സൈബർ ക്രൈം, ഫെയ്‌സ്‌ബുക്ക് ഹാക്ക്: മുൻകരുതൽ നിർദേശങ്ങളുമായി വിദഗ്ധൻ

അശ്രദ്ധ മൂലമാണ് പലരുടെയും ഫെയ്‌സ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ച് സൈബർ വിദഗ്ധൻ ശുഭം സിങ് സംസാരിക്കുന്നു.
Representative image
Representative image

ഹണി വി ജി

മുംബൈ: നഗരത്തിൽ കഴിഞ്ഞ വർഷം ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസുകളെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഏകദേശം 15% വർധിച്ചു. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. ജോലി തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, അശ്ലീല ഇമെയിൽ/എസ്എംഎസ്/എംഎംഎസ് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ധാരാളം.

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരിയിൽ മാത്രം 368 സൈബർ ക്രൈം കേസുകളാണ് നഗരപരിധിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2023 ജനുവരിയിൽ ഇത് 323 കേസുകളായിരുന്നു. ഈ ജനുവരിയിൽ രജിസ്റ്റർ ചെയ്ത 368 കേസുകളിൽ 38 കേസുകൾ മാത്രമാണ് തെളിഞ്ഞിട്ടുള്ളത്, ഇതിൽ 42 പേരെ അറസ്റ്റ് ചെയ്തു. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളുടെ കാര്യത്തിൽ കൂടുതൽ കേസുകൾ തൊഴിൽ തട്ടിപ്പുമായി (40) ബന്ധമുള്ളതാണ്. നിക്ഷേപ തട്ടിപ്പ് (29), വ്യാജ വെബ്‌സൈറ്റ് തട്ടിപ്പ് (10), ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ് (8), കസ്റ്റംസ്/സമ്മാനം തട്ടിപ്പ് എന്നിങ്ങനെയാണ് മറ്റു കേസുകൾ. കൂടാതെ, വായ്പാ തട്ടിപ്പും ക്രിപ്‌റ്റോ കറൻസി തട്ടിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവയുടെ കാര്യത്തിൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല.

മലയാളികളുടെ തടക്കം നിരവധി പേരുടെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്തു. ഡോംബിവിലി പലാവാ നിവാസിയും പ്രശസ്ത എഴുത്തുകാരനുമായ മേഘനാഥന്‍റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ട് ഒരാഴ്ച്ച മുൻപാണ് ഹാക്ക് ചെയ്യപ്പെട്ടത്. തുടർന്ന് നിരവധി പേർക്ക് ഈ അക്കൗണ്ടിൽ നിന്നു പണം ആവശ്യപ്പെട്ട് മെസ്സേജ് പോയതായി മേഘനാഥൻ അറിയിച്ചു. താനെ വാഗ്ലെ എസ്റ്റേറ്റ് സ്വദേശിയായ സിജൻ മാത്യുവിന്‍റെയും അന്ധേരി നിവാസിയായ മനോജ്‌ നായരുടെയും ഫെയ്‌സ്‌ബുക്ക് പേജുകൾ ഒരാഴ്ച്ച മുൻപ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ രണ്ട് അക്കൗണ്ടുകളിൽ നിന്നും പണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾക്ക് സന്ദേശം പോയിട്ടുള്ളതായി ഇരുവരും പറഞ്ഞു. ഇതുപോലെ വാഷിയിൽ താമസിക്കുന്ന ഷൈനും തന്‍റെ അക്കൗണ്ട് രണ്ടാഴ്ച്ച മുൻപ് ഹാക്ക് ചെയ്യപ്പെട്ടതായി പറയുന്നു.

സൈബർ ക്രൈം കേസുകൾ രജിസ്റ്റർ ചെയ്യുന്നതിൽ മുംബൈ പൊലീസ് വളരെ സജീവമാണ്. www.cybercrime.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും 1930 ഹെൽപ്പ് ലൈൻ വഴി പണം വീണ്ടെടുക്കാനും പൊലീസ് സഹായിക്കുന്നു.

