കർക്കിടക വിശേഷങ്ങൾ
എൻ. അജിത്കുമാർ
മകരക്കൊയ്ത്തുകഴിഞ്ഞ് നിറഞ്ഞ പത്തായം കാലിയാകുന്ന കാലമായിരുന്നു കര്‍ക്കിടകം. കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വേലയും കൂലിയുമില്ലാത്ത കാലം. അതുകൊണ്ട് പണ്ടത്തെ ആളുകള്‍ക്കീമാസം പഞ്ഞക്കര്‍ക്കിടകമായി. ഓര്‍ത്തിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കിടകം എന്നും ആളുകള്‍ വിളിച്ചു. ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും വഴികളിൽ ഇതു രാമായണ മാസവുമാണ്.
കര്‍ക്കിടകത്തെക്കുറിച്ച് ഇനിയുമുണ്ട് രസകരമായ കാര്യങ്ങള്‍....
കര്‍ക്കിടകത്തില്‍ മഴ കലശലായി പെയ്യുമെങ്കിലും ഇതിനിടയില്‍ നല്ല വെയിലും അനുഭവപ്പെടും. ഓണത്തിനുള്ള നെല്ല് പുഴുങ്ങി ഉണക്കിവയ്ക്കാനും വിറക് കീറി ഉണക്കാനും കൊപ്ര ഉണക്കി ആട്ടി വെളിച്ചെണ്ണ എടുത്തുവയ്ക്കാനുമൊക്കെ ഈ പത്തുണക്കിനെ പഴമക്കാര്‍ പ്രയോജനപ്പെടുത്തിപ്പോന്നു.
കര്‍ക്കിടകത്തിലെ കറുത്തവാവ് പിതൃബലിക്കും തര്‍പ്പണ കര്‍മങ്ങള്‍ക്കും ഉത്തമവും പ്രധാനവുമാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അന്ന് ബലി കര്‍മങ്ങള്‍ ചെയ്താല്‍ പിതൃക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം.
കര്‍ക്കിടകത്തിന്‍റെ അവസാനത്തോടെ ചിങ്ങമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പ് തുടങ്ങുന്നു. കര്‍ക്കിടകമാസത്തിന്‍റെ അവസാന ദിവസം വീടും പരിസരവും അടിച്ചും തളിച്ചും ശുചിയാക്കുന്നു. ഇതിനെ ആടിയറുതി എന്നാണ് പറയുന്നത്.
ആടിക്കാറ്റില്‍ അമ്മി പറക്കും (കര്‍ക്കിടകമാസത്തിലെ കാറ്റിന് അത്ര ശക്തിയായിരിക്കും)
കര്‍ക്കിടകത്തില്‍ ഇടിവെട്ടിയാല്‍ കരിങ്കല്ലിനും ദോഷം (അത്ര ശക്തമായിരിക്കും).
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നത് പുത്തരി കഴിച്ചപ്പം മറക്കരുത് (വന്ന വഴി മറക്കരുതെന്ന് സാരം).
കര്‍ക്കിടകത്തില്‍ കാക്ക പോലും കൂടുകെട്ടില്ല (പുതിയ കാര്യങ്ങൾ തുടങ്ങാൻ പാടില്ലാത്ത സമയം എന്നു വിശ്വാസം).
കര്‍ക്കടകത്തില്‍ രണ്ടോണം.
ഇല്ലംനിറയും പുത്തരിയും.
കര്‍ക്കടകം തീര്‍ന്നാൽ ദുര്‍ഘടം തീര്‍ന്നു.