

ഇരുട്ട് വ്യാപിക്കുന്നതിനിടയിലെ വെള്ളിവെളിച്ചം. അതുകൊണ്ടുതന്നെ അതിനു പ്രകാശമേറെ, പ്രതീക്ഷയും.
സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി പ്രഖ്യാപനം എല്ലാവരിലും വലിയ പ്രതീക്ഷയാനുളവാക്കിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്. പരാതി ലഭിക്കും വരെ കാത്തിരിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയ കോടതി പ്രസംഗകൻ ഏതു മതക്കാരനായാലും ആ വ്യത്യാസം നോക്കാതെ വേണം നടപടിയെന്നും, അതിലുപേക്ഷ കാട്ടിയാൽ കോടതിയലക്ഷ്യമായി കാണുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ് വിദ്വേഷ പ്രസംഗം എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കർശന നടപടിയുണ്ടായാലേ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്തിട്ടുള്ള മത നിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ സാധിക്കൂ എന്ന് കോടതി നിരീക്ഷിച്ചു. എത്ര സത്യസന്ധവും സൂക്ഷ്മവുമായ നിരീക്ഷണം. കഴിഞ്ഞ കുറെ നാളുകളായി രാജ്യത്ത് നിരന്തരമായി അരങ്ങേറുന്ന വിദ്വേഷ പ്രസംഗങ്ങൾ ഉയർത്തുന്ന ഗുരുതരമായ ഭീഷണിയുടെ ആഴവും അർഥവും മനസിലാക്കിയുള്ള പ്രതിരോധ നടപടി. അതുണ്ടായില്ലെങ്കിൽ സംഭവിക്കാവുന്ന അപകടത്തെക്കുറിച്ചുള്ള ബോധ്യവും ജാഗ്രതയും.
ഈ രീതിയിൽ കേസെടുക്കാൻ ഒക്ടോബറിൽ സുപ്രീം കോടതി ഡൽഹി, യുപി, ഉത്തരാഖണ്ഡ് സർക്കാരുകളോട് നിർദേശിച്ചിരുന്നു. അത് രാജ്യത്തുടനീളം ബാധകമാക്കുന്നതാണ് പുതിയ നിർദേശം. രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 4 വകുപ്പുകളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളുണ്ടായാൽ പരാതിക്ക് കാത്തിരിക്കാതെ നടപടിയെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
153 എ: മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ സൗഹൃദത്തിന് ഭംഗം വരുത്തുന്നതുമായി ബന്ധപ്പെട്ട കൃത്യങ്ങൾ.
153 ബി: ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന ദുരാരോപണങ്ങൾ.
295 എ: മതത്തെയോ മതവിശ്വാസത്തെയോ അപമാനിക്കുക വഴി മതവികാരങ്ങളെ ധ്വംസിക്കാൻ ഉദ്ദേശിച്ചുള്ള കാര്യങ്ങൾ.
506: കുറ്റകരമായ ഭയപ്പെടുത്തലിനുള്ള ശിക്ഷ.
കോടതി നിർദേശത്തിന് ആസ്പദമായ പരാതിയിൽ ഒട്ടേറെ വിദ്വേഷ പ്രസംഗങ്ങളും അവ അരങ്ങേറിയ പരിപാടികളും ചൂണ്ടിക്കാട്ടിയിരുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾ പ്രോത്സാഹിപ്പിക്കുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണെന്നും, അതിനാൽ ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വളരെ ഗൗരവമായി കാണുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
അത്രമാത്രം ഭീഷണി ഉയർത്തുംവിധം ഇത് മാറി എന്നല്ലേ അതിന്റെ അർഥം. രാജ്യത്തിന്റെ പലഭാഗത്തു നിന്നും പരാതികൾ ഉയർന്നു എന്നതിനർഥം ഇതൊരു പകർച്ചവ്യാധി പോലെ വ്യാപകമായി എന്നല്ലേ. നടപടികൾ സ്വീകരിക്കാത്തതല്ലേ അതിനു കാരണം. പൊലീസിന്റെ സാന്നിധ്യത്തിൽ ഈ വിദ്വേഷ പ്രസംഗങ്ങൾ നടന്നാൽ പോലും നടപടിയില്ലാത്ത അവസ്ഥ! പരാതികളിൽ അക്കാര്യവും ഉദാഹരിച്ചിട്ടുണ്ട്.
