

ചെറുവയൽ രാമൻ.
അനൂപ് കെ. മോഹൻ
അടുത്ത തലമുറയ്ക്കായി കാത്തുവയ്ക്കാൻ ഓർമപ്പരിധിയുള്ളതും, കറപ്റ്റഡായേക്കാൻ സാധ്യതയുള്ളതുമായ മനസിന്റെ മെമ്മറി കാർഡല്ലാതെ മറ്റൊന്നും ശേഷിച്ചേക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, പാരമ്പര്യം സാമൂഹിക മാധ്യമ പോസ്റ്റുകളിലും കാർഡുകളിലും കാണിക്കലുകളിലും ഒതുക്കാത്തയൊരാളെ വെറുതേയൊന്നു കാണാൻ ഇറങ്ങിത്തിരിച്ചത്. അർധരാത്രിയും പിന്നിട്ട്, വയനാടൻ ചുരവും കടന്ന്, മാനന്തവാടിയുടെ മഴത്തണപ്പുള്ള മണ്ണിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു. വയൽനാട് എന്ന പഴയ പേര് പരിഷ്കാരത്തിന്റെ ചുരങ്ങൾ താണ്ടി വയലില്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുമ്പോഴാണ്, ആ പഴയ പേരിന്റെ പെരുമ ഇന്നും കാക്കുന്നയാളിന്റെ അനുഭവങ്ങളുടെ തണുപ്പ് നിറയുന്ന ഉമ്മറത്തേക്കുള്ള യാത്ര. എല്ലാ കണ്ടുമുട്ടലുകൾക്കും വ്യക്തമായൊരു ലക്ഷ്യമുണ്ടാകണമെന്ന, കാലം പകർന്ന സ്വാർഥ ധാരണയെ ചെറുതായൊന്നു പൊളിച്ചെഴുതാനുള്ള യാത്ര. ചെറുവയൽ രാമനെ കാണാൻ. കേരളത്തിന്റെ നെല്ലച്ഛന്റെ ജീവിതമറിയാൻ, വെറുതെയിങ്ങനെ കേട്ടിരിക്കാൻ....
പലരുടെയും പൂർവികരുടെ റിപ്പീറ്റഡ് നൊസ്റ്റാൾജിക് കഥകളിൽ, പകലന്തിയോളം പാടത്ത് പണിയെടുത്ത ഭൂതകാലമുണ്ടാകും. എത്രയെത്ര ആവർത്തിച്ചിട്ടും നാം അന്യം നിർത്തിയ കാർഷികജീവിതം. എത്രവട്ടം വഴി കാണിച്ചിട്ടും നാം കാണാത്ത, പിന്തുടരാത്ത വീഥികൾ, നേർത്ത വരമ്പുകൾ. പിന്നീടൊരിക്കൽ വാക്കുകളിലേക്ക് പകർത്താമെന്ന ഉദ്ദേശ്യമുണ്ടായിരുന്നില്ല. തലമുറകൾക്കായി കാക്കുന്ന വിഭവങ്ങളുടെ പങ്കുപറ്റാമെന്ന മോഹവുമില്ല. വെറുതേ കണ്ട്, സംസാരിച്ച്, തിരികെ പതിവുജീവിതത്തിന്റെ ചതുരങ്ങളിൽ ശ്വാസം മുട്ടിയൊടുങ്ങുമെന്നുറപ്പിച്ചു തന്നെയാണ് മാനന്തവാടിയിലെ ആ മൺവീട് പകരുന്ന തണുപ്പിലേക്കമർന്നത്. അരിവണ്ടിക്കായി ആന്ധ്രയ്ക്കു കണ്ണുനട്ടിരിക്കുന്ന മലയാളിക്ക് മാനന്തവാടി കമ്മനയിലെ ചെറുവയൽ രാമനെന്ന ആദിവാസി കർഷകൻ ഒരു പാഠമാണ്. നാം മറന്നുതുടങ്ങിയ, ഒരിക്കലും മറക്കരുതാത്ത വലിയൊരു പാഠം.
