

ശുചീകരണ തൊഴിലാളികളുടെ സുരക്ഷ, ക്ഷേമം, അന്തസ്
ഡോ. വീരേന്ദ്ര കുമാർ
ശുചിത്വവും ആരോഗ്യവുമുള്ള ഒരു രാഷ്‌ട്രത്തിന്‍റെ അടിത്തറ ദിവസേന അവശ്യ ശുചീകരണ സേവനങ്ങൾ നിർവഹിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളിലാണ്. ദുഷ്കരവും അപകട സാധ്യതയുള്ളതുമായ സാഹചര്യങ്ങളിലാണ് അവർ ഈ സേവനങ്ങൾ നിർവഹിക്കുന്നത്. പൊതുജനാരോഗ്യം, ശുചിത്വം, നമ്മുടെ നഗരങ്ങളുടെയും സമൂഹങ്ങളുടെയും പ്രവർത്തനം എന്നിവയിൽ അവരുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. അതിനാൽ, അവരുടെ സുരക്ഷയും ക്ഷേമവും അന്തസും ഉറപ്പാക്കുക കേവലം സാമൂഹിക ഉത്തരവാദിത്തം മാത്രമല്ല; ഏവരെയും ഉൾക്കൊള്ളുന്നതും മാനുഷികവുമായ ഒരു സമൂഹം വാർത്തെടുക്കുന്നതിന്‍റെ അത്യന്താപേക്ഷിതമായ ഭാഗം കൂടിയാണ്.
ഇതു തിരിച്ചറിഞ്ഞ്, നാഷണൽ ആക്‌ഷൻ ഫോർ മെക്കാനൈസ്ഡ് സാനിറ്റേഷൻ ഇക്കോസിസ്റ്റം (നമസ്തേ) വഴിയും നാഷണൽ സഫായി കർമചാരിസ് ഫിനാൻസ് ആൻഡ് ഡവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ സാമ്പത്തിക സഹായ പദ്ധതികൾ വഴിയും ശുചീകരണ തൊഴിലാളികളുടെ ജീവനും ഉപജീവനമാർഗവും സംരക്ഷക്കാൻ കേന്ദ്ര ഗവൺമെന്‍റ് സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കൈകൾ കൊണ്ടുള്ള അപകടകരമായ രീതികളിൽ നിന്ന് സുരക്ഷിതവും കൂടുതൽ മാന്യവുമായ ശുചീകരണ സംവിധാനത്തിലേക്കുള്ള നിർണായകമായ മാറ്റത്തെ ഈ ഇടപെടലുകൾ പ്രതിനിധീകരിക്കുന്നു. യന്ത്രവത്കരണം, തൊഴിൽ സുരക്ഷ, ആരോഗ്യ പരിരക്ഷ , നൈപുണ്യ വികസനം, സുസ്ഥിര ഉപജീവന മാർഗങ്ങൾ എന്നിവയിൽ അധിഷ്ഠിതമായാണ് ഈ സംവിധാനം സൃഷ്ടിച്ചിരിക്കുന്നത്.
സുരക്ഷിതമായ ശുചിത്വസംവിധാനം കെട്ടിപ്പടുക്കൽ
അപകടകരമായ രീതിയിൽ ഓടകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്ന രീതി അവസാനിപ്പിച്ച് അത്തരം തൊഴിലുകളിലെ മരണ സാഹചര്യം നിർമാർജനം ചെയ്യുക എന്നതാണ് "നമസ്തേ' പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശുചീകരണ തൊഴിലാളികളെ ഔപചാരിക തൊഴിൽ മേഖലയിൽ അംഗീകരിക്കുകയും, അവർക്ക് സുരക്ഷാ ഉപകരണങ്ങൾ, തൊഴിലധിഷ്ഠിത പരിശീലനം, ആരോഗ്യ പരിരക്ഷ, ജീവനമാർഗ അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഒരു തൊഴിലാളിയും അപകടകരമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാൻ യന്ത്രങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ഉപയോഗം നമസ്തേ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഓടകൾ, സെപ്റ്റിക് ടാങ്ക് ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന 91,000ത്തിലധികം തൊഴിലാളികളുടെ പ്രൊഫൈലുകൾ തയാറാക്കിയിട്ടുണ്ട്. ഇതിൽ 90,000ത്തിലധികം പേരുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ചു. 87,000ത്തിലധികം തൊഴിലാളികൾക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) അടങ്ങിയ കിറ്റുകൾ നൽകിയിട്ടുണ്ട്. കൂടാതെ ഏകദേശം 77,000 തൊഴിലാളികളെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ പരിരക്ഷയിൽ കൊണ്ടുവന്നു.
