കടന്നു പോകുന്നത് വംശഹത്യകളുടെ 2024

ക്രൈസ്തവ, മുസ്ലിം, ഹിന്ദു വംശഹത്യകൾ ഉച്ചസ്ഥായിയിലായ വർഷം 2024
silent slaughter Nigeria
നൈജീരിയയിലെ 'നിശബ്ദ കൊല'
Updated on

റീന വർഗീസ് കണ്ണിമല

ക്രൈസ്തവ, മുസ്ലിം, ഹിന്ദു തുടങ്ങി നിരവധി സമുദായങ്ങളുടെ മേൽ അതിക്രൂരമായ വംശഹത്യകൾ ഉച്ചസ്ഥായിയിലായ വർഷമാണ് 2024. മുഖ്യധാരാ മാധ്യമങ്ങളൊന്നും അത്ര ശ്രദ്ധ നൽകാത്ത 2024ലെ വംശഹത്യാ വഴികളിലൂടെ നടത്തുന്ന വർഷാന്ത്യ യാത്ര... ഒരു കണ്ണീർ ക്രിസ്മസ് യാത്ര.

സന്തോഷത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കു വയ്ക്കലിന്‍റെയും നാളുകളായിരുന്നു നേരത്തെ ക്രിസ്മസ് കാലമെങ്കിൽ ഇന്നത് ലോകത്തിന് കൂട്ടക്കൊലകളുടെ കാലമാണ്. ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൂട്ടക്കൊല ചെയ്യപ്പടുന്ന കാലമായി ക്രിസ്മസ് രാവുകൾ മാറിയിരിക്കുന്നു. ഫറവോയുടെ പിൻഗാമികൾ സാധുക്കളായ ക്രിസ്ത്യാനികളെ, അവർ ക്രിസ്തുവിനെ പിന്തുടരുന്നു എന്ന ഒറ്റക്കാരണത്താൽ കൊന്നൊടുക്കുന്നു.

36.5 കോടിയിലധികം ക്രിസ്ത്യാനികളാണ് അവരുടെ വിശ്വാസത്തിന്‍റെ പേരിൽ ഉയർന്ന പീഡനവും വിവേചനവും അനുഭവിക്കുന്നത്. ഓപ്പൺ ഡോർസിന്‍റെ വേൾഡ് വാച്ച് ലിസ്റ്റിലെ ആദ്യത്തെ അമ്പത് രാജ്യങ്ങളിൽ മാത്രം 317 മില്യൺ ക്രിസ്ത്യാനികൾ വളരെ ഭീകരമായ ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുന്നു.

ലോകത്തിൽ ഈ വർഷം ഏഴിൽ ഒരു ക്രിസ്ത്യാനി വീതം പീഡിപ്പിക്കപ്പെടുന്നു. ഇതിൽ അഞ്ചിൽ ഒരു ശതമാനം ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നത് ആഫ്രിക്കയിലാണ്. ഏഷ്യയിലാകട്ടെ, അഞ്ചിൽ രണ്ടു ക്രൈസ്തവർ വീതം പീഡിപ്പിക്കപ്പെടുന്നു. ഇതിൽ ചൈനയും പാക്കിസ്ഥാനും വലിയ പങ്ക് വഹിക്കുന്നു.

കഴിഞ്ഞ വർഷം 4,998 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.14,766 പള്ളികളും ക്രിസ്ത്യൻ സ്വത്തുക്കളും ആക്രമിക്കപ്പെട്ടു. 4,125 ക്രൈസ്തവരാണ് ഈ വർഷം തടവിലാക്കപ്പെട്ടത്.

നൈജീരിയയിലെ 'നിശബ്ദ കൊല' അഥവാ സൈലന്‍റ് സ്ലോട്ടർ

2000 മുതൽ, നൈജീരിയയിലെ 62,000 ക്രിസ്ത്യാനികൾ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP), സംഘടിത ഫുലാനി ജിഹാദികൾ എന്നിവ നടത്തിയ വംശഹത്യയുടെ ഇരകളായി.

