

കാർട്ടൂണിസ്റ്റ് പി.കെ മന്ത്രിയുടെ കാർട്ടൂൺ
file photo
വിജയ് ചൗക്ക്| സുധീര്‍നാഥ്
കേരളത്തിലടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാഹളം മുഴങ്ങി കഴിഞ്ഞു. കേരളത്തില്‍ നടക്കുന്ന ഏതു തെരഞ്ഞെടുപ്പിനേക്കാളും രാഷ്‌ട്രീയം ശക്തമായി ചര്‍ച്ചയാകുന്ന ഒന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ്. രാഷ്‌ട്രീയ കാര്‍ട്ടൂണിസ്റ്റുകളുടെ നല്ല സമയമായിരുന്നു പണ്ടൊക്കെ. ഇന്ന് അത് സോഷ്യൽ മീഡിയ പോസ്റ്റുകളും റീൽസുകളും ട്രോളുകളും മീമുകളും പകിട്ടിട്ടെടുത്തിരിക്കുന്നു.
എന്നാൽ പഴയ കാലത്തെ പോലെ മര്‍മത്ത് കൊള്ളുന്ന കാര്‍ട്ടൂണുകളോ ട്രോളുകളോ മീമുകളോ ഇന്നുണ്ടോ..? ഒരു കാലത്ത് കെ.എസ്. പിള്ളയും പി.കെ. മന്ത്രിയും യേശുദാസനും ബി.എം. ഗഫൂറും തോമസുമൊക്കെ വരച്ച കാര്‍ട്ടൂണുകള്‍ പൊള്ളി നോവിക്കുന്നവയായിരുന്നു. കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുമായി വളരെ അടുത്തു പരിചയമുള്ള കാർട്ടൂണിസ്റ്റ് കൂടിയായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മലയാറ്റൂര്‍ രാമകൃഷ്ണന്‍ മന്ത്രിയുടെ കാര്‍ട്ടൂണ്‍ രചനയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്-
ഫോട്ടോ:
കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ മരുമകള്‍ അല്ലി സിനിലാല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥിന് കൈമാറുന്നു. കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗം ഇ.പി. പീറ്റര്‍, നിര്‍വാഹക സമിതി അംഗം മോഹന കുമാരന്‍ നായര്‍, സെക്രട്ടറി എ. സതീഷ്, മന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം.
"ഇന്ത്യന്‍ ഇങ്കിനോടൊപ്പം ബ്രഷ് ആസിഡിലും മുക്കിയാണ് മന്ത്രി കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകള്‍ പലരേയും പൊള്ളിച്ചിട്ടുണ്ട്. "
സമാന അനുഭവമാണ് മേല്‍ സൂചിപ്പിച്ചവരുടെ കാര്‍ട്ടൂണുകള്‍ മൂലം പല നേതാക്കള്‍ക്കും ഉണ്ടായിട്ടുള്ളത്. അടിയന്തരാവസ്ഥാ കാലത്താണ് കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം പ്രശസ്തമായ ബാത്ത് ടബ് കാര്‍ട്ടൂണ്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ വരയ്ക്കുന്നത്. ഇന്നും അടിയന്തരാവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുന്ന സമയത്ത് അതിന്‍റെ പ്രതീകമായി ഈ കാര്‍ട്ടൂണ്‍ ഉപയോഗിക്കാറുണ്ട്. ആ കാലത്ത് രാഷ്‌ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് രാഷ്‌ട്രപതി ഭവനിലെ ബാത്ത് ടബില്‍ കിടന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കൊടുത്തു വിടുന്ന എല്ലാ ഓര്‍ഡിനന്‍സിലും ഒപ്പുവയ്ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.
ഇനി എന്തെങ്കിലും ഓര്‍ഡിനന്‍സ് ഒപ്പിടാനുണ്ടോ എന്ന് രാഷ്‌ട്രപതി ചോദിക്കുന്നുമുണ്ട്. ഇന്ദിരയുടെ പാവയാണ് രാഷ്‌ട്രപതിയായിരുന്ന ഫക്രുദ്ദീന്‍ അഹമ്മദ് എന്ന ആക്ഷേപം ശക്തമായിരുന്ന സമയത്താണ് അബു എബ്രഹാം അങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. കോണ്‍ഗ്രസുകാരായ കുരുടന്മാര്‍ ആനയാകുന്ന ഗാന്ധിജിയെ കാണുന്ന അബുവിന്‍റെ കാര്‍ട്ടൂണും പ്രശസ്തമാണ്. ഈ രണ്ട് കാര്‍ട്ടൂണുകളും ഇന്നും പുതു തലമുറയ്ക്കു പോലും പരിചിതമാണ്. ഈ കാര്‍ട്ടൂണ്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.
