
ശബരിമലയെ തിരുപ്പതിക്കു സമാനമാക്കുമെന്ന് മുഖ്യമന്ത്രി; 1000 കോടിയുടെ വികസനം
എം.ആർ.സി. പണിക്കർ
പമ്പ: ഭക്തരുടെ സുരക്ഷിതവും സുഗമവുമായ തീർഥാടനവും ഉറപ്പാക്കാൻ ശബരിമലയിൽ 1,000 കോടിയിലധികം രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ആകർഷിക്കാൻ ശബരിമലയിൽ നിരവധി വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. മധുരയ്ക്കും തിരുപ്പതിക്കും സമാനമായ പ്രമുഖ തീർഥാടന കേന്ദ്രമായി ശബരിമലയെ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ 75-ാം വാർഷികത്തിന്‍റെ ഭാഗമായി പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാവിലെ മുതൽ മൂന്നു സെഷനുകളിലായി നടന്ന പരിപാടികൾക്കൊടുവിൽ ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ദേവസ്വം മന്ത്രിയാണു ചെയർമാൻ. ഈ സമിതിയുടെ പ്രവർത്തനങ്ങള്‍ ഇപ്പോൾ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി. തിരക്കു നിയന്ത്രിക്കാൻ എഐ ഉൾപ്പെടെ സാധ്യതകൾ തേടുന്നതും പരിശോധിക്കും.
ശബരിമലയുടെയും പമ്പയുടെയും നിലയ്ക്കലിന്‍റെയും പരമ്പരാഗത പാതയുടെയുമടക്കം സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു നടപ്പാക്കുമ്പോൾ ശബരിമലയുടെ ആത്മീയവും സാംസ്കാരികവുമായ പൈതൃകം മാനിക്കുമെന്നും മുഖ്യമന്ത്രി. രാവിലെ പത്തു മണിയോടെ പമ്പാ മണപ്പുറത്ത് തുടങ്ങിയ പരിപാടിയിൽ ശബരിമല വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്കൊപ്പം രാഷ്‌ട്രീയവും പറഞ്ഞു മുഖ്യമന്ത്രി. ഇത്ര കാലവുമില്ലാത്ത ഈ സംഗമം ഇപ്പോള്‍ എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മാറുന്ന കാലത്തിന് അനുസരിച്ച് തീർഥാടകപ്രവാഹം വര്‍ദ്ധിക്കുമ്പോള്‍ അത് ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു ചിന്തിക്കേണ്ടതുകൊണ്ട് എന്നതാണ് ഉത്തരമെന്നും അദ്ദേഹം.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അയ്യപ്പശ്ലോകത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാനത്തു നിന്നുള്ള വിവിധ മന്ത്രിമാർക്കൊപ്പം തമിഴ്നാട് മന്ത്രിമാരായ പി.കെ. ശേഖർബാബുവും പളനിവേൽ ത്യാഗരാജനും സമ്മേളനത്തിൽ പങ്കെടുത്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുൾപ്പെടെ വിവിധ സമുദായ നേതാക്കളും വേദിയിലെത്തി.