നൈജീരിയയിലെ ഇന്‍റർനാഷണൽ കമ്മിറ്റി ഈ വംശഹത്യയെ സൈലന്‍റ് സ്ലോട്ടർ എന്നു വിളിക്കുന്നു. 2018ൽ ഇസ്വാപ് ISWAP തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 110 സ്കൂൾ പെൺകുട്ടികളിൽ ഒരാളായ ലിയ ഷാരിബു, കത്തോലിക്കാ വിശ്വാസം ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനാൽ ഇപ്പോഴും തടവിൽ ക്രൂര പീഡനത്തിനിരയായി കഴിയുന്നു.

2022 ജൂണിൽ ഓവോയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിലെ അമ്പതിലധികം ഇടവകാംഗങ്ങൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇസ്വാപ് ISWAP ആണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് നൈജീരിയൻ സർക്കാർ ആരോപിച്ചപ്പോൾ പ്രദേശവാസികൾ ഫുലാനി മിലിഷ്യകളെ ചൂണ്ടിക്കാട്ടി.

2022-ൽ നൈജീരിയയിൽ നാല് കത്തോലിക്കാ പുരോഹിതർ കൊല്ലപ്പെടുകയും 23 വൈദികരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് റിപ്പോർട്ട് ചെയ്യുന്നു.

2000 മുതൽ 18,000 ക്രിസ്ത്യൻ പള്ളികളും 2,200 ക്രിസ്ത്യൻ സ്കൂളുകളും ബോധപൂർവം അഗ്നിക്കിരയാക്കപ്പെട്ടതായി 2023 ഏപ്രിലിൽ, ഇന്‍റർനാഷണൽ സൊസൈറ്റി ഫൊർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഒഫ് ലോ (ഇന്റർസൊസൈറ്റി) റിപ്പോർട്ട് ചെയ്തു.

2023 ഡിസംബറിലെ ക്രിസ്മസ് അവധിക്കാലത്ത്, 140-ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ ഫുലാനി മിലീഷ്യകളുടെ ഏകോപിത ആക്രമണത്തിൽ പീഠഭൂമി സംസ്ഥാനത്ത് കൂട്ടക്കൊല ചെയ്യപ്പെട്ടു. ഡിസംബർ 23 മുതൽ, പീഠഭൂമി സംസ്ഥാനത്തുടനീളമുള്ള 26 ക്രിസ്ത്യൻ കർഷക ഗ്രാമങ്ങൾക്കു മേൽ ഫുലാനി ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് നടത്തിയ വംശഹത്യയിൽ 200 ലധികം മരണസംഖ്യ സർക്കാർ രേഖപ്പെടുത്തുന്നു. എന്നാൽ വലിയൊരു വിഭാഗത്തെക്കുറിച്ച് ഇപ്പോഴും വിവരമൊന്നുമില്ല.

വംശഹത്യയും കുടിയിറക്കും:

ക്രിസ്ത്യൻ കർഷകരെ നിർബന്ധിതമായി കുടിയിറക്കുന്നതിനും വംശഹത്യ നടത്തുന്നതിനും ഫുലാനി ഭീകരരെ നൈജീരിയൻ സർക്കാർ അനുവദിക്കുന്നുവെന്ന് നൈജീരിയയിലെ ഇന്‍റർ സൊസൈറ്റിയുടെ ഡയറക്റ്റർ എമേക ഉമേഗ്ബലാസിയാണ് വെളിപ്പെടുത്തിയത്.

ലോകത്തെ അമ്പതു രാജ്യങ്ങൾ ക്രൈസ്തവർക്കും മിതവാദികളായ മുസ്ലിങ്ങൾക്കും ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഈ രാജ്യങ്ങളിൽ പ്രത്യേകിച്ച് നൈജീരിയ, അഫ്ഗാനിസ്ഥാൻ, പാക്കിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ ക്രൈസ്തവരുടെയും മിതവാദികളായ മുസ്ലിങ്ങളുടെയും ആസൂത്രിതമായ കൂട്ടക്കൊലകളും വംശഹത്യകളും അനുസ്യൂതം തുടരുന്നു. സൈലന്‍റ് സ്ലോട്ടറിന് ഇരയായവരിൽ നൈജീരിയയിൽ 34,000 മിതവാദികളായ മുസ്ലിങ്ങളും ജിഹാദി ഗ്രൂപ്പുകളാൽ കൊല്ലപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്റ്റോബർ ഏഴിനു തുടങ്ങിയ ഇസ്രയേൽ-ഗാസ യുദ്ധത്തിൽ ഗാസയിലെ 44,000ത്തിലധികം മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. ഗാസയ്ക്കെതിരായ യുദ്ധത്തിന്‍റെ പേരിൽ ഇസ്രായേൽ ഇപ്പോൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യ കേസ് നേരിടുന്നു.

