കൊഴിഞ്ഞ് കൊഴിഞ്ഞ് കോൺഗ്രസ്...!

ഇനിയെത്ര കോൺഗ്രസ് സ്ഥാനാർഥികളാണ് പത്രിക നൽകിയ ശേഷം വോട്ടെടുപ്പിനു മുൻപു തന്നെ കളം മാറിചവിട്ടാനിരിക്കുന്നതെന്ന് ആർക്കറിയാം!
congress
congress

ഏതു നിമിഷവും കളംമാറി ചവിട്ടുമെന്നതിനാൽ നേതാക്കളെ വിശ്വസിക്കാൻ വയ്യാത്ത ഗതികേട് വല്ലാതെ ബാധിക്കുന്നുണ്ട് കോൺഗ്രസിനെ. ആര് എപ്പോൾ ബിജെപിയിലേക്കു പോകുമെന്നറിയാത്ത അവസ്ഥ! ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി അവസരം നൽകിയവർ പോലും ചതിക്കുന്നു. ഏതു വിധത്തിലായാലും കോൺഗ്രസിനെ തകർത്തിട്ടേയുള്ളൂ എന്നു ശപഥമെടുത്തിരിക്കുകയാണോ ബിജെപി? ഇനിയെത്ര കോൺഗ്രസ് സ്ഥാനാർഥികളാണ് പത്രിക നൽകിയ ശേഷം വോട്ടെടുപ്പിനു മുൻപു തന്നെ കളം മാറിചവിട്ടാനിരിക്കുന്നതെന്ന് ആർക്കറിയാം!

ആദ്യം ഗുജറാത്തിലെ സൂററ്റിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോയതും മറ്റു സ്ഥാനാർഥികളെല്ലാം മത്സരത്തിൽ നിന്നു പിൻവാങ്ങി വോട്ടെടുപ്പില്ലാതെ തന്നെ ബിജെപിക്ക് വിജയം ഉറപ്പാക്കിയതും. നിർദേശകരുടെ വ്യാജ ഒപ്പുകളാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളാൻ കാരണമായത്. മനപ്പൂർവം വ്യാജ ഒപ്പുകളിട്ട് പത്രിക തള്ളാൻ അവസരമൊരുക്കി എന്നാണു പറയുന്നത്. തങ്ങളുടെ സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനി ബിജെപിയുമായി ഒത്തുകളിച്ചെന്ന് ആരോപിച്ച കോൺഗ്രസ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യുകയുമുണ്ടായി. സൂററ്റിലെ ജനങ്ങളുടെ വോട്ടവകാശം ബിജെപി തട്ടിയെടുത്തുവെന്ന് കോൺഗ്രസ് ആരോപിച്ചുകൊണ്ടിരിക്കെയാണ് മധ്യപ്രദേശിലും തിരിച്ചടിയുണ്ടാവുന്നത്. ഇൻഡോർ സീറ്റിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച് കൈയോടെ ബിജെപിയിൽ ചേർന്നു! പത്രിക പിൻവലിക്കാനുള്ള അവസാന ദിനം കോൺഗ്രസിനെ നിലംപരിശാക്കിക്കൊണ്ട് യുവനേതാവ് അക്ഷയ് കാന്തി ബം മറുകണ്ടം ചാടുകയായിരുന്നു. ബിജെപി നേതാവായ എംഎൽഎ രമേശ് മെൻഡോളയ്ക്ക് ഒപ്പമെത്തിയാണ് ബം പത്രിക പിൻവലിച്ചത്. അതോടെ സ്ഥാനാർഥില്ലാതെ പെരുവഴിയിലായി കോൺഗ്രസ്. പതിനേഴു വർഷം പഴക്കമുള്ള ഒരു ഭൂമി തർക്ക കേസിൽ കൊലപാതക ശ്രമവും കുറ്റമായി കൂട്ടിച്ചേർത്തതിനു പിന്നാലെയാണു സുരക്ഷിതത്വം തേടി ബം ബിജെപി ക്യാംപിലെത്തിയതെന്നാണു കോൺഗ്രസുകാർ ആരോപിക്കുന്നത്.

