
ഗ്രഹനില | ജ്യോത്സ്യൻ
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ സുതാര്യവും വിശ്വാസയോഗ്യവുമായ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയാണ് നടക്കുന്നതെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. കടലാസ് ബാലറ്റും പിന്നീട് വോട്ടിങ് മെഷീനുമൊക്കെ കടന്നു വന്നപ്പോൾ നീതിപൂർവമായ തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ചില അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നുവെന്നത് യാഥാർഥ്യമാണ്. അമെരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ വലിയ വിജയമാണ്. ഭരിക്കുന്ന പാർട്ടിയുടെ രാഷ്‌ട്രീയ സ്വാധീനം ഇലക്‌ഷൻ കമ്മിഷന്‍റെ നിയമനത്തിലും പ്രവർത്തനത്തിലും കടന്നുവരാമെങ്കിലും നമ്മുടെ ഇലക്‌ഷൻ കമ്മിഷൻ പൊതുവെ നിഷ്പക്ഷതയോടെയാണ് പ്രവർത്തിക്കാറുള്ളത്. ടി.എൻ. ശേഷനെപോലെയുള്ളവർ കമ്മിഷന്‍റെ സത്യസന്ധതയും മാന്യതയും സംരക്ഷിച്ചു എന്നതും മറക്കാനാവില്ല.
സ്വതന്ത്രമായ ഒരു ഇലക്‌ഷൻ കമ്മിഷൻ ദേശീയ തലത്തിലും താഴേത്തട്ടിലും ഉണ്ടെന്നത് ദേശീയ ജനാധിപത്യത്തിന്‍റെ ശക്തിയെ സൂചിപ്പിക്കുന്നു. സ്വതന്ത്രമായ ജുഡീഷ്യറിയും മാധ്യമങ്ങളും ജനാധിപത്യ സംരക്ഷണത്തിനുള്ള പ്രധാന ഘടകങ്ങളാണ്. എന്നാൽ ക്രിമിനലുകളുടെ ഇടപെടലും പണത്തിന്‍റെ സ്വാധീനവും തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒരു പരിധിവരെ സ്വാധീനിക്കുന്നുണ്ട് എന്ന പരാതിയുണ്ട്.
2024ലെ 18ാമത് ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചെങ്കിലും ചെറിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ തുടരാനാണ് നരേന്ദ്ര മോദി ഭരിക്കുന്ന എൻഡിഎ സർക്കാരിന് കഴിഞ്ഞത്. ഇന്ത്യ മുന്നണിയെ നയിക്കുന്ന കോൺഗ്രസിന് നൂറോളം സീറ്റുകൾ ലഭിച്ച് മുഖം രക്ഷിക്കാനും കഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ദേശീയ മുന്നണി അധികാരത്തിൽ കടന്നുവരുമെന്ന് കണക്കുകൂട്ടിയെങ്കിലും 52 സീറ്റുകളിൽ കോൺഗ്രസിന് ഒതുങ്ങേണ്ടി വന്നു. അന്ന് കോൺഗ്രസിന് ഔദ്യോഗിക പ്രതിപക്ഷമാകാൻ പോലും കഴിഞ്ഞില്ല. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രതിപക്ഷമാകാനുനുള്ള ഭാഗ്യം കോൺഗ്രസിന് ലഭിച്ചു.
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹി ആര് പിടിച്ചടക്കും എന്നതായിരുന്നു കഴിഞ്ഞ വാരത്തിലെ പ്രധാന രാഷ്‌ട്രീയ വിഷയം. ഭരണ സിരാകേന്ദ്രമെന്ന നിലയിൽ ഡൽഹി സംസ്ഥാന ഭരണം എപ്പോഴും നിരീക്ഷണ വിധേയമാണ്. കോൺഗ്രസിന്‍റെ ശക്തയായ ഭരണാധികാരി എന്ന നിലയിൽ 15 വർഷം ഡൽഹി ഭരിച്ച ഷീല ദീക്ഷിതും, മൂന്നു വർഷം ഭരിച്ച ബിജെപിയുടെ മദൻലാൽ ഖുറാനയും പ്രത്യേക ശ്രദ്ധ നേടിയവരാണ്. ഡൽഹിയിൽ മറ്റു പാർട്ടികൾക്കില്ലാതിരുന്ന സ്വാധീനം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ ആംആദ്മി പാർട്ടിക്കു കഴിഞ്ഞു. അങ്ങനെ രാഷ്‌ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയിട്ടില്ലാത്ത അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായി 10 വർഷം ഡൽഹി ഭരിച്ചു. സ്ത്രീകൾക്ക് ബസിൽ സൗജന്യയാത്ര, പാവങ്ങൾക്ക് സൗജന്യ വെള്ളം, സൗജന്യ വൈദ്യുതി, മറ്റ് സൗകര്യങ്ങൾ ഒക്കെ നൽകി കെജ്‌രിവാൾ കൂടുതൽ ശക്തനായി.
