കേന്ദ്ര ബജറ്റും പ്രതീക്ഷകളും

ആര്‍ബിഐ അടക്കമുള്ള ഏജൻസികളും നേരത്തെ പ്രവചിച്ചിരുന്നതും ഈ വളര്‍ച്ചയാണ്.
Central Budget and Expectations
കേന്ദ്ര ബജറ്റും പ്രതീക്ഷകളും
Updated on

കെ.എൻ. ബാലഗോപാൽ

ധനകാര്യ മന്ത്രി

കേന്ദ്ര ബജറ്റ്‌ ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കാനിരിക്കെ സമ്പദ്‌വ്യവസ്ഥ ഉണർത്താൻ ഉതകുന്ന പരിപാടി ഉണ്ടാകുമോ എന്നതാണ്‌ ഉറ്റുനോക്കുന്നത്‌. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കാര്യങ്ങൾ എല്ലാം അത്ര നല്ല നിലയിലല്ല. അപ്രതീക്ഷിത സംഭവ വികാസങ്ങള്‍ സാമ്പത്തിക ആസൂത്രകരെയും വിദഗ്ധരെയും ബിസിനസ് സമൂഹത്തെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്‌. അതിലൊന്ന്‌ രാജ്യം മാന്ദ്യത്തിലേക്ക്‌ വഴുതിവീഴപ്പെട്ടു എന്നതാണ്‌. വളർച്ചാ മുരടിപ്പാണ്‌ മറ്റൊരു പ്രധാന പ്രശ്‌നം.

നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റ്‌ അവതരിപ്പിക്കവെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെട്ടത്‌ ഈ വർഷം രാജ്യം 7.3 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ്‌. ഫലം നേർവിപരീതമാണ്‌. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 5.4 ശതമാനം മാത്രം. പ്രതീക്ഷിത വളർച്ച ഏകദേശം 7 ശതമാനമായിരുന്നു. ആര്‍ബിഐ അടക്കമുള്ള ഏജൻസികളും നേരത്തെ പ്രവചിച്ചിരുന്നതും ഈ വളര്‍ച്ചയാണ്. എന്നാല്‍, കഴിഞ്ഞ 7 പാദങ്ങളില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രണ്ടാം ത്രൈമാസത്തില്‍ ഉണ്ടായത്. ആദ്യ പാദത്തിലെ 6.7 ശതമാനവുമായും, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 8 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വലിയ ഇടിവാണ്‌. ഈ കാലയളവിലെ വ്യാവസായിക വളര്‍ച്ച കഴിഞ്ഞ വര്‍ഷത്തെ 14.3 ശതമാനത്തില്‍നിന്ന് 3.9 ശതമാനമായി മൂക്കുകുത്തി.

ഇപ്പോള്‍ നേരിടുന്ന മാന്ദ്യത്തിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നു. ഉയര്‍ന്ന പണപ്പെരുപ്പം മൂലം അവശ്യ സാധനങ്ങള്‍ ഒഴികെയുള്ളവയ്ക്കായി ആളുകള്‍ ചെലവഴിക്കുന്നത് കുറഞ്ഞു. പലിശ നിരക്ക്‌ ഉയര്‍ന്നുനിൽക്കുന്നു. കേന്ദ്ര സര്‍ക്കാർ മൂലധന നിക്ഷേപം ചുരുക്കി. സംസ്ഥാനങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക ഞെരുക്കവും മൂലധന നിക്ഷേപത്തെ ബാധിക്കുന്നു. നഗര ഉപഭോഗത്തില്‍ വന്ന ഇടിവ്, പ്രതികൂല കാലാവസ്ഥ, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ, കയറ്റുമതിയിലെ ഇടിവ്‌ തുടങ്ങിയവയെല്ലാം മാന്ദ്യത്തിന്‌ കാരണമാകുന്നു. ഉൽപാദന മേഖലകളിലെ വില്‍പ്പനയും ആദായവും മന്ദഗതിയിലാണ്‌. വ്യാപാരക്കമ്മി റെക്കോഡ് ഉയരത്തിലെത്തിയതോടെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.

നടപ്പുവർഷത്തെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി ഇടിയുമെന്ന്‌ സാമ്പത്തിക വിദഗ്ധര്‍ മാത്രമല്ല, റിസർബ്‌ ബാങ്കും അന്താരാഷ്‌ട്ര നാണയ നിധിയുമടക്കം കഴിഞ്ഞ ദിവസം വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന ഭൗമ- രാഷ്‌ട്രീയ പ്രശ്നങ്ങള്‍, നിരക്ക് യുദ്ധങ്ങള്‍, ഡോണൾഡ് ട്രംപിന്‍റെ അപ്രവചനീയമായ നയങ്ങള്‍ തുടങ്ങിയ കാരണങ്ങളാല്‍ 6.5 ശതമാനമെന്ന സാധ്യതയിലും ഇതേ എജൻസികൾ ആശങ്ക പ്രകടിപ്പിക്കുന്നു.

