കള്ളൻമാർക്കും ക്രിമിനലുകൾക്കും കുട പിടിക്കുന്ന ജനസമ്പർക്കം

ശബരിമല സ്വർണക്കവർച്ചയും തടവുകാരുടെ ആനുകൂല്യ വർധനയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നീക്കങ്ങളെയും മുന്നണികളുടെ വെല്ലുവിളികളെയും വിശകലനം ചെയ്യുന്നു
CPM outreach midst Sabarimala heist to prisoner perks

ആശാ വർക്കർമാരുടെ സമരത്തോട് മുഖം തിരിക്കുമ്പോഴും ക്രിമിനലുകൾക്ക് ശമ്പള വർധന.

MV Graphics

Updated on
Summary

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർമാർ ആശയക്കുഴപ്പത്തിലാണ്. ശബരിമലയിലെ സ്വർണക്കവർച്ചാ വിവാദവും, ആശാ വർക്കർമാരെ അവഗണിക്കുമ്പോഴും തടവുകാരുടെ ആനുകൂല്യം വർധിപ്പിച്ചതും സൃഷ്ടിച്ച തിരിച്ചടികളിൽ നിന്ന് കരകയറാൻ സി.പി.എം കിണഞ്ഞു പരിശ്രമിക്കുകയാണ്. ഒരു രാഷ്ട്രീയ 'വിസ്മയത്തിനായി' കോൺഗ്രസ് പരക്കം പായുമ്പോൾ, നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ സിപിഎമ്മിന്‍റെ വർഗീയ കാർഡിൽ ബിജെപി പ്രതീക്ഷയർപ്പിക്കുന്നു.

അജയൻ

ലോക്സഭാ തെരഞ്ഞെടുപ്പ് മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ തുടർച്ചയായ തിരിച്ചടികൾ നേരിട്ട ഭരണകക്ഷിയായ സിപിഎം, പെട്ടെന്നൊരു സുപ്രഭാതത്തിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരിക്കുന്നു. തങ്ങളുടെ 'തെറ്റായ നടപടികൾ' വിശദീകരിക്കേണ്ടതുണ്ട് എന്ന അവകാശവാദം, ജനങ്ങളിൽ നിന്ന് അകന്നുപോയ ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം അർഥശൂന്യമാണ്. കൊവിഡ് കാലത്ത് കേരളത്തിന്‍റെ നട്ടെല്ലായിരുന്ന ആശാ വർക്കർമാരോട് അഹങ്കാരവും അവഗണനയും കാണിക്കുമ്പോൾ തന്നെ തടവുകാരുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച നടപടി ഈ ജനവിരുദ്ധതയെ തുറന്നുകാട്ടുന്നു. സമരരംഗത്തുള്ള ആശാ വർക്കർമാരോട് കാണിക്കുന്ന പുച്ഛവും ക്രിമിനലുകൾക്ക് നൽകുന്ന ഔദാര്യവും തമ്മിലുള്ള വൈരുദ്ധ്യത്തെ ന്യായീകരിക്കാൻ ഒരു രാഷ്ട്രീയ പ്രസംഗത്തിനും കഴിയില്ല. ചില തടവുകാർക്ക് ജാമ്യം കിട്ടുമ്പോൾ പാർട്ടി നേതാക്കൾ സ്വീകരണം നൽകുന്നതും അവർക്ക് അനായാസം പരോൾ അനുവദിക്കുന്നതും ഈ വൈരുദ്ധ്യത്തിന്‍റെ ആഴം കൂട്ടുന്നു. എന്നിട്ടും ജനങ്ങൾ ഈ പ്രകടനങ്ങളൊക്കെ വിശ്വസിക്കുമെന്ന് പാർട്ടി കരുതുന്നു.

തെരഞ്ഞെടുപ്പുകളിൽ തിരിച്ചടി നേരിട്ട് പ്രതിരോധത്തിലായ പാർട്ടി, വോട്ടർമാരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാനായി വരാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ കൂടുതൽ വാഗ്ദാനങ്ങൾ ചൊരിഞ്ഞേക്കും. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചത് ഇതിന്‍റെ സൂചനയായിരുന്നു. പഴയ തിരക്കഥ തന്നെയാണിതെങ്കിലും, അമിതമായ ആവർത്തനം മടുപ്പുണ്ടാക്കുമെന്നതാണ് വാസ്തവം.