Cheng Pei Ming
ശ്വാസകോശം പാതി മുറിച്ചെടുക്കപ്പെട്ട ഫാലുൻ ഗോങ് സമുദായാംഗമായ ചെങ് പെയ് മിങ്

ചൈനയിലെ ശീത വംശഹത്യ, അഥവാ കോൾഡ് ജെനോസൈഡ്

2024 ലാണ് ആദ്യമായി ഫാലുൻ ഗോങ് സമൂഹം അനുഭവിക്കുന്ന കോൾഡ് ജെനോസൈഡ്, അഥവാ ശീത വംശഹത്യയെക്കുറിച്ച് ആധികാരികമായി കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വന്നത്. ഐക്യരാഷ്ട്ര സഭയിൽ ചൈനയുടെ ഫാലുൻ ഗോങ്, ടിബറ്റൻ, ഉയ്ഗുർ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ശീത വംശഹത്യയ്ക്കെതിരേ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് ഫയൽ ചെയ്യണം എന്ന ആവശ്യം ഉയർന്നതും ഈ വർഷമാണ്.

നിയമപ്രകാരം 5000 ഫാലുൻ ഗോങ് വംശഹത്യ നടന്നതായി മാത്രമാണ് റിപ്പോർട്ടുള്ളതെന്നും, ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിനു നൽകിയ ആ റിപ്പോർട്ടിൽ പറയുന്നു.

ഫാലുൻ ഗോങ് എന്നാൽ:

1990ൽ ചൈനയിൽ ആരംഭിച്ച ബുദ്ധ ശൈലി പിന്തുടരുന്ന ഒരു ആത്മീയ പരിശീലന ശൈലിയാണ് ഫാലുൻ ഗോങ്. ശാന്തി, സമാധാനം, ക്ഷമ, സ്നേഹം എന്നിവയാണ് അവരുടെ മുഖമുദ്ര. ഈ ആത്മീയ പരിശീലന രീതിയിലേയ്ക്ക് ചൈനയിലെ ദശകോടിക്കണക്കിന് ജനങ്ങൾ ആകൃഷ്ടരായതോടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഫാലുൻ ഗോങിനെ നിരോധിത പ്രസ്ഥാനമായി പ്രഖ്യാപിച്ച് ഉന്മൂലനം ചെയ്യാൻ തുടങ്ങി.

മദ്യപാനവും പുകവലിയും മയക്കു മരുന്നും അവിഹിത ബന്ധങ്ങളും നിഷിദ്ധമായ ഇവർ പൊതുവെ കൂടുതൽ ആരോഗ്യമുള്ളവരായതിനാൽ ആദ്യം ലേബർ ക്യാംപുകളിലേയ്ക്ക് മാറ്റുകയും നിരവധി ക്രൂരമായ പീഡനങ്ങൾക്കും ടെസ്റ്റുകൾക്കും വിധേയരാക്കുകയും, ഒടുവിൽ അവരുടെ അവയവങ്ങൾ കച്ചവടം ചെയ്യുകയും ചെയ്തു വരികയാണ് ചൈന.

കഴിഞ്ഞ 25 വർഷമായി ചൈന ഇതു തുടരുന്നുണ്ടെങ്കിലും 2024 ൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഓർഗൻ ഹാർവസ്റ്റിങ് ടൂറിസം ഉദ്ഘാടനം ചെയ്തത് ലോകത്തെ ഞെട്ടിച്ചു. ഫാലുൻ ഗോങ് ജനതയും ക്രൈസ്തവരും ടിബറ്റൻ ബുദ്ധ മതക്കാരും ഉയ്ഗുർ മുസ്ലിങ്ങളുമാണ് ചൈനയുടെ ഈ ക്രൂരതയുടെ മുഖ്യ ഇരകൾ. ദശാബ്ദങ്ങളായി നടന്നു വരുന്ന ഈ കോൾഡ് ജെനോസൈഡിന്‍റെ ഭാഗമായി നടത്തുന്ന നിർബന്ധിത അവയവ ദാനം വിളവെടുപ്പല്ല, മറിച്ച് 99.9 ശതമാനവും ദാതാവിന്‍റെ മരണത്തിൽ കലാശിക്കുന്നതായി ഇതിനെക്കുറിച്ച് വർഷങ്ങളായി ഗവേഷണം നടത്തുന്ന ചൈനയിലെ പ്രൊഫസർ സെൻ നിയാ സാക്ഷ്യപ്പെടുത്തുന്നു.