ഡിമാന്‍ഡ് സൃഷ്ടിക്കാൻ ചെലവിടല്‍ നടത്തുക, അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചെലവിടുക, തൊഴിലവസരങ്ങൾ ഉയർത്തുക, അതിനായി തൊഴിലാളികളുടെ നൈപുണ്യവും ഉല്‍പ്പാദന ക്ഷമതയും വര്‍ധിപ്പിക്കുന്നതിന്‌ പരിപാടികൾ ഏറ്റെടുക്കുക തുടങ്ങിയ പരിഹാര നടപടികളാണ്‌ സാമ്പത്തിക വിദഗ്‌ധർ മുന്നോട്ടുവയ്‌ക്കുന്നത്‌. യുദ്ധകാലാടിസ്ഥാനത്തില്‍ ഈ നടപടികൾ സ്വീകരിച്ചില്ലെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷം 6.5 ശതമാനം വളര്‍ച്ച എന്നതു തന്നെ വലിയ വെല്ലുവിളിയാകുമെന്നാണ്‌ അനുമാനം.

കേന്ദ്ര ധനമന്ത്രി അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റ്‌ തയാറാക്കലിന്‌ മുന്നോടിയായി സംസ്ഥാന ധനകാര്യ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച പ്രധാന നിർദേശം മാന്ദ്യം നേടിരുന്നതിനും പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്കിന്‌ അടുത്തെങ്കിലും എത്തുന്നതിനും അടിയന്തര നടപടികൾ ഉറപ്പാക്കണമെന്നതാണ്‌. സംസ്ഥാനത്തിന്‍റേതായ പ്രത്യേക പ്രശ്‌നങ്ങളും കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിനും പ്രത്യേക സാമ്പത്തിക പാക്കെജും, വയനാട്‌ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന്‌ പ്രത്യേക സഹായവും കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്നതും പ്രധാന ആവശ്യങ്ങളായി മുന്നോട്ടുവച്ചിട്ടുണ്ട്‌.

പ്രത്യേക പാക്കെജ്‌

സംസ്ഥാനത്തിന്‌ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കെജ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ റവന്യൂ ചെലവിന്‍റെ 62 ശതമാനവും സ്വന്തം വരുമാനത്തിൽനിന്നാണ്‌ കണ്ടെത്തുന്നത്‌. എന്നാൽ, അഖിലേന്ത്യാ ശരാശരി 54 ശതമാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരവും റവന്യു കമ്മി ഗ്രാന്‍റും അവസാനിപ്പിക്കൽ, പബ്ലിക്‌ അക്കൗണ്ടിലെ നീക്കിയിരിപ്പിന്‍റെയും സർക്കാർ സംരംഭങ്ങളുടെ വായ്‌പയുടെയും പേരിൽ സംസ്ഥാനത്തിന്‍റെ കടമെടുക്കൽ അവകാശം വെട്ടിക്കുറയ്‌ക്കൽ, നികുതി ഉണ്ടായ വലിയ കുറവ്‌ എന്നിവ മൂലം സംസ്ഥാനം നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടും പണ ക്ഷാമവും പരിഹരിക്കാൻ 2 വർഷത്തിനുള്ളിൽ ലഭ്യമാകുന്ന നിലയിലുള്ള ഒരു പ്രത്യേക പാക്കെജാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌.

ജൂണിൽ നടന്ന പ്രീ ബജറ്റ്‌ ചർച്ചയിൽ ഉന്നയിച്ച പ്രത്യേക പാക്കെജ്‌ ആവശ്യം കേന്ദ്രം പരിഗണിക്കാഞ്ഞതും ചൂണ്ടിക്കാട്ടി. ഒപ്പം, ജിഎസ്‌ടി സമ്പ്രദായം പുർണ സജ്ജമാകുന്നതു വരെ ജിഎസ്‌ടി നഷ്ടപരിഹാര വ്യവസ്ഥ തുടരണം.

വയനാടിന്‌ 2,000 കോടി

വയനാട്‌ മുണ്ടക്കൈ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര ബജറ്റിലൂടെ മതിയായ സഹായം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്‌.

2,000 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കണമെന്നാണ്‌ നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത്‌. ദുരന്ത ബാധിതർക്കായി വീടുകളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും അവശ്യം അടിസ്ഥാന സൗകര്യങ്ങളുമടക്കമുള്ള ടൗൺഷിപ്പുകളാണ്‌ വിഭാവനം ചെയ്‌തിട്ടുള്ളത്‌. അവയുടെ നിർമാണത്തിന്‌ ഇത് അവശ്യമാണ്‌.

