
ബിസി നാലാം നൂറ്റാണ്ടിൽ ഇറ്റലിയിലെ രാജാവായിരുന്ന ഡയനീഷ്യസിന്റെ സഭയിലെ അംഗമായിരുന്നു ഡെമോക്ലിസ്. അദ്ദേഹത്തെ വിരുന്നിനു ക്ഷണിച്ചപ്പോൾ തലയ്ക്കു മുകളിൽ ഉറയിൽ നിന്ന് ഊരിയിട്ട വാൾ ചെറിയൊരു ചരടിൽ തൂക്കിയിട്ടു.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ സ്ഥിതി ഏതാണ്ട് ഇതിനു സമാനമാണ്. ഏതു നിമിഷവും വാൾമുന തലയിൽ പതിയ്ക്കാവുന്ന ദൈന്യമായ അവസ്ഥ.
എന്നാലും പ്രശ്നം മുഴുവൻ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗമാണു പോലും. അതിന്റെ പേരിൽ മാപ്പു പറഞ്ഞേ മതിയാവൂ എന്നാണ് ഭരണകക്ഷി നേതാക്കളുടെ ആക്രോശം. പ്രസംഗം രാജ്യദ്രോഹമാണെന്ന് കുറ്റാരോപണവും മേമ്പടിയായുണ്ട്.
യഥാർഥത്തിൽ എന്താണ് രാഹുൽ പറഞ്ഞത്. "ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ സംവിധാനങ്ങളും ക്രൂരമായ ആക്രമണത്തിന് വിധേയമാവുകയാണ്. ബിജെപി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ, വിലക്കയറ്റം, സമ്പത്ത് കേന്ദ്രീകരിക്കൽ, സ്ത്രീ പീഡനം തുടങ്ങിയവ രൂക്ഷമാണ്. ഇതിനെതിരെയുള്ള ജനരോഷം ശക്തമാണ്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ നേരിടുന്ന ആക്രമണം ജനശ്രദ്ധയിൽ കൊണ്ടുവരാനാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത്. പാർലമെന്റിൽ പോലും ജനവികാരം പ്രകടിപ്പിക്കാൻ അവസരം ഇല്ലാതാകുന്നു. രാജ്യത്തിന്റെ യഥാർഥ സ്ഥിതിയെക്കുറിച്ച് പറയുന്നതിനെ രാജ്യത്തിനെതിരായ ആക്രമണമായി ബിജെപി വളച്ചൊടിക്കുന്നു'.
ഇതിൽ എന്ത് രാജ്യദ്രോഹമാണുള്ളത്? ഇതിൽ എന്താണ് അവാസ്തവമായിട്ടുള്ളത്? ഇന്ത്യയുടെ ജനാധിപത്യ പെരുമയിൽ അഭിമാനിക്കുന്നവരും അത് നിലനിന്നു കാണാൻ ആഗ്രഹിക്കുന്നവരുമായി എല്ലാവരും പങ്കു വയ്ക്കുന്ന ആശങ്കകൾ. രാഹുൽ ഗാന്ധിയുടെ വാക്കുകൾ സൂചിപ്പിക്കുന്നതു പോലെ തന്നെ യഥാർഥ സ്ഥിതി ചൂണ്ടിക്കാട്ടുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു. അവർ രാജ്യം വിട്ടു പൊയ്ക്കൊള്ളണമെന്ന് ആക്രോശിക്കുന്നു. അതാണ് ഇക്കാര്യത്തിലും അരങ്ങേറി കൊണ്ടിരിക്കുന്നത്.
വസ്തുത ഇതാണെങ്കിലും അടങ്ങാൻ അവർ തയാറല്ല. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയതു മുതൽ സമ്മേളനം തുടർച്ചയായി തടസപ്പെടുകയാണ്. ബഹളത്തെ തുടർന്ന് സഭ പിരിയുന്നു. ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നുവെങ്കിൽ ഇതിനു മറുപടി പറയാൻ പാർലമെന്റിൽ തന്നെ അനുവദിക്കട്ടെ എന്നാണ് വിദേശത്തുനിന്ന് തിരിച്ചെത്തിയ രാഹുൽ ഗാന്ധി ഉയർത്തിയ വെല്ലുവിളി. ഇക്കാര്യം എഴുതി ആവശ്യപ്പെട്ടിട്ടും അത് അംഗീകരിക്കപ്പെട്ടില്ല. പതിവ് രീതിയില് ബഹളത്തെ തുടർന്ന് സഭ വീണ്ടും പിരിഞ്ഞിരിക്കുകയാണ്.
