ തുറക്കുന്ന ഐതിഹാസിക തീരുമാനം

Updated on

അഡ്വ. ജി. സുഗുണന്‍

വിദ്യാഭ്യാസം നേടാനുള്ള അവകാശം ഭരണഘടനാപരമായ ജന്മാവകാശമാണ്. പ്രാഥമിക വിദ്യാഭ്യാസം സംസ്ഥാനത്ത് സാർവത്രികമായിട്ടുണ്ട്. എന്നാല്‍ സർവകലാശാലാ - ഉന്നത വിദ്യാഭ്യാസം ഇപ്പോഴും മഹാഭൂരിപക്ഷത്തിനും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇതിന് മാറ്റം വന്നേ മതിയാകൂ. ഡിഗ്രി സമ്പാദനവും ഉന്നത വിദ്യാഭ്യാസവും എല്ലാം വ്യാപകമാവേണ്ടതിന്‍റ ആവശ്യകത ആര്‍ക്കും ഇന്ന് നിഷേധിക്കാൻ കഴിയുകയില്ല. സർവകലാശാലകളിലെ പഠനവും ബിരുദ സമ്പാദനവും എല്ലാം ഏവരും ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങളും മൂലം നല്ലൊരു ശതമാനം കുട്ടികള്‍ക്ക് കോളെജ് പ്രവേശനം പലപ്പോഴും അസാധ്യമാണ്. പലരും എസ്എസ്എല്‍സി കഴിഞ്ഞ് ഐടിഐകളിലോ പോളിടെക്‌നിക്കുകളിലോ അത്തരം സാങ്കേതിക പഠന കോഴ്‌സുകളിലോ ചേര്‍ന്നു വരുന്നു. എന്നാല്‍ ഈ കുട്ടികള്‍ക്കെല്ലാം ബിരുദ സമ്പാദനം ഒരു വലിയ സ്വപ്‌നമാണ്. ഡിഗ്രി കോഴ്‌സുകളില്‍ പഠിക്കാനുള്ള ഐടിഐ, പോളിടെക്‌നിക് പാസായ കുട്ടികളുടെ അവകാശം അംഗീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകാത്ത അവസ്ഥയായിരുന്നു. ആ സ്ഥിതിക്ക് ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ഐടിഐ, പോളിടെക്‌നിക് പാസായ കുട്ടികള്‍ക്ക് യൂണിവേഴ്‌സിറ്റികളുടെ ഡിഗ്രി കോഴ്‌സില്‍ അഡ്മിഷന്‍ നല്‍കാനുള്ള വളരെ ഐതിഹാസികമായ ഒരു തീരുമാനമാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്.

ഈ ലേഖകന്‍ അംഗമായിരുന്ന ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ഈ അധ്യയന വര്‍ഷം മുതല്‍ ഡിഗ്രി കോഴ്‌സിന് പോളിടെക്‌നിക് ഡിപ്ലോമ പാസായവര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. ഐടിഐ പാസായവര്‍ക്കു കൂടി ഡിഗ്രി കോഴ്‌സിന് പ്രവേശനം നല്‍കാനുള്ള അനുവാദത്തിനായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് അപേക്ഷിച്ചിരുന്നതാണ്. പോളിടെക്‌നിക്, ഐടിഐ പാസായ വിദ്യാർഥികള്‍ക്ക് ഡിഗ്രി കോഴ്‌സിന് പ്രവേശനം നല്‍കാനുള്ള സംസ്ഥാന ഉന്നത അധികാര വകുപ്പിന്‍റെ തീരുമാനം യോഗ്യതയുള്ള ആയിരങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്ന സർവകലാശാലാ വാതിലുകള്‍ തുറന്നിടാന്‍ വേണ്ടിത്തന്നെയാണ്. ബിരുദ സമ്പാദനത്തിന് ആഗ്രഹിക്കുന്ന യോഗ്യതയുള്ള വിദ്യാർഥികള്‍ക്ക് എല്ലാം അതിന് അവസരമണ്ടാകണം. സർവകലാശാലാ വാതിലുകള്‍ കൊട്ടിയടിക്കാനും, വിദ്യാർഥികളുടെ പഠിക്കനുള്ള മൗലിക അവകാശം നിഷേധിക്കാനും ആര്‍ക്കും യാതൊരു അവകാശവുമില്ല.

