ഗുരുനിന്ദയുടെ വിളനിലങ്ങള്‍

ഈ അധ്യാപകന്‍ രണ്ടു കാലില്‍ ഈ ഇന്‍സ്റ്റിറ്റ്യൂഷന്‍റെ അകത്തു കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ചെയ്യാനുള്ള കഴിവും എസ്എഫ്ഐക്ക് ഉണ്ടെന്നു മനസിലാക്കിക്കോ
ഗുരുനിന്ദയുടെ വിളനിലങ്ങള്‍| sfi
sfi

#അഡ്വ. ചാര്‍ളി പോള്‍

ഗുരുനിന്ദയുടെയും ധാര്‍മിക ഭ്രംശത്തിന്‍റെയും സാംസ്‌കാരിക അധഃപതനത്തിന്‍റെയും വിളനിലങ്ങളായി കലാലയങ്ങള്‍ മാറുകയാണ്. ആശയം കൊണ്ടും ബുദ്ധി കൊണ്ടും പ്രവൃത്തി കൊണ്ടും സമരം ചെയ്യേണ്ടതിനു പകരം ക്രിമിനല്‍ കുറ്റകൃത്യങ്ങളെ സമരമാര്‍ഗമായി സ്വീകരിച്ചുകൊണ്ടുള്ള പോരാട്ടങ്ങള്‍ അത്യന്തം ഹീനവും നീചവുമാണ്. അധികാര രാഷ്‌ട്രീയത്തിന്‍റെ കൈത്താങ്ങില്‍ എന്തു തോന്ന്യാസവും കാണിക്കുന്ന വിദ്യാർഥി സംഘടനാപ്രവര്‍ത്തകര്‍ സമൂഹത്തിന്‍റെ മുന്നിലുയര്‍ത്തുന്ന അപായ ഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങള്‍ ഒരിക്കലും അക്രമികളുടെ വിളനിലമാകരുത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മൂല്യങ്ങള്‍ മുദ്രാവാക്യമാക്കിയ വിദ്യാർഥി സംഘടനയുടെ പ്രവര്‍ത്തനശൈലി എത്രത്തോളം അതിനു വിരുദ്ധമായി മാറാമെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടി ഗുരുദേവ കോളെജിലെ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കറിനും സഹ അധ്യാപകന്‍ കെ.പി. രമേശിനും നേരിടേണ്ടി വന്ന ആക്രമണം. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും ഒരുസംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ലെന്നും മറ്റ് അധ്യാപകര്‍ ഇടപെട്ടാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പറയുന്നു.

"ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എസ്എഫ്ഐക്ക് അറിയാം... ഈ അധ്യാപകന്‍ രണ്ടു കാലില്‍ ഈ ഇന്‍സ്റ്റിറ്റ്യൂഷന്‍റെ അകത്തു കയറില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ചെയ്യാനുള്ള കഴിവും എസ്എഫ്ഐക്ക് ഉണ്ടെന്നു മനസിലാക്കിക്കോ''. പോലീസുകാരെ സാക്ഷിനിര്‍ത്തി എസ്എഫ്ഐ ഏരിയാ സെക്രട്ടറി നവതേജ് എസ്. മോഹന്‍ നടത്തിയ ഭീഷണി പ്രസംഗത്തില്‍ നിന്നുള്ള വരികളാണിവ. പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തതിനു പിന്നാലെ, വേണ്ടിവന്നാല്‍ പ്രിന്‍സിപ്പലിന്‍റെ നെഞ്ചത്ത് അടുപ്പു കൂട്ടുമെന്ന് ഡിവൈഎഫ്ഐ കൂടി പ്രഖ്യാപിച്ചു. ഇതൊക്കെ നടപ്പിലാക്കിയാലും ഒന്നും സംഭവിക്കില്ലെന്ന അഹന്ത കലര്‍ന്ന ആത്മവിശ്വാസം ഉണ്ടാകുന്നത് അവരുടെ രാഷ്‌ട്രീയ രക്ഷാകര്‍ത്തൃത്വം അത്ര ശക്തമായതിനാലാണ്. കേരളം അഭിമുഖീകരിക്കുന്ന അത്യന്തം ഭീഷണമായ സാഹചര്യമാണിത്.

2017 ജനുവരി 19നാണ് എറണാകുളം മഹാരാജാസ് കോളെജില്‍ പ്രിന്‍സിപ്പലിന്‍റെ കസേര പ്രധാന ഗേറ്റിന് മുന്നിലിട്ട് വിദ്യാർഥി സംഘടനക്കാര്‍ കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു; ""പ്രിന്‍സിപ്പലിന്‍റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്. ആ വ്യക്തിയെത്തന്നെ കത്തിക്കുന്നതിന് തുല്യമാണ്''.

