
മണിക്കൂറുകൾ നീണ്ടുനിന്ന വാർത്തകളാണ് മലയാളം ചാനലുകൾ 'ഓപ്പറേഷൻ അരിക്കൊമ്പന്' നൽകിയത്. ഇതിനകം തന്നെ വളരെ നാളുകളായി അരിക്കൊമ്പനും ചക്കക്കൊമ്പനുമെല്ലാം വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞിരുന്നു.
എല്ലാ കൊമ്പന്മാരും കുഴപ്പക്കാരല്ല, എന്നാൽ, കുഴപ്പക്കാരനായയതുകൊണ്ടാണ് അരിക്കൊമ്പന് ഇത്ര പ്രാധാന്യം കിട്ടിയത്. അരിക്കൊമ്പനെ ആദ്യം കുങ്കിയാനകളുടെ കൂട്ടത്തിൽ അയയ്ക്കാനാണു തീരുമാനിച്ചതെങ്കിലും കോടതിയുടെ ഇടപെടലിലൂടെയാണ് അവനെ മറ്റൊരു സ്ഥലത്തേക്ക് സ്വാതന്ത്രമായി വിടാൻ നടപടിയായത്.
വനത്തിൽ മാത്രമല്ല നാട്ടിലും അരിക്കൊമ്പന്മാരും ചക്കക്കൊമ്പന്മാരും രാഷ്ട്രീയക്കാരുടെ രൂപത്തിൽ വിഹരിക്കുന്നുണ്ടെന്നാണ് ജോത്സ്യന്റെ വിലയിരുത്തൽ. കാലാകാലങ്ങളായി തല ഉയർത്തി നിന്നിരുന്ന പല രാഷ്ട്രീയ കൊമ്പൻമാരെയും മയക്കുവെടിവച്ചു കണ്ണിൽ കറുത്ത തുണി വിരിച്ചു മെരുക്കുകയും ഒതുക്കുകയും ചെയ്ത ചരിത്രം കേരള രാഷ്ട്രീയത്തിൽ നാം കണ്ടിട്ടുണ്ട്.
ഒതുക്കിയവരുടെ നിരയിൽ ആദ്യം കാണുന്ന പേര് തിരുവിതാംകൂർ-കൊച്ചി നിയമസഭയിലെ കരുത്തനായ നേതാവ് പട്ടം താണുപിള്ളയുടെതാണ്. വിമോചന സമരത്തിലൂടെ ഇഎംഎസ് സർക്കാരിനെ താഴെയിറക്കാനും പിന്നീട് കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി അധികാരമേൽക്കാനും സാധിച്ചെങ്കിലും അധികനാൾ ഈ വിഹാരം തുടരാൻ അദ്ദേഹത്തിനായില്ല. പല 'ഡോക്റ്റർ' മാരുടെയും ചവിട്ടിത്തിരുമ്മൽ ചികിത്സയുടെ ഫലമായി അദ്ദേഹത്തെ പഞ്ചാബ് ഗവർണറാക്കി നാടുകടത്തി.
പട്ടം താണുപിള്ളയ്ക്ക് ശേഷം മുഖ്യമന്ത്രിയായി വന്ന ശക്തനായ ഭരണാധികാരിയായിരുന്നു ആർ. ശങ്കർ. എന്നാൽ കോൺഗ്രസിലെ അധികാരമോഹികളായ യൂത്തന്മാർ വളരെ പണിപ്പെട്ടതിന്റെ ഫലമായി അദ്ദേഹത്തെയും താഴെയിറക്കാനായി. ആറ്റിങ്ങൽ പാർലമെന്റ് സീറ്റ് ലഭിക്കുമെന്ന് കരുതി എഴുന്നേറ്റെങ്കിലും അവിടെയും അദ്ദേഹത്തെ മയക്കുവെടിവച്ചു കിടത്തി. ആറ്റിങ്ങൽ എംപിയായി വയലാർ രവിയാണു ഡൽഹിക്ക് പോയത്. അന്ന് ആർ. ശങ്കറെ 'കടൽക്കിഴവൻ' എന്നാണ് യൂത്ത് കോൺഗ്രസുകാർ ആക്ഷേപിച്ചത്. എന്നാൽ, ആർ. ശങ്കറെ മാറ്റി ഡൽഹിയിൽ പോയ വയലാർ രവി 80 വയസ് വരെ ഡൽഹി വനത്തിൽ കഴിഞ്ഞുകൂടി എന്ന കാര്യം വിസ്മരിക്കരുത്. എ.കെ. ആന്റണിയെപ്പോലെ മുഖ്യമന്ത്രിക്കൊമ്പനാകാൻ കഴിഞ്ഞില്ലല്ലോ എന്ന ഒരേയൊരു ദുഃഖം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
ഒരേ കാട്ടിൽ ഒരുമിച്ച് വിഹരിച്ച ചക്ക കൊമ്പനും അരിക്കൊമ്പനുമാണ് എ.കെ. ആന്റണിയും കെ. കരുണാകരനും. കോൺഗ്രസ് എന്ന മഹാവനത്തിൽ പോരാടിയവരാണവർ. സ്വർണനിറമുള്ള കെ. കരുണാകരനെ സിപിഎമ്മുകാർ 'കരിങ്കാലി' എന്നുപറഞ്ഞ് ആക്ഷേപിച്ചെങ്കിൽ, എ.കെ. ആന്റണിയുടെ സുഹൃത്തുക്കൾ അതിനപ്പുറം ആക്ഷേപിച്ചാണ് അദ്ദേഹത്തെ തളർത്തിയത്. രാജൻ കേസ്, ഐഎസ്ആർഒ ചാരക്കേസ് എന്നീ രാഷ്ട്രീയ മയക്കു വെടിവയ്പ്പിലൂടെ കരുണാകരനെ തളയ്ക്കാൻ ആന്റണിയുടെ സഹപ്രവർത്തകർക്കായി. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ സഹായത്തോടുകൂടി പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് വന്നിറങ്ങിയ എ.കെ. ആന്റണി, കരുണാകരനെ മാറ്റി അധികാരത്തിലേറുകയും ചെയ്തു. അന്നു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് കരുണാകരൻ നടത്തിയ വിടവാങ്ങൽ പ്രസംഗം ഹൃദയം തട്ടുന്നതായിരുന്നു. പിന്നീട് കേന്ദ്രമന്ത്രിയാകാൻ ഡൽഹിയിലേക്ക് പോയ കരുണാകരന് സ്റ്റേറ്റ് കാറിന്റെ 'ഹോൺ' അടി കേൾക്കാൻ കുറെ കാലം കാത്തിരിക്കേണ്ടി വന്നത് ചരിത്ര സത്യം. അവസാനം വ്യവസായം ഇല്ലാത്ത വ്യവസായ വകുപ്പ് നൽകിയാണ് കരുണാകരനെ നരസിംഹറാവു തൃപ്തിപ്പെടുത്തിയത്.
