
#അഡ്വ. ജി. സുഗുണന്
രാജ്യത്തെ കോടാനുകോടി ദുര്‍ബല ജനവിഭാഗങ്ങളുടെ ദയനീയ സ്ഥിതി ഇപ്പോഴും പഴയതുപോലെ തുടരുകയണോ? ഈ ജനങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന നിരവധി വ്യവസ്ഥകള്‍ ഭരണഘടനയില്‍ത്തന്നെ ഉണ്ടായിട്ടും എന്തുകൊണ്ട് അവ പ്രയോഗികമാകുന്നില്ല? പട്ടികജാതി- വര്‍ഗക്കാര്‍, മറ്റു പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാകുന്നതിന്റെ കാരണമെന്താണ് ?
ദുര്‍ബല വിഭാഗങ്ങളുടെ വികസനം കടലാസില്‍ മാത്രമൊതുങ്ങുന്നതായി മാറുന്നത് ഈ ജനാധിപത്യ രാജ്യത്ത് വളരെ വ്യക്തമായി കാണാം. ഈ പിന്നാക്ക ജനവിഭാഗങ്ങളാണ് ജനസംഖ്യയില്‍ ഏതാണ്ട് എണ്‍പത് ശതമാനത്തോളം വരുന്നതെന്ന യാഥാർഥ്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചാലും സ്വാഭാവികമായി പുറത്തുവരിക തന്നെ ചെയ്യും. ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങളും കൂടി ചേര്‍ന്നാണ് പിന്നാക്ക ജനസംഖ്യ 80 ശതമാനത്തിനോടടുക്കുന്നത്. ജാതി സെന്‍സസിനെയും, പിന്നാക്ക സര്വെകളെയുമെല്ലാം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന മുന്നാക്ക വരേണ്യവര്‍ഗത്തിന് ആ നിലപാടുമായി അധികകാലം മുന്നോട്ടുപോകാന്‍ പ്രയാസമായിരിക്കും.
പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍, മറ്റു പിന്നാക്ക ജാതികള്‍, ന്യൂനപക്ഷങ്ങള്തുടങ്ങിയവരൊക്കെയാണ് ദുര്‍ബല ജനവിഭാഗങ്ങള്‍. അതില്‍ പ്രധാനപ്പെട്ടവരാണ് പട്ടികജാതി- പട്ടികവര്‍ഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍. സാമൂഹിക വിവേചനവും സാമ്പത്തിക പിന്നാക്കാവസ്ഥയും അനുഭവിച്ചാണ് അവര്‍ ജീവിക്കുന്നത്. അതിനാല്‍ മറ്റുളളവരോടൊപ്പം അവരെ ഉയര്‍ത്തിക്കൊണ്ടുവരാൻ ഭരണഘടനാ നിർമാതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. പരമ്പരാഗത ഹിന്ദുസമൂഹ ഘടനയിലെ ഏറ്റവും താഴത്തെ തലത്തിൽപ്പെട്ടവരാണ് പട്ടികജാതിക്കാര്‍. അധഃകൃത വര്‍ഗങ്ങള്‍ എന്ന് അവരെ വിളിച്ചിരുന്നു. സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും പാര്‍ശ്വവത്കരിക്കപ്പെട്ട മറ്റൊരു വിഭാഗമാണ് ഗോത്രങ്ങളിലോ ഗേത്രാ സമുദായങ്ങളിലോ ഉൾപ്പെടുന്ന പട്ടികവര്‍ഗക്കാര്‍.
സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന മറ്റു ദുര്‍ബല വിഭാഗങ്ങളെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നറിയപ്പെടുന്നു. അവർ ജാതിശ്രേണിയില്‍ പട്ടികജാതി- വര്‍ഗ ജനതയേക്കാൾ ഉയര്‍ന്നവരാണ്, ഉന്നത ജാതിക്കാര്‍ക്ക് വളരെ താഴെയുമാണ്. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും രാഷ്ട്രീയമായും ഇവരും പിന്നാക്കാവസ്ഥയില്‍ തന്നെയാണ്. ന്യൂനപക്ഷങ്ങളില്‍പ്പെട്ട നല്ലൊരു ശതമാനം പേരും പിന്നാക്കക്കാരാണ്.
