അയ്യന്‍കാളി ജയന്തിയുടെ സമകാലിക പ്രസക്തി

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടികവിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്
Contemporary relevance of Ayyankali Jayanti
അയ്യന്‍കാളി ജയന്തിയുടെ സമകാലിക പ്രസക്തി
Updated on

മൂഹത്തിൽ ആഴത്തിൽ വേരോടിയ അനാചാരങ്ങൾക്കും, അസമത്വങ്ങൾക്കും എതിരെ പടവെട്ടിയ നവോത്ഥാന നായകനാണ് മഹാത്മാ അയ്യൻകാളി. പാവപ്പെട്ടവരുടെ ഉന്നമനത്തിന് വിദ്യാഭ്യാസം മാത്രമാണ് ഏക പോംവഴിയെന്ന് ക്രാന്തദര്‍ശിയായ ആ പോരാളി തിരിച്ചറിഞ്ഞു. അതിന്‍റെ അനന്തരഫലമാണ് ജാതി കോമരങ്ങളുടെ കോട്ടകൊത്തളങ്ങൾ ഇടിച്ചു നിരത്തിയ വില്ലുവണ്ടിയുടെ മുന്നേറ്റമെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

മാടമ്പികൾ "അയിത്ത വണ്ടി' എന്ന് വിളിച്ച വില്ലുവണ്ടി, പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ ആത്മവിശ്വാസം ഗണ്യമായി ഉയർത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. തിരുവിതാംകൂറിന്‍റെ മുക്കിലും, മൂലയിലും സഞ്ചരിച്ച അയ്യൻകാളി സായുധ പ്രതിരോധങ്ങളെ പേശിബലത്താലും, നെഞ്ചുറപ്പിനാലും നേരിട്ടതോടെ സാധാരണക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു. ഇതോടെ ദരിദ്ര ജനതയ്ക്ക് അദ്ദേഹം അവകാശ പോരാട്ടങ്ങളുടെ മറു വാക്കായി മാറി. കർഷകത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി പാവങ്ങളുടെ യാതനകളിൽ അയ്യൻകാളി ഇടപെട്ടു. പാവങ്ങളുടെ കുട്ടികൾക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചാൽ കൊയ്യാൻ പാടത്തിറങ്ങില്ലെന്ന ഉഗ്ര താക്കീതോടെ തിരുവിതാംകൂറിലെ ആദ്യ കര്‍ഷക സമരത്തിന് 1905ല്‍ നേതൃത്വം നൽകിയതും മറ്റാരുമായിരുന്നില്ല. കർഷകത്തൊഴിലാളി മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം നൽകിയതില്‍ ഈ സമരത്തിന് ചരിത്രപരമായ പങ്കുണ്ട്.

വർത്തമാനകാല ഇന്ത്യയിലും ചാതുർവർണ്യ വ്യവസ്ഥയുടെ പിന്തുടർച്ചക്കാരായ സംഘപരിവാര്‍ നയിക്കുന്ന കേന്ദ്ര സർക്കാറിന് മുട്ടുമടക്കേണ്ടി വന്നത് തെരുവിലിറങ്ങിയ കർഷകരോടായിരുന്നു എന്നത് മറന്നുകൂടാ.

കർഷക സമരത്തിൽ നിന്നും ലഭിച്ച ഊർജവുമായി അനീതിക്കെതിരെ പോരാട്ടം തുടർന്ന അയ്യൻകാളി സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാനും, കല്ലുമാലയും, ഇരുമ്പുവളയങ്ങളും ധരിക്കുന്നത് ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു. 1915ല്‍ കൊല്ലം പീരങ്കി മൈതാനത്ത് സമ്മേളിച്ച മഹാസഭ അയ്യൻകാളിയുടെ ആഹ്വാനത്താല്‍ പ്രചോദിതരായി കല്ലുമാലകള്‍ വലിച്ചെറിഞ്ഞത് വിപ്ലവകരമായ ഒരു സാമൂഹിക മുന്നേറ്റമായിരുന്നു.1904ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം സ്ഥാപിച്ച അയ്യൻകാളിക്ക് അന്ന് രാത്രി തന്നെ ആ കെട്ടിടം സവർണർ കൊളുത്തിയ തീയില്‍ വെന്തെരിയുന്നതിന് സാക്ഷിയാകേണ്ടി വന്നു. പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുള്ള വിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവുമായി എട്ടുവയസുകാരി പഞ്ചമിയെയും കൊണ്ട് ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തിലെത്തിയ അയ്യൻകാളി അധ്യാപകന്‍റെ തടസവാദം വകവെയ്ക്കാതെ കുട്ടിയെ ക്ലാസിലിരുത്തി. എന്നാല്‍ വീണ്ടും സ്കൂളിന് തീവച്ചാണ് അയ്യന്‍കാളിയെ തോല്‍പ്പിക്കാന്‍ അയിത്തകോമരങ്ങൾ ശ്രമിച്ചത്.