തൊഴിലാളികളുടെ വിവര ശേഖരണവും സ്ഥിരീകരണവും അവരുടെ പ്രൊഫൈൽ തയാറാക്കുന്നതുമടങ്ങുന്ന ഈ പ്രക്രിയ വളരെ പ്രധാനമാണ്; കാരണം ഇത് അവർക്ക് ഔപചാരിക മേഖലകളിൽ അംഗീകാരം നൽകുകയും ഗവൺമെന്‍റിന്‍റെ ക്ഷേമ, സാമൂഹിക സുരക്ഷാ പദ്ധതികൾ ലഭ്യമാക്കുന്നതിനുള്ള വഴി തുറക്കുകയും ചെയ്യുന്നു. തൊഴിലാളികളുടെ ആവശ്യങ്ങൾ മനസിലാക്കാനും തൊഴിൽ സുരക്ഷ, ആരോഗ്യ പരിരക്ഷ, പരിശീലനം, ജീവനമാർഗങ്ങൾ എന്നിവയിൽ അനുയോജ്യമായ ഇടപെടലുകൾ നടത്താനും നിർവഹണ ഏജൻസികളെ ഇത് പ്രാപ്തരാക്കുന്നു.
സ്ഥാപനപരമായ സജ്ജീകരണങ്ങളും പ്രധാനമാണ്. വലിയ മുൻസിപ്പൽ കോർപ്പറേഷനുകളിലും ജില്ലകളിലും സ്ഥാപിച്ചിട്ടുള്ള അടിയന്തര ശുചീകരണ പ്രതികരണ യൂണിറ്റുകളിലേക്ക് 750ലധികം സുരക്ഷാ ഉപകരണങ്ങൾ നൽകി. ഈ യൂണിറ്റുകൾ അടിയന്തര പ്രതികരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും ഓടകൾ, സെപ്റ്റിക് ടാങ്കുകൾ എന്നിവ സുരക്ഷിതമായും യന്ത്രവത്കൃതമായും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അവബോധം സൃഷ്ടിക്കലും പെരുമാറ്റ രീതിയിലെ മാറ്റങ്ങളുമാണ് മറ്റൊരു പ്രധാന ഘടകം. ഓടകളും സെപ്റ്റിക് ടാങ്കുകളും അപകടനിലയിൽ വൃത്തിയാക്കുന്നത് തടയാൻ രാജ്യത്തുടനീളം 1,600ലധികം ശിൽപ്പശാലകൾ സംഘടിപ്പിച്ചു.