ദശാബ്ദങ്ങളായി ചൈന മനുഷ്യക്കുരുതി നടത്തി ദശകോടികൾ പ്രതിവർഷം സമ്പാദിക്കുന്നുണ്ടെങ്കിലും 2024 ഓഗസ്റ്റിൽ മാത്രമാണ് ചൈനയുടെ ഓർഗൻ ഹാർവസ്റ്റിങിൽ നിന്ന് രക്ഷപെട്ട ഒരു കോൾഡ് ജെനോസൈഡ് അതിജീവിതനെ കണ്ടെത്താനും മാധ്യമങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് എഴുതാനും ചൈനയുടെ അതിക്രൂര വംശഹത്യയെക്കുറിച്ച് കൂടുതലായി ലോകമറിയാനും ഇടയായത്.

ചൈനയുടെ കോൾഡ് ജെനോസൈഡിനു മാത്രം രൂപീകരിച്ച രഹസ്യ ഏജൻസിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ദ 610 ഓഫീസ്.ഇത് ഒരു അതിക്രൂരന്മാരായ ശക്തമായ രഹസ്യ ഏജൻസിയാണ്. ഫാലുൻഗോങ്, ഉയ്ഗുർ, ബുദ്ധ,ടിബറ്റൻ, ക്രിസ്ത്യൻ ജനസമുദായങ്ങളെ ഓർഗൻ ഹാർവസ്റ്റിങിലൂടെ വംശഹത്യ നടത്തുകയാണ് ഇവരുടെ ദൗത്യം.ഈ കൊടും ക്രൂരതയിൽ പെട്ട് ശ്വാസകോശം പാതി മുറിച്ചെടുക്കപ്പെട്ട ഫാലുൻ ഗോങ് സമുദായാംഗമായ ചെങ് പെയ് മിങ് നൽകിയ അഭിമുഖമാണ് ലോകം ചൈന നടത്തുന്ന അതിക്രൂര വംശഹത്യയെ കുറിച്ചറിയാൻ കാരണമായത്.അവയവക്കടത്തിലൂടെ പ്രതിവർഷം ചൈന നേടുന്നത് ഒരു ദശലക്ഷം കോടി ഡോളറാണ്.നിർബന്ധിത അവയവ വിളവെടുപ്പിനായി (അവയവ മാറ്റക്കൊല) തെരഞ്ഞെടുക്കപ്പെടുന്ന ആരോഗ്യമുള്ള യുവാക്കളെ നിരവധി ആരോഗ്യ പരിശോധനകൾക്കും രക്ത പരിശോധനകൾക്കും ശേഷം മാത്രം അവയവ വിളവെടുപ്പിന് അഥവാ കൊലപാതകത്തിന് അവർ വിധിക്കപ്പെടുന്നു.തെരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ഒരാഴ്ച മാത്രമാണ് അവർക്ക് കഷ്ടിച്ച് ആയുസുണ്ടാകുക. വരുന്ന അർധ രാത്രികളിലൊന്നിൽ അവർ ഒരു പന്നിയെ കശാപ്പു ചെയ്യും പോലെ അത്രയെളുപ്പത്തിൽ കശാപ്പ് ചെയ്യപ്പെട്ടിരിക്കും . അറുത്തു മുറിച്ച് മനുഷ്യ ശരീരത്തിൽ നിന്ന് അവയവങ്ങൾ കൊത്തിയെടുത്ത് വിൽക്കുന്നത് എളുപ്പമാണെന്നും അത് ഒരു പന്നിയെ അറുക്കും പോലെയേ ഉള്ളൂ എന്നും മുഡൻജിയാങ് നഗരത്തിലെ "കശാപ്പുകാരൻ" എന്ന് വിളിപ്പേരുള്ള സു ജിയാക്സിൻ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത് യുഎസ് ടുഡേ യാണ്.