സോവറിൻ സോഷ്യലിസ്റ്റ് സെക്കുലർ ഡെമോക്രാറ്റിക് റിപ്പബ്ലിക് - അതാണ് ഇന്ത്യ. നാം എന്താണ് എന്ന് ഈ നാമകരണത്തിലൂടെ തന്നെ വിളംബരം ചെയ്യുന്നു. ആ ഇന്ത്യയിലാണ് ഇതൊക്കെ സംഭവിക്കുന്നത് എന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്, വ്യാകുലപ്പെടാത്തത്?
വൈവിധ്യങ്ങളുടെ നാട്. ബഹുസ്വരതയുടെ നാട്. നാനാത്വത്തിലെ ഏകത്വം എന്ന വിശേഷണത്തെ ആശ്ലേഷിക്കുകയും അഭിമാനപൂർവം ഉയർത്തിക്കാട്ടുകയും ചെയ്ത നാട്. അതിനു ഭരണഘടനാപരമായ പൂർണ സംരക്ഷണം ഉറപ്പുനൽകുന്ന രാജ്യം.
അവിടെയാണ് ഈ വെറികളും വെല്ലുവിളികളുമെന്നതാണ് നമ്മെ അലോസരപ്പെടുത്തുന്നത്. അത്തരക്കാർക്ക് വീരപരിവേഷം കൽപ്പിക്കപ്പെടുന്നുവെന്നതാണ് നമ്മെ ഭയചകിതരാക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ഘടനയെയും നിയമത്തെയും വെല്ലുവിളിക്കുന്നതായിട്ട് കൂടി അവർക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നു വരുമ്പോൾ നാം എവിടേക്കാണ് എന്ന ആശങ്കയും നിരാശയുമാണുയരുന്നത്. അതുകൊണ്ടാണ് പരാതികൾ പ്രവഹിക്കുന്നത്.
അപ്പോൾ ആരാണ് ഇവർക്ക് സംരക്ഷണം ഒരുക്കുന്നത്. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ തന്നെ ഹനിക്കുന്ന ഇത്തരം നടപടികൾ ഒരു ഫാഷനായും ഇടം പിടിക്കാനുള്ള ഉപാധിയായും ഉപയോഗപ്പെടുത്തുന്നതിന്റെ പിന്നിലെ കുടിലബുദ്ധി ആരുടേതാണ്? ഭരണനിർവഹണം നടത്തുന്നവർ ഭരണഘടനയെത്തന്നെ ചോദ്യം ചെയ്താലുണ്ടാകുന്ന അപായ മണിമുഴക്കമാണെവിടെയും പ്രകമ്പനം കൊള്ളുന്നത്. അതുകൊണ്ടാണ് കോടതിവിധി വെള്ളിവെളിച്ചമായും സുവർണ രേഖയായും അടയാളപ്പെടുത്തപ്പെടുന്നത്.
പാർലമെന്റാണ് ജനാധിപത്യത്തിലെ സർവാധികാരി എന്ന് ഉപരാഷ്ട്രപതിയും നിയമ മന്ത്രി കിരൺ റിജിജുവും ആവർത്തിക്കുകയുണ്ടായി. ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നവർ പോലും ഇത്തരം വായ്ത്താരികൾ ആവർത്തിക്കുമ്പോൾ പ്രഥമദൃഷ്ട്യാ ജനാധിപത്യത്തെക്കുറിച്ചുള്ള ഉൽകൃഷ്ട ചിന്തയാണെന്ന് തോന്നാമെങ്കിലും അതിൽ പതിയിരിക്കുന്ന അപായ സൂചനയാണ് കൂടുതൽ വെളിവാകുന്നത്. ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ എല്ലാം കൈപ്പടിയിൽ ഒതുക്കാനുള്ള ദുർവാഞ്ഛയാണ് അതിന്റെ പിന്നിലെ പ്രേരണ.