യന്ത്രവത്കരണം
ശുചീകരണ ജോലികളിൽ പരിവർത്തനം കൊണ്ടുവരുന്നതിൽ യന്ത്രവത്കരണം നിർണായകമാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് സുരക്ഷിതമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് ഒരു തൊഴിലാളിയും അഴുക്കുചാലിലോ സെപ്റ്റിക് ടാങ്കിലോ നേരിട്ട് ഇറങ്ങി ജോലി ചെയ്യേണ്ടി വരരുത്. അതിനാൽ, ശുചീകരണ തൊഴിലാളികൾക്ക് ശുചിത്വവുമായി ബന്ധപ്പെട്ട യന്ത്രങ്ങളുടെയും വാഹനങ്ങളുടെയും ഉടമകളും ഓപ്പറേറ്റർമാരുമാകാൻ സാധിക്കുന്ന തരത്തിൽ കേന്ദ്ര ഗവൺമെന്‍റ് സാമ്പത്തിക സഹായം നൽകിവരുന്നു. 370ലധികം ശുചീകരണ വാഹനങ്ങൾ വാങ്ങാൻ ഏകദേശം 1,000 ശുചീകരണ തൊഴിലാളികൾക്കായി 35 കോടി രൂപയുടെ മുൻകൂർ മൂലധന സബ്സിഡി അനുവദിച്ചിട്ടുണ്ട്. ഈ സഹായം ഉപകരണങ്ങൾ നൽകുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അപകടകരമായ അധ്വാനത്തിൽ നിന്ന് യന്ത്രവത്കൃത ശുചീകരണ സേവനങ്ങൾ, സംരംഭകത്വം, സുസ്ഥിര വരുമാന മാർഗം എന്നിവയിലേക്ക് മാറാൻ ഇത് തൊഴിലാളികളെ സഹായിക്കുന്നു.
ശുചീകരണ തൊഴിലാളികളെ കേവലം ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരായിട്ടല്ല, വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളായും സേവനദാതാക്കളായും സംരംഭകരായും അംഗീകരിക്കുക എന്നതാണ് ഇതിന്‍റെ വലിയ ലക്ഷ്യം. ശുചീകരണ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും ഉടമസ്ഥാവകാശം തൊഴിലിടത്തിലെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം സാമ്പത്തിക സ്വാതന്ത്ര്യത്തിനും ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്കുമുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് ശാക്തീകരണത്തിന്‍റെ യഥാർഥ അന്തഃസത്ത. സഹായം നൽകുക എന്നതിൽ മാത്രം ഒതുങ്ങാതെ, വ്യക്തികൾക്കും കുടുംബങ്ങൾക്കും സുരക്ഷിതവും അന്തസുറ്റതുമായ ഉപജീവനമാർഗങ്ങൾ കെട്ടിപ്പടുക്കാൻ ആവശ്യമായ സാഹചര്യങ്ങളും മാർഗങ്ങളും സൃഷ്ടിക്കുക.
ക്ഷേമപദ്ധതികൾ വ്യാപിപ്പിക്കൽ
ശുചീകരണവും വൃത്തിയുമെന്നത് അഴുക്കുചാലുകളുടെയും സെപ്റ്റിക് ടാങ്കുകളുടെയും വൃത്തിയാക്കലിൽ മാത്രം ഒതുങ്ങുന്നില്ല. മാലിന്യം ശേഖരിക്കുകയും തരംതിരിക്കുകയും പുനഃചംക്രമണം ചെയ്യാവുന്നവ തിരിച്ചെടുക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന മാലിന്യശേഖരണ തൊഴിലാളികളും അനിവാര്യമായ പൊതുസേവനമാണ് നിർവഹിക്കുന്നത്. എന്നിരുന്നാലും, ദീർഘകാലമായി ഇവരിൽ പലരും മതിയായ അംഗീകാരമോ തൊഴിൽപരമായ സംരക്ഷണമോ സാമൂഹിക സുരക്ഷാ പരിരക്ഷയോ ഇല്ലാതെയാണ് ജോലി ചെയ്തുവരുന്നത്.
