വാണിജ്യ വിജയവും ആശയ ദാരിദ്യവും

എല്ലാവർക്കും സ്വീകാര്യമായ,നിഷ്ക്രിയമായ, യാതൊരു കണ്ടെത്തലുമില്ലാത്ത, ചിന്തയിൽ ദരിദ്രമായ, ഉപരിപ്ളവ ആശയങ്ങളാണ് ചർച്ച ചെയ്യുന്നത്!
Commercial success and poverty of ideas
വാണിജ്യ വിജയവും ആശയ ദാരിദ്യവും
Updated on

അതിവേഗം നഗരവത്ക്കരിക്കപ്പെടുന്ന ഒരുകാലത്ത് ഇൻഫർമേഷൻ, അല്ലെങ്കിൽ പൊതുവിവരമാണ് ചർച്ചയാകുന്നത്. ചാനലുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും അതാണ് നിറയുന്നത്. ഒരു വസ്തുതയുണ്ടെന്നു പോലും ചിന്തിക്കേണ്ടതില്ല. ചാനലുകളും മറ്റു ലിങ്കുകളും അതിനക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഒരു ചർച്ച കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ചില യൂട്യൂബ് ലിങ്കുകൾ ഒരേ വിഷയത്തിൽ മണിക്കൂറുകൾ ഇടവിട്ട് വീഡിയോകൾ ചെയ്യുകയാണ്.

എന്നാൽ ഒരു വീഡിയോയിലും സത്യമില്ല. ടെലിവിഷനിൽ നിന്നും സത്യം കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്ത് ഒരു സ്വാമി സമാധിയായതിനെപ്പറ്റിയുണ്ടായ വിവാദത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി കൊണ്ടുപോയ ഉടനെ ഒരു ചാനൽ ആ മരണത്തിൽ അസ്വാഭാവികതയുള്ളതായി വാർത്ത നിർമിച്ചെടുത്തു. ഒരു മണിക്കൂറോ ഒരു ദിവസമോ മാത്രം വാർത്തയ്ക്ക് ആയുസുണ്ടായാൽ മതിയത്രേ. വെറും നുണ പ്രചരിപ്പിച്ചാലും യൂട്യൂബിൽ നിന്നു പണം കിട്ടും. ആരായാലും വേണ്ടില്ല, യൂട്യൂബിൽ സന്ദർശനം നിർത്തിയാൽ യൂട്യൂബർക്ക് ആദായമാണ്.

ചിലർ 5 ലക്ഷം രൂപയ്ക്ക് നല്ല വീടുണ്ടാക്കാമെന്ന് അവകാശപ്പെട്ട് തരക്കേടില്ലാത്ത വീടിന്‍റെ ഫോട്ടൊ സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റിടാറുണ്ട്. അത് സത്യമായിരിക്കില്ലെന്നു എല്ലാവർക്കുമറിയാം. ഒരു കൗതുകത്തിനു വേണ്ടി ആളുകൾ അത് നോക്കാറുണ്ട്. ഭൂരിപക്ഷം പേരും അതിനെ ചീത്ത പറയുകയാണ്. ഇങ്ങനെ ചീത്ത പറയിപ്പിക്കുകയാണ് ആ പോസ്റ്റിട്ടവരുടെ ലക്ഷ്യം. ആയിരക്കണക്കിനാളുകൾ കണ്ട ശേഷം പ്രതികരിക്കുന്നത് പോസ്റ്റുടമയ്ക്ക് പണം നേടിക്കൊടുക്കും. ഫേസ്ബുക്കിന്‍റെ ഉപയോഗത്തിന്‍റെ ഒരു സാധ്യതയാണത്. ഇതു തന്നെയാണ് വാർത്താചാനലുകളുടെയും യൂട്യൂബ് വാർത്താലിങ്കുകളുടെയും ലക്ഷ്യം. വാർത്ത വ്യവസായവത്കരിക്കപ്പെടുകയാണ്. വ്യവസായമായില്ലെങ്കിൽ ഒന്നിനും നിലനില്പില്ല എന്ന യാഥാർഥ്യമാണു നമ്മുടെ മുന്നിലുള്ളത്.