ചൈനയുടെ മുസ്ലിം വംശഹത്യ അഥവാ ഹലാൽ ഓർഗൻ ഹാർവസ്റ്റിങ്

ഇക്കഴിഞ്ഞ വർഷം അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പുറത്തു വിട്ട ഒരു മനുഷ്യാവകാശ ഗ്രൂപ്പ് റിപ്പോർട്ട് പ്രകാരം ചൈന ഷിൻജിയാങ് മേഖലയിൽ നിന്നു മാത്രം 449,000ത്തിലധികം ഉയ്ഗുർ മുസ്ലിങ്ങളെ നിർബന്ധിത ഹലാൽ ഓർഗൻ ഹാർവസ്റ്റിങിനു വേണ്ടി മാത്രം ലേബർ ക്യാംപുകളിൽ അടച്ചതായാണ് കണക്ക്. ഇത് ഈ മേഖലയിലെ 17 ഉയ്ഗുർ മുസ്ലിങ്ങളിൽ ഒരാൾ വീതം എന്ന കണക്കു വരും.ലോകത്തിലെ ഏറ്റവും വലിയ ജയിൽ നിറയ്ക്കൽ സംഖ്യ കൂടിയാണ് ഇത്.

വാഷിങ്ടൺ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഉയ്ഗുർ ഹ്യൂമൻ റൈറ്റ്സ് പ്രൊജക്റ്റ് നടത്തിയ പഠനത്തിൽ, വടക്ക് പടിഞ്ഞാറൻ ചൈനയിൽ 26 ൽ ഒരു ഉയ്ഗുർ മുസ്ലിം യുവാവ് വീതം ജയിലിലടയ്ക്കപ്പെടുകയും ഹലാൽ ഓർഗൻ ഹാർവസ്റ്റിങ്ങിനും തദ്വാരാ ശീത വംശഹത്യയ്ക്കും ഇരയാകുകയും ചെയ്യുന്നുണ്ട്.

ചൈനയിലെ വിക്റ്റിംസ് ഒഫ് കമ്യൂണിസം മെമ്മോറിയൽ ഫൗണ്ടേഷനിലെ ഏഥൻ ഗട്ട്മാൻ പുറത്തു വിട്ട കണക്കു പ്രകാരം ചൈനയിൽ പ്രതിവർഷം 50,000 മുതൽ 1,50,000 വരെ അവയവ വിളവെടുപ്പിനു വേണ്ടി 25,000 മുതൽ 50,000 വരെ തടവുകാരെയാണ് കൊല ചെയ്യുന്നത്. 28-29 പ്രായത്തിലുള്ള ആരോഗ്യമുള്ള തടവുകാരെയാണ് ചൈന ഇങ്ങനെ കൊല ചെയ്യുന്നത്.

https://x.com/SalihHudayar/status/1805025456921673913
സാലിഹ് ഹുദയാർ എക്സിൽ പങ്കു വച്ച ചൈനയുടെ ശിശു അവയവ മാറ്റിവയ്ക്കൽ ആശുപത്രി ഉദ്ഘാടന ചിത്രം

ഉയ്ഗുർ വംശഹത്യയുടെ അടുത്ത പടിയെന്ന നിലയ്ക്ക് കുട്ടികളുടെ അവയവം മാറ്റി വയ്ക്കൽ ഹോസ്പിറ്റൽ കഴിഞ്ഞ ജൂണിലാണ് ചൈന ഉദ്ഘാടനം ചെയ്തത്. ഉയ്ഗുർ നേതാവായ സാലിഹ് ഹുദയാർ എക്സിൽ പങ്കു വച്ച പോസ്റ്റിലൂടെയാണ് ലോകം അതറിഞ്ഞത്.

2014 മുതൽ ഒരു ദശലക്ഷം ഉയ്ഗുർ കുഞ്ഞുങ്ങളെയാണ് ഈ മനുഷ്യക്കുരുതിക്കായി ചൈന അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി കൊണ്ടു പോയത് എന്ന് സാലിഹ് ഹുദയാർ എക്സിൽ കുറിച്ച പോസ്റ്റ് ലോക ജനതയെ ഞെട്ടിച്ചു.

