ചന്ദ്രബാബുവിന്‍റെ കയറ്റവും കെജരിവാളിന്‍റെ ഇറക്കവും

chandrababu naidu and kejriwal read special story
ചന്ദ്രബാബുവിന്‍റെ കയറ്റവും കെജരിവാളിന്‍റെ ഇറക്കവും

രാഷ്‌ട്രീയവും ജയിലും തമ്മിൽ ചില ബന്ധങ്ങളൊക്കെയുണ്ട്. ഈ തെരഞ്ഞെടുപ്പിൽ അതു കാണാനും കഴിഞ്ഞു. ജയിലിൽ നിന്നു ജാമ്യത്തിലിറങ്ങി പ്രചാരണം നയിച്ചിട്ടും ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന്‍റെ പാർട്ടി അമ്പേ തകർന്നടിഞ്ഞു എന്നതാണ് ഒന്ന്. ജയിലിൽ നിന്നിറങ്ങിയ തെലുങ്കുദേശം നേതാവും അവിഭക്ത ആന്ധ്ര പ്രദേശിന്‍റെ മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ആന്ധ്ര പിടിച്ചെന്നു മാത്രമല്ല രാജ്യഭരണത്തിലും പങ്കു ചേരാനാണു പോകുന്നത് എന്നതു നേർ വിപരീതം.

കേന്ദ്രത്തിലെ പുതിയ സർക്കാർ നിലനിൽക്കുക ചന്ദ്രബാബുവിന്‍റെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും പിന്തുണയിലാണല്ലോ. ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടായിരുന്ന ബിജെപിക്ക് കഴിഞ്ഞ 10 വർഷമായി എന്‍ഡിഎ എന്നത് ഒരലങ്കാരം മാത്രമായിരുന്നു. അതിലിത്തിരി കോട്ടങ്ങളുണ്ടായാലും അവർ ഗൗനിക്കാറില്ല. പഞ്ചാബിലെ അകാലിദൾ പുറത്തുപോയപ്പോഴും നിതീഷ് കുമാറിന്‍റെ ജെഡിയു രണ്ടു വട്ടം മുന്നണി വിട്ടപ്പോഴും പോകുന്നവർ പോകട്ടെ എന്നുവയ്ക്കാൻ ബിജെപിക്കു വിഷമമുണ്ടായില്ല. എന്നാൽ, ഇപ്പോൾ സഖ്യകക്ഷി നേതാക്കളൊക്കെ അവർക്കു പ്രിയപ്പെട്ടവരായിരിക്കുന്നു. ചന്ദ്രബാബു നായിഡുവും നിതീഷും എത്ര തിളക്കത്തിലാണിപ്പോഴെന്നു പ്രത്യേകം പറയേണ്ടതില്ല.

അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിക്കളിച്ച ഐക്യ ജനതാദൾ നേതാവ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അപഹാസ്യനായി മാറുമെന്നും ജനങ്ങൾ കൈവിടാൻ പോകുന്നുവെന്നുമൊക്കെ പലരും ധരിച്ചു. നിതീഷ് എന്താണു കാണിക്കുന്നതെന്ന് പല രാഷ്‌ട്രീയ നിരീക്ഷകരും അമ്പരപ്പോടെ ചോദിച്ചിട്ടുണ്ട്. എല്ലാത്തിനും ഒടുവിൽ ജെഡിയുവിനെ കേന്ദ്രഭരണത്തിലെ നിർണായക കണ്ണിയായി മാറ്റാൻ നിതീഷിനു കഴിഞ്ഞിരിക്കുന്നു. എവിടെ നിന്നാലും ഭാഗ്യം തുണയ്ക്കുന്ന നേതാവാണു നിതീഷ് എന്നു പറയേണ്ടിവരും. എങ്ങനെ വീണാലും നാലു കാലിൽ നിൽക്കാൻ കഴിയുന്ന നേതാവ്. ഈ തെരഞ്ഞെടുപ്പിനു ശേഷം ബിഹാർ മുഖ്യമന്ത്രിസ്ഥാനം ബിജെപിക്കു നൽകേണ്ടിവരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. നിതീഷിന്‍റെ വിലപേശൽ ശക്തി കുറയുകയാണെന്നായിരുന്നു കണക്കുകൂട്ടലുകൾ. പക്ഷേ, പതിന്മടങ്ങ് കരുത്തായിരിക്കുന്നു ഈ "സോഷ്യലിസ്റ്റി'ന്. തത്കാലം ആരും ഒന്നും നിതീഷിനോട് കൽപ്പിക്കില്ല!