നുണ വിൽക്കുന്നവർ

പക്ഷേ, ഒരു കാര്യം പറയണം. ഇന്നു വാർത്തയുടെ നിജസ്ഥിതി അറിയണമെങ്കിൽ പത്രം തന്നെ വായിക്കണം. പത്രത്തിൽ നുണ വരാറില്ല. ഒരാൾ മരിച്ചെന്നോ കുറ്റം ചെയ്തെന്നോ കളവു പറയാൻ ഒരു പത്രവും ഇന്നുവരെ തയാറായിട്ടില്ല. അതിവേഗം വേഷപ്രച്ഛന്നമായിരിക്കുന്ന ഒരു ലോകത്ത് പത്രങ്ങൾ മാത്രമാണ് തനിമയും സത്യവും കാത്തു സൂക്ഷിക്കുന്നത്. പത്രത്തെ ഇനിയും മുതലാളിത്തം വിഴുങ്ങിയിട്ടില്ല. പത്രത്തെ ഇനിയും സമൂഹമാധ്യമങ്ങളോ എഐ മാധ്യമങ്ങളോ സ്വാധീനിച്ചിട്ടില്ല. വാണിജ്യ വിജയം മാത്രമല്ല ജീവിതത്തിനുള്ളതെന്നു പത്രം അതിന്‍റെ വാർത്തകൾക്കിടയിൽ ഓർമിപ്പിക്കുന്നുണ്ട്. ഇത് പൊതുവിലുള്ള ഒരു നോട്ടത്തിന്‍റെ ഫലമായി പറയുന്നതാണ്. ചില പ്രത്യേക കാര്യങ്ങളിൽ പത്രമാധ്യമങ്ങൾ പുലർത്തുന്ന ഉദാസീനതയും സാഹിത്യവിരുദ്ധമായ സമീപനവും വിമർശിക്കപ്പെടേണ്ടതാണെന്നു കൂടി രേഖപ്പെടുത്തുകയാണ്.

ഈ കാലം വാണിജ്യ വിജയങ്ങളുടേതാണ്. ഉത്തര- ഉത്തരാധുനികമായ ക്രൂരതയാണ് ഇപ്പോൾ നാടൊട്ടുക്കു നാം കാണുന്നത്. രണ്ടര വയസുകാരിക്കു പോലും രക്ഷയില്ല. അയൽപക്കങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദം എവിടെപ്പോയി? ഇപ്പോൾ അടുത്ത വീട്ടിൽ താമസിക്കുന്നവനെ ഭയപ്പെടാതെ കഴിയാനൊക്കുമോ എന്നു ഒരു സുഹൃത്ത് ചോദിച്ചത് ഓർക്കുകയാണ്. സർക്കാർ എല്ലാ വിഭാഗങ്ങൾക്കും മനഃശാസ്ത്ര കൗൺസിലിങ് കൊടുക്കണമെന്നാണ് അഭ്യർഥിക്കാനുള്ളത്. വിദ്യാഭ്യാസം ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ലാതെ തന്നെ മനഃശാസ്ത്ര കൗൺസിലിങ് കൊടുക്കേണ്ടതുണ്ട്. പ്രീമാര്യേജ് കൗൺസിലിങ് പോലെ എല്ലാ വിഭാഗം ആളുകൾക്കും കൗൺസിലിങ് നിർബന്ധമാക്കണം. സ്കൂളുകളിൽ ആഴ്ചയിൽ ഒരു പീരിയഡ് മാനസികാരോഗ്യത്തെക്കുറിച്ച് പഠിപ്പിക്കണം. എല്ലാത്തരം തൊഴിലാളികളെയും കൗൺസിലിങ്ങിനു വിധേയമാക്കണം. മനസിന് ആരോഗ്യം നേടേണ്ടത് എങ്ങനെയെന്ന കടമ്പ കടന്നതിന്‍റെ സർട്ടിഫിക്കറ്റ് എല്ലാവർക്കും കൊടുക്കണം. മാനസികാരോഗ്യമുള്ള ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. നമ്മൾ ഗൾഫിലും മറ്റും വിദേശരാജ്യങ്ങളിലും പോയി പലതും കണ്ടു .എല്ലാവരും ഔപചാരിക വിദ്യാഭ്യാസം നേടി. സമ്പത്തും ആർജിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അന്യനായ ഒരാളുമായി ഇടപെടാനുള്ള മാനസിക പക്വത പലർക്കുമില്ല. ക്ഷോഭം എല്ലാം നശിപ്പിക്കുകയാണ്.

നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്

ജപ്പാനിലെ "ഇക്കിഗൈ' എന്ന പ്രതിഭാസത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ വായിക്കാൻ കിട്ടും. ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണോ അതാണ് ഇക്കിഗൈ. ജപ്പാനിൽ എങ്ങനെയാണ് ദീർഘായുസ് സാധ്യമാക്കുന്നതെന്ന വിഷയത്തിലുള്ള പഠനമാണ് "ഇക്കിഗൈ - ദ് ജാപ്പനീസ് സീക്രട്ട് ടു എ ലോങ് ആൻഡ് ഹാപ്പി ലൈഫ്' എന്ന ഗ്രന്ഥം. ഫ്രാൻസസ് മിറാലസ്, ഹെക്റ്റർ ഗാർസിയ എന്നീ രണ്ടു പത്രപ്രവർത്തകരാണ് ഈ പുസ്തകമെഴുതിയത്. ഇത് ധാരാളം പേർ വായിച്ചു എന്നതാണ് സത്യം.ജീവിതത്തിൽ സുരക്ഷിതമായിരിക്കാൻ , സന്തോഷത്തോടെയിരിക്കാൻ, അനാവശ്യകാര്യങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കാൻ ഒരു പരിശീലനം വേണമെന്നാണ് ഈ പുസ്തകം പറയുന്നത്. പലർക്കും ഈ രഹസ്യമറിയില്ല. അനാവശ്യ കാര്യങ്ങളിൽ തലയിട്ടിരിക്കുന്നതുകൊണ്ട് അവനവനിൽ രൂപപ്പെടേണ്ട സന്തോഷത്തിന്‍റെ നിമിഷങ്ങൾ നഷ്ടപ്പെടുന്നു. ഈ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: "ദീർഘകാലം ജീവിച്ചിരിക്കുന്നവരിൽ പൊതുവായി കാണുന്ന രണ്ടു സ്വഭാവവിശേഷങ്ങളുണ്ട്: ഒരു പോസിറ്റീവ് മനോഭാവവും വൈകാരികമായ അവബോധവും.'

ഏത് പ്രശ്നം മുന്നിൽ വരുമ്പോഴും പെട്ടെന്നു അതിവൈകാരിക പ്രതികരണങ്ങളിലേക്ക് പോകാതെ സമചിത്തതയോടെ നേരിടുക എന്ന ഗുണമാണ് ഇതിൽ പ്രധാനം. എല്ലാറ്റിനോടും പോസിറ്റീവാകുന്നത് എങ്ങനെയാണ്? പരാജയങ്ങളായിരിക്കും കൂടുതലും നേരിടേണ്ടി വരുക. ചീത്ത ചിന്തകളുള്ളവർ നമ്മൾ നന്മ ചെയ്താലും ദുഷിച്ചുകൊണ്ടിരിക്കും. വിശേഷപ്പെട്ട ഗുണങ്ങൾ ഉള്ളതുകൊണ്ടു മാത്രം ചിലർക്കു തടസങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. എന്നാൽ അതിനെയും നേരിടാനാവും. നമ്മൾ നമ്മളെ ഉപേക്ഷിക്കരുത്. ചീത്ത ചിന്തകളുള്ളവർ അത് ഉല്പാദിപ്പിക്കുന്ന വൃത്തികെട്ട സന്ദേശങ്ങളുടെ ഇരയായി വീണ്ടും ദുഷിക്കും. അവരെ കാത്തിരിക്കുന്നത് ചീത്ത ഭാഷയാണ്. നിലവാരമില്ലാത്ത പ്രതികരണങ്ങളായിരിക്കും അവരിൽ നിന്നു പുറപ്പെടുക .