പിന്നാക്കക്കാരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന കാക്കേ കലേക്കര്‍ കമ്മിഷന് റിപ്പോര്‍ട്ട് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തളളിക്കളയുകയാണുണ്ടായത്. ഉദ്യോഗ സംവരണം അടക്കമുളള കമ്മിഷന്റെ നിർദേശങ്ങള്‍ക്ക് പുല്ലുവില പോലും ആ സര്‍ക്കാര്‍ കല്‍പ്പിച്ചില്ല. 1978ല്‍ പാര്‍ലമെന്റ് അംഗമായ ബി.പി. മണ്ഡലിന്റെ അധ്യക്ഷതയില്‍ പിന്നാക്കവര്‍ഗ കമ്മിഷനെ ജനതാ ഗവണ്മെന്റ് നിയമിച്ചു. 80ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സംവരണമടക്കമുളള ആനുകൂല്യങ്ങള്‍ നല്കാന് കമ്മിഷന് ആവശ്യപ്പെട്ടിരുന്നു.
ശക്തമായ എതിര്‍പ്പുണ്ടായിട്ടും 90ല്‍ മണ്ഡല് കമ്മിഷന്റെ ശുപാര്‍ശകള്‍ അന്നത്തെ വി.പി. സിങ് സര്‍ക്കാര്‍ ഭാഗികമായി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് അന്ന് അംഗീകരിച്ച 27 ശതമാനം ഉദ്യോഗ സംവരണവും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന സംവരണവുമൊന്നും നാളിതുവരെ ഫലപ്രദമായും പൂർണമായും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടന നല്കിയിട്ടുളള പരമപ്രധാനമായ അവകാശങ്ങൾ പോലും ഇപ്പോള്‍ നിഷേധിക്കപ്പെടുകയാണ്. ഇക്കൂട്ടരുടെ ക്ഷേമത്തിനായി നല്കിയിട്ടുളള ഉദ്യോഗ നിയമനം, വിദ്യാഭ്യാസ സ്ഥാപന പ്രവേശനം തുടങ്ങിയവയിലെ സംവരണം പോലും വലിയ വെല്ലുവിളി നേരിടുന്നു. പരമോന്നത കോടതിയിലെ ചില ജഡ്ജിമാർ പോലും സംവരണം ഇനിയും തുടരണമോ എന്ന് ചോദിച്ച സംഭവങ്ങളും ഉണ്ടായിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട ഐതിഹാസികമായ ഒരു പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് അമെരിക്കയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുന്ന നിയമവ്യവസ്ഥ രാജ്യത്ത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്ശ്വവത്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
യുഎസിലെ ബ്രാന്‍ഡൈസ് സര്‍വകലാശാലയില്‍ ഡോ. ബി.ആര്. അബേദ്കറുടെ ശില്പം അനാഛാദനം ചെയ്ത ശേഷം രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ഈ നിലപാട് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ദശലക്ഷക്കണക്കിന് പിന്നാക്ക ആദിവാസി വിഭാഗങ്ങളാണ് വിവേചനം പലരൂപത്തില്‍ അനുഭവിക്കുന്നത്. ഇക്കൂട്ടര്‍ക്കെതിരായി കടുത്ത വിവേചനം ഇപ്പോഴും തുടരുന്നുമുണ്ട്. ജാതി വിവേചനം നിരോധിച്ച് നിയമങ്ങളുണ്ടെങ്കിലും അതിക്രമങ്ങള്‍ കൂടുന്നതേയുളളൂ. ചരിത്രപരമായ തെറ്റുകള്‍ നിലനിര്‍ത്തുന്നതില്‍ നിലവിലുളള നിയമവ്യവസ്ഥയ്ക്കും വലിയ പങ്കുണ്ട്. അതുമൂലമുണ്ടാകുന്ന ദോഷങ്ങള്‍ തലമുറകളോളം നീണ്ടുനിൽക്കും. ആ അവസ്ഥ മാറിയേ തീരൂ എന്നാണ് ചീഫ് ജസ്റ്റിന്റെ നിലപാട്.