ശ്രീമൂലം പ്രജാസഭയിൽ അംഗമായിരിക്കെ അയ്യൻകാളി അവതരിപ്പിച്ച നിവേദനങ്ങളും പ്രമേയങ്ങളും അദ്ദേഹത്തിന്‍റെ സാമൂഹിക-രാഷ്ട്രീയ ബോധ്യങ്ങളുടെ മായാത്ത മുദ്രകളാണ്. തരിശുഭൂമി പതിച്ചുനൽകൽ, തൊഴിലധിഷ്ഠിത പഠനം, വിദ്യാഭ്യാസാവകാശം തുടങ്ങി അയ്യൻകാളി അവതരിപ്പിച്ച വിഷയങ്ങൾ സർവകാലികമാണ്. സ്കൂളുകളിൽ ഉച്ചഭക്ഷണം അനുവദിക്കണമെന്ന പ്രമേയം അയ്യൻകാളിയുടെ ദീർഘവീക്ഷണത്തിന് നിദര്‍ശനമാണ്.

രാജ്യത്തെ പൊതുസ്ഥിതിയില്‍ നിന്ന് വ്യത്യസ്തമായി പട്ടികവിഭാഗക്കാര്‍ക്ക് ഭൂമി, വീട് അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ കേരളം ഏറെ മെച്ചപ്പെട്ട നിലയിലാണ്. 10 ബി.എക്കാരെ സ്വന്തം സമുദായത്തിൽ നിന്ന് കണ്ടിട്ട് മരിക്കണമെന്നായിരുന്നു അയ്യൻകാളി ആഗ്രഹിച്ചത്. എന്നാൽ കേരളത്തില്‍ നിന്നും കഴിഞ്ഞ എട്ടു വർഷം കൊണ്ട് 800 ഓളം പട്ടിക - പിന്നാക്ക വിഭാഗം കുട്ടികളെയാണ് ബിരുദാനന്തര പഠനത്തിനായി വിദേശത്തേക്ക് പൂർണ സ്കോളർഷിപ്പോടെ അയച്ചിട്ടുള്ളത്.

എംആർഎസ് സ്കൂളുകളിലുടെ മികച്ച വിദ്യാഭ്യാസവും, ആരോഗ്യ സംരക്ഷണവും ഉറപ്പിക്കുന്നു. പട്ടികവര്‍ഗ സങ്കേതങ്ങളിലെ വീടുകളില്‍ നിന്നും വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി സ്കൂളുകളിലേയ്ക്കും തിരിച്ചും വാഹനങ്ങളില്‍ എത്തിക്കുന്നു. പട്ടികജാതി വികസന വകുപ്പ് നടത്തുന്നതും ഓരോ അക്കാദമിക് വര്‍ഷവും 72 പട്ടികവിഭാഗം കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കുന്നതുമായ പാലക്കാട് മെഡിക്കല്‍ കോളെജ് രാജ്യത്തിനു തന്നെ മാതൃകയാണ്.

കേരള ജനസംഖ്യയുടെ 9.1 ശതമാനം വരുന്ന പട്ടികജാതി വിഭാഗത്തിന് വാര്‍ഷിക പദ്ധതിയുടെ 9.81% തുകയും, 1.45% വരുന്ന പട്ടികവര്‍ഗ ജനവിഭാഗത്തിന് വാര്‍ഷിക പദ്ധതിയുടെ 2.83% തുകയുമാണ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇതേസമയം ദേശീയ ജനസംഖ്യയുടെ 16.6% വരുന്ന പട്ടികജാതി വിഭാഗത്തിന് ബജറ്റിന്‍റെ 3.53% തുകയും, 8.6% വരുന്ന പട്ടികവര്‍ഗ വിഭാഗത്തിന് 2.65% തുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നത്. ഇതൊരു ശതമാന കണക്ക് മാത്രമല്ല. രാഷ്‌‌ട്രീയ നയങ്ങളുടെയും നിലപാടുകളുടെയും പ്രതിഫലനമാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പട്ടികവിഭാഗത്തെ ഉന്നതിയിലേയ്ക്ക് ഉയര്‍ത്താന്‍ അഹോരാത്രം പരിശ്രമിക്കുമ്പോള്‍, സംഘപരിവാറിന്‍റെ ധൃതരാഷ്ട്രാലിംഗനം മാത്രമാണ് ദേശീയ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്.