യുഡിഎഫും എൽഡിഎഫും മാറിമാറി വരുന്ന കേരളത്തിൽ 2021 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും തനിക്ക് മുഖ്യമന്ത്രിയാകാമെന്നും രമേശ് ചെന്നിത്തല എന്ന കൊച്ചു കൊമ്പൻ സ്വപ്നം കണ്ടു. സ്റ്റാഫിനെയും മന്ത്രിസഭയിലെ മന്ത്രിമാരെയും തീരുമാനിച്ചു. പക്ഷെ, കോൺഗ്രസും യുഡിഎഫും ദയനീയമായ പരാജയപ്പെട്ടു. എങ്കിലും കൊടിവച്ച കാറിൽ സഞ്ചരിക്കാനുള്ള മോഹം മൂലം പ്രതിപക്ഷ നേതാവാകാമെന്ന് കൊച്ചു കൊമ്പൻ പരസ്യമായി പറഞ്ഞു. പറവൂർ എംഎൽഎ വി.ഡി. സതീശന്റെ പിന്തുണയെക്കുറിച്ച് ചെന്നിത്തലയ്ക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല, കൂടാതെ എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണയും കിട്ടും എന്ന് മനസിലുറച്ചു. എന്നാൽ സതീശൻ, കെ.സി. വേണുഗോപാൽ എന്ന 'ഡോക്റ്ററു'ടെ സഹായത്തോടെ മയക്കുവെടി വച്ച് വീഴ്ത്തുമെന്ന് ചെന്നിത്തലയോ സഹപ്രവർത്തകരോ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. മയക്കത്തിൽ നിന്നുണർന്നപ്പോൾ സതീശൻ പ്രതിപക്ഷ നേതാവായി. 2026 ൽ മുഖ്യമന്ത്രി പദവി സ്വപ്നം കണ്ടു കൊണ്ടാണ് ഇപ്പോൾ സതീശന്റെ നീക്കങ്ങൾ. അദ്ദേഹത്തിന് മയക്കുവെടിയുമായി ആരാണ് വരുന്നതെന്ന് കാത്തിരുന്നു കാണണം.
അരിക്കൊമ്പനെ തളക്കാൻ കുങ്കിത്തലവനായ കുഞ്ചു, കോന്നി സുരേന്ദ്രൻ, സൂര്യ, വിക്രം എന്നിവരെയാണ് വനംവകുപ്പ് നിയോഗിച്ചത്. കോൺഗ്രസ് കൊമ്പൻമാരെ തളയ്ക്കാൻ വന്നത് ജി.കെ. മൂപ്പനാർ, കെ.സി.പന്ത്, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേൽ എന്നീ രാഷ്ട്രീയ കുങ്കികളായിരുന്നു. അടുത്തകാലത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് ആരായിരിക്കണം എന്ന് തീരുമാനിക്കാൻ വന്നത് ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റായ മല്ലികാർജുൻ ഖാർഗെയായിരുന്നുവെന്നത് പ്രത്യേകിച്ച് ഓർക്കേണ്ടതാണ്.
ആനകളുടെ നേതാവായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന പഴയ അരിക്കൊമ്പനെ മാറ്റി കെ. സുധാകരൻ എന്ന ചക്ക കൊമ്പൻ ചിന്നം വിളിച്ചുകൊണ്ട് രംഗപ്രവേശം ചെയ്തു. പക്ഷെ നാളുകൾ കഴിയുംതോറും ചക്കകൊമ്പന്റെ ചിന്നം വിളിക്ക് ശബ്ദം പോരാ എന്ന പരാതി ഉയർന്നിട്ടുണ്ട്.
കോൺഗ്രസിലെ എല്ലാ കൊമ്പന്മാർക്കും ഒന്നിച്ചിരുന്ന് ചിന്നം വിളിക്കാനുള്ള രാഷ്ട്രീയക്കാര്യ സമിതി കൂടുന്നില്ലെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. അരികൊമ്പൻ പോയ സ്ഥിതിക്ക് പുതിയ കൊമ്പൻമാർക്ക് വിഹരിക്കാനും ഉച്ചത്തിൽ ചിന്നം വിളിക്കാനുമുള്ള പുതിയ ഇടം ഒരുക്കി കൊടുക്കണമെന്നാണ് തന്ത്രികൾക്ക് പറയാനുള്ളത്.