തെലുങ്ക് സ്റ്റാറായി ചന്ദ്രബാബു നായിഡു

ആന്ധ്ര പ്രദേശിൽ സർവ പ്രതാപവും അസ്തമിച്ച് രാഷ്‌ട്രീയ ഭാവി ഇരുളടയുകയാണോ എന്നു സംശയിച്ച നേതാവാണ് ചന്ദ്രബാബു നായിഡു. ക്ഷേമപദ്ധതികളുടെ ബലത്തിൽ ആന്ധ്ര അടക്കിവാഴുകയായിരുന്നു മുഖ്യമന്ത്രി ജഗൻ മോഹനും വൈഎസ്ആർ കോൺഗ്രസും. ഈ തെരഞ്ഞെടുപ്പിൽ ഒരു തോൽവി കൂടി നേരിട്ടിരുന്നെങ്കിൽ തെലുങ്കുദേശവും ചന്ദ്രബാബുവിന്‍റെ രാഷ്‌ട്രീയവും അപ്രസക്തമാവുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിലേക്കു പോകുമ്പോൾ എഴുപത്തിനാലുകാരൻ നായിഡുവിന് ഇനിയൊരു പ്രതാപകാലമുണ്ടാവുമെന്ന് അധികമാരും കരുതിയില്ല. 52 ദിവസത്തെ ജയിൽവാസം കഴിഞ്ഞു തിരിച്ചെത്തിയ അദ്ദേഹം ആന്ധ്ര രാഷ്‌ട്രീയം മാറ്റിമറിക്കുകയായിരുന്നു.

രാജമുന്ദ്രി സെൻട്രൽ ജയിലിൽ ചന്ദ്രബാബുവിനെ കണ്ട് പുറത്തിറങ്ങിയ തെലുങ്ക് സിനിമയിലെ സൂപ്പർ ആക്‌ഷൻ ഹീറോ പവൻ കല്യാൺ തന്‍റെ പാർട്ടി ജനസേന തെലുങ്കുദേശവുമായി ചേർന്നു മത്സരിക്കുമെന്നു പ്രഖ്യാപിക്കുന്നിടത്ത് രാഷ്‌ട്രീയം തിരിയുകയായിരുന്നു. തെലുങ്കുദേശത്തെ ബിജെപിയുമായി അടുപ്പിച്ചതും പവൻ കല്യാൺ തന്നെ. ജയിൽവാസത്തിൽ നിന്ന് ഒരു സഹതാപ തരംഗത്തിനു സാധ്യതകളൊരുക്കാനും ചന്ദ്രബാബുവിനു കഴിഞ്ഞു. ഭാര്യ ഭുവനേശ്വരിയും മകൻ ലോകേഷും ഒപ്പം നിന്നു. 5 പതിറ്റാണ്ടിന്‍റെ രാഷ്‌ട്രീയ പരിചയമുള്ള മുൻ മുഖ്യമന്ത്രിയെ ജയിലലടയ്ക്കൻ തോന്നിയത് ഏതു നേരത്താണെന്ന് ജഗൻ മോഹൻ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും.