ശബരിമലയിലെ യുവതീപ്രവേശനം സൃഷ്ടിച്ച തിരിച്ചടികൾക്കു ശേഷമാണ് ഇതിനുമുൻപ് ഇത്തരമൊരു 'ജനസമ്പർക്കം' നടന്നത്. അത് പാർട്ടിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്തിരുന്നു. ഇന്ന്, പത്തു വർഷത്തെ ഭരണകാലയളവിൽ നടന്നുവെന്ന് പറയപ്പെടുന്ന ശബരിമലയിലെ സ്വർണക്കവർച്ചയാണ് പാർട്ടിയെ വേട്ടയാടുന്നത്. പതിവുപോലെ പ്രതിരോധവും കുറ്റപ്പെടുത്തലുകളും വഴി പൊതുജനരോഷത്തിൽ നിന്ന് രക്ഷപെടാനാണ് പാർട്ടി ശ്രമിക്കുന്നത്.

ഒരാളുടെ മാത്രം ഇഷ്ടാനിഷ്ടങ്ങളിലേക്ക് ഒതുങ്ങിയ പാർട്ടിയും സർക്കാരും സ്വന്തം പരാജയങ്ങൾ അംഗീകരിക്കാൻ തയാറല്ല. ഈ നാടകങ്ങളെല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഭക്തരുടെ വഴിപാടുകൾ കൊള്ളയടിക്കപ്പെട്ടുവെന്ന ആരോപണം നിലനിൽക്കുമ്പോഴും, സ്വർണക്കവർച്ചാ കേസിൽ ഉൾപ്പെട്ട സ്വന്തം നേതാക്കൾക്കെതിരേ നടപടിയെടുക്കാൻ സർക്കാർ തയാറല്ല. മറിച്ച്, സർക്കാരിന്‍റെയോ പാർട്ടിയുടെയോ അറിവില്ലാതെ നടന്ന ഒറ്റപ്പെട്ട സംഭവമാണിതെന്നു വിശ്വസിക്കാനാണ് അവർ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഫയലുകളിൽ ഒപ്പിടുക മാത്രമാണു തന്‍റെ ജോലിയെന്നും, ക്ഷേത്രഭരണം നോക്കേണ്ടത് താനല്ലെന്നും ഒരു മുൻ ദേവസ്വം മന്ത്രി അവകാശപ്പെട്ടു. ഇതൊന്നും വാദങ്ങളല്ല, മറിച്ച് ജനങ്ങളുടെ സാമാന്യബുദ്ധിയെ പരിഹസിക്കലാണ്.

മറച്ചുപിടിക്കാൻ കഴിയാത്തവിധം പച്ചയ്ക്കാണ് വർഗീയ കാർഡ് ഇവിടെ ഉപയോഗിക്കുന്നത്. ഒരു പാരഡി ഗാനം വലിയൊരു വർഗീയ വിവാദമാക്കി മാറ്റുന്നു. പാർട്ടിയുടെ ചില നേതാക്കൾ കൃത്യമായ ഇടവേളകളിൽ വർഗീയവിഷം ചീറ്റുന്നു. സ്വന്തം പാർട്ടിയിൽ തന്നെ അസ്വസ്ഥതകൾ പുകയുമ്പോഴും മുഖ്യമന്ത്രി അവരെ സംരക്ഷിക്കാൻ ഓടിയെത്തുന്നു. പാഠം പഠിച്ചു വന്ന വിശദീകരണങ്ങളുമായി അണികൾ വീടുകളിൽ എത്തുമ്പോൾ വോട്ടർമാർ ഇതെല്ലാം ഓർക്കുന്നുണ്ട്. പരമാധികാരിയായ നേതാവിനോടുള്ള വിധേയത്വവും മന്ത്രിമാരുടെ ധൂർത്തും കാണുന്നുണ്ട്. സമരങ്ങളിൽ നിന്ന് ജന്മമെടുത്ത പാർട്ടി ഇപ്പോൾ സമരങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുന്നതും ജനങ്ങൾ കാണുന്നുണ്ട്. വിഭാഗീയ രാഷ്ട്രീയത്തിനു പേരുകേട്ട ഒരു സമുദായ നേതാവിനെ സംരക്ഷിക്കുന്ന നിലപാടും അവർ മറന്നിട്ടില്ല. അന്തരിച്ച വി.എസ്. അച്യുതാനന്ദൻ മാത്രമാണ് അദ്ദേഹത്തെ നേരിടാൻ ധൈര്യം കാട്ടിയത്. ഇതൊന്നും ജനങ്ങളുടെ മറവിയിലല്ല, മറിച്ച് അവരുടെ ഓർമപ്പൊട്ടുകളിലുണ്ട്.