അതുപോലെ തന്നെയാണ് അടിയന്തരാവസ്ഥ കാലത്ത് 1975 ഡിസംബര്‍ 11ന് ആര്‍.കെ. ലക്ഷ്മണ്‍ വരച്ച ഒരു കാര്‍ട്ടൂണ്‍. അക്കാലത്ത് മാധ്യമങ്ങള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ലക്ഷമണ്‍ ആ കാര്‍ട്ടൂണ്‍ വരയ്ക്കുന്നത്. അദ്ദേഹത്തിന്‍റെ കഥാപാത്രമായ "കോമണ്‍മാന്‍' പത്രത്തിന്‍റെ അടിയില്‍ തലതാഴ്ത്തി സ്വയം മറ സൃഷ്ടിക്കുന്നതാണ് കാര്‍ട്ടൂണ്‍.
കഥാപാത്രത്തിന്‍റെ മുഖം വായനക്കാരുടെ മനസില്‍ തെളിയും. കാര്‍ട്ടൂണിസ്റ്റിന്‍റെ വരയില്‍ അങ്ങനെയൊന്നില്ല. അത്ര കണ്ട് കഥാപാത്രം വായനക്കാരിലെത്തിയിരുന്നു എന്നതിന് തെളിവു കൂടിയായിരുന്നു ആ കാര്‍ട്ടൂണ്‍. പില്‍കാലത്ത് മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്ന അവസരങ്ങളിലെല്ലാം ആ കാര്‍ട്ടൂണും ചര്‍ച്ചയാകാറുണ്ട്, അത് പലപ്പോഴും ഉപയോഗിക്കുന്നുമുണ്ട്.
കെ. കരുണാകരനും എ.കെ. ആന്‍റണിയും എ, ഐ എന്നീ രണ്ട് ഗ്രൂപ്പുകളായി കോണ്‍ഗ്രസില്‍ തിളങ്ങി നിന്ന 92 കാലത്ത് കരുണാകരനെ തേടി ഭീഷ്മാചാര്യ അവാര്‍ഡ് എത്തി. വാർത്ത പത്രങ്ങളില്‍ നിറഞ്ഞു. ഒപ്പം കാര്‍ട്ടൂണുകളും. 92 ഫെബ്രുവരി 28ന് മാധ്യമത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണു അതുമായി ബന്ധപ്പെട്ട കാര്‍ട്ടൂണ്‍ വരച്ചു. ശരശ്(ഐ)യ്യ എന്ന തലക്കെട്ടില്‍ വരച്ച കാര്‍ട്ടൂണില്‍ രാഷ്‌ട്രീയ ഭീഷ്മാചാര്യരായി കരുണാകരന്‍ ശരശയ്യയിലെ സ്ട്രെച്ചറില്‍ മകനെ നെഞ്ചിലിരുത്തി കിടക്കുക തന്നെയാണ്. പക്ഷെ മൂര്‍ച്ചയുള്ള അമ്പുകളുടെ ഭാഗം തലകീഴായി ആന്‍റണിയില്‍ തുളച്ചുകയറുന്നു. ആയിരം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കപ്പെടേണ്ട കാര്യമാണ് ആ ഒറ്റ കാര്‍ട്ടൂണിലൂടെ വേണു വരച്ചിട്ടത്.
87ൽ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ലോട്ടറി വില്‍പ്പനക്കാരനായ കരുണാകരന്‍റെ കാര്‍ട്ടൂണുണ്ട്. ദേശാഭിമാനി കൊച്ചി യൂണിറ്റ് ഒന്നടക്കം ചര്‍ച്ച ചെയ്ത് വികസിപ്പിച്ചെടുത്ത ആ ഇലക്‌ഷന്‍ കാര്‍ട്ടൂണ്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തിലെ ചുവരുകളിലെല്ലാം അത് ആര്‍ട്ടിസ്റ്റുകള്‍ വരച്ചു. ഇടതുമുന്നണിയുടെ പ്രചാരണ സമയത്തെ തുറുപ്പ് ചീട്ടായിരുന്നു ആ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന തരത്തില്‍ വ്യാപകമായി ലോട്ടറി വില്‍പ്പന നടന്നിരുന്ന കാലമായിരുന്നു അത്. ഇടതുമുന്നണിക്ക് പറയാനുണ്ടായിരുന്നത് മുഴുവനും ആ കാര്‍ട്ടൂണായിരുന്നു പറഞ്ഞിരുന്നത്.
