

ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
file image
ധർമേന്ദ്ര പ്രധാൻ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
ഈ വർഷത്തെ "പരീക്ഷാ പേ ചർച്ച'യുടെ സമാരംഭം ഭാരതത്തിന്‍റെ വിദ്യാഭ്യാസ യാത്രയിലെ നിശബ്ദവും നിർണായകവുമായ പരിവര്‍ത്തനത്തെ അടയാളപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത് 2018ൽ ഒരു വാർഷിക സംവാദമെന്ന നിലയിൽ ആരംഭിച്ച ഈ സംരംഭം ഇന്ന് സ്വാഭാവിക രീതിയിൽ ഒരു "ജനകീയ പ്രസ്ഥാനമായി' പരിണമിച്ചിരിക്കുന്നു. വിദ്യാർഥികളുടെ സമഗ്ര ക്ഷേമത്തിന് മുഖ്യപരിഗണന നൽകുന്ന ഈ കൂട്ടായ രാജ്യവ്യാപക പരിശ്രമത്തില്‍ മാതാപിതാക്കളും അധ്യാപകരും ഇന്ന് സജീവ പങ്കാളിത്തം വഹിക്കുന്നു.
ഈ വർഷത്തെ പങ്കാളിത്തത്തിന്‍റെ തോത് ഈ സംരംഭത്തിന്‍റെ ആഴം അടിവരയിടുന്നു. മുൻ ഗിന്നസ് ലോക റെക്കോഡിനെ മറികടന്ന് 4.5 കോടിയിലധികം രജിസ്‌ട്രേഷനുകളുമായി പരീക്ഷാ പേ ചർച്ച പ്രചാരണ ഘട്ടത്തിൽ നിന്ന് ഉത്തരവാദിത്തത്തിന്‍റെ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. അഭൂതപൂർവമായ ഈ പങ്കാളിത്തം ഓരോ യുവമനസുകള്‍ക്കും പഠിക്കാനും വളരാനും യഥാർഥ അഭിവൃദ്ധി പ്രാപിക്കാനും അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന കൂട്ടായ നിശ്ചയദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിന്‍റെ സാക്ഷ്യം
വിദ്യാഭ്യാസം, പഠനം, പരീക്ഷാ സമ്മർദം എന്നീ വിഷയങ്ങളിൽ വിദ്യാർഥികളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തുന്ന സംവാദം സഹാനുഭൂതിയുടെയും പ്രായോഗികതയുടെയും പ്രചോദനാത്മക നേതൃത്വത്തിന്‍റെയും സവിശേഷ സങ്കലനമാണ് പ്രതിഫലിപ്പിക്കുന്നത്. ലാളിത്യവും അച്ചടക്കവും ശുഭപ്രതീക്ഷയും മനുഷ്യവിഭവശേഷിയിലെ അചഞ്ചല വിശ്വാസവും സമന്വയിച്ച അദ്ദേഹത്തിന്‍റെ വ്യക്തിത്വം ദശലക്ഷക്കണക്കിന് യുവമനസുകളിൽ വലിയ സ്വാധീനം ചെലുത്തി. ഔദ്യോഗികതയുടെ സങ്കീർണതകൾക്കപ്പുറം ഒരു മാര്‍ഗദര്‍ശിയും ഉപദേശകനും അഭ്യുദയകാംക്ഷിയുമായി വിദ്യാർഥികളോട് തടസങ്ങളില്ലാതെ സംവദിക്കാന്‍ പുലര്‍ത്തുന്ന സഹജമായ കഴിവ് പ്രധാനമന്ത്രിയെ വ്യത്യസ്തനാക്കുന്നു.
സംഭാഷണ ശൈലിയില്‍ കഥകളിലൂടെ ലളിതമായി അദ്ദേഹം സംവദിക്കുമ്പോള്‍ ഓരോരുത്തരും ശ്രദ്ധിക്കപ്പെടുന്നതായും മനസിലാക്കപ്പെടുന്നതായും വിദ്യാർഥികൾക്ക് അനുഭവപ്പെടുന്നു. സ്ഥിരോത്സാഹത്തെയും ഏകാഗ്രതയെയും അതിജീവനശേഷിയെയും കുറിച്ച് വലിയ പാഠങ്ങൾ പങ്കുവെയ്ക്കാന്‍ സ്വന്തം ജീവിതാനുഭവങ്ങളിലെ ഉദാഹരണങ്ങള്‍ നിരത്തി ഹൃദ്യമായി നര്‍മം ചാലിച്ച് ആധികാരികതയോടെ പ്രധാനമന്ത്രി സംവദിക്കുന്നു. വ്യക്തിപരമായ ഈ ഇടപെടൽ പരീക്ഷകളുമായി ബന്ധപ്പെട്ട സമ്മർദങ്ങളെ ലഘൂകരിക്കാനും പഠിതാക്കൾക്ക് ആശ്വാസകരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു.