അവരുടെ സംഭാവനകൾ തിരിച്ചറിഞ്ഞ്, ഖരമാലിന്യ സംസ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന മാലിന്യശേഖരണ തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനായി 2024ൽ കേന്ദ്ര ഗവൺമെന്‍റ് നമസ്തേ പദ്ധതി വിപുലീകരിച്ചു. വിവര ശേഖരണം, തൊഴിൽപരമായ സുരക്ഷാ നടപടികൾ, ആരോഗ്യ പരിരക്ഷ, നൈപുണ്യ വികസനം, ഉപജീവന പിന്തുണ എന്നിവയിലൂടെ അവർക്ക് കൂടുതൽ സുരക്ഷിതവും മാന്യവും സുസ്ഥിരവുമായ ഉപജീവനമാർഗങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
വിപുലീകരിച്ച പദ്ധതിയുടെ ഭാഗമായി 3.80 ലക്ഷത്തിലധികം മാലിന്യശേഖരണ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതിൽ ഏകദേശം 2.60 ലക്ഷം പേരുടെ വിവരങ്ങൾ ഇകെവൈസി വഴി സാധൂകരിച്ചിട്ടുണ്ട്. 1.30 ലക്ഷത്തിലധികം മാലിന്യശേഖരണ തൊഴിലാളികൾക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി. 1.20 ലക്ഷത്തിലധികം പേരുടെ വിവരങ്ങൾ ആയുഷ്മാൻ കാർഡുകൾ തയാറാക്കാനായി സമാഹരിച്ചു.
നമസ്തേ പദ്ധതിയുടെ കീഴിൽ മാലിന്യശേഖരണ തൊഴിലാളികളെ ഉൾപ്പെടുത്തിയത് ചാക്രിക സമ്പദ് വ്യവസ്ഥയിലും ഖരമാലിന്യ സംസ്കരണത്തിലും അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കുന്ന പ്രധാന ചുവടുവയ്പ്പാണ്. തിരിച്ചറിയൽ രേഖകൾ, തൊഴിൽപരമായ സുരക്ഷ, ആരോഗ്യ പരിരക്ഷ, മറ്റ് ക്ഷേമ നടപടികൾ എന്നിവയുമായി അവരെ ബന്ധിപ്പിക്കാനും കൂടുതൽ സുസ്ഥിരമായ ഉപജീവന മാർഗങ്ങളിലേക്കുള്ള വഴികൾ തുറക്കാനും ഇത് സഹായിക്കുന്നു.
സാമ്പത്തികശാക്തീകരണം
സുരക്ഷയ്ക്കും മാന്യതയ്ക്കും ഒപ്പം സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കേണ്ടതുണ്ട്. വരുമാനം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ, സംരംഭകത്വം, നൈപുണ്യ വികസനം, ശുചീകരണവുമായി ബന്ധപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും സ്വന്തമാക്കൽ എന്നിവയ്ക്കായി ഇളവുകളോടെയുള്ള സാമ്പത്തിക സഹായം നൽകുന്നതിലൂടെ ദേശീയ സഫായി കർമചാരീസ് ഫിനാൻസ് ആൻഡ് ഡവലപ്‌മെന്‍റ് കോർപ്പറേഷൻ (എൻഎസ്കെഎഫ്ഡിസി) ഈ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. കേന്ദ്ര ഗവൺമെന്‍റിന്‍റെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് എൻഎസ്കെഎഫ്ഡിസി.
2014-15 മുതൽ 2025-26 വരെയുള്ള കാലയളവിൽ എൻഎസ്കെഎഫ്ഡിസി2,383 കോടി രൂപയിലധികം സാമ്പത്തിക സഹായം അനുവദിച്ചു. ഇതിലൂടെ 3.42 ലക്ഷത്തിലധികം പേർക്ക് പ്രയോജനം ലഭിച്ചു. 2014-15ൽ 19,000ത്തിലധികം ഗുണഭോക്താക്കൾക്കായി 134 കോടി രൂപയിലധികം സാമ്പത്തിക സഹായം നൽകിയതിൽനിന്ന്, 2025– 26ൽ ഏകദേശം 29,000 പേർക്ക് പ്രയോജനം ലഭിക്കുന്ന വിധത്തിൽ 223 കോടി രൂപയിലധികമായി സാമ്പത്തിക സഹായം വർധിച്ചു. കുറഞ്ഞ നിരക്കിലുള്ള വായ്പാ സൗകര്യം, മൂലധന സബ്‌സിഡി, ഉപജീവന പിന്തുണ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഗുണഭോക്താക്കൾക്ക് ഉത്പാദനക്ഷമമായ ആസ്തികൾ സ്വന്തമാക്കാനും സംരംഭങ്ങൾ സ്ഥാപിക്കാനും സുസ്ഥിര വരുമാന സ്രോതസുകൾ സൃഷ്ടിക്കാനും എൻഎസ്കെഎഫ്ഡിസിസഹായിക്കുന്നു.
