കൈയടിക്കാം, കറുപ്പിന് ... | അതീതം

കേരളം ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലുള്ള സാമൂഹികാവസ്ഥയിലൂടെ കടന്നുപോകുന്നു
chief secretary sarada muraleedharan and black controversy

ശാരദാ മുരളീധരന്‍

Updated on

കറുപ്പു നിറം ഇപ്പോഴും അപമാനമായി തുടരുന്നുവെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥയായ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പരസ്യമായി പ്രതികരിക്കേണ്ടി വരുമ്പോൾ കേരളം ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലുള്ള സാമൂഹികാവസ്ഥയിലൂടെ കടന്നുപോകുന്നു എന്നതിന് വേറൊരു തെളിവ് ആവശ്യമില്ല. എല്ലാ സുരക്ഷയും സൗകര്യവും അധികാരവുമുള്ള പദവിയിലിരിക്കുന്ന ആളിനു പോലും ഇതാണവസ്ഥയെങ്കിൽ സാധാരണക്കാരായ കറുപ്പുനിറക്കാർക്ക് നേരിട്ടിട്ടുണ്ടാവുന്ന അവസ്ഥ ചിന്തിക്കാവുന്നതിനും അപ്പുറമാണ്.

ഇതു സംബന്ധിച്ച് ആദ്യമിട്ട ഫെയ്സ്ബുക് പോസ്റ്റ് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് അസ്വസ്ഥനായി ഡിലീറ്റ് ചെയ്തുവെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുന്നു. ചർച്ച ചെയ്യേണ്ട ചില കാര്യങ്ങൾ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികൾ പറഞ്ഞതിനാലാണ് അവർ അത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്.

ആ പോസ്റ്റിൽ നിന്ന്: ""എന്തിനാണ് ഞാൻ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്? അതേ, എന്‍റെ മനസിന് മുറിവേറ്റു. കഴിഞ്ഞ 7 മാസം മുഴുവൻ എന്‍റെ മുൻഗാമിയുമായുള്ള താരതമ്യങ്ങളുടെ ഘോഷയാത്രയിലായിരുന്നു. തീവ്രമായ നിരാശയോട നാണക്കേട് തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്ന് മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത്. കറുപ്പെന്നാൽ കറുപ്പ് എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വാച്ഛാധിപത്യത്തിന്‍റെ പ്രതീകമായ കറുപ്പന്നെ മുദ്ര ചാർത്തൽ. പക്ഷേ കറുപ്പിനെ ഇങ്ങനെ നിന്ദിക്കുന്നത് എന്തിനാണ്? കറുപ്പ് എന്നത് പ്രപഞ്ചത്തിലെ സർവവ്യാപിയായ സത്യമാണ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ള കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്‍റെ തുടിപ്പ്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തം. ഓഫീസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ മഴമേഘപ്പൊരുൾ... എന്നിങ്ങനെ. നാലു വയസുള്ളപ്പോൾ ഞാൻ അമ്മയോടു ചോദിച്ചിട്ടുണ്ട് "ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള കുട്ടിയായി എന്നെ ഒന്നുകൂടെ ജനിപ്പിക്കുമോ' എന്ന്.

കറുപ്പിലെ ഭംഗി തിരിച്ചറിയാത്തതിൽ, വെളുത്ത തൊലിയിൽ ആകൃഷ്ടയായതിൽ ഉൾപ്പെടെ ഇത്തരം വിശേഷണത്തിൽ ജീവിച്ചതിൽ എനിക്ക് പ്രായശ്ചിത്വം ചെയ്യേണ്ടതുണ്ട്. കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്‍റെ മക്കളാണ് കണ്ടെത്തിയത്. കറുപ്പിന്‍റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്‍റെ അഴക് എനിക്കവർ കാട്ടിത്തന്നു. ആ കറുപ്പ് മനോഹരമാണ്, കറുപ്പ് അതിമനോഹരമാണ്''.

ശാരദാ മുരളീധരന്‍റെ പോസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിലെ അവസാനത്തെ വാചകങ്ങളാണ്. അതാണ് പുതിയ തലമുറയുടെ സമീപനം. അവരുടെ നിറത്തോടുള്ള കാഴ്ചപ്പാടാണ്. തീർച്ചയായും പ്രതീക്ഷകളുടെ കൈത്തിരികൾ മുഴുവൻ കെട്ടുപോയില്ലെന്ന് വിശ്വസിപ്പിക്കാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു.

"സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു.'- ഈ ഒരു പിന്തുണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നുണ്ടായി.

പിന്നാലെ, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഗൗരവപൂർവം പ്രതികരിച്ചു: "പുരോഗമന കേരളത്തിൽ ചർമ്മത്തിന്‍റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ശാരദ മുരളീധരനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന ഒരു ഉൾക്കൊള്ളുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് നാം കൂട്ടായി പ്രവർത്തിക്കണം. ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണം.'

ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടായി ചീഫ് സെക്രട്ടറിയുടെ കൂടെ നിൽക്കുകയാണ് വേണ്ടത്. കലാഭവൻ മണിയുടെ അനുജൻ ആർഎൽവി രാമകൃഷ്ണൻ നിറത്തിന്‍റെ പേരിൽ അപമാനിക്കപ്പെട്ടത് ഇതേ സമൂഹത്തിലാണ്. 2001ൽ എംജി യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്ന, മോഹിനിയാട്ടത്തിൽ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടിയ രാമകൃഷ്ണൻ നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പിഎച്ച്ഡി എടുത്തത്. മോഹിനിയാട്ടത്തിലെ ഗവേഷണത്തിനായിരുന്നു ഡോക്റ്ററേറ്റ്. അഞ്ചോളം ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. അങ്ങനെയുള്ള ഒരാളെ പരസ്യമായി അഭിമുഖത്തിൽ ഒരു കലാകാരി കേവലം ജാതീയ ഉച്ചനീചത്വം കൊണ്ടു മാത്രം അപമാനിച്ചപ്പോൾ അതിനെ പിന്തുണയ്ക്കാനും കുറേപ്പേരുണ്ടായത് കേരളത്തിലാണ് എന്ന് മറക്കരുത്. ഒരു നർത്തകിയായ അവർ നടത്തുന്ന നൃത്ത ക്ലാസിൽ ഇപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ കുട്ടികൾ കൂടിയത്രെ! "കറുത്ത നിറം ഉള്ളവര്‍ക്ക് സൗന്ദര്യമില്ലെന്നാണ് കരുതുന്നതെന്ന്' ആവർത്തിച്ചുപറഞ്ഞ, ആ അധ്യാപികയുടെ അവിടെ പഠിക്കാൻ വരുന്നവരൊക്കെ വെളുത്ത കുട്ടികളാണ്!

പക്ഷെ, ഇത്തരക്കാർ പഠിപ്പിക്കുന്ന കുട്ടികളിൽ നിന്ന് ഒരിക്കലും അന്ധത നീങ്ങി വിദ്യയുടെ വെളിച്ചം നിറയില്ല.ഇത്തരം ആൾക്കാരുടെ അടുത്ത് പുതിയ തലമുറയെ തളച്ചിടാൻ നോക്കുന്ന രക്ഷകർത്താക്കളുടെ മനസ്സിലെ ഇരുൾ ആരകറ്റും എന്നതാണ് ഗൗരവമായ ചോദ്യം.

കലാമണ്ഡലത്തിന്‍റെ ചരിത്രത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ആര്‍എല്‍വി രാമകൃഷ്ണന്‍ മാറി എന്നതാണ് പിന്നീട് കേരളം അഭിമാനത്തോടെ കണ്ടത്. കലാമണ്ഡലം പേരിൽ കൊണ്ടുനടക്കുന്ന ആളിന് ഒരിക്കലും സാധിക്കാത്ത ഉയരത്തിലേക്കാണ് രാമകൃഷ്ണൻ എത്തിയത്. ആ ആളിന്‍റെ പേര് പറയാത്തത് അത്തരക്കാരെ അവഗണിക്കുകയാണ് വേണ്ടത് എന്ന ബോധ്യത്തിൽനിന്നാണ്. പ്രതിഭയും മികവും ആത്മാർപ്പണവും കഠിനാധ്വാനവും "കറുത്ത നിറക്കാരന്' നൽകിയ സമ്മാനമായിരുന്നു അത്. മികച്ച അധ്യാപകനായി ഒരുപാട് വിദ്യാർഥികളുടെ മനസ്സിലേക്ക് വിദ്യയുടെ ദീപം തെളിയിച്ച് അജ്ഞാനാന്ധകാരമകറ്റാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

"കറുത്ത ഹൃദയം മൂടാൻ ചില൪ക്കു വെളുത്ത തൊലിയൊരു മൂടുപടം' എന്ന് "ദേവത' എന്ന ചിത്രത്തിനുവേണ്ടി എഴുതിയത് പി. ഭാസ്കരനാണ്. "കറുത്ത പെണ്ണേ, കരിങ്കുഴലീ നിനക്കൊരുത്തന്‍ കിഴക്കുദിച്ചു' എന്ന വയലാർ- ദേവരാജൻ ടീമിന്‍റെ പാട്ട് യേശുദാസ് പാടിയത് മലയാളിക്ക് എന്നെങ്കിലും കേട്ട് മതിവരുമോ? "കാർകുഴലിൽ വാർതിങ്കൾ പൂവു ചൂടിയ കറുത്തപെണ്ണി'നെപ്പറ്റി എഴുതിയത് ഒ എൻ വി കുറുപ്പാണ്. മുല്ലനേഴി- ശ്യാം ടീമിന്‍റെ 'ഞാവൽപഴങ്ങളി'ലെ പാട്ടിൽ യേശുദാസ് പാടുന്നത് 'കറുകറുത്തൊരു പെണ്ണാണ്' എന്നാണെങ്കിലും "എള്ളിൻ കറുപ്പ് പുറത്താണ് ഉള്ളിന്‍റെ ഉള്ളു തുടുത്താണ്' എന്ന ഉറപ്പാണ്.

സിനിമയിലും സാഹിത്യത്തിലും ഇങ്ങനെ കറുപ്പ് വെറുമൊരു നിറമാണെന്ന് ഓർമിപ്പിക്കുമെങ്കിലും ജീവിതത്തിൽ അതങ്ങനെയല്ലെന്ന വർത്തമാനകാല സാഹചര്യം നിലനിൽക്കുന്നു. അപ്പോഴും 'ഏഴു നിറങ്ങളിലൊന്ന്' എന്ന ചിന്തയോടെ പുതിയ തലമുറ കറുപ്പിനെയും ചേർത്തുപിടിക്കുന്നതിന് കൈയടിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com