പോളിടെക്‌നിക് ഡിപ്ലോമ, ഐടിഐ കോഴ്‌സുകള്‍ എന്നിവ വിജയിച്ചവര്‍ക്ക് ഇനി സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്‌സുകളിലേയ്ക്ക് അടക്കം പ്രവേശനം നേടാം. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ മാറ്റം നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പത്താം ക്ലാസിന് ശേഷം ഐടിഐ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം ഒന്നാം വര്‍ഷത്തിലേക്കും, ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം രണ്ടാം വര്‍ഷത്തിലേക്കും പ്രവേശനം നേടാം. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ നടപ്പിലാക്കിയതിനു പിന്നാലെയാണ് ബിരുദ പ്രവേശന യോഗ്യതകളില്‍ ചരിത്രപരമായ ഏകീകരണം കൊണ്ട് വന്നിരിക്കുന്നത്. നിലവില്‍ പ്ലസ്ട, തത്തുല്യ യോഗ്യതയുള്ളവര്‍ക്കാണ് പരമ്പരാഗത ബിരുദ കോഴ്‌സുകളില്‍ പ്രവേശനം. വൊക്കേഷണല്‍ വിദ്യാഭ്യാസത്തിനും, പൊതു അക്കാദമിക് കോഴ്‌സുകള്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന വേര്‍തിരിവാണ് പുതിയ ഉത്തരവിലൂടെ ഇല്ലാതാകുന്നത്.

ഐടിഐ യോഗ്യത നേടിയവര്‍, നാഷണല്‍ ക്രഡിറ്റ് ഫ്രെയിം വര്‍ക്ക് (എന്‍സിആര്‍എഫ്) പ്രകാരമുള്ള 12 ഭാഷാ ക്രെഡിറ്റുകളോ യുജിസി സമയാസമയങ്ങളില്‍ നിശ്ചയിക്കുന്ന തതുല്യ മാനദണ്ഡങ്ങളോ നേടിയിരിക്കണം. ഇപ്രകാരം ഭാഷാ യോഗ്യത നേടുന്നതോടെ ഐടിഐ പഠിതാക്കളുടെ അക്കാദമിക്ക് തലം പ്ലസ്ടു യോഗ്യതയ്ക്ക് തുല്യമായി എന്‍സിആര്‍എഫ് ലെവല്‍ 4.0 ആയി മാപ്പ് ചെയ്യപ്പെടുന്നു. ത്രിവത്സര, ദിവത്സര പോളിടെക്‌നിക് ഡിപ്ലോമയെ എന്‍സിആര്‍എഫ് ലെവല്‍ 4.5 ആയിട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ബിരുദത്തിന്‍റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയതിന് തുല്യമായ അക്കാദമിക് പദവിയാണ് ഇത്. പോളി ഡിപ്ലോമ, ഐടിഐ കോഴ്‌സുകള്‍ എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്റര്‍ ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് കീഴിലുള്ള സ്റ്റേറ്റ് ലെവല്‍ അക്കാദമിക് കമ്മിറ്റി (എസ്എസ്എല്‍സി) ഇത് പരിശോധിച്ചു നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക് അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു ഉത്തരവ് ഇറക്കുകയായിരുന്നു.