ചരിത്രപരമായ ഈ വലിയ തെറ്റുകള്‍ തിരുത്തുക എളുപ്പമുളള ഒരു കാര്യമല്ല. അതിനായുളള മഹത്തായ പ്രസ്ഥാനം തന്നെ ഉയര്‍ന്നുവരേണ്ടതായിട്ടുണ്ട്. മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗം തന്നെയാണ് ഇതില്‍ സുപ്രധാന പങ്കുവഹിക്കേണ്ടതും.
പിന്നാക്ക ജനവിഭാഗത്തിന്റെ ശബ്ദമാണ് രാജ്യത്തിന്റെ ശബ്ദമാകേണ്ടത് എന്ന ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം ഭരണാധികാരികളാണ് ഗൗരവത്തിലെടുക്കേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും പിന്നാക്ക ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും കിരാതമായ അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും പാത്രമാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിക്കുകയും ചെയ്തു. ഇപ്പൊഴും അടിമത്തം ആഫ്രിക്കയിലും ലോകത്തു മറ്റു പല ഭാഗങ്ങളിലും തുടരുന്നതിന്റെ ചിത്രം കാണാന്‍ കഴിയും.
വികസിത രാജ്യമെന്ന് നാമെല്ലാമഭിമാനിക്കുന്ന ഇന്ത്യയിലാണ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ശക്തമായി ഇപ്പോഴും തുടരുന്നതെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവർക്കു നേരെയുളള അതിക്രമങ്ങള്‍ ഇവിടെ വർധിക്കുന്നത് ഏറ്റവും ഗൗരവമായി കാണണം. ഇന്ത്യാ മഹാരാജ്യം അതിന്റെ ചരിത്രപരമായ തെറ്റുകള്‍ അനുസ്യൂതമായി തുടരാനാണോ ആഗ്രഹിക്കുന്നത്? പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടി നിലവിലെ നിയമ വ്യവസ്ഥയില്‍ത്തന്നെ കാലോചിതമായ മാറ്റം അനിവാര്യമാണ്- അദ്ദേഹം വ്യക്തമാക്കി.
പിന്നാക്ക ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ജാതി സെന്‍സസ് എടുക്കണമെന്ന നിർദേശവുമായി പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തു വന്നിരിക്കുകയാണ്. ഭരണകക്ഷിയിലെ ചില പാര്‍ട്ടികൾ പോലും ഈ ആവശ്യം ഉന്നയിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഈ നിമിഷം വരെ ജാതി സെന്‍സസിനെ അംഗീകരിക്കാന്‍ തയാറായിട്ടില്ലെങ്കിലും രാജ്യവും ജനതയും അതിനുവേണ്ടി ശക്തമായി മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. രാജ്യവും ജനതയും മുന്നോട്ടാണ് നീങ്ങുന്നത്; പിന്നോട്ടല്ല. പിന്നാക്കക്കാരായ മഹാഭൂരിപക്ഷത്തിന്റെ ദനീയസ്ഥിതി സംബന്ധിച്ചും, അക്കൂട്ടരുടെ മോചനത്തിനായി ചെയ്യേണ്ട നടപടികൾ സംബന്ധിച്ചും വ്യക്തമായ അഭിപ്രായം രേഖപ്പെടുത്തുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രാജ്യത്തെ ജനതയുടെ പൊതുവികാരത്തെ തന്നെയാണ് ശക്തമായി പ്രതിഫലിപ്പിക്കുന്നത്.
(ലേഖകന്റെ ഫോണ്‍- 9847132428)