എന്നാൽ ഭരണഘടനയുടെ സ്പിരിറ്റ് അതല്ലെന്ന് എത്രയോ തവണ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയാവണം ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വഴികാട്ടിയായ ധ്രുവ നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്. സുപ്രീം കോടതി ഇതുവരെ സ്വീകരിച്ചുപോന്ന നിലപാടിന് അടിവരയിടുന്ന നിരീക്ഷണം. 50 വർഷം മുമ്പ് സുപ്രീം കോടതി നടത്തിയ വിധിപ്രസ്താവത്തിന്റെ സത്തയും സരണിയും സാംശീകരിച്ച അഭിപ്രായ പ്രകടനം.
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിച്ചുകൊണ്ടുള്ള നിയമനിർമാണം നടത്താൻ പാർലമെന്റിനുപോലും അധികാരമില്ലെന്ന വിഖ്യാതമായ കേശവാനന്ദ ഭാരതി കേസിലെ വിധി ഇന്ത്യൻ ജനാധിപത്യത്തിന്റെ കാതൽ എന്താണെന്ന് സുവ്യക്തമായി നിഷ്കർഷിക്കുന്നുണ്ട്. ജനാധിപത്യം കേവലം ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് വിട്ടുകൊടുക്കേണ്ട ഒന്നല്ല, മറിച്ച് ഭരണഘടനയുടെ, അതിന്റെ തത്വങ്ങളുടെ അടിസ്ഥാനത്തിൽ നിലനിൽക്കേണ്ടതാണ് എന്ന പ്രാമാണികമായ കാഴ്ചപ്പാട്.
ഈ ഭരണഘടനാ സത്ത ഉൾക്കൊള്ളാത്തവരും ആ വീക്ഷണത്തിലേക്ക് വളരാൻ കഴിയാത്തവരുമാണ് ജനാധിപത്യത്തിൽ പാർലമെന്റാണ് സർവാധികാരി എന്ന വികലമായ വാദം ഉന്നയിക്കുന്നത്. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഭരണഘടനാ ഭേദഗതിക്ക് അടക്കം ശ്രമിക്കുമ്പോഴും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചു കൊണ്ടാവരുത് അത് എന്ന ചരിത്രവിധിയാണ് 1973 ഏപ്രിൽ 24ന് സുപ്രീം കോടതിയുടെ 15 അംഗ ബഞ്ച് പുറപ്പെടുവിച്ചത്. 1969ൽ കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമത്തിനെതിരെ എടനീർ മഠാധിപതി സ്വാമി കേശവാനന്ദ ഭാരതി നൽകിയ ഹർജിയിലായിരുന്നു ആ വിധി.
ജനാധിപത്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളായ മതേതരത്വം, ഫെഡറലിസം, സ്വതന്ത്ര ജുഡീഷ്യറി, സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ, മൗലികമായ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും, അധികാര വിഭജനം എന്നിവയെല്ലാം മാറ്റമില്ലാതെ നിലനിൽക്കേണ്ട ഘടകങ്ങളാണ്. ഇത് ഒരിക്കലും മാറ്റാനാകാത്ത ഭരണഘടനാ മൂല്യങ്ങളാണെന്ന് സുപ്രീം കോടതി പിന്നീടും പലതവണയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ നിഷ്കർഷ പലരെയും എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നതാണ് പാർലമെന്റിന്റെ സർവാധികാരത്തെക്കുറിച്ചുള്ള വാചാലതയും നിയമ നടപടികളുടെ രാഹിത്യവും പ്രകടമാക്കുന്നത്. ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പാർലമെന്റിന് എന്തുമാകാം എന്ന് വന്നിരുന്നെങ്കിൽ ഇതിനൊക്കെ എന്ത് രൂപമാറ്റം വരുമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭരണഘടനയും നിയമങ്ങളും ഇത്തരത്തിൽ കർശനമായിരിക്കെ തന്നെ ഭരണാധികാരികളും അത് പാലിക്കാൻ ബാധ്യതപ്പെട്ടവരും സ്വീകരിക്കുന്ന നിലപാടുകൾ നാം കണ്ടുകൊണ്ടിരിക്കുന്നു. ആ സാഹചര്യത്തിലാണ് സുപ്രീം കോടതിക്ക് വടിയെടുക്കേണ്ടി വരുന്നത്.