അമിതമായ നഗരവൽക്കരണത്തിന്‍റെയും വാണിജ്യവിജയത്തിന്‍റെയും കാലത്ത് ഒരു നല്ല എഴുത്തുകാരനു പ്രതിബന്ധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്.വാണിജ്യവ്യവസ്ഥയുടെ ഭാഗമാകാൻ വിസമ്മതിക്കുന്ന എത്രയോ എഴുത്തുകാരുണ്ട്. അവർ തങ്ങളുടെ കൃതികൾ അച്ചടിക്കാൻ പോലും വിമുഖതയുള്ളവരാണ്. അവർ പ്രശസ്തിയെ പോലും ഗൗനിക്കുന്നില്ല. ആരുടെയെങ്കിലും സമ്മർദത്തിന്‍റെ ഫലമായി ഇത്തരക്കാർ തങ്ങളുടെ ഏതെങ്കിലും പുസ്തകം പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് പ്രസാധകരെ സമീപിച്ചാൽ നിരാശയായിരിക്കും ഫലം. പ്രസാധകർ നേരത്തെ തന്നെ "സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം' നീന്തുന്ന എഴുത്തുകാരുടെ കൃതികൾ വാങ്ങി പ്രസിദ്ധീകരിക്കാൻ വെച്ചിരിക്കുന്നത് കൊണ്ട് അവർ കൈമലർത്തുകയേയുള്ളു. വാണിജ്യവിജയത്തിന്‍റെ കാലത്ത് എഴുത്തുകാരൻ സാഹിത്യോത്സവ നടത്തിപ്പുകാരനായി മാറുകയാണ്. രണ്ടുലക്ഷം കോപ്പി വിറ്റഴിക്കുന്നവനാണ് എഴുത്തുകാരൻ എന്ന പരസ്യം പലയിടത്തും ഒട്ടിച്ചു കാണുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ പ്രീതി പിടിച്ചുപറ്റാനും ഒപ്പം നിന്നു ഫോട്ടൊയെടുക്കാനും അങ്ങനെ തങ്ങളെക്കൂടി വാണിജ്യവിജയത്തിലേക്ക് കൈപിടിച്ചു ഉയർത്തണമെന്നു അഭ്യർഥിക്കാനും "സർക്കാരിനും പ്രതിപക്ഷത്തിനുമൊപ്പം' നീങ്ങുന്ന എഴുത്തുകാർ ക്യൂവിലാണ്.

സാഹിത്യോത്സവ ചർച്ചകൾ ക്ലീഷേ

സാഹിത്യോത്സവങ്ങൾ ഒരു നഗരിയാണല്ലോ സൃഷ്ടിക്കുന്നത്. അനേകം എഴുത്തുകാർ, പ്രസാധകർ ഒരിടത്ത് സമ്മേളിക്കുകയാണ്. ഒരേസമയത്ത് ധാരാളം സെമിനാറുകൾ സംഘടിപ്പിക്കുന്നു. ഒരാൾക്ക് സംസാരിക്കാൻ പതിനഞ്ച് മിനിറ്റു മാത്രം. പതിനഞ്ച് മിനിറ്റാണെങ്കിലും വേണ്ടില്ല, വണ്ടിക്കാശ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, അവിടെയൊന്നു പ്രത്യക്ഷപ്പെട്ടാൽ മതിയെന്നു വിചാരിക്കുന്നവർ ഏറുകയാണ്. അതിവേഗം വാണിജ്യവിജയം നേടാൻ കുതികൊള്ളുന്ന മനസാണല്ലോ ഇപ്പോഴത്തെ ട്രേഡ് മാർക്ക്. ഈ ലോകം എതിർത്താലും സത്യം വിളിച്ചു പറയാൻ ശേഷിയുള്ള എഴുത്തുകാരനെ ഇന്നു കാണാനൊക്കില്ല. അമെരിക്കയിൽ പൊതുവേദിയിൽ പരസ്യമായി ഒരു ബിഷപ്പ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോടു പ്രതികരിച്ചതും പ്രതിഷേധിച്ചതും വേദപുസ്തകത്തിലെ വാക്കുകൾ ഓർമിപ്പിച്ചതും ഓർക്കുമല്ലോ. സത്യങ്ങൾ ഇങ്ങനെയാണ് ആവിഷ്കരിക്കേണ്ടത്.

