

തേഡ് ക്ലാസിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടുന്ന ഗാന്ധിയൻ ലാളിത്യം!
MV Gpaphics
അജയൻ
കോർപ്പറേറ്റ് സ്പോൺസർഷിപ്പിലുള്ള ഭരണത്തിന്‍റെ എല്ലാ ലക്ഷണങ്ങളും ഇതിലുണ്ട്—പ്രത്യയശാസ്ത്രം ക്രമേണ പിൻസീറ്റിലേക്കു തള്ളപ്പെടുന്ന ഒരു സംസ്ഥാനത്ത് ഇത് അത്ര അമ്പരപ്പിക്കുന്ന കാര്യമല്ല, യാത്ര റേഞ്ച് റോവറിൽ ആയാലും ചാർട്ടേഡ് വിമാനത്തിലായാലും. മുഖ്യമന്ത്രി വി.ഡി. സതീശൻ കുറച്ചു ദിവസം മുൻപ് തന്‍റെ ചാർട്ടേഡ് വിമാന യാത്രയെ ന്യായീകരിക്കുകയും, അതേസമയം മുസ്‌ലിം ലീഗ് മന്ത്രി കെ.എം. ഷാജി തന്‍റെ സുഹൃത്തിന്‍റേതെന്നു പറയുന്ന ആഡംബര കാർ ഔദ്യോഗിക വാഹനമായി വീണ്ടും ഉപയോഗിക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതോടെ, കാര്യങ്ങൾ ഏറെക്കുറെ പരിഹാസ്യമായി മാറി. പ്രത്യയശാസ്ത്രം ബിസിനസ് ക്ലാസിൽ സഞ്ചരിക്കുമ്പോൾ, കാപട്യത്തിന് ഫ്രീ ടിക്കറ്റ് ആയിരിക്കും!
മുൻ എൽഡിഎഫ് ഭരണകൂടത്തിന്‍റെ ആർഭാടങ്ങൾക്കെതിരേ ഒരിക്കൽ ഉയർത്തിയ കൊടുങ്കാറ്റ് ഓർക്കുന്നത് ഇപ്പോഴത്തെ സർക്കാരിന് നല്ലതാണ്—നവകേരള സദസ് എന്ന തമാശയ്ക്കു വേണ്ടി ഒരുക്കിയ ആഡംബര ബസ്, കേരള ചരിത്രത്തിൽ മുൻമാതൃകയില്ലാത്ത അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ യാത്രകൾ, തരം കിട്ടുമ്പോഴെല്ലാമുള്ള വിദേശ യാത്രകൾ, മരീചികയായി തുടരുന്ന നിക്ഷേപം തേടി മന്ത്രിമാർ വിദേശത്തേക്കു നടത്തിയ പറക്കലുകൾ.
2013-ൽ പാലക്കാട്ട് നടന്ന പാർട്ടി പ്ലീനത്തിന് വിജയാശംസകൾ നേർന്ന്, വിവാദ വ്യവസായി 'ചാക്ക്' രാധാകൃഷ്ണൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ ഒരു ഫീച്ചർ സ്പോൺസർ ചെയ്തപ്പോൾ, കോർപ്പറെറ്റ് ഒത്താശയുടെ രുചി സിപിഎമ്മും ഒരിക്കൽ ആസ്വദിച്ചിട്ടുണ്ട്. വിപ്ലവത്തിന് ഒത്താശ കിട്ടുമ്പോൾ, മറ്റൊരു തരം ബില്ലും ഒപ്പം വരുന്നു എന്നു തോന്നുന്നു. കുപ്രസിദ്ധ ലോട്ടറി രാജാവിൽനിന്നുള്ള വായ്പയുടെ കാര്യം തത്കാലം മറക്കാം.
