പോരൊഴിയാതെ കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും ഐക്യത്തിന്‍റെ ചെറുസൂചനകള്‍ പോലും പാര്‍ട്ടിയില്‍ പ്രകടമല്ലെന്ന് മാത്രമല്ല നേതാക്കള്‍ക്കിടയിലെ ഭിന്നത നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്
പോരൊഴിയാതെ കോൺഗ്രസ് | Congress groupism in Kerala

സംസ്ഥാന കോൺഗ്രസിൽ അഭിപ്രായഭിന്നതകൾ രൂക്ഷം.

Updated on
Summary

എ.കെ. ആന്‍റണിയും കെ. കരുണാകരനും നേതൃത്വം നല്‍കിയിരുന്ന എ-ഐ ഗ്രൂപ്പുകളെയാണ് കോണ്‍ഗ്രസിലെ പരമ്പരാഗത ശക്തിചേരികളായി വിലയിരുത്തി വന്നിരുന്നത്. എ-ഐ ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്ന് നേതൃത്വം നല്‍കി വന്നവര്‍ വിവിധ കാരണങ്ങളാല്‍ ചിതറി പോയതോടെ, പല നേതാക്കളും സ്വന്തം അനുയായികളെ സൃഷ്‌ടിച്ച് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

സുഗതൻ പി. ബാലൻ

തൃശൂര്‍: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതു സര്‍ക്കാരിനെതിരേ ശക്തമായ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കുമ്പോഴും സംഘടനക്കകത്ത് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി. അടുത്ത സംസ്ഥാന ഭരണം ഉറപ്പെന്ന തരത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസിനകത്ത് കാര്യങ്ങള്‍ ഒട്ടും ശുഭകരമല്ലെന്ന സൂചനകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും ഐക്യത്തിന്‍റെ ചെറുസൂചനകള്‍ പോലും പാര്‍ട്ടിയില്‍ പ്രകടമല്ലെന്ന് മാത്രമല്ല നേതാക്കള്‍ക്കിടയിലെ ഭിന്നത നാള്‍ക്കുനാള്‍ വര്‍ധിക്കുകയുമാണ്. നിലവില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കകത്ത് ഏറ്റവും കരുത്തനെന്ന് വിലയിരുത്തുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പോലും കടുത്ത ഗ്രൂപ്പ് പോരില്‍ വിയര്‍ക്കുകയാണ്.

എ.കെ. ആന്‍റണിയും കെ. കരുണാകരനും നേതൃത്വം നല്‍കിയിരുന്ന എ-ഐ ഗ്രൂപ്പുകളെയാണ് കോണ്‍ഗ്രസിലെ പരമ്പരാഗത ശക്തിചേരികളായി വിലയിരുത്തി വന്നിരുന്നത്. എ-ഐ ഗ്രൂപ്പുകള്‍ക്ക് തുടര്‍ന്ന് നേതൃത്വം നല്‍കി വന്നവര്‍ വിവിധ കാരണങ്ങളാല്‍ ചിതറി പോയതോടെ, പല നേതാക്കളും സ്വന്തം അനുയായികളെ സൃഷ്‌ടിച്ച് ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

എ ഗ്രൂപ്പിന്‍റെ യഥാര്‍ഥ പിന്തുടര്‍ച്ചക്കാരെന്ന അവകാശവാദവുമായി ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ ചില യുവനേതാക്കള്‍ നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയുടെ നിയന്ത്രണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന തിരിച്ചറിവ് മുതിര്‍ന്ന പല നേതാക്കള്‍ക്കുമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ കടുത്ത നടപടികള്‍ വേണമെന്ന നിലപാട് പല നേതാക്കളും ഉപേക്ഷിച്ചത് ഈ യുവസംഘത്തെ ഭയന്നാണെന്നും വി.ഡി. സതീശന്‍ നിലവില്‍ നേരിടുന്ന സൈബര്‍ ആക്രമണം ഈ യുവസംഘത്തിന്‍റെ അതൃപ്തിയുടെ പ്രതിഫലനമാണെന്നുമാണ് വിലയിരുത്തുന്നത്.

സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും കരുത്തരായ നേതാക്കളായിരുന്ന കെ. കരുണാകരന്‍, എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി എന്നിവരുടെ രാഷ്‌ട്രീയ പിന്‍ഗാമികളായെത്തിയ മക്കളെ ഒതുക്കുന്നതില്‍ പുതിയ കാലത്ത് നേതൃത്വത്തിലെത്തിയിരുന്നവര്‍ വിജയിച്ചിരുന്നു. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാൽ ബിജെപി കൂടാരത്തില്‍ ചേക്കേറി രക്ഷപ്പെട്ടു. മകന്‍ കെ. മുരളീധരന്‍ നേര്‍ച്ചക്കോഴിയുടെ അവസ്ഥയില്‍ തളയ്ക്കപ്പെട്ടു. എ.കെ. ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയും ബിജെപിയിലെത്തി.

ചാണ്ടി ഉമ്മന് പുതുപ്പള്ളി സീറ്റ് നല്‍കി വിജയിപ്പിച്ചെടുത്തെങ്കിലും തുടര്‍ന്നിങ്ങോട്ട് സകലയിടങ്ങളിലും ഒതുക്കപ്പെടുന്നതാണ് കണ്ടത്. പാലക്കാട്, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളകളില്‍ മുഖ്യധാരയില്‍ നിന്ന് ഇദ്ദേഹത്തെ അകറ്റി നിര്‍ത്തുന്നതില്‍ യുവസംഘം വിജയിക്കുകയും ചെയ്തു. ഈ ഒറ്റപ്പെടുത്തലുകള്‍ തിരിച്ചറിഞ്ഞ ചാണ്ടി ഉമ്മനാകട്ടെ മുഖ്യധാരയില്‍ നിലനില്‍ക്കുന്നതിനുള്ള കടുത്ത പോരാട്ടത്തിലുമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പാലക്കാട് നിന്ന് ഒഴിയേണ്ടി വന്ന ഷാഫി പറമ്പില്‍ പിന്‍ഗാമിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ എത്തിച്ചാണ് കരുത്ത് തെളിയിച്ചത്. രാഹുല്‍ വിവാദത്തില്‍പെട്ടപ്പോള്‍ തിടുക്കത്തില്‍ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനായെങ്കിലും നേതൃത്വം ആഗ്രഹിച്ച തരത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് ഷാഫിയുടേയും സംഘത്തിന്‍റെയും എതിര്‍പ്പ് മൂലമായിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നത ഉണ്ടാക്കുന്നതിലും സംഘം വിജയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയില്‍ പി.വി. അന്‍വറുമായി ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അസന്നിഗ്ധമായി പറഞ്ഞതിന് ശേഷവും രാഹുല്‍ മാങ്കൂട്ടം അന്‍വറെ സന്ദര്‍ശിച്ചത് ഷാഫിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് അന്നേ ആരോപണമുയര്‍ന്നതാണ്. എന്നാല്‍ സതീശനും ഇക്കാര്യത്തില്‍ നിശബ്‌ദനാകേണ്ടി വന്നു.

പാലക്കാട് മേഖലയില്‍ ഡോ. പി. സരിന്‍ സ്വാധീനമുണ്ടാക്കുന്നത് ഷാഫിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ ഇത് കാരണമായെന്നും കോണ്‍ഗ്രസില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഒടുവില്‍ സരിന്‍ സിപിഎം ക്യാംപിലെത്തി. രാഹുല്‍ വിഷയം കത്തി നില്‍ക്കുന്ന സമയത്ത് ഷാഫിയുടെ നേതൃത്വത്തിൽ യുവസംഘം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നുവെന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് ബോധപൂര്‍വം നടത്തിയതാണെന്നും യഥാര്‍ഥ എ ഗ്രൂപ്പ് ഷാഫി നയിക്കുന്നതാണെന്ന ധാരണ സൃഷ്‌ടിക്കലായിരുന്നു വാര്‍ത്താ പ്രചാരണത്തിന് പിന്നിലെന്നുമാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com