എന്നാൽ രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി രാഷ്‌ട്രീയത്തിലെ എല്ലാ തന്ത്രങ്ങളും അറിയുന്നവനാണ്. അഴിമതിക്കെതിരേ പടപൊരുതി പാർട്ടിയുണ്ടാക്കിയ കെജ്‌രിവാളിനെതിരേ അഴിമതി ആരോപണങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. അദ്ദേഹവും സഹപ്രവർത്തകരും ജയിലിൽ കിടക്കേണ്ടി വന്നു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് മാസങ്ങൾക്കു മുമ്പേ പല തന്ത്രങ്ങളും ഇറക്കിയതിനു പുറമേ തെരഞ്ഞെടുപ്പിന്‍റെ തലേന്നാൾ പാർലമെന്‍റിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രസംഗിച്ചതും, തെരഞ്ഞെടുപ്പു ദിവസം പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ മഹാകുംഭമേളയ്ക്കെത്തി പുണ്യസ്‌നാനം നടത്തിയതും ഡൽഹി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് തന്നെയായിരുന്നു. തുടർന്ന് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടിയുടെ തകർച്ചയ്ക്കു പിന്നാലെ അരവിന്ദ് കെജ്‌രിവാളിന്‍റെ തോൽവിയുമാണ് നാം കണ്ടത്.
ഹാട്രിക് പൂജ്യവുമായി ഡൽഹിയിൽ കോൺഗ്രസ് നാമവശേഷമാവുകയും ചെയ്തു. ഭാരത് ജോഡോ യാത്രയിലൂടെ കോൺഗ്രസിന് പുതുജീവൻ നൽകിയ രാഹുൽ ഗാന്ധിക്ക് ബാലറ്റ് പെട്ടിയിലേക്ക് വോട്ടുകൾ എത്തിക്കാൻ കഴിഞ്ഞില്ല. ഇന്ത്യ മുന്നണിയിൽ തൃണമൂലിന്‍റെ ശക്തയായ നേതാവ് മമത ബാനർജിയുടെയും ആം ആദ്മി പാർട്ടി നേതാവ് കെജ്‌രിവാളിന്‍റെയും കൈ പിടിച്ച് ഒന്നിച്ചു മുന്നേറാൻ കോൺഗ്രസിന് ശക്തമായ ഒരു നേതൃത്വമില്ല. രാഷ്‌ട്രീയത്തിനതീതമായി എല്ലാവരും അംഗീകരിക്കുന്ന സോണിയ ഗാന്ധിയ്ക്ക് അനാരോഗ്യം മൂലം പാർട്ടിയിൽ സജീവമാകാൻ കഴിയുന്നുമില്ല. ചെറുപ്പക്കാരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും രാഷ്‌ട്രീയത്തിൽ ദീർഘനാൾ പ്രവർത്തിക്കാനുള്ള സന്ദർഭമുണ്ട്. എന്നാൽ സ്തുതിപാഠകരുടെ വലയത്തിൽ നിന്ന് പുറത്തിറങ്ങാൻ ഇവർ തയാറാകണം.
ഓരോ തെരഞ്ഞെടുപ്പു കഴിയുമ്പോഴും കൂടുതൽ ബലഹീനമാകുന്ന ഗ്രാന്‍റ് ഓർഡ് പാർട്ടിയായ കോൺഗ്രസിനെ എങ്ങനെ ശക്തമാക്കാം എന്നതിനെക്കുറിച്ച് തുറന്ന മനസോടെ ചർച്ച ചെയ്ത് തീരുമാനമെടുക്കണം. അതല്ല, "എത്ര തല്ലിയാലും ഞാൻ നന്നാവില്ല അമ്മാവാ'' എന്നാണെങ്കിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞതുപോലെ "ഇനിയും തമ്മിലടിക്കൂ, പരസ്പരം പോരാടി നശിക്കൂ'' എന്നു തന്നെയാണ് കോൺഗ്രസിനോട് ജോത്സ്യനും പറയാൻ തോന്നുന്നത്.