ഓരോ കുട്ടിയും സവിശേഷം എന്ന തിരിച്ചറിവ്
ലളിതവും ശക്തവുമായ ഒരു വസ്തുതയാണ് ഈ പരിശ്രമത്തിന്‍റെ കേന്ദ്രബിന്ദു: ഓരോ കുട്ടിയും സവിശേഷമാണ്. ഓരോരുത്തരും വ്യത്യസ്ത രീതികളില്‍ പഠിക്കുകയും സ്വന്തം വേഗത്തില്‍ വളരുകയും ചെയ്യുന്നു. മാര്‍ക്കിലേക്കോ റാങ്കിലേക്കോ മാത്രം ചുരുക്കാനാവാത്ത കഴിവുകൾ അവരില്‍ ഓരോരുത്തരിലുമുണ്ട്.
പരീക്ഷകൾ അവയുടെ രൂപകല്പന പ്രകാരം ഒരു കുട്ടിയുടെ കഴിവിന്‍റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് നിര്‍ണയിക്കുന്നത്. യഥാർഥ സർഗാത്മകതയും മികവും ഉയർന്നുവരുന്നത് സമഗ്ര വികസനത്തിലൂടെയാണ്. ഒരു കുട്ടി ഗണിതശാസ്ത്രപരമായ കഴിവുകള്‍ പ്രകടിപ്പിച്ചേക്കാം; മറ്റൊരാൾക്ക് കലാപരമായ ഭാവനയുണ്ടായിരിക്കാം; ഒരുപക്ഷേ സാന്ത്വനത്തിലൂടെ ആശ്വാസം പകരാനാവശ്യമായ സഹാനുഭൂതിയായിരിക്കാം വേറൊരാളുടെ സവിശേഷത. ഈ വ്യത്യാസങ്ങൾ കുറവുകളല്ല; മറിച്ച് വൈവിധ്യവും കരുത്തും കൈമുതലാക്കിയ നൂതനാശയങ്ങൾ നിറഞ്ഞ സമൂഹത്തിന്‍റെ അടിത്തറയാണ്.
ദേശീയ വിദ്യാഭ്യാസ നയ ദർശനങ്ങളുടെ പ്രതിഫലനം
ഈ ദർശനമാണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അന്തസത്ത. ഈ ചട്ടക്കൂടിന് കീഴിൽ പാഠ്യപദ്ധതികളും അധ്യാപന രീതികളും മൂല്യനിർണയ സംവിധാനങ്ങളും യഥാർഥ വിദ്യാര്‍ത്ഥി കേന്ദ്രീകൃത രീതിയിലേക്ക് പുനർനിർമിക്കപ്പെടുകയാണ്. അക്കാദമിക പഠനത്തോടൊപ്പം സർഗാത്മകതയും വിമർശനാത്മക ചിന്താശേഷിയും വൈകാരിക ബുദ്ധിയും ശാരീരിക ക്ഷേമവും ധാർമിക മൂല്യങ്ങളും വളർത്തിയെടുക്കാനാണ് മുൻഗണന നൽകുന്നത്. കളികളിലൂടെ പഠിക്കുന്ന ആദ്യകാല അധ്യയന രീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന നയം ആജീവനാന്ത പഠനത്തിന്‍റെ സുശക്തമായ അടിത്തറയായി ജിജ്ഞാസയെയും സന്തോഷത്തെയും അടയാളപ്പെടുത്തുന്നു.
അടിസ്ഥാന തലങ്ങളില്‍ മാതൃഭാഷാ ബോധനരീതി വിഭാവനം ചെയ്തിരിക്കുന്നത് കുട്ടികൾക്ക് ആശയങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ വേണ്ടിയാണ്. അതേസമയം സാംസ്കാരികവും ഭാഷാപരവുമായ വേരുകളിൽ ആത്മവിശ്വാസം പുലര്‍ത്തി ആഗോളതലത്തിൽ ഇന്ത്യൻ വിജ്ഞാന വ്യവസ്ഥകളെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തരായ തലമുറയെ വളർത്തിയെടുക്കാൻ ബഹുഭാഷാ പഠനത്തിന് നല്‍കുന്ന പ്രാധാന്യത്തിലൂടെ ലക്ഷ്യമിടുന്നു.
