പ്രായപരിധി ഇളവിന്‍റെ ആകാംക്ഷയിൽ സിപിഎം

കണ്ണൂരിൽ കഴിഞ്ഞ തവണ നടന്ന പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായപരിധി 80 നിന്ന് 75 ആക്കി കുറച്ചത്
Pinarayi Vijayan | MV Govindan

പിണറായി വിജയൻ

Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനം 6ന് കൊല്ലത്ത് ആരംഭിക്കാനിരിക്കേ പ്രായപരിധിയിൽ ആർക്കൊക്കെ ഇളവ് ലഭിക്കുമെന്നതിൽ ആകാംക്ഷ. മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് ലഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂരിൽ കഴിഞ്ഞ തവണ നടന്ന പാർട്ടി കോൺഗ്രസാണ് സംഘടനാ പദവികളില്‍ തുടരാനുള്ള പ്രായപരിധി 80 നിന്ന് 75 ആക്കി കുറച്ചത്. അന്നുതന്നെ പ്രായപരിധി കടന്ന പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനാൽ ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. ആ ഇളവ് ഈ സമ്മേളനത്തിലും ബാധകമാണെന്നാണ് എം വി ഗോവിന്ദൻ വിശദീകരിച്ചത്. അങ്ങനെയാണെങ്കിൽ സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും കേന്ദ്രക്കമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും അംഗമായ മുഖ്യമന്ത്രിക്ക് മാർച്ച് 21ന് 81 വയസാവുമെങ്കിലും ഈ സമ്മേളനത്തിലും ഇളവ് ലഭിക്കും. കേന്ദ്ര കമ്മിറ്റിയുടെയും പോളിറ്റി ബ്യൂറോയുടെയും കാര്യം ഏപ്രിൽ 2 മുതൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസാണ് തീരുമാനിക്കുക.

എ.കെ. ബാലൻ, ആനാവൂർ നാഗപ്പൻ എന്നിവർക്കു പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതാ അംഗമായ പി.കെ ശ്രീമതിയും ഇത്തവണ പ്രായപരിധി കാരണം ഒഴിവാകേണ്ടിവരും. കെ.കെ. ശൈലജ, പി. സതീദേവി, സി.എസ്. സുജാത എന്നിവർ സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നുണ്ടെങ്കിലും അത് കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണ്.

കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആനത്തലവട്ടം ആനന്ദനു പകരം വരുമെന്ന് പ്രതീക്ഷിച്ചിരുന്ന എം. വിജയകുമാറിനും കടകംപള്ളി സുരേന്ദ്രനും ഇത്തവണയും പ്രായപരിധി കടന്നിട്ടില്ല. ആനാവൂർ ഒഴിയുമ്പോൾ ഇവരിലൊരാളോ ടി.എൻ. സീമയോ പരിഗണിക്കപ്പെടാം. മന്ത്രി എം.ബി. രാജേഷ്, കെ. സോമപ്രസാദ്, സി.എസ്. സുജാത എന്നിവരും സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടേക്കാം.

സെക്രട്ടറി പദത്തിൽ എം.വി. ഗോവിന്ദന് വെല്ലുവിളികളില്ല. കോടിയേരി ബാലകൃഷ്ണന്‍റെ ആകസ്മിക വിയോഗത്തെതുടര്‍ന്നാണ് തദ്ദേശ സ്വയംഭരണ മന്ത്രി സ്ഥാനം രാജിവച്ച് അദ്ദേഹം സെക്രട്ടറിയായത്.

എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനും മുൻ കൺവീനർ ഇ.പി. ജയരാജനും ഈ വർഷം 75 ആവുകയാണ്. മേയിലാണ് കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇപി പ്രായപരിധി കടക്കുന്നതെങ്കിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ടിപി തൊട്ടടുത്ത മാസം ആ പ്രായത്തിലെത്തും. സമ്മേളനം നടക്കുമ്പോൾ ഇരുവർക്കും 75 തികയില്ലെന്ന സാങ്കേതികത്വവുമുണ്ട്. എൽഡിഎഫ് കൺവീനറായിട്ട് ആറ് മാസമേ ആയുള്ളൂ എന്നതിനാൽ ടിപിക്ക് ഇളവിന് സാധ്യതയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com