ശാസ്ത്രരംഗത്ത് ഇന്ന് മറ്റു രാജ്യങ്ങളെക്കാൾ ഇന്ത്യ ബഹുദൂരം മുന്നിലാണ്. വ്യത്യസ്ത മേഖലകളിൽ ഇന്ത്യ നടത്തുന്ന കണ്ടുപിടിത്തങ്ങൾ, മുന്നേറ്റങ്ങൾ എന്നിവയിൽ ഒരുപക്ഷേ ലോകരാജ്യങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. ഇതര രാജ്യങ്ങളിൽ ശാസ്ത്ര ഗവേഷണം നടത്തുന്നതിൽ ഇന്ത്യൻ വംശജരായവരുടെ പങ്ക് ചെറുതല്ല എന്നുള്ളതും ശാസ്ത്ര രംഗത്ത് ഉണ്ടാകുന്ന നേട്ടങ്ങൾക്ക് ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നതാണ്. ഇന്ത്യക്കാരിലെ നല്ലൊരു ശതമാനം മലയാളികളാണ് എന്നതു നമ്മൾ മലയാളികൾക്കും ഏറെ അഭിമാനമുണ്ടാകുന്നു.
രാജ്യത്തിന്റെ ഓരോ മേഖലകളിൽ ഉണ്ടാക്കുന്ന വികസനങ്ങൾക്കും ശാസ്ത്രത്തിന്റെ പിൻബലമുണ്ട് എന്നുള്ള ഒരു യാഥാർഥ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ശാസ്ത്രത്തിനെതിരേ നിൽക്കുന്നത് സമൂഹത്തിൽ അപഹാസ്യരാകുന്നതിന് തുല്യമായിരിക്കും എന്നതാണ് വർത്തമാനകാല യാഥാർഥ്യം.
ചന്ദ്രയാൻ മൂന്നിന്റെ ദൗത്യം അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. മണിക്കൂറുകൾ മാത്രമേ ഇതിന്റെ വിജയത്തിനായി കാത്തിരിക്കേണ്ടതുള്ളൂ. ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണത്തിന് നേതൃത്വം കൊടുക്കുന്നത് ഒരു മലയാളിയാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. ചേർത്തല സ്വദേശിയായ ഡോ. എസ്. സോമനാഥാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഐഎസ്ആർഒ) ചെയർമാൻ. ശാസ്ത്രരംഗത്തുണ്ടായ ഇന്ത്യയുടെ അഭിമാനകരമായ നേട്ടമായിത്തന്നെ ലോകം ഇതിനെ വിലയിരുത്തുന്നുണ്ട്.
ചന്ദ്രയാന്റെ വിജയം രാജ്യത്തും ലോകത്തും ഒട്ടേറെ വികസനങ്ങൾക്ക് കാരണമാകും എന്നുള്ളതിന് ഒരു സംശയവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിരീടത്തിലെ ഒരു പൊൻതൂവലായി തന്നെ ചന്ദ്രയാൻ മൂന്നിന്റെയും വിക്ഷേപണവിജയം മാറും എന്നുള്ളതാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. കോടിക്കണക്കിന് രൂപയാണ് ശാസ്ത്ര വികസനത്തിനു വേണ്ടി ഇന്ത്യയിൽ ചെലവാക്കുന്നത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. കേന്ദ്ര ബജറ്റിൽ ഔദ്യോഗികമായി തന്നെ ശാസ്ത്ര വികസനത്തെ മുൻപത്തേക്കാൾ പണം മാറ്റി വയ്ക്കുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാത്രമാണ്. ഇങ്ങനെ ശാസ്ത്രത്തിന് വേണ്ടി പണം ചെലവാക്കുകയും ശാസ്ത്ര വികസനത്തിൽ നേട്ടം കൊയ്യുകയും ചെയ്യുമ്പോൾ അതിനെതിരെ ശാസ്ത്രത്തിന് വിപരീതമായ പ്രവർത്തനങ്ങളിൽ ചിലർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നുള്ളതും നാം കാണാതെ പോകരുത്.
സമാനമായ രീതിയിൽ ഇന്റർനെറ്റ് ലോകത്തും ഇന്ത്യ കുതിപ്പാണ് കാഴ്ച വച്ചിരിക്കുന്നത്. ഇന്റർനെറ്റിന്റെ അഞ്ചാം തലമുറയായ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഏറെ കഴിയുന്നതിനു മുമ്പാണ് ഇപ്പോൾ ആറാംതലമുറയായ 6ജിയുടെ വരവിനു വേണ്ടി രാജ്യം തയ്യാറെടുക്കുന്നത്. 6ജി വരുന്നതോടെ ഇന്റർനെറ്റിന്റെ വേഗതയുടെ വൻ കുതിപ്പാണ് ഉണ്ടാകുവാൻ പോകുന്നത്. ജനങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും വേഗത തന്നെയാണ്. ഇന്ന് മറ്റേത് രാജ്യത്തെ യുവ തലമുറകളെക്കാൾ കൂടുതൽ ഇന്റർനെറ്റിന്റെ ഉപഭോക്താക്കൾ ഇന്ത്യക്കാരാണ്. ലോകത്ത് ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ജനങ്ങൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് നിരോധനവും മറ്റു രാജ്യങ്ങളേക്കാൾ കൂടുതൽ ഇന്ത്യയിലാണ് നടപ്പിലാക്കുന്നത് എന്നതും ഈ അവസരത്തിൽ ഓർക്കുന്നത് നന്നായിരിക്കും.