സ്കോളര്‍ഷിപ്പുകളിലാണ് ഇത്തവണത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാന വെട്ടിക്കുറവ് വരുത്തിയത്. പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ് മുന്‍വര്‍ഷം പട്ടികജാതി വിഭാഗത്തില്‍ 1,078 കോടി രൂപ ഉണ്ടായിരുന്നത് ഇത്തവണ 921 കോടിയാക്കി. പിന്നാക്ക വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് മുന്‍വര്‍ഷം 90 കോടിയായിരുന്നത് ഇത്തവണ 50 കോടിയാക്കി കുറച്ചു. പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിലും കുറവുണ്ട്. പട്ടികവിഭാഗക്കാര്‍ക്ക് മികച്ച വിദ്യാഭ്യാസം കിട്ടാതിരിക്കാനുള്ള ആസൂത്രിത ശ്രമമായിട്ടുവേണം ഇതിനെ കാണാന്‍.

എന്നാല്‍ കേരളത്തിലാകട്ടെ ഈ വെട്ടിക്കുറവുകളൊന്നും ബാധിക്കാതിരിക്കാന്‍ സംസ്ഥാന ബജറ്റില്‍ അധിക പണം വകയിരുത്തി പദ്ധതികള്‍ തുടരുകയാണ്. അയ്യൻകാളിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെ ഈ സര്‍ക്കാര്‍ സാക്ഷാത്കരിക്കുകയാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടികവിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ജോലിക്ക് കൂലി ചോദിച്ച ദലിതനെ തല്ലിക്കൊല്ലുന്നു, തൊഴിലാളിയെ തല്ലിച്ചതച്ച് തൂണില്‍ കെട്ടിയിട്ട് ബിജെപി നേതാവ് തലയില്‍ മൂത്രമൊഴിക്കുന്നു. ദലിത് പെണ്‍കുട്ടികളെ ബലാസംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്നു. ഏറ്റവും ഒടുവില്‍ പട്ടികവിഭാഗ സംവരണവും അട്ടിമറിച്ച് 45 സെക്രട്ടറി തസ്തികകളില്‍ തങ്ങളുടെ താല്‍പര്യ സംരക്ഷകരെ കുത്തി നിറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. രാജ്യത്തെ ദളിത്- ആദിവാസി സംഘടനകളുടെയും, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഒറ്റക്കെട്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാരിന് ഈ നീക്കം പിന്‍വലിക്കേണ്ടി വന്നത്. പട്ടിക വിഭാഗക്കാർക്ക് നിയമപരമായി ലഭിക്കേണ്ട ഓരോ സംവരണ അവസരങ്ങളും കേന്ദ്രസർക്കാർ ബോധപൂർവം നിഷേധിക്കുന്നതിന്‍റെ ഉദാഹരണമാണിത്.

കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ പുതുപാത വെട്ടിതെളിച്ച യുഗപ്രഭാവനാണ് അയ്യന്‍കാളി. അദ്ദേഹം കാണിച്ച ധീരതയും സഹനവും നവകേരളത്തിലേക്ക് അതിവേഗം ചുവടുവയ്ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് തീര്‍ച്ചയായും വഴികാട്ടുന്നു. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ വികസനം ലക്ഷ്യമിട്ട് ഈ സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സാമൂഹ മുഖ്യധാരയിലേയ്ക്ക് അവരെ കൂടുതൽ ചേര്‍ത്തു നിര്‍ത്തുന്നതില്‍ വിപ്ലവകരമായ പങ്കാണ് വഹിക്കുന്നത്.

അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും ജാതിമത ചിന്തകളെയുമൊക്കെ തിരിച്ചുകൊണ്ടു വന്ന് മലയാളി മനസിനെ ഭിന്നിപ്പിച്ച് പിന്നോട്ടടിപ്പിക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. ഇക്കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി അയ്യന്‍കാളിയടക്കമുള്ള നവോത്ഥാന നായകര്‍ പകര്‍ന്നു നല്‍കിയ മതേതര ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാന്‍ നമുക്കാകണം.

Trending

No stories found.

Latest News

No stories found.