അതിനിടയിൽ ആകെ നടന്നത് ഇന്ത്യയുടെ അഭിമാനമുയർത്തിയ ഓസ്കർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ ചർച്ച. അവാർഡിന് അർഹമായ ആർആർആർ എന്ന തെലുങ്ക് സിനിമയുടെ തിരക്കഥാകൃത്ത് വി. വിജയേന്ദ്രപ്രസാദ് രാജ്യസഭാംഗമാണെന്ന വസ്തുത ഇത്തരമൊരു പശ്ചാത്തലം ഒരുങ്ങിയതിനെ സ്വാധീനിച്ചിട്ടുണ്ടാവാം.
ഓസ്കറിന്റെ നേട്ടം പിരിമുറക്കത്തിന് അല്പനേരത്തേക്ക് അയവ് വരുത്തിയെങ്കിലും സംഘർഷാന്തരീക്ഷത്തിന്റെ ചൂട് കൂടിയതല്ലാതെ ഒരു കുറവും ഉണ്ടായില്ല. വിദേശത്തു വച്ച് രാജ്യത്തിന് അപമാനകരമായി പ്രസംഗിച്ചതു നീതീകരിക്കാനാവില്ലെന്ന് കർണാടക സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സൂചിപ്പിച്ചത് വിവാദത്തിന് ഇന്ധനം പകരുകയായിരുന്നു. അതോടെ ഭരണകക്ഷി നേതാക്കൾ തകർത്താടുകയാണ്.
രാഹുൽ ഗാന്ധി വിദേശത്ത് വച്ച് നടത്തിയ പ്രസംഗം രാജ്യദ്രോഹമാണെന്ന് അവർ ആവർത്തിക്കുന്നു. രാജ്യസഭയിലെ കക്ഷി നേതാവ് കൂടിയായ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തന്നെയാണ് ഈ ആക്ഷേപം ഉയർത്തിയത്. രാജ്യവിരുദ്ധ ടൂൾകിറ്റിന്റെ ഭാഗമാണ് രാഹുൽ ഗാന്ധി എന്ന്, ഒടുവിൽ ബിജെപി പ്രസിഡന്റ് ജെ.പി. നഡ്ഡ കൂടി ആവർത്തിച്ചതോടെ ഉദ്ദേശം വ്യക്തo. ഇതുമായി ബന്ധപ്പെട്ട രാഹുൽ ഗാന്ധിക്കെതിരായി ഭരണകക്ഷി നേതാക്കൾ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ പിൻവലിക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെടുന്നു.
ആർഎസ്എസും പ്രതികരണവുമായി രംഗത്തുവന്നു കഴിഞ്ഞു. രാഹുൽ ഗാന്ധി ഉത്തരവാദിത്വത്തോട് കൂടി പെരുമാറണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഇന്ത്യയിലെ ജനാധിപത്യത്തെ ആർഎസ്എസ് ഹൈജാക്ക് ചെയ്തെന്നും ജനാധിപത്യ പ്രക്രിയ തകർത്തെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടാണ് അവരുടെ രംഗപ്രവേശം.
എന്തായാലും അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് പോലെയോ അതിനും മേലെയോ വിഷയം ചൂടുപിടിക്കുകയാണ്.
ഇത്തരം ആക്രോശങ്ങൾ കൊണ്ട് യാഥാർഥ്യം മറച്ചു പിടിക്കാനാവുമോ? എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ലോകത്തിനു മുന്നിൽ ഇങ്ങനെയൊന്നുമല്ല എന്ന് ആർക്കാണ് പറയാനാവുക. വിമർശനങ്ങളോടുള്ള അസഹിഷ്ണുതയും ഭരണഘടനാ സ്ഥാപനങ്ങളെ പോലും വന്ധിoകരിച്ച് വിധേയത്വം അഭ്യസിപ്പിക്കുന്ന അമിതാധികാരം പ്രയോഗങ്ങളും ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടുകയാണെന്ന വസ്തുത പറഞ്ഞു കേൾക്കുമ്പോൾ അസ്വസ്ഥത പ്രകടമാക്കുന്നതിനു പകരം അത് ചെയ്യുമ്പോൾ ലജ്ജ തോന്നുകയല്ലേ വേണ്ടത്? കാര്യങ്ങൾ വീക്ഷിക്കുന്ന എല്ലാവർക്കും ഇതേ ധാരണയാണുള്ളത്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജനാധിപത്യം തകർച്ചയിലേക്ക് നീങ്ങിയ പ്രധാന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിക്കൊണ്ട് സ്വീഡൻ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസിന്റെ ഈയിടെ പുറത്തുവന്ന റിപ്പോർട്ട്.
