മുഖം മാറുന്ന ഭൂമി കച്ചവടം, വിദേശ കുടിയേറ്റത്തിന്‍റെ മറുവശം

ഭൂമി തരം മാറ്റാൻ തിരക്കേറുന്നു, പ്രവാസികൾ നാട്ടിലെ ഭൂമി വിൽക്കുന്നു, വിൽപ്പനക്കാർ ഏറുമ്പോൾ വാങ്ങാൻ ആളുകൾ കുറവ്. കേരളത്തിലെ ഭൂമി കച്ചവടത്തിന്‍റെ ഘടന മാറുന്നതിന്‍റെ സാമൂഹിക വശത്തെക്കുറിച്ച്...
Land for sale, symbolic image
Land for sale, symbolic image

അജയൻ

ഇപ്പോൾ കേരളത്തിൽ എവിടെ നോക്കിയാലും കാണാവുന്ന ഒരു കാഴ്ചയുണ്ട്, 'ഭൂമി തരം മാറ്റിക്കൊടുക്കപ്പെടും' എന്ന പരസ്യം. പാടങ്ങളും ചതുപ്പുനിലങ്ങളും കര ഭൂമിയാക്കി വിൽക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുകയാണ്. വിൽക്കാനുള്ള ഭൂമിയുടെ അളവ് കൂടുന്നതിന് ആനുപാതികമായി, വാങ്ങാൻ താത്പര്യമുള്ള ആളുകൾ വർധിക്കുന്നില്ല.

സംസ്ഥാനത്തെ കൃഷി ഭവനുകളിൽ ഭൂമി തരം മാറ്റുന്നതിനുള്ള ലക്ഷക്കണക്കിന് അപേക്ഷകളാണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത്. ഉദാഹരണത്തിന്, കൂത്താട്ടുകുളത്തിനടുത്തുള്ള ഒറ്റ ഓഫിസിൽ മാത്രം ഇത്തരത്തിൽ 300 അപേക്ഷകൾ പരിഗണനയിലുണ്ട്.

മെട്രൊ വാർത്തയോടു സംസാരിച്ച റിയൽ എസ്റ്റേറ്റ് ഏജന്‍റുമാരും ഈ പ്രവണത സ്ഥിരീകരിക്കുന്നു. യൂറോപ്പിലേക്കും യുഎസിലേക്കും ക്യാനഡയിലേക്കും ഓസ്ട്രേലിയയിലേക്കും മറ്റും കുടിയേറിയ പ്രവാസികളിൽ ഗണ്യമായൊരു പങ്ക് നാട്ടിലെ ആസ്തികൾ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. 40 വർഷം മുൻപ് യുഎസിൽ സ്ഥിര താമസമാക്കിയ തൊടുപുഴക്കാരൻ കെ. രാജു മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇപ്പോൾ നാട്ടിലെത്തിയിരിക്കുന്നത് ഒറ്റ ഉദ്ദേശ്യത്തിലാണ്- കുടുംബ സ്വത്തായി കിട്ടിയ ഏതാനും ഏക്കർ റബർ തോട്ടം വിൽക്കുക. അദ്ദേഹത്തിന് യുഎസിൽ സ്വന്തമായി വീടുണ്ട്. നാട്ടിലെ സ്ഥലം വിറ്റു കിട്ടുന്ന പണം കൊണ്ട് മക്കൾക്ക് യുഎസിൽ വസ്തു വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.

തരം പോലെ തരംമാറ്റം

Image by Freepik

നെൽപ്പാടങ്ങളും ചതുപ്പുനിലങ്ങളും സംരക്ഷിക്കുന്നതിന് 2008ൽ സംസ്ഥാന നിയമസഭ പാസാക്കിയ നിയമപ്രകാരം, ഇത്തരത്തിൽപ്പെട്ട ഭൂമി കൃഷിക്കല്ലാതെ ഒരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കില്ല. കൃഷി മാത്രം ചെയ്യാവുന്ന ഭൂമിക്ക് കിട്ടുന്ന വില നാമമാത്രവും! ഇതിനുപുറമേ, ചതുപ്പു നിലമെന്നോ പാടമെന്നോ സർക്കാർ രേഖകളിലുള്ള പല വസ്തുവും വർഷങ്ങൾക്കു മുൻപേ റബർ തോട്ടങ്ങളാക്കി മാറ്റിക്കഴിഞ്ഞിരുന്നു. റബർ കൃഷി ആദായകരമായിരുന്ന കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ടെങ്കിലും ഇന്നു റബർ വെട്ടിമാറ്റിയാലും ആ ഭൂമി രേഖകളിൽ കരഭൂമിയായി മാറുന്നില്ല.