അശ്രദ്ധ മൂലമാണ് ഭൂരിഭാഗം പേരുടെയും ഫെയ്‌സ്‌ബുക്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതെന്ന് മുംബൈയിലെ പ്രശസ്ത സൈബർ വിദഗ്ധൻ ശുഭം സിങ് മെട്രോ വാർത്തയോടു പറഞ്ഞു. ജനങ്ങൾ ഇക്കാര്യത്തിൽ കുറച്ച് കൂടി ബോധവാൻമാരാകണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും, ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചും ശുഭം സിങ് ഇങ്ങനെ വിശദീകരിക്കുന്നു:

ശുഭം സിങ്, സൈബർ സുരക്ഷാ വിദഗ്ധൻ
ശുഭം സിങ്, സൈബർ സുരക്ഷാ വിദഗ്ധൻ
  1. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

  2. ഫെയ്‌സ്‌ബുക്കിൽ നിന്നാണെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ ഇമെയിലോ എസ്എംഎസോ സോഷ്യൽ മീഡിയ സന്ദേശമോ ലഭിച്ചാൽ, ലിങ്കുകളോ അറ്റാച്ച്മെന്‍റുകളോ ക്ലിക്ക് ചെയ്യരുത്.

  3. സന്ദേശങ്ങൾ ഫെയ്‌സ്‌ബുക്കിൽ നിന്നു തന്നെയാണെന്ന് ഉറപ്പാക്കാൻ ഫെയ്‌സ്‌ബുക്ക് സെറ്റിങ്സ് പരിശോധിക്കുക.

  4. അറിയാത്ത ആളുകളിൽ നിന്ന് വരുന്ന ഫയലുകളോ സോഫ്‌റ്റ്‌വെയറോ ഡൗൺലോഡ് ചെയ്യരുത്.

  5. ബ്രൗസർ എക്‌സ്‌റ്റൻഷനുകളും വ്യത്യസ്ത ആപ്പുകളും ഇൻസ്റ്റോൾ ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. നിബന്ധനകൾ വായിച്ചു മനസിലാക്കിയ ശേഷം, സുരക്ഷിതമാണെങ്കിൽ, ആവശ്യമായ പെർമിഷനുകൾ മാത്രം നൽകി ഇൻസ്റ്റോൾ ചെയ്യുക.

  6. പാസ്‌വേർഡ്‌, സാമൂഹിക സുരക്ഷാ നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ പോലെയുള്ള വിവരങ്ങൾ ആര് ആവശ്യപ്പെട്ടാലും കൈമാറരുത്. ബാങ്കുകൾ ഒരിക്കലും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് പാസ്‌വേഡ് ഉപയോക്താവിനോടു ചോദിക്കില്ല.

  7. എളുപ്പത്തിൽ കണ്ടെത്താവുന്ന പാസ്‌വേഡുകൾ ഉപയോഗിക്കരുത്. സ്വന്തം പേര്, വേണ്ടപ്പെട്ടവരുടെ പേര്, ജനനത്തീയതി, ഫോൺ നമ്പറുകൾ തുടങ്ങിയവ ഹാക്കർമാർക്ക് എളുപ്പത്തിൽ കണ്ടെത്താനാവും.

  8. ഒരേ പാസ്‌വേഡ് ഒന്നിലധികം വെബ്‌സൈറ്റുകളിൽ ഉപയോഗിക്കരുത്.

  9. വിശ്വസനീയമായ ആന്‍റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുക.

  10. ആന്‍റി വൈറസ് സോഫ്‌റ്റ്‌വെയറുകൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുകയും കംപ്യൂട്ടറും ഫോണും ടാബ്‌ലറ്റുമെല്ലാം പതിവായി സ്‌കാൻ ചെയ്യുകയും ചെയ്യുക.

(മുംബൈയിൽ പല സൈബർ കേസുകളുടെയും ചുരുളഴിച്ചവരിൽ പ്രധാനിയാണ് ശുഭം സിങ്)

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com