സത്യം പ്രസംഗത്തിലായാലും കടലാസിലായാലും സത്യം തന്നെയാണ്. സാഹിത്യോത്സവങ്ങളിൽ ചർച്ചയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ ക്ളീഷേയാണ് (അർത്ഥശൂന്യമായ ആവർത്തനം) . എന്തെങ്കിലുമൊരു വിഷയം, അത്രയും മതിയാകും അവിടെ. അവിടെനിന്നു ഒരു നല്ല വാചകം പോലും പുറത്തുവരുന്നില്ല. ഒരു പത്രത്തിലോ ടിവിയിലോ സാഹിത്യോത്സവ വാർത്തകൾ കാണാറില്ല. ചിന്തിപ്പിക്കുന്ന ഒരു ചർച്ചയുമില്ല. എന്നാൽ സാഹിത്യോത്സവ നടത്തിപ്പുകാർ വാണിജ്യവിജയത്തിനു വേണ്ടി മുറവിളി കൂട്ടുമ്പോൾ ഒരു ദുരന്തം സംഭവിക്കുന്നു .ഉള്ളടക്കത്തിലും ചിന്തയിലും ക്രാഫ്റ്റിലും പരീക്ഷണം നടത്തുന്ന എഴുത്തുകാരെ അകറ്റി നിർത്തുന്നതും ശ്രദ്ധിക്കാറുണ്ട്. പുതിയ എഴുത്തുകാർക്ക് മാത്രമല്ല മുതിർന്നവർക്കും പ്രസാധകരെ കിട്ടാത്ത കാലമാണിത്.

ചീഞ്ഞഴുകൽ എങ്ങനെ?

ഒരു സാഹിത്യോത്സവത്തിൽ, അതിനു എന്തെങ്കിലും ലക്ഷ്യമുണ്ടെങ്കിൽ, ആവശ്യം വേണ്ട കാര്യം പ്രസാധകരെ കിട്ടാത്തവർക്ക് അത് ലഭ്യമാക്കാൻ കഴിയുന്ന സംവിധാനം ഏർപ്പെടുത്തുകയാണ്. ഒരു ജാലകം അതിനായി തുറക്കണം. പ്രധാന പ്രസാധകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി എല്ലാ ദിവസങ്ങളിലും സാഹിത്യോത്സവ പവിലിയനിൽ ഒരു ഓഫിസ് പ്രവർത്തിക്കണം. അവിടെ പ്രസാധകരെ കിട്ടാത്ത പുതിയ എഴുത്തുകാരുടെ കൃതികളുടെ പിഡിഎഫ് ഫോർമാറ്റ് സ്വീകരിക്കണം. അത് മണിക്കൂറുകൾക്കുള്ളിൽ വിലയിരുത്തി യോഗ്യമാണോ എന്നു നോക്കി പ്രസാധകനുമായി കരാറിൽ ഏർപ്പെടാൻ സൗകര്യമുണ്ടാവണം. വേണമെങ്കിൽ പ്രിന്‍റ് ഓൺ ഡിമാൻഡ് രീതിയിൽ അമ്പതോ നൂറോ കോപ്പി പ്രിന്‍റ് ചെയ്ത് വിൽക്കാനും സാധിക്കണം. റോയൽറ്റി അപ്പോൾ തന്നെ കൈമാറണം .ഇത് വലിയ ഒരു ദൗത്യമാകണം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കപടമായ വരേണ്യ മൂല്യങ്ങളുടെ ചീഞ്ഞഴുകലായി മാത്രമേ സാഹിത്യോത്സവ ചർച്ചകളെ കാണാനൊക്കൂ -പണത്തിന്‍റെയും അധികാരത്തിന്‍റെയും ശക്തികൊണ്ടുള്ള ചീഞ്ഞഴുകൽ.