പുല്ലുമേഞ്ഞ മേൽക്കൂരയ്ക്കു താഴെ, ചാണകം മെഴുകിയ നിലത്തിന്റെ തണുപ്പിൽ ഇന്നലെ വരെ രാമേട്ടനുണ്ടായിരുന്നു. കൃഷിയുടെ കഥയറിയിക്കാനും, കാർഷിക പാഠങ്ങൾ പകർന്നു നൽകാനുമൊക്കെ. വരുന്നവരയാരെയും ഇന്നേവരെ നിരാശരാക്കി മടക്കിയിട്ടില്ല. അറിയാവുന്നതെല്ലാം പകർന്നു നൽകി. അറിഞ്ഞതെല്ലാം വിലപ്പെട്ടതായിട്ടുകൂടി അനുകരിക്കാൻ അധികമാരും മുതിർന്നതുമില്ല. എന്നിട്ടും ആ അറിവുപകരൽ തുടർന്നു കൊണ്ടേയിരുന്നു.
ഒരു കട്ടൻ ചായയുടെ ചൂടിൽ, ആ കാർഷികവിജ്ഞാനത്തിനു മുമ്പിലിരിക്കുമ്പോൾ അദ്ഭുതമായിരുന്നു. വയനാട്ടിൽ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന നിരവധി നെൽവിത്തുകൾ ജീവിതനിയോഗം പോലെ കാത്തു സൂക്ഷിക്കുകയായിരുന്നു ഇക്കാലമത്രയും. മണ്ണിന്റെ മർമമറിഞ്ഞ് കൃഷി ചെയ്തു. വെറുതേ കൃഷി ചെയ്ത് വിളവെടുത്ത് സമൃദ്ധ ജീവിതം നയിക്കുകയല്ല. വരും തലമുറയ്ക്കായി ആ വിത്തുകൾ കാത്തുവച്ചു. മണ്ണിനെ നശിപ്പിക്കുന്ന രാസവള പ്രയോഗങ്ങളിൽ നിന്നു മാറി, മണ്ണിനോട് ഇണങ്ങുന്ന കൃഷിരീതികളിലൂടെയാണ് രാമേട്ടൻ ജീവിച്ചത്. കാലം നഷ്ടപ്പെടുത്തിയതിനെയാണ് രാമേട്ടൻ നാട്ടറിവിന്റെ പത്തായങ്ങളിൽ സുരക്ഷിതമാക്കി വച്ചത്.
ഒരു പക്ഷേ രാമേട്ടനെ പോലെയൊരാൾ ഇല്ലായിരുന്നെങ്കിൽ ഈ വിത്തുകളും എന്നേ ഇല്ലാതായേനെ. അദ്ദേഹം സംരക്ഷിച്ചതിന്റെ മൂല്യം നാം തിരിച്ചറിഞ്ഞില്ലെന്നു മാത്രം. പരീക്ഷണശാലകളിൽ പിറവിയെടുക്കുന്ന വിത്തുകൾക്ക് തനതുവിത്തുകളുടെ അരികത്തു പോലും എത്താൻ കഴിയില്ലെന്നു രാമേട്ടൻ പറയുന്നു. തനതു വിത്തുകൾ എത്രകാലം വരെയും സൂക്ഷിക്കാം. കൃഷിക്ക് ഉപയോഗിക്കാം. എന്നാൽ, ലാബുകളിൽ ജന്മം കൊള്ളുന്ന വിത്തുകൾക്ക് അതു സാധ്യമല്ല. അതിനൊപ്പം അദൃശ്യമായ ഒരു എക്സ്പയറി ഡേറ്റ് കൂടി ഉണ്ടാകുമെന്നു രാമേട്ടൻ ഉറപ്പിച്ചു പറയുന്നു.
