

വി.ഡി. സതീശനും പിണറായി വിജയനും
file photo
AI generated summary, newsroom reviewed
അജയൻ
വയോജനങ്ങൾക്കായുള്ള ബിൽ വി.ഡി. സതീശൻ സർക്കാർ അവതരിപ്പിച്ച ദിവസംതന്നെ, എൺപതു വയസ് പിന്നിട്ട പിണറായി വിജയന് സിഎംആർഎൽ കേസിൽ ഹൈക്കോടതിയിൽ സഹായഹസ്തം നീട്ടിയെന്നു തോന്നിയത് യാദൃച്ഛികമാകാം. പക്ഷേ, പ്രതിപക്ഷത്തുനിന്ന് ഇറങ്ങി നാലു മാസം കഴിഞ്ഞപ്പോഴേക്കും, പിണറായിക്കെതിരേ ഉയർത്തിയ രൂക്ഷമായ ആരോപണങ്ങളെല്ലാം കോൺഗ്രസ് മറന്നതുപോലെയാണ്. യുഡിഎഫിന്റെ ഉജ്ജ്വല വിജയത്തിന് ഇപ്പോൾ ഒരു കയ്പുരസമുണ്ട്. ജനം ആവശ്യപ്പെട്ടത് ഭരണമാറ്റമാണ്; കിട്ടിയതോ ഓർമയുടെ മാറ്റം മാത്രം
കഴിഞ്ഞ പിണറായി സർക്കാരിന്റെ പല കളങ്കങ്ങളിൽ ഒന്നായിരുന്നു സിഎംആർഎൽ വിവാദം; തെരഞ്ഞെടുപ്പിൽ ജനം തള്ളിക്കളഞ്ഞതും അതിനെക്കൂടിയാണ്. ആദായനികുതി വകുപ്പിന്റെ ഇടക്കാല റിപ്പോർട്ടും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) കണ്ടെത്തലുകളും ഒരു ആരോപണത്തിനു ബലം നൽകി: സേവനമൊന്നും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും, അവർ 'പ്രമുഖ' രാഷ്ട്രീയ നേതാവിന്റെ മകളായതുകൊണ്ടാണ് അതെന്നും. പ്രതിപക്ഷ നേതാവായിരുന്ന സതീശൻ വിജിലൻസ് അന്വേഷണത്തിനു വേണ്ടി ഗർജിച്ചു; യുഡിഎഫിന്റെ പ്രധാന പ്രചാരണ വിഷയമാക്കി ഇതിനെ മാറ്റി. അന്ന് ഉത്തരവാദിത്വം ഒരു പോർവിളിയായിരുന്നു. അധികാരത്തിലെത്തിയപ്പോൾ അത് അസൗകര്യമുള്ള ബാധ്യതയായി.
പിണറായിയുടെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ സഹകരണത്തോടെ വിപുലമായ കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്ന സൂചനകൾ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് (ഇഡി) ഹാജരാക്കുകയും സംസ്ഥാന പൊലീസിനോട് എഫ്ഐആർ ആവശ്യപ്പെടുകയും ചെയ്തു. അതോടെ, ഒരിക്കൽ സ്വയം ആവശ്യപ്പെട്ട നടപടിയോടുതന്നെ സതീശൻ സർക്കാരിനു താത്പര്യം നഷ്ടമായി. എഫ്ഐആർ ഇടുന്നതിനു പകരം പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു; ഇഡിയുടെ കണ്ടെത്തലുകളെ ചോദ്യം ചെയ്തു. ഇത് പ്രാഥമികാന്വേഷണം മാത്രമാണെങ്കിൽ, 14 ദിവസത്തെ നിയമപരമായ സമയപരിധിയും അസൗകര്യമുള്ള മറ്റൊരു ഘടികാരമായി. ഒടുവിൽ ഒരു സാധാരണ പൗരൻ കോടതിയെ സമീപിക്കേണ്ടിവരുന്നതുവരെ വിഷയം നീണ്ടു. ഉത്തരവാദിത്തത്തിനായി വീമ്പിളക്കിയ സർക്കാരിന്റെ വഴികാട്ടി ഇപ്പോൾ നിശ്ചയിച്ചുറപ്പിച്ച ദിശയിലേക്കു മാത്രം തിരിയുന്നു.