മൂല്യനിർണയ പരിഷ്കാരങ്ങളും ഇതേ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്നു. ചരിത്രത്തിലാദ്യമായി പത്താം ക്ലാസ് പൊതു പരീക്ഷകൾ വർഷത്തിൽ രണ്ടു തവണ നടത്തും. വിദ്യാർഥികൾക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താൻ കൂടുതൽ സൗകര്യമൊരുക്കുന്ന ഈ നടപടി ഒറ്റത്തവണ നടത്തുന്ന നിർണായക പരീക്ഷയുമായി ബന്ധപ്പെട്ട സമ്മർദം ലഘൂകരിക്കുന്നു. അക്കാദമിക ഫലങ്ങൾ മാത്രമല്ല, കുട്ടിയുടെ സാമൂഹ്യവും വൈകാരികവും ശാരീരികവുമായ വികാസം കൂടി വിലയിരുത്താന്‍ "360 ഡിഗ്രി സമഗ്ര പ്രോഗ്രസ് കാർഡുകൾ' അവതരിപ്പിച്ചു.
ക്ഷേമം പഠനത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അക്കാദമിക - വൈകാരിക സമ്മർദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിദ്യാർഥികൾക്ക് ദൈനംദിന പിന്തുണ നൽകാന്‍ എല്ലാ സിബിഎസ്ഇ സ്കൂളുകളിലും സാമൂഹ്യ- വൈകാരിക കൗൺസിലർമാരെ നിർബന്ധമാക്കിയിട്ടുണ്ട്. പ്രത്യേക മാതൃകയിലേക്ക് ഒതുക്കാതെ ഓരോ കുട്ടിയുടെയും സവിശേഷ കഴിവുകളെ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന ആത്യന്തിക ഉത്തരവാദിത്തം ഇതിലൂടെ വ്യക്തമാണ്.
സമഗ്ര പഠനത്തിന് സുപ്രധാന മുൻഗണന
വിദ്യാഭ്യാസം ഇന്ന് കേവലം പാഠപുസ്തകങ്ങളിലോ പരീക്ഷകളിലോ മനഃപാഠം പഠിക്കുന്ന രീതിയിലോ ഒതുങ്ങുന്ന ഒന്നല്ല. സമഗ്ര പഠനത്തിന് ഇന്ന് വലിയ പ്രാധാന്യം നൽകുന്നു. അക്കാദമിക മികവുകൊണ്ട് മാത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കാനാവില്ലെന്ന് നാം വ്യക്തമായി തിരിച്ചറിയുന്നു.
ഉത്കണ്ഠയുടെയോ ഭയത്തിന്‍റെയോ വൈകാരിക സമ്മർദത്തിന്‍റെയോ ഭാരം പേറുന്ന കുട്ടികൾക്ക് അർഥപൂര്‍ണമായ രീതിയിൽ പഠിക്കാനാവില്ല. പരിപൂര്‍ണ ഏകാഗ്രതയിലൂടെയും പ്രാണായാമയിലൂടെയും യോഗയിലൂടെയും ഇത്തരം പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ശാശ്വത ഉപാധികൾ ഇന്ത്യയുടെ നാഗരിക പാരമ്പര്യം വാഗ്ദാനം ചെയ്യുന്നു. കുട്ടികളെ അവരുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് ഏകാഗ്രതയും ശാന്തതയും അതിജീവനശേഷിയും വളർത്തിയെടുക്കാന്‍ ഈ രീതികള്‍ സഹായിക്കുന്നു.
പരീക്ഷാ തയ്യാറെടുപ്പുകളിൽ സഹായിക്കുന്നതിനൊപ്പം അക്കാദമിക അറിവിന് പുറമെ വൈകാരിക വിവേകവും പ്രകൃതി സന്തുലനവും ആന്തരിക അവബോധവും വളർത്തിയെടുത്ത് ക്ലാസ് മുറികൾക്കപ്പുറം ജീവിത നൈപുണ്യങ്ങൾ രൂപപ്പെടുത്താൻ ഇവ സഹായിക്കുന്നു.
വെല്ലുവിളികൾ
ഇന്ന് നാം അഭിമുഖീകരിക്കുന്ന ഒരു സവിശേഷ ആധുനിക വെല്ലുവിളിയെയും നാം നേരിടേണ്ടതുണ്ട്. അമിതമായ ഡിജിറ്റൽ ഉപയോഗവും സ്‌ക്രീൻ സമയവുമാണത്. ദീർഘനേരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഏകാഗ്രത കുറയാനും ഉറക്കം തടസപ്പെടാനും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനും വഴിയൊരുക്കുന്നു. എപ്പോഴും ഓൺലൈനായിരിക്കാന്‍ സമ്മർദം, ഓൺലൈൻ താരതമ്യങ്ങൾ, അമിത ഡിജിറ്റൽ പ്രേരണകൾ എന്നിവ പലപ്പോഴും പരീക്ഷാ സമ്മർദം വർധിപ്പിക്കുകയും നാം കുട്ടികളിൽ വളർത്തിയെടുക്കാനാഗ്രഹിക്കുന്ന മനഃസാന്നിധ്യം തകർക്കുകയും ചെയ്യുന്നു.