കാര്‍ട്ടൂണിലെ ലോട്ടറി അനൗണ്‍സ്മെന്‍റ് ഇങ്ങനെയായിരുന്നു: ""ആഴ്ച്ച തോറും ഓരോ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട്, വ്യാഴാഴ്ച്ച തോറും ഒത്തുതീര്‍പ്പുണ്ടാക്കി, മന്ത്രിസഭയുടെ ചരിത്രത്തില്‍ അതിശയമായി മാറിക്കഴിഞ്ഞ... രാജീവ് ഗാന്ധിയുടെ അംഗീകാരത്തോടെ... ജാതിമത വർഗീയ ശക്തികള്‍ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന... അഞ്ചുവര്‍ഷം കൊണ്ട് പത്തൊന്‍പതു കോടീശ്വരന്‍മാരേയും എണ്‍പതില്‍പ്പരം ലക്ഷാധിപതികളേയും സൃഷ്ടിച്ചുകൊണ്ട്.... അടുത്ത നറുക്കെടുപ്പ്... നാളെ... നാളെ... സ്കൂള്‍ മാനെജര്‍മാരുടേയും കരാറുകാരുടേയും തള്ളിക്കയറ്റം മൂലം ടിക്കറ്റുകളുടെ ദൗര്‍ലഭ്യം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞ... സമ്മാനത്തുകയ്ക്ക് സ്വിസ് ബാങ്ക് ഗ്യാരന്‍റിയും നല്‍കുന്നു... ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വാങ്ങുക... ഇവിടെ നിന്നു തന്നെ വാങ്ങുക..!
എന്തായാലും 87ലെ ഇടതുമുന്നണിയുടെ വിജയത്തിൽ ഒരു നിര്‍ണായക പങ്ക് ആ കാര്‍ട്ടൂണിനുണ്ട്. കാര്‍ട്ടൂണിന്‍റെ ശക്തി തിരിച്ചറിയാന്‍ ഒരു സംഭവം കുറിക്കാം. 98 മാര്‍ച്ച് 19. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ അധികാത്തിലേറിയ ദിവസമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് മരിക്കുന്നത്.
കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ കുങ്കുമത്തിലെ സാക്ഷി എന്ന പംക്തിയില്‍ വരച്ച കാര്‍ട്ടൂണ്‍ ഈ രണ്ടു ചരിത്ര സംഭവങ്ങളേയും കോര്‍ത്തിണക്കിയാണ് അവതരിപ്പിച്ചത്. "കേന്ദ്രത്തില്‍ ബിജെപി അധികാരമേറ്റു' എന്ന വാര്‍ത്തയും, ഇഎംഎസിന്‍റെ മരണവാര്‍ത്ത സൂചിപ്പിച്ച് "കേരളം കരഞ്ഞു, ഒരാഴ്ച്ചത്തെ ദുഃഖാചരണം' എന്ന വാര്‍ത്തയും ഒരേ ദിവസം അച്ചടിച്ചുവന്ന പത്രം വായിക്കുന്ന സാക്ഷി പറയുകയാണ്, ഇന്നല്ലെങ്കില്‍ എന്നാണ് ഇഎംഎസ് മരിക്കേണ്ടത് എന്ന്! പി.വി. കൃഷ്ണന്‍റെ ആ ഒരു കാര്‍ട്ടൂണില്‍ എന്തൊക്കെ കാര്യങ്ങളാണ് പറയാതെ പറഞ്ഞുപോയത്.
ആദ്യകാലങ്ങളില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും വലതുപക്ഷ ചിന്തയുള്ളവരായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരായുള്ള കാര്‍ട്ടൂണുകള്‍ മാത്രമേ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ. കേരളം രൂപംകൊണ്ട ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഇഎംഎസ് സര്‍ക്കാര്‍ അധികാരത്തിലേറി. അന്ന് മിക്ക മാധ്യമങ്ങളും സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം തുടങ്ങി. അതിന്‍റെ ഭാഗമായി വിമോചനസമരം തുടങ്ങി.