എന്തിനു സ്ഥാനാർഥികളെ പറയുന്നു, പിസിസി അധ്യക്ഷൻ വരെ തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിനെ ചതിക്കുകയാണ്. ഡൽഹിയിൽ എഎപിയുമായുള്ള സഖ്യത്തിൽ അതൃപ്തനായ അർവിന്ദർ സിങ് ലവ്‌ലി പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത് കഴിഞ്ഞദിവസമാണ്. മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അഴിമതിക്കേസിൽ അറസ്റ്റിലായതിനു പിന്നാലെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍റെ രാജി കൂടിയായതോടെ ഡൽഹിയിലെ എഎപി- കോൺഗ്രസ് സഖ്യം ആകെ അസ്വസ്ഥമാവുകയാണ്. ഡൽഹിയിൽ ഈ കൂട്ടുകെട്ട് നല്ലൊരു മുന്നേറ്റം പ്രതീക്ഷിച്ചിരിക്കെയാണു തിരിച്ചടികൾ ഒന്നിനു പിന്നാലെ ഒന്നായി വരുന്നത്. ലവ്‌ലിക്കു പിന്തുണ പ്രഖ്യാപിച്ച് പല നേതാക്കളും രംഗത്തുവരുന്നതും കോൺഗ്രസിനെ ക്ഷീണിപ്പിക്കുന്നു. മുൻ എംഎൽഎമാരായ നീരജ് ബസോയ, നസീബ് സിങ് എന്നിവർ എഎപി സഖ്യത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നു രാജിവച്ചു കഴിഞ്ഞു.

എഎപി സഖ്യത്തെ മുൻപ് ലവ്‌ലി പിന്തുണച്ചിരുന്നതാണെന്ന് പാർട്ടി ചൂണ്ടിക്കാണിക്കുന്നുണ്ട്. സഖ്യത്തിനൊരുങ്ങാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തിരുന്നതാണ് അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോർത്ത് ഈസ്റ്റ് ഡൽഹി സീറ്റ് കിട്ടാത്തതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നു വിമർശകർ പറയുന്നു. മുൻ സിപിഐ നേതാവായ കനയ്യകുമാറാണ് ഈ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി. ബിജെപിയുടെ മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ മനോജ് തിവാരിയാണ് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സിറ്റിങ് എംപി. 2014ലും 2019ലും ഇവിടെ ജയിച്ച തിവാരി ഇക്കുറിയും മത്സരരംഗത്തുണ്ട്. 2019ൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ 3.63 ലക്ഷം വോട്ടുകൾക്കു പരാജയപ്പെടുത്തിയ തിവാരിയെ ഇക്കുറി എഎപി പിന്തുണയോടെ മറികടക്കാനുള്ള കോൺഗ്രസ് പദ്ധതിക്കാണ് ലവ്‌ലിയുടെ രാജിയോടെ പ്രതീക്ഷ മങ്ങുന്നത്. രാജ്യതലസ്ഥാനത്തെ സിഖ് വോട്ടുകളിൽ ലവ്‌ലിക്കുള്ള സ്വാധീനം ഇനി കോൺഗ്രസിന് ഉപകാരപ്പെടാതെ വന്നേക്കാം.

മുൻപ് ഷീല ദീക്ഷിതിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന ലവ്‌ലി 2015ലെ എഎപി വിജയത്തിനിടെ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും പിസിസി അധ്യക്ഷനായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു പിന്നാലെ പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച അദ്ദേഹം 2017ൽ ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്തി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തി. പക്ഷേ, ഒരു വർഷത്തിനകം കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്തു. വീണ്ടും ബിജെപിയിൽ സാധ്യതകൾ തേടുന്നുണ്ട് ലവ്‌ലി എന്നാണു പലരും ചൂണ്ടിക്കാണിക്കുന്നത്.

വാക്സിൻ രാഷ്‌ട്രീയം

കൊവിഡ്കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസേവനം സമാനതകളില്ലാത്തതാണെന്നു ചൂണ്ടിക്കാണിച്ചാണ് ഇതുവരെ ബിജെപി ജനങ്ങളോടു വോട്ടു ചോദിച്ചിരുന്നത്. അതിൽ തന്നെ മുഖ്യവിഷയം വാക്സിനായിരുന്നു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലും മോദിയുടെ "വാക്സിൻ സേവനം' ബിജെപി നേതാക്കൾ എടുത്തുപറഞ്ഞിട്ടുണ്ട്. മോദി ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ വാക്സിനെതിരേ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തുകയായിരുന്നു പ്രതിപക്ഷ നേതാക്കൾ ചെയ്തത് എന്നതാണു ബിജെപിയുടെ വാദം. വാക്സിൻ വിതരണത്തിന്‍റെ മുഴുവൻ ക്രെഡിറ്റും പ്രധാനമന്ത്രിക്കു നൽകുന്നതിൽ ഭരണപക്ഷത്തെ ഒരു നേതാവും യാതൊരു പിശുക്കും കാണിച്ചിട്ടില്ല. വാക്സിന്‍റെ പാർശ്വഫലങ്ങൾ മരണത്തിനു കാരണമാവും എന്നുവരെ പ്രതിപക്ഷം പ്രചരിപ്പിച്ചു എന്നാണവർ ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് ഏതാണ്ട് പകുതിയിലെത്തിനിൽക്കേ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമാണ് അതിനു പറയുന്ന ന്യായം.

