മാറുന്ന രാഷ്‌ട്രീയ കാലാവസ്ഥ

അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയാണ് ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് ആരോപണം
മാറുന്ന രാഷ്‌ട്രീയ കാലാവസ്ഥ

കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ രാഷ്‌ട്രീയ രംഗത്തെ കാലാവസ്ഥയും തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടം കഴിഞ്ഞതോടെ മാറിയിരിക്കുകയാണ്. രാജ്യത്താകമാനം അനുഭവപ്പെടുന്ന അന്തരീക്ഷ ചൂടും രാഷ്‌ട്രീയച്ചൂടും മാറിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷത്തിലെ വ്യതിയാനം മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടേയും ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. കടുത്ത ചൂടും ചൂടു കാറ്റും സഹിക്കാവുന്നതിലുമപ്പുറം. സമാനമായി രാഷ്‌ട്രീയ കാലാവസ്ഥാ വ്യതിയാനവും സംഭവിക്കുന്നു.

പല സംസ്ഥാനങ്ങളിലും രാഷ്‌ട്രീയ സമവാക്യങ്ങളില്‍ വ്യതിയാനം വന്നിരിക്കുന്നതായി വിലയിരുത്തപ്പെടുന്നുണ്ട്. അതിന് തുടക്കം കുറിച്ചുകൊണ്ടാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിന് കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ സാധിക്കാത്ത സാഹചര്യമുണ്ടായത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരാണ് അവിടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. അഞ്ച് സ്വതന്ത്ര എംഎല്‍എമാരെ വിലയ്ക്കു വാങ്ങിയാണ് ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാണ് ആരോപണം.

സമാനമായ രീതിയില്‍ പല സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. രണ്ടു മാസം മുമ്പാണ് മുന്‍ ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്വന്ത് ചൗട്ടാല നേതൃത്വം നല്‍കുന്ന ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അവര്‍ക്ക് 90 അംഗ നിയമസഭയില്‍ 10 അംഗങ്ങളുണ്ടായിരുന്നു. ഒടുവില്‍ ലഭിക്കുന്ന സൂചന ഇതില്‍ 4 അംഗങ്ങള്‍ ബിജെപിക്ക് പിന്തുണ നല്‍കുമെന്നാണ്.

കൂറുമാറ്റ നിയമം ഉള്ളതിനാൽ അവര്‍ നിയമസഭാ അംഗത്വം രാജിവച്ചാല്‍ മാത്രം മതി സര്‍ക്കാരിന് മുന്നോട്ടുപോകാന്‍. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പരക്കെ പറയപ്പെടുന്ന വാക്കാണ് ആയാ റാം, ഗയാ റാം എന്നത്. അതിന് കാരണമായ സംസ്ഥാനം ഹരിയാനയായിരുന്നു എന്നത് യാദൃശ്ചികം മാത്രം. ഹരിയാനയിലെ ഹസന്‍പുര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രനായ നിയമസഭാംഗമായിരുന്നു ഗയാ ലാല്‍. 1967ല്‍ സ്വതന്ത്രനായി വിജയിച്ച അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ 3 തവണ ഗയാ റാം പാര്‍ട്ടി മാറി. കോണ്‍ഗ്രസില്‍ നിന്ന് യുണൈറ്റഡ് ഫ്രണ്ടിലേക്ക് അദ്ദേഹം കൂറുമാറി. ഏറെ താമസിയാതെ കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു വന്നു. ഗയാ ലാലിനെ കോണ്‍ഗ്രസിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതില്‍ മുഖ്യ പങ്ക് വഹിച്ച റാവു ബീരേന്ദ്ര സിങ് ചണ്ഡീഗഡില്‍ അദ്ദേഹത്തെ ഒരു പത്രസമ്മേളനത്തില്‍ കൊണ്ടുവന്ന് "ഗയാ റാം ഇപ്പോള്‍ ആയാ റാം' എന്ന് പ്രഖ്യാപിച്ചു. ഇത് കാര്യമായ പ്രക്ഷുബ്ധതയ്ക്ക് കാരണമായി. ഒടുവില്‍ ഹരിയാന നിയമസഭ പിരിച്ചുവിടുകയും രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. റാവു ബീരേന്ദ്ര സിങ്ങിന്‍റെ അന്നത്തെ "ഗയാ റാം, ആയാ റാം' എന്ന പ്രയോഗമാണ് ഇപ്പോഴും കൂറുമാറ്റത്തിനൊപ്പം ഉപയോഗിക്കപ്പെടുന്നത്.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഏഴ് ഘട്ടങ്ങളിലെ മൂന്ന് ഘട്ടം പൂര്‍ത്തിയാക്കിയപ്പോള്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ താത്പര്യം കാണിക്കുന്നില്ല എന്നാണു സൂചന. രാജ്യത്താകമാനം വോട്ടിങ് ശതമാനം കുറഞ്ഞത് ഇതിന്‍റെ ലക്ഷണമാണ്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന് എല്ലാ മുന്നണികളും പറയുന്നുണ്ട്. പക്ഷെ, എല്ലാ പാര്‍ട്ടികള്‍ക്കും വോട്ടിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വോട്ടിങ് ശതമാനം കുറയുന്നതു ജനങ്ങളില്‍ ഉണ്ടായ നിസംഗതയെ സൂചിപ്പിക്കാവുന്നതാണ്.