എന്‍എസ്എസ് പിന്തുണയോടെ പുറത്തിറങ്ങിയ സ്വരാജ് മോട്ടോഴ്സ് ഉടമ ശങ്കുണ്ണി പിള്ളയുടെ "ദേശബന്ധു'വില്‍ സര്‍ക്കാര്‍ വിരുദ്ധ കാര്‍ട്ടൂണുകളുടെ പ്രളയമായിരുന്നു. കെ.എസ്. പിള്ള വരച്ച ഒരു കാര്‍ട്ടൂണ്‍ പോസ്റ്ററായി നാടുനീളേ പ്രദര്‍ശിപ്പിക്കപ്പെട്ടു. മന്നത്തിന്‍റെ കുതിര സെക്രട്ടേറിയറ്റില്‍ എന്നതായിരുന്നു കാര്‍ട്ടൂണ്‍. "എന്‍റെ പടക്കുതിരയെ ഞാന്‍ ഇഎംഎസിന്‍റെ മേശയുടെ കാലില്‍ കെട്ടിയിടും' എന്ന മന്നത്ത് പദ്മനാഭന്‍റെ വാക്കുകളാണ് കെ.എസ്. പിള്ള കാര്‍ട്ടൂണിലാക്കിയത്.
തൊട്ടു പിറ്റേന്ന് യേശുദാസന്‍ കുതിരയെത്തന്നെ വിഷയമാക്കി ജനയുഗത്തില്‍ "പടപ്പുറപ്പാട്' എന്ന തലക്കെട്ടില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. മന്നം ഒരു മരക്കുതിരപ്പുറത്ത് നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. അത് ജനയുഗത്തിന്‍റെ ആദ്യ പേജിലും മറ്റു ഭാഷകളിലെ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നു. അത് വളരെ ചര്‍ച്ചാവിഷയമായി. വിമോചനസമര കാലത്ത് ജാഥകളില്‍ "കണ്ടോടാ കണ്ടോടാ മരക്കുതിരയെ കണ്ടോടാ' എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ടു. വിമോചനസമരം കഴിഞ്ഞപ്പോള്‍ കമ്മ്യൂണിസ്റ്റു വിരുദ്ധര്‍ കോട്ടയത്ത് മന്നത്തിന് ഒരു വലിയ സ്വീകരണം സംഘടിപ്പിച്ചു. വിമോചന സമരത്തിന് പിന്തുണ നല്‍കിയ വ്യവസായിയായിരുന്ന എം.വി. ജോര്‍ജ് മന്നത്ത് പദ്മനാഭനു നല്‍കിയത് ഒരു മരക്കുതിരയുടെ രൂപമായിരുന്നു!
ആദ്യകാലത്തെ വളരെ ശക്തനായ രാഷ്‌ട്രീയ കാര്‍ട്ടൂണിസ്റ്റായിരുന്നു പി.കെ. മന്ത്രി. നമ്മുടെ നാട്ടില്‍ മന്ത്രിമാരും മുന്‍ മന്ത്രിമാരുമുണ്ട്. ഇന്നത്തെ മന്ത്രിമാര്‍ കാലം കഴിയുമ്പോള്‍ മുന്‍ മന്ത്രിമാരാവും. എന്നാല്‍ എക്കാലത്തും മന്ത്രിയായി ഒരേ ഒരാളേയുള്ളൂ, അതാണ് പന്തളം കുളനട സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് പി.കെ. മന്ത്രി. മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ വേറിട്ട ഏടായിരുന്നു കാര്‍ട്ടൂണിസ്റ്റ് മന്ത്രിയുടേത്. പുകയടുപ്പ് ഊതി വിയര്‍ക്കുന്ന വാല്യക്കാരിയെയും അരികില്‍ മെയ്യനങ്ങാതെ നിന്ന് നിര്‍ദേശം നല്‍കുന്ന വീട്ടമ്മയെയും വരയ്ക്കുമ്പോള്‍ മന്ത്രിക്ക് പ്രായം വെറും അഞ്ചു വയസാണ്. അങ്ങനെ കുട്ടിക്കാലത്തുതന്നെ കാര്‍ട്ടൂണില്‍ ഹരിശ്രീ കുറിച്ച മന്ത്രി അന്‍പതുകളിലാണ് ജനശ്രദ്ധയാകര്‍ഷിച്ച് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും തിളങ്ങിയത്. സാമൂഹിക അനീതിക്കെതെരേയായിരുന്നു വരകളധികവും. കേരളീയ സമൂഹം ഒന്നടങ്കം അതിന്‍റെ ചിന്തയിലും ചിരിയിലും മയങ്ങി.