പ്രസാധകരുടെ സ്റ്റാളുകൾ അണിനിരത്താനാണെങ്കിൽ ലൈബ്രറി പുസ്തകമേളകൾ മതിയല്ലോ. ഏതു വലിയ മാമാങ്കമായാലും അതിന്‍റെയെല്ലാം മഹത്വമിരിക്കുന്നത് ദുർബലനും ദരിദ്രനുമായ ഒരുവനെ എങ്ങനെ സഹായിക്കുന്നു എന്നതിലാണ്. വാണിജ്യവിജയം നേടിയ നോവലുകൾ പലതും വായിച്ചു നിരാശപ്പെട്ട ഒരാളാണ് ഈ കോളം എഴുതുന്നത്. പ്രസാധകർ തിരഞ്ഞെടുക്കുന്ന വിപണന തന്ത്രമാണ് ഒരു നോവലിന്‍റെ വാണിജ്യവിജയം നിശ്ചയിക്കുന്നത്. ഏത് ചവറും നല്ലപോലെ വിൽക്കാനാവും.

വായനക്കാരുടെ അല്ലെങ്കിൽ പ്രേക്ഷകരുടെ ബോധമണ്ഡലത്തിൽ ബോംബിട്ടതു പോലുള്ള വിപണന തന്ത്രങ്ങൾ ഇപ്പോഴുണ്ട്. വാണിജ്യവിജയങ്ങളുടെ അട്ടഹാസത്തിന്‍റെ കാലത്ത് മഹാഗായകനായ മുഹമ്മദ് റാഫി വന്നാൽ പോലും പിടിച്ചുനിൽക്കാനാവില്ല; കാരണം മെലഡിയില്ലാത്ത മനസുകളാണല്ലോ അധികവും. സംഗീത സംവിധായകർക്കു പോലും മെലഡിയില്ല. അതുകൊണ്ടു സാഹിത്യോത്സവങ്ങളിലെ ചർച്ചകളെക്കുറിച്ച് വലിയ പ്രതീക്ഷ പുലർത്തേണ്ടതില്ല. അമെരിക്കൻ ചിന്തകനായ നോം ചോംസ്കി പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കുന്നത് പ്രസക്തമാണ്: "ആളുകളെ നിഷ്ക്രിയരും അടിമകളുമാക്കാൻ എറ്റവും നല്ല മാർഗ്ഗം ,സ്വീകരിക്കാവുന്ന അഭിപ്രായങ്ങളുടെ പട്ടിക ലഘൂകരിക്കുക എന്നതാണ്: ആ പട്ടികയ്ക്കകത്തു നിന്നു "സജീവ' ചർച്ച നടത്താൻ അനുവദിച്ചാൽ മതി.'

ഇതാണ് ഇന്നു പല ചർച്ചകളിലും കാണുന്നത്. എല്ലാവർക്കും സ്വീകാര്യമായ, നിഷ്ക്രിയമായ, യാതൊരു കണ്ടെത്തലുമില്ലാത്ത, ചിന്തയിൽ ദരിദ്രമായ, ഉപരിപ്ളവ ആശയങ്ങളാണ് ചർച്ച ചെയ്യുന്നത്! അതുകൊണ്ടാണ് നോം ചോംസ്കി പറഞ്ഞത്, നമുക്ക് വേണ്ടത് ഹീറോകളല്ല ആശയങ്ങളാണെന്ന്.