എരിഞ്ഞടങ്ങിയ കെജരിവാൾ

പക്ഷേ, കെജരിവാളിന്‍റെ അവസ്ഥയോ. ഡൽഹി മുഖ്യമന്ത്രിയെ ജയിലിലാക്കിയതിന്‍റെ ഒരു ദോഷവും ഡൽഹിയിൽ ബിജെപിക്കുണ്ടായില്ല. ഇക്കുറിയും 7 മണ്ഡലത്തിലും താമര തന്നെ വിരിഞ്ഞു. പാർട്ടി ഭരിക്കുന്ന പഞ്ചാബിലും മികച്ചൊരു പ്രകടനം എഎപി കാഴ്ചവച്ചില്ല. മറ്റു ചില സംസ്ഥാനങ്ങളിൽ ഇന്ത്യ സഖ്യത്തിന്‍റെ ഭാഗമായി മത്സരിച്ച സീറ്റുകളിലും വിജയിക്കാനായില്ല. ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിലിറങ്ങി 21 ദിവസം പ്രചാരണം നയിച്ച കെജരിവാൾ തന്നെ അറസ്റ്റു ചെയ്തതിനുള്ള മറുപടി ബിജെപിക്കു നൽകണമെന്നാണ് ജനങ്ങളോട് അഭ്യർഥിച്ചത്. നരേന്ദ്ര മോദിക്കെതിരേ അതിശക്തമായ പ്രചാരണം തന്നെ അദ്ദേഹം നയിച്ചു. ഡൽഹിയിൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം അവസരവാദ കൂട്ടുകെട്ടായി മാത്രമേ ജനങ്ങൾ കണ്ടുള്ളൂ. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് എഎപിക്ക് ഇനി ഒന്നുകൂടി ആലോചിക്കേണ്ടിവരും. അഴിമതിക്കാരായ കോൺഗ്രസിനും ബിജെപിക്കും ബദൽ എന്നു പറഞ്ഞാണല്ലോ കെജരിവാൾ എഎപി രൂപവത്കരിച്ചത്. മുഖ്യമന്ത്രിയടക്കം പാർട്ടി നേതാക്കൾ അഴിമതിക്കേസിൽ കുടുങ്ങിയതും തിരിച്ചടിയായെന്നു വേണം കരുതാൻ.

പഞ്ചാബിൽ കോൺഗ്രസും എഎപിയും വേറിട്ടാണു മത്സരിച്ചത്. അതിന്‍റെ നേട്ടം കോൺഗ്രസിനുണ്ടായി. ഇരു പാർട്ടികളുടെയും വോട്ട് വിഹിതം 26 ശതമാനം വീതമാണെങ്കിലും 7 ഇടത്ത് കോൺഗ്രസ് ജയിച്ചപ്പോൾ എഎപിക്ക് 3 ജയമാണുള്ളത്. ഗുജറാത്തിലും അസമിലും ഹരിയാനയിലും മത്സരിച്ച സീറ്റുകളിലും എഎപി തോറ്റു. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായൊരു തിരിച്ചുവരവിന് എഎപിക്കു കഴിയുമോയെന്ന് കാത്തിരുന്നു കാണണം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം തകർപ്പൻ വിജയത്തോടെ അധികാരം നിലനിർത്താൻ കെജരിവാളിനു കഴിഞ്ഞിരുന്നു. എന്നാൽ, അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്.

ജയിലിൽ കിടക്കുമ്പോഴും മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന വാശി ദോഷമായി വരുന്നുണ്ടോയെന്ന് എഎപിക്കു പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രത്തിൽ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കെജരിവാൾ സർക്കാരിനെ പിരിച്ചുവിടാൻ ഒരുപക്ഷേ, ബിജെപി തയാറായേക്കില്ല. അപ്പോഴും രാജ്യതലസ്ഥാനത്തും പഞ്ചാബിലുമുള്ള എഎപി പ്രവർത്തകരെ ഒറ്റക്കെട്ടായി നിർത്തുകയെന്നത് കെജരിവാളിനു മുന്നിലുള്ള വെല്ലുവിളിയാണ്.