പിണറായിയെ സർക്കാർ സംരക്ഷിക്കുകയാണെന്നു സംശയിക്കുന്നവർക്ക് കാരണങ്ങൾക്കു പഞ്ഞമില്ല. പക്ഷേ, സംശയം ഉറപ്പല്ല, രഹസ്യധാരണയുടെ തെളിവുമല്ല. അഡ്വക്കറ്റ് ജനറലിന്റെ റിപ്പോർട്ടും ഇഡി റിപ്പോർട്ടിലെ വിവരങ്ങളും അടിസ്ഥാനമാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ വിഷയം ഔപചാരിക നിയമപാതയിൽ എത്തുകയും അതിൽ കഴമ്പുണ്ടോ എന്ന് കോടതി പരിശോധിക്കുകയും ചെയ്യുമായിരുന്നു. പകരം, എഫ്ഐആർ ഇല്ലാത്ത അന്വേഷണമാണ് സർക്കാർ തെരഞ്ഞെടുത്തത്. ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സ്വകാര്യമായി പറഞ്ഞതുപോലെ, ഈ കാലതാമസം ഒരു സ്വകാര്യ വ്യക്തിയെ റിട്ട് ഹർജിയുമായി കോടതിയിലെത്താൻ നിർബന്ധിതനാക്കി. ഇങ്ങനെയൊരു ഇടപെടൽ ഇല്ലായിരുന്നെങ്കിൽ വിഷയം നിശബ്ദമായി കെട്ടടങ്ങുമായിരുന്നു എന്നാണ് വിമർശകരുടെ സംശയം; അങ്ങനെ സംഭവിച്ചാൽ പിണറായിക്കും കൂട്ടർക്കും പരാതിയുണ്ടാകാൻ വഴിയില്ല. ഉത്തരവാദിത്വം ആവശ്യപ്പെടുന്നിടത്തുതന്നെ തിടുക്കം ഇല്ലാതാകുമ്പോൾ, രാഷ്ട്രീയ സൗകര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാനാവില്ല.
കോടതിയിലെ സർക്കാരിന്റെ പ്രകടനം അസ്വസ്ഥത വർധിപ്പിച്ചു. എഫ്ഐആറിനായി വാദിക്കാതെ അപ്രതീക്ഷിതമായി നിലപാട് മാറ്റി; പിണറായിയുടെ ക്യാമ്പിനെപ്പോലും അത് അമ്പരപ്പിച്ചതായി റിപ്പോർട്ടുണ്ട്. അതിലും മോശം, ഹർജിക്കാരനെ ഇകഴ്ത്താൻ ശ്രമിച്ചതാണ്. സിപിഎമ്മിലെ രൂക്ഷമായ വിഭാഗീയ പോരുകളിൽ പിണറായിയെ നേരിടുകയും അദ്ദേഹത്തിന്റെ ബദ്ധശത്രുവായ വി.എസ്. അച്യുതാനന്ദനൊപ്പം ഉറച്ചുനിൽക്കുകയും ചെയ്തയാളാണ് ആ ഹർജിക്കാരൻ. ആരോപണങ്ങളുടെ കാതലിനെക്കാൾ, അത് കോടതിയിലെത്തിച്ച വ്യക്തിയെ ചെറുതാക്കാനാണ് സർക്കാരിനു താത്പര്യമെന്നു തോന്നി. നിയമപരമായ ബോധ്യം പിന്നാക്കം പോയി, രാഷ്ട്രീയ കണക്കുകൂട്ടൽ മുന്നിലെത്തി.
ഒടുവിൽ കോടതി ഉത്തരവു പ്രകാരം സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സിംഗിൾ ബെഞ്ചിന്റെ നിർദേശം ചോദ്യം ചെയ്ത് പിണറായിയും സംഘവും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. എന്നാൽ, ഹർജിക്കാരനെ എതിർക്കുന്നവരെക്കാൾ ഉത്സാഹത്തോടെ, കോടതി ഉത്തരവിട്ടതുകൊണ്ടു മാത്രമാണ് നടപടിയെടുത്തതെന്ന് സർക്കാർ ആവർത്തിച്ചുകൊണ്ടിരുന്നു. ഹർജിക്കാരനെ ഇകഴ്ത്താനുള്ള ശ്രമം തുടർന്നു; ഒരു പൊതുതാത്പര്യ ഹർജിയുടെ സ്വഭാവമുള്ള റിട്ട് ഹർജി സിംഗിൾ ബെഞ്ചിന് പരിഗണിക്കാനാകുമോ എന്ന സാങ്കേതിക കാര്യങ്ങളിലേക്കു വാദം വഴിതിരിഞ്ഞു.