രജത രേഖകൾ

1) വേണു പഴവീട് തന്‍റെ ഫെയ്സ്ബുക്ക് പേജിൽ "ഓർമ ഷെൽവി മൾബറി' (സാക്ഷി ബുക്സ്) എന്ന പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു. ഷെൽവി ആധുനികതയുടെ പ്രസാധകനായിരുന്നു. അദ്ദേഹം പുസ്തകങ്ങളെ കലാവസ്തുവായി കണ്ടു. ഇന്നു അങ്ങനെയൊരു ഫീൽ തരുന്ന സ്ഥാപനങ്ങളില്ല. ഷെൽവിയുടെ അകാലത്തിലുള്ള വേർപാട് ഓർമിക്കുമല്ലോ. ഷെൽവി വളരുന്ന ഘട്ടത്തിൽ ചില എഴുത്തുകാർ അദ്ദേഹത്തെ ഒരു കൂട്ടുകെട്ടിൽ അകപ്പെടുത്തുകയും സ്വതന്ത്രമായി വളരാനാവാത്ത വിധം പ്രതിസന്ധിയിലാക്കുകയുമാണ് ചെയ്തത്. അങ്ങേയറ്റത്തെ സഹോദര്യവും സഹിഷ്ണുതയും പ്രഖ്യാപിക്കുന്ന ഇക്കൂട്ടർ വ്യക്തിജീവിതത്തിൽ അല്പം പോലും സഹിഷ്ണുതയോ ദയയോ ഇല്ലാത്തവരാണ്.

2) ബംഗളൂരുവിൽ താമസിക്കുന്ന പ്രമുഖ പത്രപ്രവർത്തകനായ വിഷ്ണുമംഗലം കുമാറിനു ജോസഫ് വന്നേരി സാഹിത്യ പുരസ്കാരം ലഭിച്ച വാർത്ത പരിഭാഷകനും നോവലിസ്റ്റുമായ സുധാകരൻ രാമന്തളി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നു. വിഷ്ണുമംഗലം കുമാർ അനായാസമായി എഴുതാൻ കഴിവുള്ളയാളാണ്. ദീർഘകാലമായുള്ള റിപ്പോർട്ടിങ്ങും എഴുത്തും അദ്ദേഹത്തിന്നു സ്വന്തമായ ഒരു ശൈലി നേടിക്കൊടുത്തിരിക്കുകയാണ്. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സ്ഥാപക സെക്രട്ടറിയായിരുന്നു ജോസഫ് വന്നേരി. വിഷ്ണുമംഗലം കുമാറിന്‍റെ "സ്നേഹസാന്ദ്രം' എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.

3) പോഞ്ഞിക്കര റാഫി (1924-1992) ദാർശനികമായ അവബോധമുള്ള നോവലിസ്റ്റും കഥാകൃത്തുമായിരുന്നു. എന്നാൽ ഒരു സാഹിത്യോത്സവത്തിലോ ക്യാംപിലോ റാഫിയുടെ പേര് കേൾക്കാറില്ല. റാഫിയെക്കുറിച്ച് ഒരു ഗവേഷണ പ്രബന്ധം പോലുണ്ടാകുന്നില്ല. പോഞ്ഞിക്കര റാഫി അനുസ്മരണം എന്നതൊക്കെ സാഹിത്യ സ്ഥാപനങ്ങൾക്ക് ബാലികേറാമല ആണെന്നു തോന്നുന്നു. സ്വർഗദൂതൻ, കാനായിലെ കല്യാണം, ഒരാ പ്രോ നോബിസ്, ചെന്തെങ്ങിന്‍റെ പൂങ്കുല തുടങ്ങിയ പ്രമുഖ നോവലുകൾ രചിച്ച റാഫിയുടെ പേരിൽ അവാർഡ് ഏർപ്പെടുത്തിയാൽ തലപോകും. ഏഴ് കഥാസമാഹാരങ്ങളും റാഫിയുടേതായി പുറത്തുവന്നിട്ടുണ്ട്. ചരിത്രവും തത്ത്വചിന്തയും കലർന്ന "കലിയുഗം' എന്ന ബൃഹദ് കൃതി ഒന്ന് അച്ചടിക്കാൻ പോലും ആരുമില്ല. പ്രിയ റാഫി, പൊറുക്കുക, മലയാളം ഇങ്ങനെയാണ്; നന്ദിയില്ല.

