

കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം.
freepik.com
ഗ്രഹനില | ജ്യോത്സ്യൻ
ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിം- ക്രൈസ്തവ വിഭാഗങ്ങൾക്ക് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വലിയ ആശങ്കകളും ഭയപ്പാടുകളും ഉണ്ടായിട്ടുണ്ടെന്നാണു വാർത്തകൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതൽ ഡോ. മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്ത് ഇങ്ങിനെയാരു ഭയപ്പാട് ന്യൂനപക്ഷങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നതു യാഥാർഥ്യമാണ്. അതിനൊരപവാദം ഇന്ദിര ഗാന്ധി വധത്തിനു പിന്നാലെ നടന്ന സിഖ് കൂട്ടക്കൊലയായിരുന്നു.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച സന്ദർഭത്തിൽ ഇന്ത്യയെ രണ്ടായി വിഭജിച്ച് ഇന്ത്യയ്ക്കും പാകിസ്ഥാനും രൂപം നൽകി. ജവഹർലാൽ നെഹ്റു വിഭജനത്തിന് എതിരായിരുന്നെങ്കിലും വിഭജനം നടന്നില്ലെങ്കിൽ വലിയ രക്തചൊരിച്ചിലുകൾ ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിയുടെയും മുഹമ്മദലി ജിന്നയുടെയും അതിശക്തമായ അഭിപ്രായമാണ് രണ്ടു രാജ്യങ്ങൾക്ക് ജന്മം നൽകാൻ കാരണമായത്. എന്നാൽ, പിന്നീടുണ്ടായ രക്തച്ചൊരിച്ചിലുകൾ ജിന്നയുടെ കണ്ണ് തുറപ്പിക്കുകയുണ്ടായി. രണ്ടായി വിഭജിച്ചില്ലെങ്കിൽ ഉണ്ടാകുമായിരുന്ന രക്തച്ചൊരിച്ചിലുകൾ വിഭജനത്തിനു ശേഷം നടന്ന രക്തച്ചൊരിച്ചിലുകളെക്കാൾ ഭേദമായിരുന്നു എന്നാണ് എന്നാണ് അദ്ദേഹം പിന്നീട് പറഞ്ഞത്.
കശ്മീർ പൂർണമായും ഇന്ത്യയുടെ ഭാഗമാക്കണമെന്ന സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ അഭിപ്രായം നടപ്പാക്കാൻ കഴിയാഞ്ഞത് ജവഹർലാൽ നെഹ്റുവിന്‍റെ ശക്തമായ എതിർപ്പു മൂലമാണ്. ജമ്മു കാശ്മീരിൽ ഇപ്പോഴും രക്തച്ചൊരിച്ചിലുകൾ തുടരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ- പാകിസ്ഥാൻ അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ സംഘർഷങ്ങൾ ഇന്നോളം നടക്കുകയാണ്. പാക്കിസ്ഥാന്‍റെ ഭാഗമായിരുന്ന ബംഗ്ലാദേശ് ഇപ്പോൾ സ്വതന്ത്ര രാജ്യമായി മാറിയെങ്കിലും ഇന്തോ- ബംഗ്ലാദേശ് അതിർത്തിയിലും വലിയ സംഘർഷവും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റവും നടക്കുന്നു. ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റം മൂലം പശ്ചിമ ബംഗാളിലും അസാം ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സംഘർഷങ്ങൾ തുടരുകയാണ്. ബിജെപി അധികാരത്തിൽ വന്നതിനു ശേഷം ഇന്ത്യയിലെ മുസൽമാന്മാർ പാക്കിസ്ഥാനിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞ ചില ആർഎസ്എസ് നേതാക്കളുടെ പ്രസ്താവനകളും നാം കണുന്നുണ്ട്.
മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവരും ഭയപ്പാടിലാണ്. സിറോ മലബാർ ആർച്ച് ബിഷപ്പ് മേജർ മാർ റാഫേൽ തട്ടിലും ഫാരീദാബാദ് ആർച്ച് ഡയോസിസിന്‍റെ ആദ്യ മെത്രാപ്പൊലീത്തയായി സ്ഥാനാരോഹണം ചെയ്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയും ഉൾപ്പെടെയുള്ള സഭാ നേതൃത്വം പ്രധാനമന്ത്രിയെ കണ്ട് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം നേരിടുന്ന പൊതുവായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. ഇവരോടൊപ്പം ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു.
ഇത്തരത്തിലുള്ള നിവേദന സംഘങ്ങൾ മുൻപും പ്രധാനമന്ത്രിയെയും ബിജെപി നേതൃത്വത്തെയും കണ്ട് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പ്രയാസങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ രണ്ട് കന്യാസ്ത്രീകളെയും അവരോടൊപ്പമുണ്ടായിരുന്ന രണ്ടു പെൺകുട്ടികളെയും മണിക്കൂറികളോളം പൊലീസ് സാന്നിധ്യത്തിൽ തടഞ്ഞു വച്ചതും അറസ്റ്റ് ചെയ്തതും അടുത്തിടെ നമ്മൾ കണ്ടതാണ്.
ഉത്തരേന്ത്യയിലെ പല ക്രൈസ്തവ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭീഷണിയുടെ മുൾമുനയിലാണ്. എത്രയോ പുരോഹിതരും സന്യസ്തരുമാണ് അതിതീവ്ര ഹൈന്ദവ സംഘടനകളുടെയും സംസ്ഥാന സർക്കാരുകളുടെയും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നത്. സുവിശേഷവത്കരണം ക്രൈസ്തവ സഭയുടെ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളുടെയും ലക്ഷ്യമാണ്. അതുകൊണ്ടുതന്നെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ സമൂഹങ്ങൾ ചെയ്യുന്ന സേവനങ്ങൾ അന്തിമമായി ക്രിസ്തുവിലേക്ക് പൊതുസമൂഹത്തെ എത്തിക്കുക എന്നതിൽ ചെന്നുനിൽക്കുന്നു. മത പരിവർത്തനം ഇതിന്‍റെ ഭാഗം കൂടിയാണ് എന്നതൊരു യാഥാർഥ്യമാണ്. ഈ സാഹചര്യത്തിലാണ് പല തീവ്ര ഹിന്ദു സംഘടനകളും ക്രൈസ്തവ സേവന മേഖലകളെ സംശയത്തോടെ കാണുന്നത്.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന സംരക്ഷണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഇന്ത്യയെ ഒന്നായി കാണാനും എല്ലാ പൗരന്മാർക്കും ഭരണഘടന നൽകുന്ന സംരക്ഷണം ഉറപ്പാക്കാനും ബിജെപി സർക്കാരും ആർഎസ്എസും മുന്നോട്ടുവരണം എന്നാണ് മുസ്‌ലിം- ക്രൈസ്തവ ന്യൂനപക്ഷങ്ങൾ ആഗ്രഹിക്കുന്നത്. മതസൗഹാർദവും കൂട്ടായ്മയുമാണ് ഇന്ത്യയുടെ കരുത്ത് എന്നാണ് ജോത്സ്യനും പറയാനുള്ളത്.