വിഴിഞ്ഞത്തിന്‌ സഹായം

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്‍റെ തുടർ വികസന പ്രവർത്തനങ്ങൾക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ കേരളത്തിന്‍റെ പ്രതീക്ഷയാണ്‌. തുറമുഖത്തേക്കുള്ള റെയ്‌ൽ പാത, തുറമുഖം അധിഷ്ഠിത വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്‌റ്റർ, ഗ്രീൻ ഹൈട്രജൻ ഹബ്ബ്‌, സീഫുഡ്‌ പാർക്ക്‌, ലോജസ്‌റ്റിക്‌ ആൻഡ്‌ ഫിഷ്‌ ലാൻഡിങ്‌ സെന്‍റർ തുടങ്ങിയ പദ്ധതികളിലൂടെയേ തുറമുഖത്തിന്‍റെ പുർണ പ്രയോജനം രാജ്യത്ത്‌ ഉപയുക്തമാകൂ. ഇതിന്‌ സർക്കാർ മേഖലയിൽ വലിയ നിക്ഷേപം ആവശ്യമാണ്‌. പദ്ധതിക്ക്‌ കേന്ദ്ര സർക്കാരിന്‍റെ പൂർണ സാമ്പത്തിക സഹകരണമാണ്‌ പ്രതീക്ഷിക്കുന്നത്‌.

പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8,867 കോടിയില്‍ 5,554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്‍റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്‍റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ എന്‍പിവി മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടി രൂപ വരെ വേണ്ടിവരും. ഈ നിബന്ധന ഒഴിവാക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല.

കട പരിധി ഉയർത്തണം

അടുത്ത സാമ്പത്തിക വർഷം കേരളത്തിന്‍റെ കടമെടുപ്പ്‌ പരിധി 3.5 ശതമാനമാക്കി ഉയർത്തണം. ഈ വർധന ഉപാധിരഹിതമാക്കണം. ഊർജ മേഖലയിലെ പരിഷ്‌കരണങ്ങൾക്കായി അനുവദിച്ച അര ശമാനം അധിക വായ്‌പാനുമതി അടുത്ത സാമ്പത്തിക വർഷവും തുടരണം. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ സംസ്ഥാന വിഹിതം ഉറപ്പാക്കാൻ മിക്ക സംസ്ഥാനങ്ങൾക്കും കടമെടുക്കേണ്ട സ്ഥിതിയാണുള്ളത്‌. അങ്ങനെ എടുക്കുന്ന വായ്‌പയെ കടമടുപ്പ്‌ പരിധിയിൽനിന്ന്‌ ഒഴിവാക്കണം. സർക്കാർ സ്ഥാപനങ്ങളും കമ്പനികളും സംസ്ഥാന സർക്കാരിന്‍റെ ഉറപ്പിൽ എടുക്കുന്ന വായ്‌പകളെ സംസ്ഥാനത്തിന്‍റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തുന്ന കേന്ദ്ര നിലപാട്‌ തിരുത്തണം.

ദേശീയപാതാ വികസനത്തിന്‌ ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം ചെലവ്‌ വഹിക്കണമെന്ന കേന്ദ്ര നിബന്ധന പാലിക്കാൻ കിഫ്‌ബി വായ്‌പ എടുത്തുനൽകിയ തുക സംസ്ഥാനത്തിന്‍റെ വായ്‌പാ പരിധിയിൽനിന്ന്‌ വെട്ടിക്കുറച്ചു. ഇത്‌ പരിഹരിക്കാൻ ഈ വർഷം 6,000 കോടി രൂപ അധികമായി വായ്‌പ എടുക്കാൻ അനുവദിക്കണം. മൂലധനച്ചെലവ്‌ ഉറപ്പാക്കാൻ കേന്ദ്രം നൽകുന്ന കാപ്പെക്‌സ്‌ വായ്‌പ അനുവദിക്കുന്നതിന്‌ ബ്രാൻഡിങ്‌ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന രീതി പുനഃപരിശോധിക്കണം.

പ്രവാസി ക്ഷേമം

പ്രവാസ കേരളീയരുടെയും, മടങ്ങിയെത്തുന്ന പ്രവാസികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന കേരള നോൺ- റെസിഡന്‍റ്‌ കേരളൈറ്റ്‌സ്‌ വെൽഫെയർ ബോർഡിന്‍റെ പ്രവർത്തനങ്ങൾ ശാക്തീകരിക്കാൻ 300 കോടി രൂപ വകയിരുത്തണം. മുതിർന്ന ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്‌ കേരളം തയാറാക്കിയിട്ടുള്ള പദ്ധതിക്ക്‌ കേന്ദ്ര ബജറ്റിൽ 3,940 കോടി രൂപ ലഭ്യമാക്കണം.