ജനങ്ങളില്‍ വര്‍ഗീയതയുടെ തീവ്രത തിരിച്ചറിയപ്പെട്ടിരിക്കുന്നു എന്ന് ഒരു വിഭാഗം പറയുന്നു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ എന്നത് സ്വപ്നം മാത്രമായി മാറുമോ എന്ന ആശങ്ക ജനങ്ങളിലുണ്ടെന്നും അവര്‍ പറയുന്നു. അതുകൊണ്ട് മതേതര രാജ്യം നിലനിര്‍ത്താന്‍ പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാര്‍ഥികളെ വജയിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്തെ തങ്ങൾ വികസനത്തിന്‍റെ പാതയിലെത്തിച്ചെന്നും അത് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മറുവിഭാഗം പറയുന്നു. രാജ്യത്ത് സമാനതകളില്ലാത്ത വികസന പ്രവൃത്തികളാണ് നടന്നിട്ടുള്ളത് എന്നത് യാഥാര്‍ഥ്യമാണ്. വികസനത്തിനായും അഴിമതി മുക്ത രാജ്യത്തിനായും ജയിപ്പിക്കണമെന്നാണ് ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ മുന്നണിയുടെ ആവശ്യം.

തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടം തീരുമ്പോഴും രാഷ്‌ട്രീയപരമായ മാറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികം. കഴിഞ്ഞുപോയ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ വിശകലനം ചെയ്യുന്ന പാര്‍ട്ടികള്‍ അവരുടെ രാഷ്‌ട്രീയ തന്ത്രം മാറ്റുന്നതും സ്വാഭാവികം. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാ മുന്നണികളിലും ഒരു മാറ്റം ഉണ്ടായിട്ടുണ്ട് എന്നത് സ്പഷ്ടമാണ്. പ്രചാരണ ശൈലി തന്നെ ചിലര്‍ മാറ്റുമ്പോള്‍, മുദ്രാവാക്യങ്ങളില്‍ പോലും മാറ്റം വരുത്തുകയാണ് മറ്റു ചിലര്‍. വലിയ പ്രതീക്ഷകള്‍ ഓരോ മുന്നണികളും വോട്ടര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നുണ്ടെങ്കിലും, രാഷ്‌ട്രീയപരമായി എല്ലാ മുന്നണികളും ആശങ്കയില്‍ തന്നെയാണ്. പതിവിന് വിപരീതമായ രാഷ്‌ട്രീയ കാറ്റുണ്ട് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണം തുടക്കം കുറിച്ചത് മോദിയുടെ ഗ്യാരന്‍റി എന്ന മുദ്രാവാക്യം സ്വയം വിളിച്ചും, അണികളെ കൊണ്ട് വിളിപ്പിച്ചും ആയിരുന്നു. അത് വലിയ രീതിയില്‍ ബിജെപിക്കുള്ളില്‍ പോലും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തി. മോദി ഗ്യാരണ്ടിക്ക് പുറമേ ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമായിരുന്നു തീസരാ ബാര്‍, ചാര്‍ സൗ കാ ബാര്‍ എന്നത്. രണ്ട് മുദ്രാവാക്യങ്ങളും ജനങ്ങളോടുള്ള വെല്ലുവിളിയായി തന്നെയാണ് ആര്‍എസ്എസ് കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നതിലെ അതൃപ്തിയും ആര്‍എസ്എസ് വ്യക്തമാക്കി. മുന്‍പ് ഇന്ത്യാ ഷൈനിങ് എന്ന പേരില്‍ വ്യാപക പ്രചരണം നടത്തുകയും തിരിച്ചടി നേരിട്ടതും ഇത്തവണ ആര്‍എസ്എസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അമിതമായ ആത്മവിശ്വാസവും, ഏക കേന്ദ്രീകൃതമായ രാഷ്‌ട്രീയ നീക്കവും അപകടമാണെന്ന വിലയിരുത്തല്‍ ആര്‍എസ്എസ് കേന്ദ്ര നേതൃത്വം ബിജെപി നേതൃത്വത്തെ അറിയിച്ചു എന്നാണ് സൂചന. ഈ മുദ്രാവാക്യങ്ങള്‍ തിരിച്ചടിച്ചേക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ തന്നെയാണ് രണ്ടാംഘട്ടം കഴിഞ്ഞപ്പോള്‍ രണ്ട് മുദ്രാവാക്യങ്ങള്‍ക്കും നിയന്ത്രണമുണ്ടായത്.

