സിഐടിയുവും കരീമും പിന്നെ ആശാ വർക്കർമാരും

അന്നന്നത്തെ അന്നത്തിനു വേണ്ടി ആശാ വർക്കർമാർ നടത്തുന്ന സമരത്തെ നിന്ദിച്ചു കൊണ്ട് സിഐടിയുവും എളമരം കരീമും നടത്തിയ പ്രസംഗം കേരളത്തിന്‍റെ സാമൂഹികബോധത്തിന്മേൽ ആഴമേറിയ മുറിവാണ് സൃഷ്ടിച്ചിരിക്കുന്നത്.
CITU, Elamaram Kareem and Asha workers

സിഐടിയുവും കരീമും പിന്നെ ആശാ വർക്കർമാരും

Updated on

അജ‍യൻ

നാളിതു വരെയുള്ള മനുഷ്യ ചരിത്രമെന്നാൽ വർഗസമരങ്ങളുടെ കൂടെ ചരിത്രമാണ്.... കാൾ മാർക്സിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നുള്ള വാക്കുകൾ‌ പോരാട്ട വീഥികളിൽ ആവശ്യമുള്ളപ്പോഴെല്ലാം എടുത്തുപയോഗിക്കുന്നവരാണ് മാർക്സിസ്റ്റുകൾ. തൊഴിലാളി യൂണിയൻ നേതാവെന്നു പേരു കേട്ട എളമരം കരീവും അദ്ദേഹത്തിന്‍റെ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള വാക്കുകൾ ധാരാളമായി രാഷ്ട്രീയ പ്രസംഗങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതാണ്. അടുത്തിടെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണല്ലോ അദ്ദേഹം കരീമിക്ക എന്ന വിളിപ്പേരു പോലും സ്വീകരിച്ചത്. സ്വയം റീബ്രാൻഡ് ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു അത്. പക്ഷേ, കാലത്തിന്‍റെ കാവ്യനീതി എന്ന പോലെയായിരുന്നു തെരഞ്ഞെടുപ്പു ഫലം..., തിരസ്കാരം!

പക്ഷേ, അതെല്ലാം ഭൂതകാല വിശേഷങ്ങളാണ്. ചരിത്രം അതിന്‍റെ പടം പൊഴിച്ച് കുറച്ചു കൂടി എളുപ്പമുള്ള മറ്റെന്തോ ആയി രൂപാന്തരം പ്രാപിക്കുന്നതിനാണ് വർത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്.

കരീമിന്‍റെ കാര്യം തന്നെയെടുത്താൽ, മാർക്സിയൻ തത്വശാസ്ത്രത്തിന്‍റെയും ധാർമികതയുടെയും ആലഭാരങ്ങളില്ലാതെ, പഴയ മട്ടിലുള്ള രക്താങ്കിതമായ അങ്കികളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു കാലത്ത് വികാരമായി കരുതിയിരുന്ന അതേ സമരങ്ങൾ ഇന്നു വെറും ശല്യമായി മാറിയിരിക്കുന്നു! ആശാ വർക്കർമാരുടെ ആവശ്യങ്ങൾ അവഗണിച്ചു കളയേണ്ടതായിരിക്കുന്നു, അല്ലെങ്കിൽ പരിഹാസ്യവും നികൃഷ്ടവുമായൊരു ബാധയായി മാറിയിരിക്കുന്നു! വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിനു മാത്രമേ ഇങ്ങനെ വരാലിന്‍റെ വഴക്കത്തോടെ നിലപാടുകൾ മാറ്റാനാവൂ.

പക്ഷേ, പാവം കരീമിനെ പഴിക്കുന്നതുമെങ്ങനെ! ഇക്കഴിഞ്ഞ വർഷങ്ങൾക്കിടെ സിപിഎമ്മിനുണ്ടായ വലിയ രൂപാന്തരത്തിന്‍റെ തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലേറി ചരിത്രം സൃഷ്ടിച്ച കാലഘട്ടത്തിന്‍റെ ഉത്പന്നമാണല്ലോ ഈ പുതിയ കരീം. പഴയകാല സമരകാവ്യങ്ങളുപേക്ഷിച്ച്, സൗകര്യപ്രദമായ മറവി എന്ന സങ്കീർണ കലയിൽ പാർട്ടി വിരുതു നേടിയിരിക്കുന്നു.