ഏറ്റവും മോശമായ ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാറിയെന്നാണ് സ്വീഡനിലെ ഗോതെൻബർഗ് യൂണിവേഴ്സിറ്റി വി - ഡെo (വെറൈറ്റീസ് ഓഫ് ഡെമോക്രസി) ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. ഏകാധിപത്യ പ്രവണതയുടെ ഭാഗമായി മാധ്യമങ്ങൾക്കും പൗര സമൂഹത്തിനും നേരെയുള്ള കടന്നാക്രമണം വർധിച്ചു. അക്കാദമിക്, സാംസ്കാരിക സ്വാതന്ത്ര്യവും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും അപകടത്തിലായി. വ്യാജ വാർത്തകളുടെ പ്രചരണം, ധ്രുവീകരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്പരബന്ധിതമാണെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു. അഫ്ഗാനിസ്ഥാൻ, ഇന്ത്യ, മ്യാൻമർ, ബ്രസീൽ എന്നീ രാജ്യങ്ങളെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.
2023ലെ റിപ്പോർട്ടിൽ ജനാധിപത്യ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയ്ക്ക് 97 സ്ഥാനമാണ്. 50 ശതമാനത്തിൽ താഴെ പോയിന്റും. തിരഞ്ഞെടുപ്പ് ജനാധിപത്യ സൂചികയിൽ 108 ആം സ്ഥാനത്തും സമത്വ സൂചികയിൽ 121ാം സ്ഥാനത്തുമാണ് ഇന്ത്യ. 2021ലെ വി ഡെം റിപ്പോർട്ടിൽ വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ് ഇന്ത്യയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 21ൽ വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം നിരവധി റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്നിരുന്നു.
ഇതെല്ലാം ഇന്ത്യയിൽ ജനാധിപത്യ പ്രക്രിയയ്ക്ക് വന്ന അപചയങ്ങളുടെ നേർസാക്ഷ്യമാണ്., സ്വയം തിരുത്താനുള്ള ചൂണ്ടുപലകയും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി യശ്ശസോടെ നിലയുറപ്പിച്ച ഇന്ത്യ അവിടെനിന്ന് ഈ നിലയിലേക്ക് കൂപ്പുകുത്തുമ്പോൾ അതിൽ പരിതപിക്കാത്തവരായി ആരാണുള്ളത്? യഥാർഥ രാജ്യസ്നേഹികൾ എല്ലാം അതിൽ ആശങ്കയുള്ളവരാണ്. അതാണ് പലരും പങ്കുവെക്കുന്നതും. ജനാധിപത്യ പ്രക്രിയ കൂടുതൽ ബലിഷ്ഠമായി, കുറ്റമറ്റതായി നിലനിൽക്കണമെന്നാണ് ദേശസ്നേഹികളായ എല്ലാവരും ആഗ്രഹിക്കുന്നത്.
അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രവിധിയും അതിനായുള്ള ജാഗ്രതയാണ് പ്രകടമാക്കുന്നത്. കേന്ദ്ര സർക്കാർ തനിച്ചല്ലാ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തീരുമാനിക്കേണ്ടത് എന്നാണ് വിധി. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവരുൾപ്പെട്ട സമിതിയാണ് നിയമന പട്ടിക തയാറാക്കി രാഷ്ട്രപതിയോട് ശുപാർശ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ 5 അംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തിൽ മുഖ്യ പ്രതിപക്ഷ കക്ഷിയുടെ നേതാവാകും സമിതിയിലെ അംഗം. പാർലമെന്റ് നിയമം പാസാക്കുന്നതു വരെ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച രീതി പിന്തുടരണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
വാദം കേട്ട ഭരണഘടനാ ബെഞ്ചിലെ 5 ജഡ്ജിമാരും ഒരേ അഭിപ്രായം രേഖപ്പെടുത്തിയത് ഈ വിധിയുടെ സവിശേഷതയായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിപൂർവമായിരിക്കണമെന്ന ശക്തമായ വീക്ഷണവും അതിനായുള്ള നിതാന്ത ജാഗ്രതയുടെ ഉൾക്കരുത്തുമാണിത് പ്രകടമാക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ വിധേയത്വവും പക്ഷപാതിത്വവും ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കാനും അപായപ്പെടുത്താനും ഇടയാക്കുമെന്ന തിരിച്ചറിവിന്റെ ഉൾവിളി പ്രകടമാക്കുന്ന വിധി ന്യായം. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കാനായില്ലെങ്കിൽ ജനാധിപത്യം അതിന്റെ ആന്തരിക അർഥത്തിൽ നിലനിൽക്കുകയില്ല. അതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സുപ്രീംകോടതി വിധി.