രാജ്യത്തിന്‍റെ പഴയകാല രാഷ്‌ട്രീയ ചരിത്രം ഒന്ന് നോക്കുന്നത് ഈ അവസരത്തില്‍ പ്രസക്തമാണ്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യ സ്വഭാവമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനോടുള്ള എതിര്‍പ്പ് കാരണം ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ കര്‍ഷകരും വിദ്യാര്‍ഥികളും സമരത്തിനിറങ്ങിയത് ചരിത്രമാണ്. 352 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിന്‍റെ ഏകാതിപത്യ തേര്‍വാഴ്ച്ചയ്‌ക്കെതിരെ ജെ.പി രാജ്യത്താകമാനം സഞ്ചരിച്ച് പ്രക്ഷോഭം ശക്തമാക്കി. രാജ്യത്താകമാനം കത്തിക്കയറിയ സമരത്തെ നേരിടാന്‍ ഇന്ദിര കൊണ്ടു വന്ന അടിയന്തിരാവസ്ഥയ്ക്കു പോലും സാധിച്ചില്ല. അധികാരത്തില്‍ നിന്ന് ഇന്ദിരയെ ജനതാ പ്രസ്ഥാനം പടിയിറക്കിയത് ചരിത്രമാണ്. ജനതാ സര്‍ക്കാരാണ് പിന്നീട് രാജ്യം ഭരിച്ചത്.

രാജീവ് ഗാന്ധി മൃഗീയ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയായിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തിയിരുന്നു. 1988ല്‍ ഒക്‌ടോബറിൽ മഹേന്ദ്ര സിങ് ടിക്കായത്തിന്‍റെ (ഇപ്പോഴത്തെ കര്‍ഷക സമരം നയിച്ച രാജേഷ് ടിക്കായത്തിന്‍റെ പിതാവ്) നേതൃത്വത്തില്‍ കര്‍ഷകര്‍ ട്രാക്റ്ററും കാളവണ്ടിയും സൈക്കിളുമായി ഡല്‍ഹിയിലെ പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയിലെത്തി. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളുക, വൈദ്യുതി കടങ്ങള്‍ വെട്ടിക്കുറയ്ക്കുക, കരിമ്പിന്‍റെ സംഭരണ വില കൂട്ടിയതില്‍ നടപടി, കാര്‍ഷിക വില നിര്‍ണയ കമ്മീഷനില്‍ കര്‍ഷക പ്രാതിനിധ്യം എന്നിവയായിരുന്നു ആവശ്യങ്ങള്‍.

ഭൂപ്രഭുക്കളായ കര്‍ഷകര്‍, അധികാര മോഹികളായ കര്‍ഷകര്‍, വിദേശ പിന്തുണയോടെ രാജ്യത്തെ കളങ്കപ്പെടുത്താനുള്ള ശ്രമം, പാക്കിസ്ഥാന്‍ പിന്തുണ തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് നേരെ കോണ്‍ഗ്രസ് അന്ന് പ്രയോഗിച്ചിരുന്നു. പക്ഷേ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റി. 1984ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. തെലുങ്കുദേശം പാർട്ടി 30 സീറ്റുമായി രണ്ടാംസ്ഥാനത്ത്. സിപിഎമ്മിന് 23 സീറ്റ്. 1988ലെ കര്‍ഷക സമരത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ രംഗത്തിന് വലിയ മാറ്റമുണ്ടായി. കോണ്‍ഗ്രസിനും രാജീവ് ഗാന്ധിക്കും തിരിച്ചടിയേറ്റു. 89ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് 195 ആയി കുറഞ്ഞു.

രാഷ്‌ട്രീയ ചരിത്രം പരിശോധിച്ചാല്‍ വലിയ തിരിച്ചടികള്‍ എല്ലാ വമ്പന്മാര്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു കാണാം. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും പരാജയപ്പെട്ട രാഷ്‌ട്രീയ ചരിത്രം നമുക്ക് മുന്നിലുണ്ട് എന്നത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണ്...

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com