പക്ഷേ, ആ പാരമ്പര്യം ഇപ്പോഴും തുടരുകയാണെന്നു തോന്നുന്നു. അല്ലെങ്കിൽ, മലപ്പുറത്തേക്ക് ചാർട്ടേഡ് വിമാനത്തിൽ പറന്നു എന്ന് സമ്മതിക്കാനും, വൻകിട ബിസിനസുകാരനായ ഗുണഭോക്താവിന്‍റെ പേര് മറച്ചുവയ്ക്കാനും, ആവശ്യമെങ്കിൽ വീണ്ടും ചാർട്ടേഡ് ഫ്ളറ്റിൽ പറക്കുമെന്നു പ്രഖ്യാപിക്കാനും സതീശനു ധൈര്യം കിട്ടില്ലായിരുന്നു.
ഫോർത്ത് ക്ലാസ് ഇല്ലാത്തതുകൊണ്ടാണ് താൻ തേഡ് ക്ലാസിൽ യാത്ര ചെയ്യുന്നതെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ അനുധാവനം ചെയ്യുന്നു എന്നു പറയുന്ന ഒരു പാർട്ടിയിൽനിന്നാണ് ഇതെല്ലാം. തേഡ് ക്ലാസിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിലേക്ക്—ഗാന്ധിയൻ ലാളിത്യത്തിന്‍റെ യാത്ര ഇപ്പോൾ വിലയേറിയ ഒരു അപ്ഗ്രേഡ് നേടിയിരിക്കുന്നു, ഔദ്യോഗികമായി ഖജനാവിന് നഷ്ടമൊന്നുമില്ലെങ്കിലും!
സൗജന്യമായി ഒരാളെ എന്തിനു സ്പോൺസർ ചെയ്യും, ആ "സൗജന്യം" എന്തായിരിക്കും പകരം ചോദിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല!
MV Gpaphics
സുഹൃത്തിന്‍റെ ആഡംബര കാർ തന്‍റെ ഔദ്യോഗിക വാഹനമാക്കുന്നതിൽ മന്ത്രി ഷാജിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല. കാരണമെന്താണെന്നോ? തനിക്കനുവദിച്ച സർക്കാർ വാഹനം ഒരുപാട് ഓടിക്കഴിഞ്ഞത്രെ! കുറച്ചുമാത്രം ഓടിയ ഒരു വാഹനം ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടാവണം. സുഹൃത്തിന്‍റെ കാർ വീണ്ടും ഉപയോഗിക്കുമെന്നും അദ്ദേഹം പറയുന്നു. ലളിതജീവിതം ഇപ്പോൾ സ്പോൺസേഡ് ലെതർ സീറ്റുകളോടെയാണ് വരുന്നത്. ഈ സഹായത്തിന് എന്തെങ്കിലും വിലയുണ്ടോ എന്ന ചോദ്യത്തിന്‍റെ ഉത്തരം ലളിതമാണ്—സ്നേഹവും പരിഗണനയും ആരാധനയും!
ഷാജിയെ ന്യായീകരിക്കാൻ ഓടിയെത്തുന്നത് യുഡിഎഫിന്‍റെ ഭരണം കൊട്ടിഘോഷത്തോടെ ആരംഭിച്ച, നിയമനത്തിനു തൊട്ടുപിന്നാലെ സ്വന്തം അളിയനെ പെഴ്സണൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പിന്മാറാൻ നിർബന്ധിച്ച മറ്റൊരു സഹപ്രവർത്തകനാണ്. വൈദ്യുതി പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ തന്‍റെ കഴിവ് ഇതിനകം 'തെളിയിച്ച', കെപിസിസി പ്രസിഡന്‍റ് പദവി കൂടി വഹിക്കുന്ന, സാക്ഷാൽ ശ്രീമാൻ സണ്ണി ജോസഫ്, മന്ത്രി ഷാജിയുടെ റേഞ്ച് റോവർ യാത്രയിൽ ഒരു നഷ്ടവും കാണുന്നില്ല. സവാരി സൗജന്യമാകുമ്പോൾ സഹായത്തിന് വിലയില്ല, ഉത്തരവാദിത്വത്തിന് മീറ്റർ ഇല്ലല്ലോ!