നിയമപ്രശ്നങ്ങൾ ഡിവിഷൻ ബെഞ്ച് തീരുമാനിക്കട്ടെ. പക്ഷേ, രാഷ്ട്രീയ വിരോധാഭാസം ഇതിനകം വ്യക്തമാണ്. ഇടിമുഴക്കം പോലുള്ള ബോധ്യത്തോടെ നടപടി ആവശ്യപ്പെട്ട ഒരു സർക്കാർ, അതേ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുന്നു. നിയമപ്രകാരം എഫ്ഐആർ നിലനിൽക്കുകയോ വീഴുകയോ ചെയ്യാം; എന്നാൽ, കാലതാമസവും കോടതിയിലെ പിന്മാറ്റവും ഉയർത്തിയ ചോദ്യങ്ങൾ അത്ര എളുപ്പം മായില്ല. മാറ്റത്തിന്റെ വാഗ്ദാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് നീതിപീഠത്തെ ഉത്തരവാദിത്വം ഏൽപ്പിച്ച് ഒഴിയാനാവില്ല. ഭരണകൂടത്തിനില്ലാത്ത ഉത്സാഹം കോടതി നൽകേണ്ടിവരുമ്പോൾ, ജനവിധി വോട്ടർമാരുമായുള്ള ഉടമ്പടിയെക്കാൾ, തിരശ്ശീല ഉയർന്നശേഷം തിരുത്തിയെഴുതിയ തിരക്കഥപോലെ തോന്നിത്തുടങ്ങുന്നു.
സതീശൻ സർക്കാരിന്റെ ഈ മലക്കംമറിച്ചിൽ കോൺഗ്രസ് നിരയിൽ അസ്വസ്ഥത പടർത്തി; ഈ രാഷ്ട്രീയ കരണംമറിച്ചിലിനെതിരേ പാർട്ടിക്കുള്ളിൽ കലാപത്തിനുള്ള സാധ്യതയും ഏറെയാണ്. പിണറായിയുമായുള്ള രഹസ്യധാരണയെക്കുറിച്ചുള്ള സംശയങ്ങൾക്ക് വളക്കൂറുള്ള മണ്ണുണ്ട്, സംശയം തെളിവല്ലെങ്കിലും. പിണറായി ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് ഒരിക്കൽ കോൺഗ്രസ് ആരോപിച്ചു; ഇപ്പോൾ നടപടിയെടുക്കാനുള്ള വിമുഖതകൊണ്ട് അവർ നേതൃത്വം നൽകുന്ന സർക്കാരും സമാന ചോദ്യങ്ങൾ ക്ഷണിച്ചുവരുത്തുന്നു. തെരഞ്ഞെടുപ്പുകാലത്തെ ഉത്തരവാദിത്വ ഗർജനം ഓഫിസിലിരുന്നുള്ള മന്ത്രണമായി ചുരുങ്ങി. അധികാരത്തിന് ഒരു വിചിത്ര രസവാദമുണ്ടെന്നു തോന്നുന്നു: ഇന്നലത്തെ പോരാളികളെ ഇന്നത്തെ സൗകര്യപൂർവമായ മൗനത്തിന്റെ കാവൽക്കാരാക്കി മാറ്റാൻ അതിനു കഴിയും.
വാൽക്കഷ്ണം
ജന്തർ മന്തർ സമരത്തിൽ, പോലീസ് മുകളിൽനിന്നുള്ള ഉത്തരവനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പിണറായി പരസ്യമായി ആരോപിച്ചു. കരിങ്കൊടി പ്രതിഷേധക്കാരോട് ലാത്തിയും വടികളും എന്തിന് പൂച്ചട്ടികൾ പോലും 'സംരക്ഷണ'നാടകത്തിലെ ഉപകരണങ്ങളാക്കി കാണിച്ച ക്രൂരതയ്ക്കൊപ്പം ഈ വാക്കുകൾ ചേർത്തുവായിക്കാൻ പ്രയാസമാണ്. പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ഇരുകൈകൊണ്ടും തല്ലിച്ചതച്ചെന്ന് ഒരു ദിവസം മുൻപ് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2023-ലെ നവകേരള സദസിനിടെ ഇപ്പോഴത്തെ ആലപ്പുഴ എംഎൽഎ എ.ഡി. തോമസിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമിച്ചതും ഇതേ കണക്കിൽപ്പെടുത്താവുന്നതാണ്. ലാത്തി കൈമാറിയേക്കാം, അടി പഴയതുതന്നെ: ഉത്തരവ് മുകളിൽനിന്ന്, അടി താഴെനിന്ന്, ഉത്തരവാദിത്വം എവിടെയുമില്ല!