വരയ്ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ തിരുവനന്തപുരത്ത് കലാനിലയം കൃഷ്ണന്‍ നായരുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന "തനിനിറം' ദിനപത്രം തയാറായതാണ് കാര്‍ട്ടൂണിസ്റ്റ് മന്ത്രിക്ക് കളം നിറഞ്ഞാടാന്‍ അവസരമൊരുക്കിയത്. എരിവും പുളിയും ചേര്‍ത്ത മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ക്ക് ആരാധകര്‍ ഏറെയുണ്ടായിരുന്നു. അല്‍പകാലം കൊണ്ടു തന്നെ ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റായി പി.കെ. മന്ത്രി മാറി. തനിനിറത്തിലെ രാഷ്‌ട്രീയ കാര്‍ട്ടൂണുകൾ കൂടാതെ ഇതര പ്രസിദ്ധീകരണങ്ങളിൽ പാച്ചുവും കോവാലനും, മിസ്റ്റര്‍ കുഞ്ചു തുടങ്ങിയ സാമൂഹ്യ കാര്‍ട്ടൂണുകളും അദ്ദേഹം വരച്ചിരുന്നു.
ഒരിക്കല്‍ തനിനിറത്തില്‍ പ്രസിദ്ധീകരിച്ച മന്ത്രിയുടെ കാര്‍ട്ടൂണ്‍ നിയമസഭയെ അവഹേളിക്കുന്നതാണെന്ന് സ്പീക്കര്‍ പറയുകയും, തനിനിറം പത്രാധിപര്‍ സഭയിലെത്തി മാപ്പു പറയണമെന്ന് ഉത്തരവിടുകയും ചെയ്തു. അതേ കാര്‍ട്ടൂണ്‍ തനിനിറം പിറ്റേന്ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചു! അതിനൊപ്പം ഒരു കുറിപ്പു കൂടി ഉണ്ടായിരുന്നു. അതിങ്ങനെയായിരുന്നു- ഈ കാര്‍ട്ടൂണ്‍ കേരള നിയമസഭയെ അവഹേളിക്കുന്നതാണെന്ന് ബഹുമാനപ്പെട്ട സ്പീക്കര്‍ അറിയിക്കുകയും സഭയിലെത്തി മാപ്പു പറയണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
ആ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ച്, കാര്‍ട്ടൂണ്‍ സഭയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് സ്പീക്കര്‍ കണ്ടെത്തിയതിനാല്‍ പ്രസിദ്ധീകരിച്ചതില്‍ മാപ്പു പറയാന്‍ പത്രാധിപര്‍ പോകന്ന വിവരം വായനക്കാരെ അറിയിക്കുകയും ചെയ്തത് അന്നത്തെ വലിയൊരു സംഭവമായിരുന്നു. വരകളും വരികളും കൊണ്ട് കേരള ജനതയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഭരണകൂടത്തിനെതിരേ വാളോങ്ങിയും നിരന്തരം കാര്‍ട്ടൂണ്‍ രചന നടത്തിയ പി.കെ. മന്ത്രിയുടെ വരകളെല്ലാം പുസ്തക രൂപത്തിലാക്കി ഇലക്‌ഷന് മുന്‍പായി കേരള കാര്‍ട്ടൂണ്‍ അക്കാദമി പുറത്തിറക്കുകയാണ്.
മന്ത്രിയുടെ കാര്‍ട്ടൂണ്‍ സമാഹരം കുടുംബം കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ക്ക് കൈമാറിക്കഴിഞ്ഞു. സർവാദരണീയനും സകലകലാവല്ലഭനും സാഹിത്യകാരനും നിരൂപകനും വരക്കാരനുമായിരുന്ന ഐഎഎസുകാരൻ മലയാറ്റൂര്‍ രാമകൃഷ്ണൻ സൂചിപ്പിച്ചതു പോലെ ഇന്ത്യന്‍ ഇങ്കിനോടൊപ്പം ബ്രഷ് ആസിഡിലും മുക്കി വരച്ച മന്ത്രിയുടെ കാര്‍ട്ടൂണുകള്‍ വര്‍ത്തമാനകാല സമൂഹത്തിന് കാണാന്‍ അവസരമൊരുങ്ങുന്നു. അതും ഈ തെരഞ്ഞെടുപ്പു കാലത്ത്.