ഇടയ്ക്ക് രാമേട്ടന്റെ ജീവിതവും കൃഷിവരമ്പുകളിൽ നിന്നു വ്യതിചലിച്ചിട്ടുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന വാർഡനായി ജോലി ലഭിച്ചു. എന്നാൽ, ജീവിതനിയോഗം വിളവെടുക്കുന്നത് സമതലങ്ങളിലാണെന്നു തിരിച്ചറിയുകയായിരുന്നു. കൃഷിയിലേക്കു തന്നെ തിരികെയെത്തി. വയനാട്ടിലും കേരളത്തിലാകെയും അപ്രത്യക്ഷമായ നെൽവിത്തുകൾ ധാരാളമുണ്ടെന്ന് അദ്ദേഹം പറയുന്നു. വയനാട്ടിലെ മുപ്പതിലധികം നെൽവിത്തുകൾ രാമേട്ടനു സംരക്ഷിക്കാനായി. അതിനായി വയനാട്ടിൽ പലയിടത്തും സഞ്ചരിച്ചു. അയൽവീടുകൾ കോൺക്രീറ്റിന്റെ മേലാപ്പുകളുയർത്തിയപ്പോഴും രാമേട്ടൻ പുല്ലുമേഞ്ഞ വീടിന്റെ തണുപ്പിൽ തുടർന്നു. പരിസരം മണ്ണുകൊണ്ട് തിണ്ടു കെട്ടി ഉയർത്തി ഫിനിഷിങ് നടത്തി. നിലനിൽക്കാൻ സാധിക്കുന്ന കാലത്തോളം ഈ വീട്, വയനാടിന്റെ ഈ നെൽവിത്തു പുര ഇങ്ങനെ തന്നെയുണ്ടാകുമെന്ന് ഉറപ്പിച്ചിരുന്നു രാമേട്ടൻ.
രാമേട്ടന്റെ വീടിനു പുറകിൽ കണ്ണെത്തുന്ന ദൂരത്തോളം പാടമാണ്. വരമ്പിലൂടെ നടക്കുമ്പോഴും രാമേട്ടൻ കൃഷിയെക്കുറിച്ചും രീതികളെക്കുറിച്ചും തട്ടുതട്ടായി കിടക്കുന്ന കൃഷിഭൂമിയുടെ ഗുണങ്ങളെക്കുറിച്ചും സംസാരിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്ക് നനവാർന്ന മണ്ണ് കൈയിലെടുത്ത് അതിന്റെ ഗുണങ്ങളെക്കുറിച്ചു വിവരിച്ചു. കുറച്ചു വിത്ത് തരാമോ എന്ന ചോദ്യത്തിനു മുന്നിലും അദ്ദേഹം ഒരൊറ്റ നിബന്ധനയേ വച്ചുള്ളൂ- എത്രവേണമെങ്കിലും തരാം, കൃഷി ചെയ്ത് അതു വിത്തായി തന്നെ തിരികെ തരണമെന്നു മാത്രം.
മടങ്ങുന്നതിനു മുമ്പ് രാമേട്ടൻ വിസിറ്റേഴ്സ് ബുക്ക് കൈയിലേക്ക് തന്നു. എന്തെങ്കിലും എഴുതണം. എന്തെഴുതാൻ.... ഒരു കർഷകന്റെ കഥയറിഞ്ഞു തിരികെ മടങ്ങുമ്പോൾ, ഒന്നും ചെയ്യാൻ കഴിയാത്തവന്റെ കുറ്റബോധം കടലാസിലേക്കു പകരുന്നതെങ്ങനെ! ആണ്ടിലൊരിക്കലൊരു പരിസ്ഥിതി ദിനത്തിൽ ഉളുപ്പില്ലാതെ അണിയുന്ന പരിസ്ഥിതി സ്നേഹിയുടെ കുപ്പായം തന്നെയല്ലേ ചെളി പുരളാതെ ദേഹത്തൊട്ടി നിൽക്കുന്നത്. എങ്കിലുമെഴുതി, വി. മധുസൂദനൻ നായരുടെ ഗാന്ധി എന്ന കവിതയിലെ രണ്ടു വരികൾ..
തനിയേ നടന്നു നീ പോവുക, തളർന്നാലു-
മരുതേ പരാശ്രയവുമിളവും
അനുഗാമിയില്ലാത്ത പഥിക, തുടർന്നാലു-
മിടറാതെ നിൻ ധീര ഗാനം....