സ്വതന്ത്ര വ്യാപാര കരാർ പോലുള്ള അന്താരാഷ്‌ട്ര ധാരണകൾ കാരണം റബർ കൃഷി നഷ്ടമായെന്നാണ് കർഷകർ പറയുന്നത്. റബർ കിലോഗ്രാമിന് 200 രൂപ വരെ ഉയർന്ന സമയത്ത് ടാപ്പിങ് തൊഴിലാളികൾക്കുള്ള വേതനവും ഗണ്യമായി വർധിച്ചു. പക്ഷേ, റബറിന് വില കുറഞ്ഞയുമ്പോൾ കൂലി കുറയ്ക്കാനാവില്ല. ഇതെത്തുടർന്ന്, ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പല റബർ എസ്റ്റേറ്റുകളും കുറച്ചു കാലത്തേക്ക് വാനില തോട്ടങ്ങളായി മാറി; അതും ലാഭമല്ലാതായപ്പോൾ പഴത്തോട്ടങ്ങളായി.

പ്രവാസത്തിന്‍റെ രീതി മാറുന്നു

1970കൾ മുതൽ ഈ നൂറ്റാണ്ടിന്‍റെ ആദ്യ പതിറ്റാണ്ട് വരെ ഗൾഫ് ജോലി വഴിയുണ്ടായ സാമ്പത്തിക മുന്നേറ്റം നിക്ഷേപിക്കപ്പെട്ടത് വസ്തു വാങ്ങലിലും വലിയ കെട്ടിടങ്ങൾ കെട്ടുന്നതിലുമാണ്. ഈ കാലഘട്ടത്തിലാണ് റിയൽ എസ്റ്റേറ്റ് ബ്രോർക്കർമാരുടെ എണ്ണവും പെരുകിയത്.

ഇതേ കാലഘട്ടത്തിൽ വടക്കൻ കേരളത്തിൽ വലിയൊരു വിഭാഗം ജീവസന്ധാരണത്തിനു ഗൾഫ് രാജ്യങ്ങളെ ആശ്രയിച്ചപ്പോൾ, മധ്യ കേരളത്തിലെയും തിരുവിതാംകൂർ മേഖലയിലെയും ആളുകൾ യൂറോപ്പിനോടും ഓസ്ട്രേലിയയോടും യുഎസിനോടും ക്യാനഡയോടും കൂടുതൽ താത്പര്യം കാണിച്ചു. ഗൾഫ് രാജ്യങ്ങളിൽ വസ്തു വാങ്ങുന്നതിനുള്ള നിയന്ത്രണം പാശ്ചാത്യ രാജ്യങ്ങളിൽ ഇല്ല.

ഗൾഫിൽ തൊഴിലവസരങ്ങൾ കുറഞ്ഞ സമയത്താണ്, ഉന്നത വിദ്യാഭ്യാസത്തിനുൾപ്പെടെ മലയാളികൾ കൂടുതലായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചു തുടങ്ങിയത്. പഠന ശേഷം രണ്ടോ മൂന്നോ വർഷം കൂടി അവിടങ്ങളിൽ തുടരാനുള്ള അവസരങ്ങൾ അവരിൽ മിക്കവരെയും അവിടെ സ്ഥിരതാമസക്കാരാക്കി. ഗൾഫിൽ ജോലി ചെയ്യുന്നവരെ പോലെ, കിട്ടുന്ന പണം കൊണ്ട് നാട്ടിൽ ഭൂമി വാങ്ങേണ്ട ആവശ്യവും അവർക്കില്ലാതായി. പകരം, നാട്ടിലെ ഭൂമി കൂടി വിറ്റ്, ജോലി ചെയ്തു ജീവിക്കുന്ന രാജ്യത്ത് ഭൂമി വാങ്ങാമെന്നതായി അവസ്ഥ. വിദേശ വിദ്യാഭ്യാസ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എജ്യുക്കേഷനൽ കൺസൾട്ടൻസികൾ കൂണു പോലെ പൊട്ടിമുളയ്ക്കുന്ന പ്രവണതയും ഇതിനോടു ചേർത്തു വായിക്കാം.