ജനാധിപത്യ സംവിധാനത്തിൽ സുപ്രീം കോടതി കോടതി അടക്കമുള്ള ജുഡീഷ്യറി ജനങ്ങളുടെ "അവസാനത്തെ ആശ്രയമാണ്'. ആ ശക്തി സങ്കല്പത്തിന് ഊർജം പകരുന്ന നിലപാടാണിത്. പലപ്പോഴും അപായ മണിമുഴക്കത്തിന്റെ പ്രതിധ്വനികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് നീതിയുടെ പെരുമ്പറ മുഴങ്ങുമ്പോൾ അത് ജനാധിപത്യത്തിന് ശക്തിയും സൗന്ദര്യവും പകരുന്നതാണ്.
അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച മറ്റു ചില വിധികളും പ്രകാശമാനവും പ്രതീക്ഷ നൽകുന്നതുമാണ്. അദാനി - ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ മാധ്യമ വാർത്തകൾ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി ഒരിക്കലും വിലക്കേർപ്പെടുത്തുകയില്ല എന്ന് കോടതി ആർജവത്തോടെ വ്യക്തമാക്കി. ജനാധിപത്യ സംവിധാനത്തിൽ "ഫോർത് എസ്റ്റേറ്റി'നുള്ള സ്ഥാനവും പരിരക്ഷയും ഉറപ്പിക്കുന്ന വിധി. ആശയവിനിമയത്തിൽ പോലും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടാവാതിരിക്കാൻ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ഒഴിവാക്കി വൺവേ ട്രാഫിക് സമീപനം സ്വീകരിച്ച് പ്രധാനമന്ത്രി മുന്നോട്ട് പോകുമ്പോഴാണ് ഈ വിധി എന്നത് ഏറെ ശ്രദ്ധേയമാണ്.
സർക്കാർ ഓഫീസുകളിൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിനെതിരെ സുപ്രീം കോടതി നിശിത വിമർശനം ഉയർത്തിയ സംഭവമാണ് മറ്റൊന്ന്. ജനപക്ഷത്തു നിന്നുകൊണ്ടുള്ള തീർപ്പ്. "ജനങ്ങളാണ് യജമാനൻ' എന്ന വായ്ത്താരി ആവർത്തിക്കപ്പെടുമ്പോഴും പൗരൻ നേരിടേണ്ടിവരുന്ന സ്ഥിതിവിശേഷത്തെ "അഡ്രസ്' ചെയ്യുന്ന ഉത്തരവാദിത്ത ബോധത്തോടെയുള്ള സമീപനം.
ഇതെല്ലാം ജനാധിപത്യ പ്രക്രിയയ്ക്കുള്ള ഉത്തേജക മരുന്നുകളാണ്. ജനാധിപത്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്ന പൂർവ സൂരികളുടെ മഹനീയ ദർശനം പിൻപറ്റാനുള്ള ഊർജ പ്രവാഹം.
ആ പശ്ചാത്തലത്തിലാണ് അതിന്മേൽ കോടാലി കൈകൾ ഉയരുമ്പോൾ, അതിന്റെ മൃഗീയ വാസനകൾ ആഴ്ന്നിറങ്ങുന്നത് അനുഭവവേദ്യമാകുമ്പോൾ, ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള കരുതലും കാവലും സ്വാഭാവികമായി ഉയരുന്നത്. അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യും. ആ സ്വാഭാവിക പരിണാമം മാത്രമാണ് രാഹുൽ ഗാന്ധിയുടെ വാക്കുകളിലൂടെ പ്രകടമാകുന്നത്. അതിൽ ആശങ്കപ്പെട്ടിട്ടും ആക്രോശിച്ചിട്ടും യാതൊരു കാര്യവുമില്ല. കാരണം അതൊരു നിയോഗമാണ്. ജനാധിപത്യം കൊല്ലപ്പെടാതിരിക്കാനുള്ള പ്രതിരോധമുയർത്തേണ്ടതിനുള്ള ചരിത്ര നിയോഗം. അത് നിർവഹിക്കപ്പെട്ടേ മതിയാവൂ. കാരണം സ്വാതന്ത്ര്യവും ജനാധിപത്യവും അത്രമാത്രം വിലപ്പെട്ട അമൂല്യ സമ്പത്താണ്. അത് സ്വായത്തമാക്കാൻ ഹോമിക്കപ്പെട്ട ജീവനുകളും സമർപ്പിക്കപ്പെട്ട ജീവിതങ്ങളും നീണ്ടു നിന്ന പോരാട്ടങ്ങളും ഒരിക്കലും വിലയിടാൻ കഴിയാത്തത്ര ചരിത്ര യാഥാർഥ്യങ്ങളാണ്. അന്ന് അതിനെതിരെ മുഖം തിരിച്ചവർക്കും ഒറ്റിക്കൊടുത്തവർക്കും ഒന്നും ഒരുപക്ഷേ, അതു മനസിലായിക്കൊള്ളണമെന്നില്ല.