ഈ സമരം അവകാശസംരക്ഷണത്തിന്...

കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിലെ ജന്തർ മന്ദറിൽ കേരള മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു.
CM Pinarayi Vijayan
CM Pinarayi VijayanFile

##പിണറായി വിജയൻ, മുഖ്യമന്ത്രി

കേരളത്തിന്‍റെ അതിജീവനത്തിനും മുന്നോട്ടുപോക്കിനും അനിവാര്യമായ മാര്‍ഗം എന്ന നിലയിലാണ് ഇന്നത്തെ പ്രക്ഷോഭം. ചരിത്രത്തില്‍ അധികം കീഴ്‌ വഴക്കങ്ങളില്ലാത്ത ഈ പ്രക്ഷോഭത്തിന്‍റെ മാര്‍ഗം തെരെഞ്ഞെടുക്കേണ്ടിവന്നത് മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതിനാൽ മാത്രമാണ്. കേരളത്തിന്‍റെ മാത്രമല്ല, പൊതുവില്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പ്രക്ഷോഭമാണിത്.

ഒരാളെയും തോല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഈ സമരം. അര്‍ഹതപ്പെട്ടത് നേടിയെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. രാജ്യമാകെ ഈ സമരത്തിന് പിന്തുണയുമായി കേരളത്തോടൊപ്പം നിലകൊള്ളുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇതിനെ കക്ഷി രാഷ്ട്രീയ നിറം നല്‍കി കാണാന്‍ ശ്രമിക്കരുത്. സഹകരണ ഫെഡറലിസം നമ്മുടെ പ്രഖ്യാപിത ആദര്‍ശമാണ്. ഈ ആശയത്തിന്‍റെ അന്തഃസത്ത അടുത്ത കാലത്തെ ചില കേന്ദ്ര നടപടികളിലൂടെ ചോര്‍ന്നുപോയിരിക്കുന്നു.

ഭരണഘടനാ വിരുദ്ധ സമീപനം

കേരളം ധന ഉത്തരവാദിത്വ നിയമം പാസ്സാക്കിയ സംസ്ഥാനമാണ്. 2019 -20, 2020 -21 സാമ്പത്തിക വര്‍ഷങ്ങളില്‍ ധനക്കമ്മി ഈ നിയമത്തില്‍ നിഷ്കര്‍ഷിച്ച പരിധിക്കുള്ളില്‍ കേരളം നിലനിര്‍ത്തിയിട്ടുണ്ട്. 2020-21ല്‍ കൊവിഡ് 19 ന്‍റെ അസാധാരണ സാഹചര്യത്തില്‍ ധനക്കമ്മിയുടെ പരിധി രാജ്യമാകെ ആഭ്യന്തര വരുമാനത്തിന്‍റെ 3% ല്‍ നിന്നും 5% മായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.

നിയമപ്രകാരം തന്നെ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ നിലനില്‍ക്കെയാണ് കേന്ദ്ര ധനമന്ത്രാലയം ചില പുതിയ നിബന്ധനകള്‍ അടിച്ചേല്‍പ്പിച്ചത്. 2022 മാര്‍ച്ച് 31 ന് കേന്ദ്രധനമന്ത്രാലയം ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ അയച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതിയുടെ നിശ്ചിത വിഹിതം നല്‍കുന്ന സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകള്‍ ആകെ സംസ്ഥാന സര്‍ക്കാരിന്‍റെ വായ്പകളായി കണക്കാക്കുമെന്നാണ് അതിലെ ഉള്ളടക്കം. തത്തുല്യമായ തുക സംസ്ഥാനത്തിന്‍റെ കമ്പോള വായ്പാപരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്നും അതില്‍ വ്യക്തമാക്കി. ഇത് 15-ാം ധനകാര്യ കമ്മിഷന്‍റെ ശുപാര്‍ശകളില്‍ ഇല്ലാത്ത ഒന്നാണ്. ഇത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ നടപടി വഴി കിഫ്ബി, കെ എസ് എസ് പി എല്‍ (പെന്‍ഷന്‍ കമ്പനി) തുടങ്ങിയ സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ എടുത്ത വായ്പകളെ കൂടി സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ മുന്‍കാല പ്രാബല്യത്തോടെ ഉള്‍പ്പെടുത്തുകയാണ്.