കേരളത്തിന്‍റെ ആരോഗ്യരംഗം ആഗോളതലത്തിൽ പ്രശസ്തി നേടുമ്പോൾ, അതിനു വേണ്ടി അശ്രാന്തം പരിശ്രമിച്ച ആശാ വർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കൽ സമരത്തിലാണ്. കരീമിന്‍റെ കാഴ്ചയിൽ അവർ ചെയ്ത കുറ്റമെന്താണ്? കേരളത്തിലെ ഇന്നത്തെ ജീവിതസാഹചര്യമനുസരിച്ച് എത്രയോ തുച്ഛമായ 7500 രൂപയെന്ന പ്രതിമാസ ഓണറേറിയത്തിൽ വർധന വേണമെന്ന് ആവശ്യപ്പെട്ടതോ? സർക്കാരിന്‍റെ ദിവസവേതനക്കാർക്കു പോലും ഇതിൽക്കൂടുതൽ ശമ്പളം ലഭിക്കുന്നുണ്ട്.

പാർട്ടിക്കു താത്പര്യമുള്ള കാര്യങ്ങളാണ് കരീം ആവർത്തിക്കുന്നത്. സർക്കാരാണെങ്കിൽ വിശാല മനസ്കതയോടെ അതെല്ലാം പിന്തുടരുകയും ചെയ്യുന്നു. എല്ലാത്തിനുമുപരി പ്രതിച്ഛായ വർധിപ്പിക്കാവുന്നതും, മറ്റനേകം താത്പര്യങ്ങളുടെ പേരിൽ സമ്മർദമുള്ളതുമായ അനേകം കാര്യങ്ങൾ വേറെയുള്ളപ്പോൾ എന്തിനാണ് ഇത്തരം സമരങ്ങളുടെ പേരിൽ ഉറക്കം കളയുന്നത്!

ആശാ വർക്കർമാരുടെ സമരം, മൂന്നാറിൽ സമരം നടത്തിയ പൊമ്പിളൈ ഒരുമൈക്കു തുല്യമാണെന്നാണ് കരീം വിളിച്ചു പറഞ്ഞത്. ആശാ വർക്കർമാരുടെ സമരം അരാഷ്ട്രീയവും അരാജകീയവുമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഈ താരമതമ്യം. ഇതും സൗകര്യപ്രദമായ മറവിയുടെ മറ്റൊരു ഉദാഹരണമെന്നേ പറയാനാകൂ. കാരണം, ഇന്നു പാർട്ടിയുടെ സ്ഥാപകരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ വി.എസ്. അച്യുതാനന്ദൻ മൂന്നാറിലെ സമരത്തിനെ അതിശക്തമായി പിന്തുണച്ചിരുന്നു എന്നത് കരീം മറന്നു എന്നു ഭാവിക്കുകയാണ്. അതു മാത്രമല്ല, വെറുതേ പൊലിഞ്ഞുപോയ ഒന്നായിരുന്നില്ല പൊമ്പിളൈ ഒരുമൈ സമരം. സംസ്ഥാനം എന്നും ഓർക്കുംവിധം, കണ്ണൻ‌ ദേവൻ മലനിരകളിലെ കോർപ്പറെറ്റ് ഗോലിയാത്തായ ടാറ്റയെ മുട്ടുകുത്തിച്ച സമരമായിരുന്നു അത്. പണ്ടു മുതലേ സിപിഎം വാഗ്ദാനം ചെയ്ത മുതലാളിത്ത ചൂഷണത്തിനെതിരായ വിജയം.

ഇന്ന് മുഖമില്ലാത്ത കോർപ്പറെറ്റുകൾക്കെതിരേ മാത്രമല്ല ആശ വർക്കർമാർ സമരം ചെയ്യുന്നത്, നമ്മുടെ ഓരോരുത്തരുടെയും ശീലങ്ങളെയും ഭാഷയെയും നയങ്ങളെയും വിദഗ്ധമായി ആവാഹിച്ചെടുക്കുന്ന ഒരു സർക്കാരിനോടു കൂടിയാണ്. പിഎസ്‌സി അംഗങ്ങൾക്ക് വാരിക്കോരി ശമ്പളം കൊടുക്കുമ്പോഴും ആശ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും?