സഫായി കർമചാരികൾക്ക് അംഗീകാരം നൽകൽ
സാമ്പത്തിക, സ്ഥാപനപരമായ പിന്തുണ പോലെ തന്നെ പ്രധാനമാണ് ബഹുമാനവും അംഗീകാരവും. തികച്ചും സവിശേഷമായ ഇത്തരത്തിലുള്ള ആദ്യ സംരംഭമെന്ന നിലയിൽ, ദേശീയ സഫായി കർമചാരി കമ്മീഷൻ (എൻസിഎസ്കെ) ഓഗസ്റ്റ് 23ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ അതിന്‍റെ 33ാമത് സ്ഥാപക ദിനം ആഘോഷിച്ചു. കേന്ദ്ര- സംസ്ഥാന ഗവൺമെന്‍റുകൾ, കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണകൂടങ്ങൾ, നഗര- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പൗര സമൂഹ സംഘടനകൾ എന്നിവരുടെ പ്രതിനിധികൾക്കൊപ്പം 900ലധികം സഫായി കർമചാരികൾ ഈ പരിപാടിയിൽ പങ്കെടുത്തു. ആ അവസരത്തിൽ 250 സഫായി കർമചാരികളെ പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു. പരാതികളും നിവേദനങ്ങളും രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് സൗകര്യമൊരുക്കുന്ന എൻസിഎസ്കെ മിസ്ഡ് കോൾ സൗകര്യം (8047359520) ആരംഭിക്കുകയും ചെയ്തു. സാമ്പത്തിക സഹായം കൊണ്ടുമാത്രമല്ല അന്തസ് നിർണയിക്കപ്പെടുന്നത് എന്നതിനാൽ ഇത്തരം സംരംഭങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.
"സഫായി മിത്ര സുരക്ഷ ഏവം സമ്മാൻ'
ദേശീയതലത്തിലുള്ള "സഫായി മിത്ര സുരക്ഷ ഏവം സമ്മാൻ' ശിബിരം ഡൽഹിയിൽ അടുത്തിടെ ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 3,800ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും പങ്കെടുത്തു. നമ്മുടെ സഫായി മിത്രമാരുടെ അന്തസും മൂല്യവും അവരോടുള്ള ആദരവും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭം സംഘടിപ്പിച്ചത് .
ഈ ദേശീയ ശിബിരത്തിന്‍റെ ഭാഗമായി, ആകെ 2,24,521 ഗുണഭോക്താക്കൾ നമസ്തേ കാർഡുകൾ ഡൗൺലോഡ് ചെയ്തു. ആരോഗ്യ പരിരക്ഷയും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി 57,967 ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്തു.
വിവിധ ഗവൺമെന്‍റ് പദ്ധതികളുടെ കീഴിൽ 1,53,253 രജിസ്‌ട്രേഷനുകൾ നടത്തുന്നതിനും ഈ ശിബിരം സൗകര്യമൊരുക്കി. ഇതിലൂടെ ഗുണഭോക്താക്കൾക്ക് ക്ഷേമ, സാമൂഹിക സുരക്ഷാ നടപടികളുമായി ബന്ധപ്പെടാൻ സാധിച്ചു. തൊഴിൽപരമായ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി, പങ്കെടുത്ത വിവിധ കേന്ദ്രങ്ങളിലായി സഫായിമിത്രമാർക്ക് 1.28 ലക്ഷത്തിലധികം വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ അടങ്ങിയ കിറ്റുകൾ (പിപിഇ) വിതരണം ചെയ്തു.
