ഭരണക്കാർ മാറി മാറി വരും പോകും, വികസനമാണല്ലോ മുഖ്യം| ജ്യോത്സ്യൻ

ഗെയ്ൽ പദ്ധതി, ദേശീയപാത വീതി കൂട്ടൽ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഭംഗിയായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സിൽവർലൈനിനെ എതിർത്ത് രംഗത്തു വരുന്നത്.
ഭരണക്കാർ മാറി മാറി വരും പോകും, വികസനമാണല്ലോ മുഖ്യം| ജ്യോത്സ്യൻ

ഇക്കൊല്ലം സെപ്റ്റംബർ രണ്ടാം തീയതി സതേൺ റെയ്‌ൽവേ ചീഫ് എൻജിനീയർ സന്തോഷ് ശുക്ല, കെആർഡിസിഎല്ലിനോടും റെയ്‌ൽവേയുടെ സോണൽ വിഭാഗത്തോടും സിൽവർലൈൻ പദ്ധതിയെ കുറിച്ചുള്ള വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കേരളത്തിന്‍റെ സിൽവർ ലൈനിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.

ഏതൊരു കാര്യത്തിനും വ്യക്തമായ പ്ലാനിങ് ഉണ്ടാവണം. കേരളത്തിന് ഒരു സെമി- ഹൈസ്പീഡ് റെയ്‌ൽവേ സിസ്റ്റം തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് കെ- റെയ്‌ൽ പ്രവർത്തിക്കുന്നത്. അതിനായി വിശദമായ റിപ്പോർട്ട് തയാറാക്കാൻ വേണ്ടി കെ- റെയ്‌ൽ കോർപ്പറേഷൻ മാപ്പിങ് ആരംഭിക്കുകയും മഞ്ഞക്കുറ്റികൾ അടിക്കുകയും ചെയ്തതിരുന്നു. എന്നാൽ പദ്ധതിപ്രകാരം കിടപ്പാടവും, ഭൂമിയും നഷ്ടപ്പെടുന്നവരുടെ സഹായത്തോടു കൂടി, യുഡിഎഫ് രൂക്ഷമായ സമരപരിപാടികൾ അന്ന് ആരംഭിച്ച് പദ്ധതി തടസപ്പെടുത്തി. ഭൂമി നഷ്ടപ്പെടുന്നവർ എതിർക്കുന്നത് സ്വാഭാവികമാണ്.

പല മുൻ സർക്കാരുകൾക്കും നടപ്പാക്കാൻ കഴിയാതിരുന്ന ഗെയ്ൽ പദ്ധതി, ദേശീയപാത വീതി കൂട്ടൽ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഭംഗിയായി നടപ്പാക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം സിൽവർലൈനിനെ എതിർത്ത് രംഗത്തു വരുന്നത്. ഗെയ്ൽ പ്രോജക്റ്റ് നടപ്പാക്കിയാൽ കേരളം പൊട്ടിത്തെറിക്കും എന്ന് പദ്ധതിയെ എതിർത്തിരുന്നവർ പറഞ്ഞിരുന്ന കാര്യം ഇന്ന് വിസ്മൃതിയിലാണ്ടു. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ വികസനത്തിനും, വീടുകളിൽ സുഗമമായി കുക്കിങ് ഗ്യാസ് എത്തിക്കുന്നതിനും ഗെയ്ൽ പദ്ധതി സഹായകരമായി മാറി. ആ സമരത്തിന് പിന്നിൽ കർണാടകയിലെ ഹെവി ലോഡ് ഗ്യാസ് ട്രക്ക് ഉടമകൾക്ക് പങ്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

നാഷണൽ ഹൈവേ, നെടുമ്പാശേരി എയർപോർട്ട്, വൈപ്പിൻ- എറണാകുളം പാലം തുടങ്ങിയ വന്നപ്പോഴും ഇത്തരത്തിലുള്ള എതിർപ്പ് ഉയർന്നിരുന്നു. ദേശീയപാതയ്ക്ക് 30 മീറ്റർ വീതി മതിയെന്ന് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കുകയും ആ പ്രമേയം വായിച്ചിട്ട് അന്നത്തെ പ്രധാനമന്ത്രി, ചിരിക്കാത്ത ഡോ. മൻമോഹൻ സിങ്, പൊട്ടിച്ചിരിക്കുകയും ചെയ്ത കഥ ഏവർക്കും അറിവുള്ളതാണ്.

"വന്ദേ ഭാരത്' ട്രെയ്‌‌ൻ സർവീസുകൾ ആരംഭിച്ചതിനു ശേഷം അടുത്ത രണ്ട് "വന്ദേ ഭാരത് " ട്രെയ്‌‌നുകൾ കൂടി കേരളത്തിന് അനുവദിച്ചു. കാരണം വേഗതയേറിയ ട്രെയ്‌‌ൻ യാത്ര ജനങ്ങൾക്ക് ഉപകാരപ്പെട്ടു എന്നതാണ്. കേരളത്തിൽ ഒരു ഹൈ സ്പീഡ് ഗതാഗതത്തിന്‍റെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്.