ഇരട്ടയക്കം തൊടാതെ ഇടതുപക്ഷം

കെജരിവാളിന് പഞ്ചാബിൽ 3 സീറ്റെങ്കിലും നേടാൻ കഴിഞ്ഞെങ്കിൽ കേരളത്തിൽ ഇടതുപക്ഷത്തിനു കിട്ടിയത് ഒരു സീറ്റ് മാത്രമാണ്. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഒരൊറ്റ സീറ്റ് പോലുമില്ല താനും. കേരളത്തിൽ കോൺഗ്രസുമായുള്ള മത്സരത്തിൽ തോറ്റപ്പോൾ ബംഗാളിലും ത്രിപുരയിലും അവരുമായുള്ള സഖ്യമാണു തോറ്റത്. ടിഎംസി 29, ബിജെപി 12 സീറ്റ് വീതം നേടിയ ബംഗാളിൽ കോൺഗ്രസിന് ഒരിടത്തു ജയമുണ്ട്. വെറും 6 ശതമാനത്തോളമാണ് ഇടതു കക്ഷികളുടെ വോട്ട് വിഹിതം. കോൺഗ്രസിന് 5 ശതമാനത്തിനടുത്ത്. സഖ്യത്തിൽ 33 സീറ്റിലാണ് ഇടതുപക്ഷം മത്സരിച്ചത്; കോൺഗ്രസ് 9 ഇടത്തും. ത്രിപുരയിലെ 2 സീറ്റുകളും ബിജെപി പിടിച്ചത് സംസ്ഥാനത്ത് 71 ശതമാനത്തോളം വോട്ട് നേടിയാണെന്നത് കോൺഗ്രസ്- ഇടത് തകർച്ച എത്ര വലുതാണെന്നു കാണിക്കുന്നുണ്ട്. സിപിഎമ്മിന് 12.44 ശതമാനവും കോൺഗ്രസിന് 11.49 ശതമാനവുമാണ് അവിടെ വോട്ടുള്ളത്!

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്ത് 3 മണ്ഡലങ്ങളിൽ മാത്രം വിജയിച്ച സിപിഎമ്മിന് ഇക്കുറി 4 ഇടത്തു ജയമുണ്ട്. രാജസ്ഥാനിലെ സിക്കാറിൽ കർഷക നേതാവ് അമ്ര റാം നേടിയതാണ് ഇതിലൊരു വിജയം. തമിഴ്നാട്ടിലെ മധുരയിൽ എസ്. വെങ്കടേശനും ദിണ്ടിഗലിൽ ആർ. സച്ചിദാനന്ദനും മറ്റു രണ്ടു വിജയങ്ങൾ കരസ്ഥമാക്കി. കേരളത്തിലെ ഒരു തരി കനൽ ആലത്തൂരിലേത്.

കഴിഞ്ഞ തവണ 2 സീറ്റ് നേടിയ സിപിഐയ്ക്ക് ഇക്കുറിയും അതേ നില. നാഗപട്ടണത്ത് വി. ശെൽവരാജും തിരുപ്പൂരിൽ കെ. സുബ്ബരായനുമാണു ജയിച്ചത്. ബിഹാറിലെ 2 മണ്ഡലങ്ങളിൽ സിപിഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) പാർട്ടിയുടെ സ്ഥാനാർഥികൾ വിജയം നേടി. അങ്ങനെ മൊത്തം 8 സീറ്റുകൾ. കോൺഗ്രസ് മുന്നണിയിലെ ആർഎസ്പി നേതാവാണെങ്കിലും എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്തു ജയിച്ചത് യുഡിഎഫിൽ നിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 സീറ്റ് മാത്രം നേടിയതാണ് ഇടതിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.

Trending

No stories found.

Latest News

No stories found.