സംരക്ഷണത്തിൽ നിന്ന് അവസരങ്ങളിലേക്ക്
ശുചീകരണ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഗവൺമെന്‍റിന്‍റെ സമീപനം സമഗ്രമാണ്. തൊഴിലാളികളെ കുറിച്ചുള്ള വിവരശേഖരണം അവർക്ക് അംഗീകാരം നൽകുകയും ലക്ഷ്യബോധത്തോടെയുള്ള ഇടപെടലുകൾക്കുള്ള അടിത്തറ സൃഷ്ടിക്കുകയും ചെയ്യുന്നു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ സാമൂഹിക സുരക്ഷയ്ക്ക് പ്രധാന സംരക്ഷണം നൽകുന്നു.
ശുചീകരണ ജോലിയുടെ സ്വഭാവത്തിൽത്തന്നെ മാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അപകടകരമായ ജോലികൾ കൂടുതൽ സുരക്ഷിതമാക്കുക എന്നത് മാത്രമല്ല ലക്ഷ്യം. അപകടകരമായ രീതികൾ ഇല്ലാതാക്കുക, യന്ത്രവത്കൃതവും നൈപുണ്യാധിഷ്ഠിതവുമായ ശുചീകരണ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുക, അന്തസുറ്റ ഉപജീവനമാർഗങ്ങളിലേക്കുള്ള പാത സൃഷ്ടിക്കുക എന്നിവയും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു
സുരക്ഷിതവും മാന്യവുമായ ഭാവി
ശുചീകരണ ജോലികളുടെ പരിവർത്തനം അതിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യരെ കേന്ദ്രീകരിച്ചുള്ളതാണ് . നമ്മുടെ സമൂഹങ്ങളെ വൃത്തിയായി നിലനിർത്താൻ ഒരു ശുചീകരണ തൊഴിലാളിക്കും സ്വന്തം ജീവൻ അപകടത്തിലാക്കേണ്ടി വരാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. ആരോഗ്യ പരിരക്ഷ, സാമൂഹിക സുരക്ഷ, സുരക്ഷിത തൊഴിൽ സാഹചര്യങ്ങൾ, സാമ്പത്തിക അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനെക്കുറിച്ചാണിത്. എല്ലാറ്റിനുമുപരി, രാഷ്‌ട്രത്തിന്‍റെ ശുചിത്വത്തിനും ക്ഷേമത്തിനും സംഭാവന നൽകുന്ന ഓരോ വ്യക്തിയുടെയും അന്തസ് അംഗീകരിക്കുന്നതിനെക്കുറിച്ചാണ് ഇത് സംവദിക്കുന്നത്.
നമസ്തേ പദ്ധതിയും ദേശീയ സഫായി കർമചാരീസ് ഫിനാൻസ് ആൻഡ് ഡവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ സാമ്പത്തിക സഹായ, ഉപജീവന പദ്ധതികളും ഈ പരിവർത്തനത്തിലെ പ്രധാന ഉപാധികളാണ്. അവ സുരക്ഷയെ സാമൂഹിക സംരക്ഷണവുമായും യന്ത്രവത്കരണത്തെ സംരംഭകത്വവുമായും ക്ഷേമത്തെ ശാക്തീകരണവുമായും വിളക്കിച്ചേർക്കുന്നു.
വൃത്തിയുള്ളതും ആരോഗ്യകരവും ഏവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാവിയിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ, നമ്മുടെ പ്രതിജ്ഞാബദ്ധത അചഞ്ചലമായിരിക്കണം: രാജ്യത്തെ ശുചിയായി സൂക്ഷിക്കുന്നവർക്ക് മാന്യതയോടും സുരക്ഷിതത്വത്തോടും അവസരങ്ങളോടും കൂടി ജീവിക്കാനും ജോലി ചെയ്യാനും കഴിയണം.
(കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് മന്ത്രിയാണ് ലേഖകൻ)