പത്താം ക്ലാസിന് ശേഷം നേടിയ മൂന്നു വര്‍ഷ പോളിടെക്‌നിക് ഡിപ്ലോമയ്ക്കും പ്ലസ്ടുവിനു ശേഷം ലാറ്ററല്‍ എന്‍ട്രി വഴി നേടിയ രണ്ടു വര്‍ഷ ഡിപ്ലോമയ്ക്കും എന്‍സിആര്‍എഫ് 4.5 ക്രെഡിറ്റ് ലെവല്‍ ഉണ്ട്. ഒന്നാം വര്‍ഷ ബിരുദത്തിനും ഇതേ ക്രെഡിറ്റ് ലെവല്‍ ആണ്. അതിനാല്‍ ബിരുദ പ്രവേശനത്തില്‍ ഇവ രണ്ടും തുല്യമായി പരിഗണിക്കും. ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷ ബിരുദ ക്ലാസിലേക്ക് ലാറ്ററല്‍ പ്രവേശനം നല്‍കാം. ഡിപ്ലോമയ്ക്കു തുല്യമായ യോഗ്യത ഉള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

പത്താം ക്ലാസിന് ശേഷം നേടിയ രണ്ട് വര്‍ഷ ഐടിഐ സര്‍ട്ടിഫിക്കറ്റും നിർദിഷ്ട 12 ക്രെഡിറ്റ് ഭാഷാ ഘടകവും ചേരുമ്പോള്‍ പ്ലസ്ടുവിന് ഉള്ള അത്ര 4 ക്രെഡിറ്റ് ലെവല്‍ ലഭിക്കും. ആയതിനാല്‍ ആദ്യ വര്‍ഷ ബിരുദ ക്ലാസിലെ പ്രവേശനത്തില്‍ ഇവ രണ്ടും തുല്യമായി പരിഗണിക്കും. ഇങ്ങനെ യോഗ്യത നേടിയവര്‍ക്ക് ഏത് 4 വര്‍ഷ ബിരുദ ക്ലാസിലെ പ്രവേശനത്തിനും അര്‍ഹതയുണ്ട്.

നമ്മുടെ സംസ്ഥാനം പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ രാജ്യത്തെ മുന്നണിയിലുള്ള സംസ്ഥാനങ്ങളില്‍ ഒന്നു തന്നെയാണ്. എന്നാല്‍ സർവകലാശാല - ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ഇപ്പോഴും പല സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണ്. ഇതിന് മാറ്റം വന്നേ മതിയാകൂ. ബിരുദ പഠനം ആഗ്രഹിക്കുന്നവര്‍ക്കും അതിന് യോഗ്യയതയുള്ളവര്‍ക്കുമെല്ലാം ഇപ്പോഴും അതിനുള്ള അവസരം നമ്മുടെ സംസ്ഥാനത്ത് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

പോളിടെക്‌നിക്, ഐടിഐ ജേതാക്കള്‍ക്ക് ഡിഗ്രിക്ക് പ്രവേശനം നല്‍കുവാനുള്ള തീരുമാനം കൈക്കൊണ്ടതു പോലെ എസ്എസ്എല്‍സി കഴിഞ്ഞ് 2 വര്‍ഷത്തെ ഗവ. അംഗീകൃത ടെക്‌നിക്കല്‍ കോഴ്‌സുകളും, ഇതര അംഗീകൃത കോഴ്‌സുകളും വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം ബിരുദ കോഴ്‌സിന് പ്രവേശനം നല്‍കാന്‍ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇനിയെങ്കിലും തീരുമാനം കൈകൊള്ളേണ്ടതാണ്. ബിരുദം നേടാനുള്ള കുട്ടികളുടെ അവകാശം ആരും തടഞ്ഞു നിര്‍ത്തരുത്. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം നമ്മുടെ രാജ്യം അംഗീകരിക്കപ്പെട്ടത് പോലെ സർവകലാശാല - ഉന്നത വിദ്യാഭ്യാസത്തിനുള്ള പൗരന്‍റെ അവകാശവും ഇനിയെങ്കിലും അംഗീകരിച്ചേ മതിയാകൂ.

(ലേഖകന്‍ കേരള സർവകലാശാലയുടെയും ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടേയും മുന്‍ സിന്‍ഡിക്കേറ്റ് അംഗമാണ്: 9847132428)

logo
Metro Vaartha
www.metrovaartha.com