
മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടി
എപ്പോഴും എവിടെയും ആധികാരികത സ്ഥിരീകരിക്കാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയും ഡിജിറ്റൽ സംവിധാനവുമൊരുക്കി രാജ്യത്തെ ആധാർ ഉടമകളെ യുണീക് ഐഡന്‍റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ശാക്തീകരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ താമസക്കാർക്കും പ്രവാസികള്‍ക്കും ഔദ്യോഗികമായി നല്‍കുന്ന സവിശേഷ 12 അക്ക ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനമാണല്ലോ 'ആധാർ'. എല്ലാ 12 അക്ക നമ്പറുകളും ആധാർ നമ്പറുകളാവില്ല. ഒരു ആധാർ നമ്പര്‍ രണ്ടാമത് ഒരാള്‍ക്ക് ഒരിക്കലും നല്‍കുകയുമില്ല.
എങ്കിലും ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ തിരിച്ചറിയൽ രേഖയുടെ തട്ടിപ്പും ആധാറിന്‍റെ അനധികൃത ഉപയോഗവും തടയാന്‍ ആ വ്യക്തിയുടെ ആധാർ നമ്പർ പ്രവര്‍ത്തനരഹിതമാക്കേണ്ടത് അനിവാര്യമാണ്. ആധാര്‍ അസാധുവാക്കുന്നത് വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാം. അതിനാല്‍ മരണപ്പെട്ട വ്യക്തിയുടെ ആധാർ പ്രവര്‍ത്തനരഹിതമാക്കുന്നതിന് മുന്‍പ് അവരുടെ മരണം സ്ഥിരീകരിക്കേണ്ടതും പ്രധാനമാണ്.
ഈ സാഹചര്യത്തില്‍ ആധാർ വിവരശേഖരത്തിന്‍റെ തുടർച്ചയായ കൃത്യത നിലനിർത്താന്‍ വിവിധ സ്രോതസുകളിൽ നിന്ന് മരണ രേഖകൾ സമാഹരിക്കാനും ഉചിതമായ സ്ഥിരീകരണത്തിനു ശേഷം ആ ആധാർ നമ്പറുകൾ അസാധുവാക്കാനും യുഐഡിഎഐ ചില മുന്നൊരുക്ക നടപടികൾ കൈക്കൊണ്ടു.
ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച മരണ രേഖകൾ പങ്കുവയ്ക്കാന്‍ അടുത്തിടെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയോട് (ആർജിഐ) യുഐഡിഎഐ അഭ്യർഥിച്ചു. സിവിൽ രജിസ്ട്രേഷൻ സംവിധാനം (സിആർഎസ്) ഉപയോഗിക്കുന്ന 24 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഏകദേശം 1.55 കോടി മരണ രേഖകൾ ആർജിഐ ഇതിനകം കൈമാറി. കൃത്യമായ സ്ഥിരീകരണത്തിനു ശേഷം ഏകദേശം 1.17 കോടി ആധാർ നമ്പറുകൾ അസാധുവാക്കി. സിആർഎസ് ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാന പ്രക്രിയ തുടരുകയാണ്. ഇതിനകം ഏകദേശം 6.7 ലക്ഷം മരണ രേഖകൾ ലഭിച്ചു. അവരുടെ ആധാര്‍ അസാധുവാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
നിലവിൽ സിവിൽ രജിസ്ട്രേഷൻ സംവിധാനമുപയോഗിക്കുന്ന 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത മരണങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ക്കായി മൈ- ആധാർ പോർട്ടലിൽ കുടുംബാംഗത്തിന്‍റെ മരണം റിപ്പോർട്ട് ചെയ്യാനാവുന്ന ഒരു പുതിയ സേവനത്തിന് യുഐഡിഎഐ ജൂൺ 9ന് തുടക്കം കുറിച്ചിരുന്നു. ഈ പോര്‍ട്ടലില്‍ വ്യക്തികൾക്ക് അവരവരുടെ കുടുംബാംഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യാം. സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം മരണമടഞ്ഞ വ്യക്തിയുടെ അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം ആധാർ നമ്പറും മരണ രജിസ്ട്രേഷൻ നമ്പറും കുടുംബാംഗം പോർട്ടലിൽ നൽകണം. സമർപ്പിച്ച വിവരങ്ങളുടെ ശരിയായ സ്ഥിരീകരണ പ്രക്രിയയ്ക്കു ശേഷം മരണപ്പെട്ട വ്യക്തിയുടെ ആധാർ നമ്പർ അസാധുവാക്കുന്നതടക്കം തുടർ നടപടികൾ സ്വീകരിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോർട്ടലുമായി സംയോജിപ്പിക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്.
മേല്‍പ്പറഞ്ഞതിനു പുറമെ ബാങ്കുകളിൽ നിന്നും ഇത്തരം വിവരങ്ങൾ സൂക്ഷിക്കുന്ന ആധാർ ആവാസ വ്യവസ്ഥയുടെ ഭാഗമായ മറ്റു സ്ഥാപനങ്ങളിൽ നിന്നും മരണ രേഖകൾ ലഭ്യമാക്കാനുള്ള സാധ്യതയും യുഐഡിഎഐ പരിശോധിച്ചുവരുന്നു.
മരണമടഞ്ഞ ആധാർ ഉടമകളെ തിരിച്ചറിയാന്‍ സംസ്ഥാന സർക്കാരുകളുടെ പിന്തുണയും യുഐഡിഎഐ തേടുന്നുണ്ട്. ആധാർ ഉടമ ജീവിച്ചിരിപ്പുണ്ടോ എന്നു പരിശോധിക്കാന്‍ 100 വയസു പിന്നിട്ട ആധാർ ഉടമകളുടെ വ്യക്തിഗത അടിസ്ഥാന വിവരങ്ങൾ പരീക്ഷാണാടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാരുകളുമായി പങ്കിടുന്നു. സ്ഥിരീകരണ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ അത്തരം ആധാർ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ആവശ്യമായ സാധൂകരണ നടപടികള്‍ കൈക്കൊള്ളും.
മരണശേഷം അവരുടെ ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നതു തടയാന്‍ അധികൃതരില്‍ നിന്ന് കുടുംബാംഗങ്ങൾ മരണ സാക്ഷ്യപത്രം നേടിയ ശേഷം മൈ ആധാർ പോർട്ടലിൽ മരണം റിപ്പോർട്ട് ചെയ്യണമെന്ന് യുഐഡിഎഐ പൗരന്മാരോടു നിര്‍ദേശിക്കുന്നു.