തെറ്റായ നടപടികൾ, സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുമ്പോഴും നടത്തുന്ന ധൂർത്ത്, സ്വന്തം നിലപാടുകൾക്ക് വിരുദ്ധമായി ഡൽഹിയിൽ നടത്തുന്ന രഹസ്യ ഇടപാടുകൾ എന്നിവയെല്ലാം തത്വങ്ങളിലല്ല, മറിച്ച് വിട്ടുവീഴ്ചകളിലാണ് ഈ പാർട്ടി നിലനിൽക്കുന്നത് എന്ന ചിത്രം വ്യക്തമാക്കുന്നു.

എന്നാൽ, ബദൽ സംവിധാനങ്ങളും അത്ര വിശ്വാസയോഗ്യമല്ലാത്തതിനാൽ വോട്ടർമാർ വഴിമുട്ടി നിൽക്കുകയാണ്. വോട്ട് വിഹിതത്തിൽ മുൻതൂക്കം ഉണ്ടായിട്ടും യുഡിഎഫ്, പ്രത്യേകിച്ച് കോൺഗ്രസ്, ഒരു ബാബേൽ ഗോപുരം പോലെയാണ്- നേതാക്കൾ പല തട്ടിൽ സംസാരിക്കുകയും പരസ്പരം പാര പണിയുകയും ചെയ്യുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എടുത്ത ശക്തമായ നിലപാട് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും ആ നേട്ടം നിലനിർത്താൻ കോൺഗ്രസിനായില്ല.

ഒരു രാഷ്ട്രീയ 'വിസ്മയം' സൃഷ്ടിക്കാനുള്ള തിടുക്കത്തിൽ, മുന്നണിയിലെ സമ്മർദങ്ങൾ മൂലം ആരെയും കൂടെക്കൂട്ടാൻ കോൺഗ്രസ് നേതൃത്വം തയാറാവുകയാണ്. വർഗീയ-സമുദായ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയത്തോട് വോട്ടർമാർക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇത്തരം പ്രീണന രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചാൽ മാത്രമേ ഒരു മാറ്റം സാധ്യമാകൂ. എന്നാൽ, യുഡിഎഫിന്‍റെ ഇന്നത്തെ അവസ്ഥയിൽ അതിനു സാധ്യത കുറവാണ്.

തിരുവനന്തപുരത്ത് സിപിഎമ്മിനു കനത്ത തിരിച്ചടി നൽകിയിട്ടും ബിജെപിയുടെ ആകെ വോട്ട് വിഹിതം കുറയുകയാണു ചെയ്തത്. സിപിഎം അനുഭാവികളായ ശബരിമല ഭക്തരിലാണ് ബിജെപി ഇപ്പോൾ പ്രതീക്ഷയർപ്പിക്കുന്നത്. സിപിഎം വർഗീയ വിഭജന തന്ത്രവുമായി മുന്നോട്ട് പോയാൽ അത് ബിജെപിക്ക് ഗുണകരമായേക്കും. എന്നാൽ, നിയമസഭയിൽ ഇടംപിടിക്കാൻ ബിജെപിയെ സഹായിക്കുന്നതിനായി സിപിഎം നടത്തുന്ന രാഷ്ട്രീയ ഒത്തുകളിയായിട്ടേ പലരും ഇതിനെ കാണുകയുള്ളൂ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com