സ്വതന്ത്രമായ തെരഞ്ഞെടുപ്പു പ്രക്രിയ ഉറപ്പാക്കാൻ ഇലക്ഷൻ കമ്മിഷൻ നിയമനം സംബന്ധിച്ച് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് അടുത്തകാലത്ത് പുറപ്പെടുവിച്ച വിധിന്യായവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനാധിപത്യ സ്തംഭത്തിന്റെ നെടുംതൂണുകളിൽ ഒന്നായ ജുഡീഷ്യറി ഉണർന്നു പ്രവർത്തിച്ചാൽ അത് സൃഷ്ടിക്കുന്ന സംരക്ഷണവും സുരക്ഷിത ബോധവും ഒന്നു വേറെ തന്നെ. അതുകൊണ്ടാണ് പൗരന്റെ അവസാന അത്താണിയായി സുപ്രീം കോടതി വിശേഷിപ്പിക്കപ്പെടുന്നത്. കോടതിയും അതിൽ ഉപവിഷ്ടരാകുന്നവരും അതിന്റെ മഹത്വവും ഔന്നത്യവും ഉൾക്കൊണ്ട് പ്രവർത്തിക്കുമ്പോഴാണ് ഭരണഘടനാ ശില്പികൾ വിഭാവന ചെയ്ത അർഥത്തിൽ അത് യാഥാർഥ്യമാകുന്നത്.
അവിടെയും പുഴുക്കുത്തലുകൾ ഉണ്ടായാൽ അത് അന്ധകാരത്തിലേക്കുള്ള ചുവടുവയ്പ്പാണ്. ജനാധിപത്യ സംവിധാനത്തിന്റെ പ്രകാശവും ഓജസും മറക്കുന്ന മേഘാവൃതമായ അന്തരീക്ഷമാണ് അത് സൃഷ്ടിക്കുക. അത്തരം ദുരനുഭവങ്ങൾ ചിലതെങ്കിലും നമുക്ക് കാണേണ്ടിയും വന്നിട്ടുണ്ട്. അത്തരം അപായ സൂചനകൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം വല്ലാതെ നമ്മളെ പരിഭ്രമിപ്പിക്കുന്നുമുണ്ട്.
അവിടെയാണ് ഈ വിധി പ്രസക്തമാകുന്നതും പ്രതീക്ഷ നൽകുന്നതും. മൂല്യബോധവും നിയമനിഷ്ഠയും കോടതി ഉയർത്തിപ്പിടിക്കുകയും അത് കർശനമായി നിഷ്കർഷിക്കുകയും ചെയ്യുമ്പോൾ പ്രകാശമാനമായ അന്തരീക്ഷത്തിലേക്കാണ് നാം ആനയിക്കപ്പെടുക. കാരണം നിയമവാഴ്ച ഉറപ്പാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സ്വൈര്യവും സ്വസ്ഥതയുമുളവാക്കുന്ന സുരക്ഷിതത്വമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ ദൗത്യ നിർവഹണമാണ് സുപ്രീം കോടതിയിൽ നിന്ന് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതിനനുരൂപമായ വിധിന്യായങ്ങൾ ഉണ്ടാവുമ്പോൾ അത് സാധാരണക്കാരനുള്ള സംരക്ഷണ കവചമായി ഹൃദയസ്പർശിയായി സ്വീകരിക്കപ്പെടുന്നു. അതാണ് ഇക്കാര്യത്തിലും സംഭവിച്ചിരിക്കുന്നത്.