ഒരു രാഷ്‌ട്രീയ നേതാവ് പറഞ്ഞത്, ക്യാനഡയിൽ പഠിക്കാൻ പോയ അദ്ദേഹത്തിന്‍റെ മകൻ കേരളത്തിൽനിന്നുള്ള ചില സുഹൃത്തുക്കൾക്കൊപ്പം അവിടെ ഒരു വില്ല വാടകയ്ക്കെടുത്തു താമസിക്കുന്നു എന്നാണ്. ഈ വില്ലയുടെ ഉടമയായ തിരുവല്ലക്കാരന് ഇത്തരത്തിൽ പല വില്ലകൾ ക്യാനഡയിലുണ്ട്. വിദേശ രാജ്യങ്ങളിൽനിന്നു പഠിക്കാൻ വരുന്നവർക്ക് വാടകയ്ക്ക് കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയുള്ളതാണ് ഇതെല്ലാം.

പ്രതീക്ഷയുടെ വിദൂരഭാവി

വിൽക്കാനുള്ള ഭൂമിയുടെ അളവ് കൂടി വരുകയാണെങ്കിലും, വാങ്ങാൻ ആളുകൾ കുറവാണെന്നാണ് എറണാകുളത്തെ ഒരു പ്രമുഖ ആധാരമെഴുത്തുകാരൻ പറഞ്ഞത്. എന്നാൽ, ഏതാനും വർഷത്തെ ഇടവേളയ്ക്കു ശേഷം സ്ഥലം ഇടപാടുകൾ വർധിച്ചിട്ടുണ്ട്. പക്ഷേ, ചെറിയ ഹൗസ് പ്ലോട്ടുകളാണ് കച്ചവടമാകുന്നതിൽ ഏറെയും.

അതേസമയം, ഈ പശ്ചാത്തലത്തിലും പ്രതീക്ഷയുടെ ഒരു രജതരേഖ കാണാനാവുമെന്നാണ് മുൻ എംഎൽഎ അനിൽ അക്കരയുടെ അഭിപ്രായം. ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ കൃഷി ആവശ്യത്തിനു മതിയായ ഭൂമി ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു.

കൃഷി സാമ്പത്തിക നഷ്ടമാകുകയും സർക്കാർ ഏജൻസികൾ ഏറ്റെടുക്കുന്ന വിളകൾക്കു പോലും സമയത്ത് പണം കിട്ടാതിരിക്കുകയും, കർഷകർ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ അനിൽ അക്കരയുടെ ശുഭാപ്തിവിശ്വാസത്തിന്‍റെ പ്രസക്തി കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

കർഷകർ വിത്തിറക്കാൻ തയാറായില്ലെങ്കിൽ സംസ്ഥാനത്തിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്ന് അരി വാങ്ങുമെന്നും കൃഷി മന്ത്രിയെ വേദിയിലിരുത്തിക്കൊണ്ട് ഒരു സിപിഎം മന്ത്രി പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. അതെ, കർഷകത്തൊഴിലാളികളുടെ കൂടി കൈക്കരുത്തിൽ കെട്ടിപ്പടുത്ത പാർട്ടിയുടെ പ്രതിനിധി! അദ്ദേഹം ഇപ്പോൾ പറഞ്ഞത് രണ്ടു പതിറ്റാണ്ടിനു മുൻപായിരുന്നു പറഞ്ഞിരുന്നതെങ്കിൽ മന്ത്രിസഭയ്ക്കു പുറത്താകുമായിരുന്നു. വിട്ടുവീഴ്ചകളുടെ വർത്തമാനകാലത്ത് അതൊന്നും പ്രതീക്ഷിക്കാനേ കഴിയില്ല.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com