കെ- റെയ്‌ൽ ലിമിറ്റഡിന്‍റെ മാനെജിങ് ഡയറക്റ്റർ റെയ്‌ൽവേ മന്ത്രി കാര്യാലയത്തിന്‍റെ പ്രതിനിധിയാണ് . റെയ്‌ൽവേയുടെ മുന്നിലുള്ള വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് ആവശ്യമായ ഭേദഗതിയോടെ തിരിച്ചയയ്ക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിനാണ്.

പാർലമെന്‍റ്, രാഷ്‌ട്രപതി ഭവൻ, റെയ്‌ൽ ഭവൻ എന്നിവയ്ക്കടിയിലൂടെയാണ് ടെക്നോളജിയുടെ വളർച്ചയാൽ ഡൽഹി മെട്രൊ റെയ്‌ൽ കടന്നുപോകുന്നത്. അതുപോലെ കേരളത്തിലും ഒരു സെമി- ഹൈസ്പീഡ് റെയ്‌ൽവേ സംവിധാനം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് മെട്രൊമാൻ ഇ. ശ്രീധരൻ, മുൻ റെയ്‌ൽവെ മന്ത്രി ഒ. രാജഗോപാൽ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ കേരള സർക്കാരിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ഇ. ശ്രീധരനുമായി കൂടിക്കാഴ്ച നടത്തി. കൂടുതൽ പ്രായോഗികമായ ഒരു പ്രോജക്റ്റ് റിപ്പോർട്ട് ഇ. ശ്രീധരൻ സമർപ്പിക്കുകയും ചെയ്തു.

കേരളത്തിന്‍റെ പ്രധാന ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും, കെ.വി. തോമസും ഡൽഹിയിൽ സജീവമാണ്. കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടുത്തിടെ കെ.വി. തോമസും കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും കൂടി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് നിവേദനം നൽകിയതും കെ.വി. തോമസാണ്. കെ- റെയ്‌ലിന്‍റെ കാര്യത്തിലും തോമസാണ് ചർച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഈ സാഹചര്യത്തിലാണ് സിൽവർലൈൻ പദ്ധതിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനുള്ള നിർദേശം സതേൺ റെയ്‌ൽവെയുടെ ഭാഗത്തുനിന്നും വന്നത്. നിർദേശം വന്നാൽ ഏതു ടെക്നോളജി ഉപയോഗിച്ചാണ് പദ്ധതി നീക്കേണ്ടത് എന്ന ചിത്രം വ്യക്തമാവും.

കേരളത്തിലെ പല വികസന പദ്ധതികളെയും എതിർത്തവരാണ് ഇപ്പോൾ അതിനു മുൻപിൽ നിന്ന് നയിക്കുന്നത് എന്ന ആരോപണമുണ്ട്. ഒരു മുഖ്യമന്ത്രിയുടെ കാലത്ത് ആരംഭിച്ച പദ്ധതി പൂർത്തീകരിക്കുന്നത് മറ്റൊരു മുഖ്യമന്ത്രി ആയിരിക്കും. വിഴിഞ്ഞം പദ്ധതിയെ എതിർത്തിരുന്ന സിപിഎമ്മും ഇടതുപക്ഷവുമാണ് ഇന്ന് അത് പൂർത്തീകരിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത്. പ്രതിപക്ഷത്തിരുന്നാൽ എന്തിനും ഏതിനെയും എതിർക്കണം എന്ന കാഴ്ചപ്പാട് ശരിയല്ല. പൊതുസമൂഹത്തിലും രാഷ്‌ട്രീയത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. തെരഞ്ഞെടുപ്പും വികസനവും തമ്മിൽ ബന്ധമില്ല. രാഷ്‌ട്രീയത്തിനതീതമായി വികസന കാര്യങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതാണ്. നല്ല ഭരണം കാഴ്ചവച്ചാൽ ജനങ്ങൾ സ്വാഗതം ചെയ്യും.

പണ്ട് സിപിഎം എടുത്ത പല വികസന വിരുദ്ധ നിലപാടുകളും കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ട്, ജനോപകാരപ്രദമായി നടപ്പാക്കുന്നതിന് ഒരു തെളിവാണ് കേരളീയം. കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള മലയാളികൾ രണ്ടു കൈയും നീട്ടിയാണ് കേരളീയത്തെ സ്വീകരിച്ചത് എന്നാണ് ജോത്സ്യൻ മനസിലാക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com