കിഫ്ബി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയുടെ വായ്പകള്‍ എന്നിവയുടെയെല്ലാം പേരില്‍ വായ്പാ പരിധിയില്‍ വന്‍തോതില്‍ വെട്ടിക്കുറവ് വരുത്തി. 2021 -22 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 12,000 ത്തോളം കോടി രൂപയാണ് വെട്ടിക്കുറച്ചത്. അടുത്ത സാമ്പത്തിക വര്‍ഷങ്ങളിലും ഈ വെട്ടിക്കുറവ് തുടരുകയാണ്. നടപ്പുവര്‍ഷത്തില്‍ 7000 കോടി രൂപയുടെ വെട്ടിക്കുറയ്ക്കലാണ് ഉണ്ടായത്.

സംസ്ഥാനത്തിന് അനുവദനീയമായ കടമെടുപ്പ് പരിധിയില്‍ പബ്ലിക് അക്കൗണ്ടില്‍ നിന്നുള്ള തുകകളെ കൂടി ഉള്‍പ്പെടുത്തി വെട്ടിച്ചുരുക്കലുകള്‍ 2017 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കികേന്ദ്രം നടപ്പിലാക്കി വരികയുമാണ്. ഇതുമൂലം 12,000 കോടി രൂപയാണ് സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ നിന്നും വെട്ടിക്കുറച്ചത്.

സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ല. ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും ധനകമ്മിഷന്‍റെ നിപാടിന് വിരുദ്ധവുമായ ഈ നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

ഗ്രാന്‍റുകളും കേന്ദ്രാവിഷ്കൃത പദ്ധതികളും

കേന്ദ്രസംസ്ഥാന ധനകാര്യ ബന്ധങ്ങളിലെ പ്രധാന ഘടകമാണ് ഗ്രാന്‍റുകള്‍. ധന കമ്മിഷന്‍ ശുപാര്‍ശ പ്രകാരം വീതം വയ്ക്കപ്പെടുന്ന നികുതി വിഹിതത്തിന് പുറമെയാണ് ഇവ. ഗ്രാന്‍റുകളില്‍ കേന്ദ്രാവിഷ്കൃതപദ്ധതികളിലെ ഗ്രാന്‍റ് സുപ്രധാനമാണ്. സംസ്ഥാന വിഷയങ്ങളിലാണ് മിക്ക കേന്ദ്രാവിഷ്കൃത പദ്ധതികളും നടപ്പിലാക്കപ്പെടുന്നത്. പക്ഷേ ഈ പദ്ധതികളുടെ സൂക്ഷ്മ ഘടന വരെ തീരുമാനിക്കുന്നത് ഡല്‍ഹിയിലെ മന്ത്രാലയങ്ങളാണ്. ഇത് തന്നെ ഫെഡറലിസത്തിന് കടകവിരുദ്ധമാണ്. ഇപ്പോള്‍ അടിച്ചേല്‍പ്പിക്കുന്ന ബ്രാന്‍ഡിങ് ജനാധിപത്യവ്യവസ്ഥയോടുള്ള വെല്ലുവിളി കൂടിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗണ്യമായ അധിക വിഹിതം നല്‍കിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം ജനുവരി 22വരെ 3,71,934 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,751 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ 72,000 രൂപ വീതമുള്ള സഹായം ലഭിച്ചത്. ലൈഫ് മിഷന് വേണ്ടി ഇതിനകം ആകെ ചെലവിട്ടത് 17,104.87 കോടി രൂപയാണ്. അതില്‍ കേന്ദ്രം നല്‍കിയത് 2081 കോടി രൂപ. അതായത് വെറും 12.17 ശതമാനം. ബാക്കി 87.83 ശതമാനം തുക നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ ഒരു ബ്രാന്‍ഡിംഗിനും തയാറല്ല. കാരണം ഒരോരുത്തരുടെയും വീട് ആരുടെയും ഔദാര്യമല്ല അവകാശമാണ് എന്നാണ് ഞങ്ങളുടെ നിലപാട്. എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ കേന്ദ്ര പദ്ധതിയുടെ ബോര്‍ഡ് വെക്കണം അല്ലെങ്കില്‍ കേന്ദ്രം നല്‍കുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്നാണ് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്.