പാലക്കാട് വിക്റ്റോറിയ കോളെജില്‍ വനിതാ പ്രിന്‍സിപ്പലിന്‍റെ റിട്ടയര്‍മെന്‍റ് ദിനത്തില്‍ ഒരുസംഘം വിദ്യാർഥികള്‍ അവര്‍ക്ക് കുഴിമാടം ഒരുക്കി റീത്ത്‌ വച്ച് പ്രതിഷേധിച്ചു. അത് ആര്‍ട്ട് ഇന്‍സ്റ്റലേഷനായി (പ്രതിഷ്ഠാപന കല) കാണണമെന്ന് ചില നേതാക്കൾ തന്നെ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു ഇത്.

2018ല്‍ കാസർഗോഡ് ജില്ലയിലെ പടന്നക്കാട് നെഹ്‌റു കോളെജിലെ വനിതാ പ്രിന്‍സിപ്പലിനുള്ള യാത്രയയപ്പു ചടങ്ങിനിടെ അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു ക്യാംപസില്‍ പോസ്റ്റര്‍ പതിച്ചു. ""വിദ്യാർഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്‌റുവിന് ശാപമോക്ഷം''. ഇതായിരുന്നു പോസ്റ്ററിലെ വരികള്‍.

31 വര്‍ഷം നെഹ്‌റു കോളെജില്‍ അധ്യാപികയും 2 വര്‍ഷം പ്രിന്‍സിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പു ചടങ്ങിനിടെയായിരുന്നു ഈ സംഭവം. ഇതിനു പുറമേ യാത്രയയപ്പ് യോഗം നടക്കുമ്പോള്‍ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെപ്പോലെ സ്‌നേഹിച്ച വിദ്യാർഥികളില്‍ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധം വേദനിപ്പിച്ചെന്ന് ആ പ്രിന്‍സിപ്പല്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങളുടെ തുടര്‍ച്ചയയായി വേണം കൊയിലാണ്ടി കോളെജിലെ കടത്തത്തെയും കാണാന്‍.

ആചാര്യന്‍ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങള്‍ അരങ്ങേറുന്നത്. ഒരു കാലത്ത് നന്മയുടെയും പരസ്പര സ്‌നേഹത്തിന്‍റെയും സര്‍ഗാത്മകതയുടെയും വിളനിലങ്ങളായിരുന്നു കലാലയങ്ങള്‍. വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാനതൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങള്‍ ഇന്ന് ഹിംസാത്മകമാകുകയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകര്‍ത്താക്കളായി മാറാനും വിദ്യാർഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്‌ട്രീയത്തെയും സംഘടനാ പ്രവര്‍ത്തനങ്ങളെയും ക്രിയാത്മകമായി സമീപിക്കാന്‍ പക്വമതികളെ പ്രേരിപ്പിച്ചത്. എന്നാല്‍ വിദ്യാർഥി രാഷ്‌ട്രീയത്തിന്‍റെ അപഭ്രംശങ്ങള്‍ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാലയങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുക. പ്ലസ് ടു കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും കേരളം വിടുകയാണ് പ്രതിഭകളായ കുട്ടികള്‍. പ്രിന്‍സിപ്പലിനു പോലും രക്ഷയില്ലെങ്കില്‍ കുട്ടികള്‍ ഭയന്നോടും.

""തങ്ങള്‍ തന്നെ വിധികര്‍ത്താക്കള്‍; വിധിയും ഞങ്ങള്‍ നടപ്പാക്കും'' എന്ന മുഷ്‌ക് തിരുത്തിക്കാന്‍ ഭരിക്കുന്ന സര്‍ക്കാരും പാര്‍ട്ടിയും തന്നെ മുന്‍കൈയെടുക്കണം. അല്ലെങ്കില്‍ പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം വീണ്ടും നഷ്ടമാകും, പാര്‍ട്ടിയും സംഘടനയും പൂതലിക്കും. ബംഗാളിലേക്കുള്ള ദൂരം കുറയുകയും ചെയ്യും. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് അടിസ്ഥാന മൂല്യങ്ങളുടെയും മാനവികതയുടെയും സഹിഷ്ണുതയുടെയും കൈപിടിച്ചാണെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പ്രാകൃത വഴികള്‍ ഇന്നത്തെ പൊതുസമൂഹം അംഗീകരിക്കില്ല.

വാല്‍ക്കഷണം:

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതിനോടൊപ്പം മുഖ്യന്‍ ചൂണ്ടിക്കാട്ടിയ ""രക്ഷാപ്രവര്‍ത്തനവും'' അവര്‍ ഏറ്റെടുത്തതാണ് അപകടമായത്. ഇത്തരം ""രക്ഷാപ്രവര്‍ത്തനം'' തുടര്‍ന്നാല്‍ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലും ആവര്‍ത്തിക്കും.

(ലേഖകന്‍റെ ഫോൺ: 8075789768)

Trending

No stories found.

Latest News

No stories found.