നേരത്തേ, ഉത്തർപ്രദേശ്, ഉത്തരഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ആ സംസ്ഥാനങ്ങളിലെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം മാറ്റിയിരുന്നു. തെരഞ്ഞെുപ്പു കമ്മിഷൻ ഇടപെട്ടാണ് അതു ചെയ്തത്. എന്നാൽ, ഇപ്പോൾ വോട്ടെടുപ്പ് ഏതാണ്ടു പകുതിയിലായ ശേഷം മാത്രം പെരുമാറ്റച്ചട്ടത്തെക്കുറിച്ച് ഓർത്തതെന്ത് എന്നാണു പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. കൊവിഷീൽഡ് വാക്സിന് അപൂർവമായി പാർശ്വഫലങ്ങൾ ഉണ്ടാവാമെന്ന് അതു വികസിപ്പിച്ചെടുത്ത ബ്രിട്ടിഷ് ഔഷധ നിർമാതാക്കളായ ആസ്ട്രസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളിലുണ്ടെന്നു പുറത്തുവന്നത് ഏതാനും ദിവസം മുൻപാണ്. അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു വാക്സിൻ കാരണമാവാമെന്നാണു കമ്പനി സമ്മതിക്കുന്നതത്രേ. രക്തം കട്ടപിടിക്കുന്നതുപോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിനുണ്ടെന്ന ആരോപണം ഇതുവരെ കമ്പനിയും സർക്കാർ അധികൃതരും അംഗീകരിച്ചിരുന്നില്ല.

ഇന്ത്യയിൽ പകുതിയിലേറെ പേർക്കും നൽകിയിരിക്കുന്നത് കൊവിഷീൽഡ് വാക്സിനാണ്. ഇന്ത്യയിൽ ഇതു നിർമിച്ചു വിതരണം ചെയ്ത സിറം ഇൻസ്റ്റിറ്റ്യൂട്ട് അക്കാലത്ത് പ്രധാനമന്ത്രി സന്ദർശിച്ചതും അവരുടെ വിദഗ്ധരുമായി ആശയവിനിമയം നടത്തിയതും ഒക്കെ വലിയ വാർത്തയായിരുന്നു. കമ്പനിയിൽ നിന്ന് കോടിക്കണക്കിനു രൂപ സംഭാവന സ്വീകരിച്ചാണ് ഈ വാക്സിൻ ജനങ്ങൾക്കു വിതരണം ചെയ്തതെന്നാണ് സമാജ് വാദി പാർട്ടി ഉൾപ്പെടെ പ്രതിപക്ഷം ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. 80 കോടി ഇന്ത്യക്കാർക്ക് രണ്ടു ഡോസ് വീതം കൊവിഷീൽഡ് നൽകിയിട്ടുണ്ടെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നു. രാഷ്‌ട്രീയ സംഭാവന സ്വീകരിച്ച്, ഗു‍ണം കുറഞ്ഞ വാക്സിൻ വിതരണം ചെയ്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കി എന്നതാണ് അഖിലേഷിന്‍റെ ആരോപണം. ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെടുന്നുണ്ട്. സമാജ് വാദി പാർട്ടിയുടെ മറ്റു നേതാക്കളും വാക്സിന്‍റെ പേരിൽ മോദിക്കെതിരേ രംഗത്തുണ്ട്.

സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 50 കോടി രൂപയുടെ ഇലക്റ്ററൽ ബോണ്ടുകൾ ബിജെപി സ്വീകരിച്ചുവെന്നാണ് കോൺഗ്രസ് നേതാവ് ബി.കെ. ശ്രീനിവാസ് കുറ്റപ്പെടുത്തിയത്. പ്രധാനമന്ത്രി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയും ആരോപിക്കുന്നുണ്ട്. വാക്സിന്‍റെ പാർശ്വഫലങ്ങൾ ജനങ്ങളുടെ മരണത്തിനു കാരണമായതിന് മോദിയാണ് ഉത്തരവാദിയെന്ന് ആർജെഡിയും കുറപ്പെടുത്തുന്നു. ജർമനി, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ്, നോർവേ, ഡെൻമാർക്ക് തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷാ ആശങ്ക മൂലം 2021ന്‍റെ തുടക്കത്തിൽ തന്നെ കൊവിഷീൽഡ് നിരോധിച്ചിരുന്നുവെന്ന് എഎപിയും പറയുന്നു. വാക്സിൻ അങ്ങനെ രാഷ്‌ട്രീയ വിഷയമായി തെരഞ്ഞെടുപ്പിൽ ഉയർന്നുവരുമ്പോഴാണ് സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം പുറത്താവുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com