
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യമില്ലെന്നു പ്രഖ്യാപിച്ചത് വലിയ പിഴവായിരുന്നെന്ന് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകണം. താനുൾപ്പെടെ 13 സ്ഥാനാർഥികൾ പരാജയപ്പെട്ടത് കോൺഗ്രസ് വോട്ട് ഭിന്നിപ്പിച്ചതിനാലാണെന്ന തിരിച്ചറിവ് കെജ്‌രിവാളിനുണ്ടാക്കുന്ന ആഘാതം ചെറുതല്ല. കോൺഗ്രസും എഎപിയും 'ഇന്ത്യ' മുന്നണിയുടെ ഭാഗമായി മത്സരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, സഖ്യത്തിന്‍റെ അംഗബലം 35ലേക്ക് എത്തിയേനെയെന്നാണ് തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. നിലവില്‍ ബിജെപി 48, എഎപി 22 എന്നിങ്ങനെയാണ് സീറ്റ് നില.
ന്യൂഡല്‍ഹിയില്‍ കെജ്‌രിവാള്‍, ജങ്പുരയില്‍ മനീഷ് സിസോദിയ, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ്, മാളവ്യ നഗറിൽ സോമനാഥ് ഭാരതി, രജീന്ദർ നഗറിൽ ദുർഗേഷ് പഥക് എന്നിവരെല്ലാം പരാജയപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാർഥികൾക്കു ലഭിച്ച വോട്ടിനെക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിലാണ്.
2013ൽ അന്നത്തെ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ പരാജയപ്പെടുത്തിയതു മുതൽ കെജ്‌രിവാളിന്‍റെ തട്ടകമായ ന്യൂഡൽഹിയിൽ ഇത്തവണ 4089 വോട്ടുകൾക്കാണ് ബിജെപിയുടെ പർവേഷ് വർമയോട് എഎപി നേതാവ് പരാജയപ്പെട്ടത്. ഇവിടെ മൂന്നാം സ്ഥാനത്തുള്ള സന്ദീപ് ദീക്ഷിത് 4568 വോട്ട് നേടി. രണ്ടുതവണ എംപിയായിരുന്ന പർവേഷ് വർമ, 2013 ൽ മെഹ്‌റോളി സീറ്റിൽ വിജയിച്ച് ഡൽഹി നിയമസഭയിലും അംഗമായിരുന്നിട്ടുണ്ട്. ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രമുഖ ബിജെപി നേതാവുമായ സാഹിബ് സിങ് വർമയുടെ മകനാണ് പർവേഷ്.
ജങ്പുരയിൽ മുൻ ഉപമുഖ്യമന്ത്രി സിസോദിയ, ബിജെപിയുടെ തർവീന്ദർ സിങ് മർവ വെറും 675 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ഫർഹാദ് സൂരിക്ക് 7350 വോട്ടുകൾ ലഭിച്ചു. ഗ്രേറ്റർ കൈലാഷിൽ എഎപിയുടെ ഭരദ്വാജ് ബിജെപിയുടെ ശിഖ റോയിയോട് 3139 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോള്‍ കോൺഗ്രസ് സ്ഥാനാർഥി ഗാർവിത് സിങ്‌വി നേടിയത് 6711 വോട്ടുകൾ.
മാളവ്യനഗറിൽ സോമനാഥ് ഭാരതി ബിജെപിയുടെ സതീഷ് ഉപാധ്യയോടു തോറ്റത് 1971 വോട്ടുകൾക്ക്. ഇവിടെ കോൺഗ്രസിന്‍റെ ജിതേന്ദർ കുമാർ കൊച്ചാർ നേടിയത് 6502 വോട്ട്. ഡെപ്യൂട്ടി സ്പീക്കറായിരുന്ന രാഖി ബിർളയ്ക്ക് മംഗോൾപുരിയിൽ പരാജയം ഉറപ്പാക്കിയതും ഇതേ ഘടകമാണ്. ബിജെപിയുടെ കൈലാഷ് ഗംഗ്‌വാളിനോട് 11010 ലോട്ടിന് രാഖി പരാജയപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി ഹനുമാൻ സഹായിക്ക് ലഭിച്ചത് 17958 വോട്ടുകൾ. സംഗം വിഹാർ, ബദ്‌ലി, ഛത്തർപുർ, മെഹ്‌റൗളി, നംഗ്ലോയ് ജാട്ട്, തിമർപൂർ, ത്രിലോക്പുരി തുടങ്ങിയ മണ്ഡലങ്ങളിലും കോൺഗ്രസ് പിടിച്ച വോട്ടുകളെക്കാൾ കുറവാണ് ജയിച്ച ബിജെപി സ്ഥാനാർഥിയുടെ ഭൂരിപക്ഷം.