കേന്ദ്രത്തിന്‍റെ വെഹിക്കിൾ സ്‌ക്രാപ്പിങ്‌ പോളിസിയുടെ സംസ്ഥാന സർക്കാരിന്‍റെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള വാഹനങ്ങളിൽ 15 വർഷ കാലാവധി പൂർത്തിയാക്കിയവയ്‌ക്ക്‌ പകരം വാഹനങ്ങൾ ഉറപ്പാക്കാൻ 800 കോടി രൂപയുടെ പ്രത്യേക പാക്കെജ്‌ അനുവദിക്കണം.

കാലാവസ്ഥ വ്യതിയാനം

തീരശോഷണം

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ കേന്ദ്ര ബജറ്റിൽ കേരളത്തിനായി നീക്കിവയ്‌ക്കണം. കേരളത്തിന്‍റെ തീരദേശ ശോഷണ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ 11,650 കോടി രൂപയുടെ സമഗ്ര പദ്ധതി ആവശ്യമാണ്‌. ഇതിലേക്ക്‌ അടുത്ത സാമ്പത്തിക വർഷം കേന്ദ്ര ബജറ്റിൽ 2329 കോടി രുപ വകയിരുത്തണം.

മത്സ്യത്തൊഴിലാളികൾക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന പുനർഗേഹം പുനധിവാസ പദ്ധതിക്കായി 186 കോടി രൂപ കൂടി ആവശ്യമാണ്‌. മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിന്‌ 500 കോടി, തിരുവനന്തപുരം ആർസിസിയുടെ വികസനത്തിന്‌ 1,293 കോടി രൂപ, മനുഷ്യ-മൃഗ സംഘർഷം പരിഹാര പദ്ധതികൾക്കായി 1,000 കോടി രൂപ അനുവദിക്കണം.

റബറിന്‌ വിലസ്ഥിരതാ ഫണ്ട്‌

റബറിന്‌ താങ്ങുവില ഉറപ്പാക്കാൻ 1,000 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട്‌ പ്രഖ്യാപിക്കണം. തേയില, കാപ്പി, സുഗന്ധ വ്യജ്ഞനങ്ങൾ തുടങ്ങിയവയുടെ തോട്ടം നവീകരണത്തിനും, വില സ്ഥിരത ഉറപ്പാക്കാനും കയറ്റുമതി സാധ്യതകൾ വികസിപ്പിക്കാനും പ്രത്യേക പാക്കെജ്‌ ഉൾപ്പെടുത്തണം.

നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട സപ്ലൈകോ ബാധ്യത തീർക്കാനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും 2,000 കോടി രൂപ വേണം. നെല്ല്‌ സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം 60 ശതമാനത്തിൽ നിന്ന്‌ 75 ശതമാനമാക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പിഎം- ഉഷ പദ്ധതിയിൽ കേരളം സമർപ്പിച്ച 2,117 കോടി രൂപയുടെ പദ്ധതി നിർദേശങ്ങൾക്ക്‌ അംഗീകാരം ഉറപ്പാക്കണം.

റെയ്‌ൽ പദ്ധതികൾ

നിർദിഷ്ട സിൽവർലൈൻ പദ്ധതി, റാപ്പിഡ്‌ ട്രാൻസിറ്റ്‌ പദ്ധതികൾ, അങ്കമാലി- ശബരി, നിലമ്പൂർ- നഞ്ചൻകോട്‌, തലശേരി- മൈസുരു റെയ്‌ൽ പാതകൾ നിർദേശങ്ങൾക്ക്‌ പരിഗണന വേണം. കശുവണ്ടി, കയർ, കൈത്തറി പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം, ആശ, അങ്കണവാടി ഉൾപ്പെടെ സ്‌കീം തൊഴിലാളികളുടെ ഓണറേറിയം, സാമൂഹ്യസുരക്ഷാ പെൻഷനിൽ കേന്ദ്ര വിഹിതം, സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പാചകച്ചെലവ്‌, തൊഴിലുറപ്പ്‌ തൊഴിലാളികളുടെ കൂലി, പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതികളുടെ കേന്ദ്ര വിഹിതം തുടങ്ങിയവ വർധിപ്പിക്കണം. എയിംസ്‌ അടക്കമുള്ള മറ്റ്‌ ആവശ്യങ്ങൾ ഇത്തവണയെങ്കിലും പരിഗണിക്കണം.

ഓരോ വിഷയത്തിലും കേരളത്തിന്‍റെ അവകാശം കൃത്യമായിത്തന്നെ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്‌. ചില വിഷയങ്ങൾ കാലങ്ങളായി ഉന്നയിക്കുന്നവയാണ്‌. ഒപ്പം അടിയന്തര പ്രാധാന്യത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളുമുണ്ട്‌. അവയിൽ കാര്യമായ പരിഗണന നൽകാൻ കേന്ദ്ര ധനമന്ത്രി തയാറാകുമെന്നാണ്‌ പ്രതീക്ഷ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com