4) എഐ (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) വന്നതോടെ ലൈവ് ഏതാണ് മൃതം ഏതാണ് എന്നു തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ്. ശ്രീനാരായണ ഗുരു നടക്കുന്നതും ചിരിക്കുന്നതും ഒരു വീഡിയൊയിൽ കണ്ടു. ചരിത്രം അട്ടിമറിക്കപ്പെടുകയാണ്, കബളിപ്പിക്കപ്പെടുകയാണ്, മാറ്റിമറിക്കപ്പെടുകയാണ് എഐയിലൂടെ. ഏതാണ് ചരിത്രം, വ്യാജം എന്നറിയാൻ പറ്റാത്ത നൂറ്റാണ്ടുകൾ വരാൻ പോകുന്നു!.

5) ജയപ്രകാശ് എറവ് എഴുതിയ "സാമ്യത' (ആഴ്ചപ്പതിപ്പ് ഓൺലൈൻ, ജനുവരി) എന്ന കവിത ശ്രദ്ധേയമാണ്. "പോസ്റ്റ്മോർട്ടം ടേബിളാണ് ഒരു തുന്നൽക്കാരന്‍റേത്' എന്നു തുടങ്ങുന്ന കവിത ഒരു തുന്നൽക്കാരന്‍റെ ജീവിതത്തെ അളന്നുമുറിക്കുന്നു.

"എന്‍റെ മനസ് പാവം തുന്നൽക്കാരനിലേക്ക്

ദാക്ഷണ്യമില്ലാതെ കടന്നുചെന്നു

സ്റ്റെതസ്കോപ്പിനു പകരം

നീളൻ ടേപ്പ് കഴുത്തിലണിഞ്ഞ്.

കത്രിക സൂചി

ഇതെല്ലാം യാന്ത്രികമായി

ചലിക്കുന്നുണ്ട്.

തീർന്നതെല്ലാം മാറ്റിവയ്ക്കുന്നുണ്ട്.

ചില സാമ്യങ്ങളിൽ നിന്ന്

പോസ്റ്റ്മോർട്ടം ടേബിളും

തുന്നൽക്കാരന്‍റെ ടേബിളും ഒന്നു

തന്നെയല്ലേയെന്ന് മനസു

വീണ്ടും വീണ്ടും എന്നോട് പറയുന്നുണ്ട്.'

തുന്നൽക്കാരനും വെട്ടിമുറിക്കുന്നുണ്ട്. പിന്നീടത് കൂട്ടിയോജിപ്പിക്കുന്നുണ്ട്. ഒന്ന് ശരീരമാണെങ്കിൽ മറ്റേത് തുണിയാണെന്നു മാത്രം. മനുഷ്യ ശരീരവും ഒരു തുണി പോലെയാണ്.

6) ദസ്തയെവ്സ്കി പറഞ്ഞു: മനുഷ്യർക്ക് അവരുടെ പരാധീനതകളും പരാജയങ്ങളും എണ്ണി നോക്കാനേ നേരമുള്ളു; ജീവിതത്തിൽ നിന്നു കിട്ടിയ സന്തോഷത്തിന്‍റെ നിമിഷങ്ങൾ അവർ എണ്ണാറില്ല.

7) അമെരിക്കൻ വിഷ്വൽ ആർട്ടിസ്റ്റും സംവിധായകനുമായ ആൻഡി വാറോൾ ഒരു നേരനുഭവത്തെക്കുറിച്ച് മറയില്ലാതെ പറഞ്ഞു: "സെക്സ് സ്ക്രീനിൽ കാണുന്നത് അതിശയിപ്പിക്കും. നോവലുകളിലെ സെക്സ് വായിക്കാം. എന്നാൽ കിടപ്പറയിലെ സെക്സ് അത്രയ്ക്കൊന്നുമില്ല.'

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com