നികുതി വിഹിതത്തിലെ കുറവ്

ഗ്രാന്‍റുകളും മറ്റും ധനകാര്യ കമ്മിഷന്‍റെ ധനസഹായത്തിന്‍റെ 20 ശതമാനത്തില്‍ താഴെ മാത്രമേ വരൂ. 80 ശതമാനവും നികുതി വിഹിതമാണ്. 10-ാം ധനകാര്യ കമ്മീഷന്‍റെ കാലത്ത് അത് ഡിവിസിബിള്‍ പൂളിന്‍റെ 3.8 ശതമാനമായിരുന്നത് 14-ാം ധനകാര്യ കമ്മിഷന്‍ കാലത്ത് 2.5 ശതമാനമായി കുറഞ്ഞു. 15-ാം ധനകാര്യ കമ്മിഷന്‍റെ കാലത്തത് വീണ്ടും കുറഞ്ഞ് 1.9 ശതമാനമായി. സംസ്ഥാനങ്ങള്‍ തമ്മില്‍ പ്രതിശീര്‍ഷ വരുമാനത്തിലുള്‍പ്പെടെ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്. ജനസംഖ്യാവർധനയുടെ കാര്യത്തിലും ഇതുണ്ട്. വലിയ സാമ്പത്തിക ചെലവ് സഹിച്ച് കേരളമടക്കം നേടിയ നേട്ടങ്ങള്‍ ഇന്ന് നികുതി വിഹിതത്തില്‍ തിരിച്ചടിക്ക് കാരണമാകുന്ന ദുരവസ്ഥയാണ്.

ജിഎസ്ടി നടപ്പാക്കുമ്പോള്‍, സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ നികുതി അവകാശങ്ങളുടെ 44 ശതമാനമാണ് അടിയറവ് വയ്ക്കേണ്ടിവന്നത്. എന്നാല്‍ കേന്ദ്രത്തിന് നഷ്ടമായത് 28 ശതമാനം നികുതി അവകാശം മാത്രമാണ്. എന്നാല്‍ ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വരുമാനത്തിന്‍റെ 50 ശതമാനം കേന്ദ്രത്തിനും 50 ശതമാനം സംസ്ഥാനത്തിനും എന്ന രീതിയില്‍ പങ്ക് വെയ്ക്കപ്പെട്ടു. ഇതിലൂടെ സംസ്ഥാനത്തിന് അടിയറവ് പറയേണ്ടി വന്ന നികുതി വരുമാനത്തേക്കാള്‍ കുറഞ്ഞവരുമാനമാണ് ലഭ്യമായിത്തുടങ്ങിയത്. അതായത്, ജിഎസ്ടി വന്നപ്പോള്‍ ഉണ്ടായ നികുതി നഷ്ടത്തേക്കാള്‍ കുറവാണ് ജിഎസ്ടി മൂലം ഉണ്ടായ വരുമാനം.

മേല്‍ സൂചിപ്പിച്ചതുപോലെ നമ്മുടെ കേന്ദ്രനികുതി വിഹിതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പൂര്‍ണമല്ലെങ്കിലും ചെറിയ ആശ്വാസമായിരുന്നു 2020 -21 മുതല്‍ 2023 -24 വരെ ലഭിച്ച റവന്യൂ കമ്മി ഗ്രാന്‍റുകള്‍. അതും ഇല്ലാതാകുകയാണ്.

മറ്റു വിഷയങ്ങള്‍

കേരളം എല്ലാ മേഖലയിലും അവഗണിക്കപ്പെടുകയാണ്. പുതിയ പദ്ധതികള്‍ അനുവദിക്കുന്നില്ല. ഈ കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ കേരളത്തിന്‍റെ പേര് പരാമര്‍ശിക്കുന്നത് പോലും പരിമിതമാകുന്ന ദുരവസ്ഥയിലേക്ക് അവഗണന വളര്‍ന്നിരിക്കുന്നു. സംസ്ഥാനത്തിന്‍റെ ദീര്‍ഘകാല ആവശ്യമായ എയിംസിന് ഒരു പരിഗണനയും കിട്ടിയിട്ടില്ല. എല്ലാ യോഗ്യതയുമുണ്ടായിട്ടും, ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറിയിട്ടും കേന്ദ്രബഡ്ജറ്റില്‍ ഇത്തവണയും പരിഗണിച്ചില്ല.

ദേശീയ തലത്തില്‍ എയര്‍പോര്‍ട്ടുകള്‍ ലേലത്തില്‍ വച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം എയര്‍ പോര്‍ട്ടിന്‍റെ നടത്തിപ്പ് സംസ്ഥാനത്തിന് കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലേലത്തില്‍ ക്വാട്ട് ചെയ്ത ഉയര്‍ന്ന തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ഇതവഗണിച്ച് വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് തീറെഴുതി നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയാറായത്.

സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോറായ കെ റെയിലിന് (സില്‍വര്‍ലൈന്‍) സമാനമായ പദ്ധതികളെ രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് മാത്രം കടുത്ത വിവേചനം കാട്ടുകയാണ്. കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കി മാറ്റിയില്ലെങ്കില്‍ കേന്ദ്രസഹായം നിഷേധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

Trending

No stories found.

Latest News

No stories found.