ബംഗ്ലാദേശിലെ ന്യൂനപക്ഷ വംശഹത്യ

ബംഗ്ലാദേശിലെ ന്യൂനപക്ഷ വേട്ടയും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്‍റെ തകർച്ചയും 2024ന്‍റെ അന്ത്യപാദത്തിലെ കാഴ്ചകളാണ്. കടുത്ത ഹൈന്ദവ ഉന്മൂലനമാണ് ഇപ്പോൾ ബംഗ്ലാദേശിൽ നടക്കുന്നത്. 2024 ഓഗസ്റ്റ് അഞ്ച് മുതൽ 20 വരെ ബംഗ്ലാദേശിലെ 49 ജില്ലകളിലായി ഹൈന്ദവർക്കു നേരെ 2,010 ആക്രമണങ്ങളാണ് ഉണ്ടായത്. 295 ഹൈന്ദവ ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, രംഗ്പൂരിൽ 219, മൈമെൻസിങിൽ 183, രാജ്ഷാഹിയിൽ 155, ധാക്കയിൽ 79, ബാരിഷലിൽ 68, ചാട്ടോഗ്രാമിൽ 45, സിൽഹൈറ്റിൽ 25 എന്നിങ്ങനെ ഹൈന്ദവ ഭവനങ്ങളോ സ്ഥാപനങ്ങളോ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും തീയിടുകയും ചെയ്തു.

ചില ക്രൈസ്തവ, ഹൈന്ദവ കുടുംബങ്ങളുടെ ഭൂമി ബലം പ്രയോഗിച്ചു കൈവശപ്പെടുത്തി. 2024 ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനുമിടയിൽ മാത്രം ബംഗ്ലാദേശിൽ ഹൈന്ദവ വംശ ഹത്യയുടെ ഫലമായി 30 വിഗ്രഹങ്ങളും ക്ഷേത്രങ്ങളും നശിപ്പിക്കപ്പെട്ടതായും നാലു വൻ കവർച്ചകളുൾപ്പടെ പൂജാ മണ്ഡപങ്ങളെ ചുറ്റിപ്പറ്റി മാത്രം 47 കവർച്ചകളുണ്ടായതായും ബംഗ്ലാദേശി പൊലീസ് ആസ്ഥാന വൃത്തങ്ങൾ പറയുന്നു.

2024 ഒക്റ്റോബർ ഒന്നു മുതൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മൂന്നു തീവയ്പ് ആക്രമണങ്ങളുൾപ്പടെ 35 കേസുകളെടുത്തതായും ബംഗ്ലാദേശി പൊലീസ് റിപ്പോർട്ടുണ്ട്. ന്യൂനപക്ഷ ബംഗ്ലാദേശി സംഘടനയായ ബംഗ്ലാദേശ് ഛത്ര ഒക്യ പരിഷത്ത് പുറത്തു വിട്ട റിപ്പോർട്ടിൽ 49 ഹൈന്ദവ അധ്യാപകരെ നിർബന്ധിച്ച് രാജി വയ്പിച്ചതായും അവരുടെ സ്വത്തുക്കൾ കൈയേറിയതായും ബംഗ്ലാദേശി പൊലീസ് സേനയിൽ നിന്ന് പെരുമാറ്റ ദൂഷ്യം ആരോപിച്ച് ആകെയുണ്ടായിരുന്ന 252 പൊലീസ് സബ് ഇൻസ്പെക്റ്റർമാരെയും പിരിച്ചു വിട്ടതായും പറയുന്നു.നിലവിൽ ബംഗ്ലാദേശിൽ ഹിന്ദു എസ് ഐ ഇല്ല.

നോവായി ഇസ്കോൺ

ബംഗ്ലാദേശിലെ ഇസ്കോൺ എന്ന ഹിന്ദു സന്യസ്ത സമൂഹവും നിരന്തരം വേട്ടയാടപ്പെടുന്നു.

പുറത്തു വരുന്നതിലും എത്രയോ അധികമാണ് ബംഗ്ലാദേശി ഹൈന്ദവരും ക്രൈസ്തവരും അനുഭവിക്കുന്ന വംശഹത്യാ പീഡനങ്ങൾ! ഏതു മതമെന്നോ ജാതിയെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടും വ്യത്യസ്തമാർന്ന ക്രൂരതകളിലൂടെ മനുഷ്യർ വംശഹത്യയ്ക്ക് ഇരയാകുന്നു. മുമ്പെന്നത്തെക്കാളും 2024ൽ അത് വർധിച്ചിരിക്കുന്നു എന്നു മാത്രം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com