ഇവിടെയാണ് രക്ഷിതാക്കളും അധ്യാപകരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത്. ഉപകരണങ്ങളുടെ ഉപയോഗത്തിന് ആരോഗ്യകരമായ അതിരുകള്‍ നിശ്ചയിക്കുന്നതിനൊപ്പം കായിക വിനോദങ്ങൾ, സർഗാത്മക പ്രവർത്തനങ്ങൾ, കുടുംബാംഗങ്ങളുമായി ആശയവിനിമയം തുടങ്ങിയ ബദൽ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഈ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ നമുക്കാവും.
കുട്ടികൾ പുരോഗതിയുടെ സന്ദേശവാഹകർ
"വികസിത ഭാരത'ത്തിന് എല്ലാ മേഖലകളിലും മികവ് അനിവാര്യമാണ്. കുട്ടികൾക്ക് അവരുടെ സവിശേഷ കഴിവുകൾ കണ്ടെത്താനും വികസിപ്പിക്കാനും സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സർഗാത്മകതയിലൂടെയും ഉൾച്ചേര്‍ക്കലിലൂടെയും കൂട്ടായ പുരോഗതിയിലൂടെയും രാജ്യം മുന്നേറുന്നു.
നിർമിത ബുദ്ധിയുടെ ഇക്കാലത്ത് ജിജ്ഞാസയും പ്രശ്നപരിഹാരവും തമ്മിലെ അകലം കുറഞ്ഞു വരികയാണ്. ഈ പര്യവേക്ഷണം സാധ്യമാക്കുകയെന്നതാണ് അധ്യാപകരും രക്ഷിതാക്കളും മാര്‍ഗദര്‍ശികളുമായ നമ്മുടെ ചുമതല. കുട്ടികൾക്ക് ശരിയായ ഉപകരണങ്ങളും കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും നൽകുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്താനും നൂതനാശയങ്ങള്‍ തേടാനും പരാജയപ്പെടാന്‍ പോലും സ്വാതന്ത്ര്യം നൽകി നിരന്തര മാർഗനിർദേശവും പിന്തുണയും ഉറപ്പാക്കേണ്ടതുണ്ട്.
ഇന്നത്തെ വിദ്യാർഥികളാണ് 2047ലെ വികസിത ഭാരതത്തിന്‍റെ സന്ദേശവാഹകര്‍. ഭയമില്ലാതെ പഠിക്കുകയും ആത്മവിശ്വാസത്തോടെ നൂതനാശയങ്ങള്‍ കണ്ടെത്തുകയും സ്വന്തം സാംസ്കാരിക പൈതൃകത്തിൽ ഉറച്ചുനിന്ന് ലോകത്തോട് ഇടപഴകുകയും ചെയ്യുന്ന കുട്ടികളാണ് വർത്തമാനകാലത്ത് വികസിത ഭാരതം രൂപപ്പെടുത്തുന്നത്. തലച്ചോറിന്‍റെ വിവേകത്തിനും ഹൃദയത്തിന്‍റെ വൈകാരികതയ്ക്കും കരങ്ങളുടെ നൈപുണ്യത്തിനും ഒരുപോലെ മുൻഗണന നൽകുന്ന തരത്തില്‍ രൂപകല്പന ചെയ്ത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ അവർക്ക് പിന്തുണയേകണം. സാധ്യതകളെ ആഘോഷിക്കുന്നതും ലക്ഷ്യബോധം വളർത്തുന്നതും അർഥപൂര്‍ണമായ ജീവിതത്തിന് അവരെ സജ്ജരാക്കുന്നതുമായ രീതി അവലംബിക്കണം. യുവമനസുകളെ ഭയത്തിൽ നിന്ന് മോചിപ്പിക്കുകയും 2047ലെ വികസിത ഭാരത്തിനായി ആത്മവിശ്വാസം കൈമുതലാക്കിയ പൗരന്മാരെ സജ്ജരാക്കുകയും ചെയ്യുകയെന്നതാണ് പരീക്ഷാ പേ ചർച്ചയുടെ അന്തസത്ത.