സുഹൃത്തിന്‍റെ ആഡംബര കാർ തന്‍റെ ഔദ്യോഗിക വാഹനമാക്കുന്നതിൽ മന്ത്രി ഷാജിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല!
MV Graphics
നൂറു ദിവസത്തിനുള്ളിൽ തന്നെ മന്ത്രിമാർ നടത്തുന്ന വിദേശ യാത്രകൾക്ക് ഒരു മാന്ത്രിക ടാഗ് ഉണ്ട്—"സർക്കാർ ചെലവിലല്ല." സൗജന്യമായി ഒരാളെ എന്തിനു സ്പോൺസർ ചെയ്യും, ആ "സൗജന്യം" എന്തായിരിക്കും പകരം ചോദിക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ല. പത്ത് വർഷം അധികാരത്തിനു പുറത്തിരുന്നത് ഗുരുതരമായ യാത്രാ ദാഹം അവശേഷിപ്പിച്ചിരിക്കുന്നതുപോലെയുണ്ട്!
ഏതായാലും സിപിഎം വീണ്ടും തെരുവിലിറങ്ങിക്കഴിഞ്ഞു—ഇഡിക്കെതിരേയല്ല, മറിച്ച് വിജയന്‍റെ മകൾ വീണയും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടിനെക്കുറിച്ചുള്ള അന്വേഷണത്തിനെതിരേ, സംസ്ഥാന സർക്കാരിനു നേരേ. പിണറായി വിജയനെയും മരുമകൻ മുഹമ്മദ് റിയാസിനെയും ഈ അന്വേഷണം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കുന്നു. സേവനങ്ങൾ നൽകിയോ, നൽകാത്ത സേവനങ്ങൾക്ക് പണം നൽകിയോ, വിജയനും റിയാസും വൈരുധ്യാത്മകമായി വിശദീകരിക്കുന്ന വിവാദ 'ചുവന്ന ഡയറി'യിൽ യഥാർഥത്തിൽ എന്താണുള്ളത് എന്നതൊക്കെ ഇപ്പോൾ മാറ്റിവയ്ക്കാം. യഥാർഥ ചോദ്യം കോർപ്പറെറ്റ് ഒത്താശയും, സാധ്യതയുള്ള വിരുദ്ധതാത്പര്യങ്ങളുമാണ്.
കെഎസ്ഐഡിസി വഴി സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള ഒരു കമ്പനി, അന്നത്തെ മുഖ്യമന്ത്രിയുടെ മകൾക്ക് ഒരു കരാർ നൽകുകയും, ഒരു അനുബന്ധ സ്ഥാപനത്തിലൂടെ വായ്പ നൽകുകയും ചെയ്തതായി റിപ്പോർട്ട്. സ്വജനപക്ഷപാതമോ? വിരുദ്ധതാത്പര്യമോ? അന്വേഷണത്തിനെതിരേ തെരുവിലിറങ്ങുന്നതിനു മുൻപ്, ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് സിപിഎമ്മിന്‍റെ ബാധ്യതയാണ്. നൽകിയതോ പ്രതീക്ഷിച്ചതോ ആയ സഹായങ്ങളുമായി ബന്ധപ്പെട്ട ഒരു കരാർ, തത്കാലം രണ്ടാം സ്ഥാനത്തേക്ക് മാറ്റിവയ്ക്കാം.
സ്പോൺസർഷിപ്പ് എന്ന പന്ത് എല്ലാവരുടെയും കോർട്ടിലുണ്ട്. എന്നാൽ, ആരും കളിക്കാൻ തയാറല്ല. ആരും പന്തെടുക്കാൻ തയാറല്ല. ഡെഡ് ബോൾ; അതോ, എല്ലാവരും ബൗൺസർ ഒഴിവാക്കി സെയ്ഫ് ഗെയിം കളിക്കുകയാണോ?