ശാസ്ത്രത്തെ നമസ്കരിച്ചുകൊണ്ട് ലോകം മുന്നോട്ടുപോകില്ല എന്ന തിരിച്ചറിവ് ഭരണകർത്താക്കൾക്ക് ഉണ്ടായാൽ നന്നായി. ശാസ്ത്രത്തെ മാറ്റിനിർത്തിക്കൊണ്ട് ഒരു വികസനവും ഒരു രാജ്യവും കൈവരിച്ചിട്ടില്ല. മിത്തുകളെ മിത്തുകളായും ശാസ്ത്രങ്ങളെ ശാസ്ത്രമായും ചരിത്രങ്ങളെ ചരിത്രമായും അംഗീകരിക്കുവാൻ നമ്മുടെ ഭരണാധികാരികൾ തയ്യാറാകേണ്ടതുണ്ട്.
മിത്തുകളെ കുറിച്ച് നമ്മൾ എന്തൊക്കെ പറഞ്ഞാലും ശാസ്ത്രം ഒട്ടേറെ നേട്ടങ്ങൾ നമുക്ക് നൽകിക്കൊണ്ടിരിക്കുന്നു എന്നതിന് തെളിവാണ് ഇതൊക്കെ. പുരാണങ്ങളിലെ പല പ്രസ്താവനകളും പുതിയ കണ്ടുപിടുത്തങ്ങൾക്ക് വഴി കാട്ടിയാക്കാൻ സാധ്യതകളുണ്ട്. അതിനാൽ പുരാണങ്ങൾ ശാസ്ത്രത്തിന്റെ അടിത്തറയാകില്ലല്ലോ.
ഗ്രീൻ എനർജിയുടെ കാലവും നമ്മൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തുന്നു. ഇന്ത്യയിൽ ഗ്രീൻ എനർജിയുടെ കടന്ന് വരവ് വലിയ മാറ്റം തന്നെ ഈ മേഖലയിൽ ഉണ്ടാക്കി. ലോകരാജ്യങ്ങളെക്കാൾ നമ്മൾ പല ശാസ്ത്ര നേട്ടങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതാണ് ഇന്ത്യയുടെ വളർച്ചയുടെ രഹസ്യം. ഇന്ത്യ വളരണം തന്നെ എന്ന് തന്നെയാണ് ജനങ്ങൾ വിശ്വസിക്കുന്നത്. വിശ്വാസം, അതല്ലേ എല്ലാം.
ചന്ദ്രയാൻ മൂന്നിന്റെ ഏറ്റവും വിശേഷപ്പെട്ട കാര്യം അതു വളരെ കണക്കുകൾ എടുത്തുകൊണ്ടുള്ള ഒരു പരീക്ഷണമായിരുന്നു എന്നുള്ളതാണ്. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ ലാൻഡിങ് നടത്താൻ എല്ലാവിധ തയാറെടുപ്പുകളോടും കൂടിയാണ് ഇന്ത്യ വിക്ഷേപിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയേക്കാൾ മുൻപേ ചന്ദ്രനിൽ പേടകമിറക്കും എന്ന വാശിയിൽ ബഹിരാകാശ ശാസ്ത്ര രംഗത്ത് ഏറെ മുൻപന്തിയിൽ ഉള്ള റഷ്യ അവരുടെ ലൂണാർ 25 ഇന്ത്യയുടെ വിക്ഷേപണത്തിന് ശേഷം വിക്ഷേപിക്കുകയും ചെയ്തു.
ഇന്ത്യയുടെ ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ തങ്ങളുടെ ലൂണാർ 25 ചന്ദ്രനിൽ ലാൻഡ് ചെയ്ത് ചരിത്രം സൃഷ്ടിക്കും എന്നാണ് റഷ്യയുടെ ശാസ്ത്രജ്ഞർ പറഞ്ഞിരുന്നത്. കണക്കുകൂട്ടലുകൾ അവർക്ക് തെറ്റി. ലൂണാർ 25 അതിദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. അത് ഓഗസ്റ്റ് 20ന് തകർന്നു എന്ന വാർത്തയാണ് ലോകം കേട്ടത്. ചന്ദ്രയാൻ 3 വളരെ സുരക്ഷിതമായി തന്നെ ലാൻഡിങ്ങിന് തയാറെടുക്കുന്നു എന്നത് ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നു. ചന്ദ്രയാൻ- 3ന്റെ വിജയം ഏറെ പ്രാധാന്യം ഉണ്ടാക്കുന്നത് ഇന്ത്യയുടെ കരുതലായ നീക്കങ്ങളാണ് എന്ന് വിലയിരുത്തപ്പെടുന്നു.