രണ്ടാം തവണയും ഇടതു സർക്കാർ അധികാരത്തിലേറിയതിന്‍റെ കാരണങ്ങൾ വിസ്മരിക്കാനാവില്ല. നിപ വൈറസ്, കോവിഡ്19 സാഹചര്യങ്ങളെ സർക്കാർ കൈകാര്യം ചെയ്ത രീതി തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്തി. ആ രണ്ടു സാഹചര്യങ്ങളിലും സർക്കാരിനു വേണ്ടി ജനങ്ങൾക്കിടയിൽ നിശബ്ദമായി പൊരുതിയവരായിരുന്നു ആശാ വർക്കർമാർ. അവരാണ് ഇന്ന് അവഗണന ഏറ്റുവാങ്ങി സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരിക്കുന്നത്.

തങ്ങൾ ആർക്കു വേണ്ടി നിശബ്ദം ജോലി ചെയ്തോ, അവർ തന്നെ മാന്യമായ ശമ്പളം നിഷേധിക്കുകയും, അവരോടു തന്നെ ന്യായത്തിനു വേണ്ടി പോരാടേണ്ടി വരുകയും ചെയ്യുന്ന അതിക്രൂരമായ സാഹചര്യമാണ് ആശാ വർക്കർമാർ അഭിമുഖീകരിക്കുന്നത്. പാർട്ടിയുടെ ശബ്ദമായ കരീം ഈ സമരത്തെ കാണുന്നത് നന്ദിയില്ലായ്മയായാണ്. പക്ഷേ, ക്യൂബയ്ക്കു വേണ്ടി പോലും വീടുകളിലും തെരുവുകളിലും ബക്കറ്റുമായി കയറിയിറങ്ങി, പണപ്പിരിവിനെ ഒരു കലയാക്കി മാറ്റിയ പാർട്ടിയെ കേരള ജനത നല്ലവണ്ണം മനസിലാക്കിയിട്ടുണ്ട്.

ഇപ്പോൾ വർഗസമരത്തെ ഇല്ലാതാക്കാൻ ഒരു എളുപ്പവഴി കൂടിയായി, അതിനു സമാന്തരമായി മറ്റൊരു സമരം കൂടി തുടങ്ങുക! ആശാ വർക്കർമാർ അതിജീവനത്തിനായി സമരം ചെയ്യുമ്പോൾ, കേരളത്തിന് അനുവദിച്ച ഫണ്ട് നൽകിയില്ലെന്നാരോപിച്ച് കേന്ദ്രത്തെ വില്ലനാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. പക്ഷേ, ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ കൊടുത്തു തീർക്കാവുന്ന കുറച്ചു ലക്ഷങ്ങൾ മാത്രമേ ഇനി നൽകാൻ ബാക്കിയുള്ളൂ എന്നാണ് കേന്ദ്രം ലോക്സഭയിൽ നൽകിയ മറുപടി. അതും പാർട്ടി സൗകര്യപൂർവം മറക്കുന്നു.

എന്നാൽ, പാർട്ടിയിലെ പരിചയസമ്പന്നരായ നേതാക്കൾ ഈ നടപടി അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. രഹസ്യമായി ഇക്കാര്യം സമ്മതിക്കാനും അവർ തയാറാണ്.

''കേന്ദ്രത്തിനെതിരേ പ്രതിഷേധം നടത്തുമ്പോഴെല്ലാം ഡൽഹിയിലേക്ക് ഞങ്ങളൊരു ഏജന്‍റിനെ അയക്കാറുണ്ട്. പക്ഷേ, ഈ 'ഏജന്‍റിന്' വലിയ ശമ്പള വർധനയാണ് ലഭിക്കുന്നത്. അതിന്‍റെ ഒരു ഭാഗം ആശാ തൊഴിലാളികൾക്ക് നൽകിയിരുന്നെങ്കിൽ പോലും, ഈ പ്രശ്നം ഇപ്പോൾ പരിഹരിക്കാമായിരുന്നു'' എന്നാണ് ഒരു നേതാവ് രഹസ്യമായി വെളിപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com