

തറക്കല്ലിളകുന്നു; കടുത്ത പ്രതിസന്ധിയിൽ സിപിഎം
cpm flag - file image
കേരള രാഷ്ട്രീയത്തിൽ എപ്പോഴും ആളും തിരക്കുമാണ്, പക്ഷേ വ്യക്തതയുടെ വലിയൊരു കുറവ് അവിടെ പ്രകടമാണെന്നു മാത്രം. ചുവരെഴുത്തുകൾ വായിക്കാൻ വിസമ്മതിക്കുന്ന സിപിഎം, സ്വയം നിർമിച്ചെടുത്ത ചില ധാരണകളിൽ തന്നെ അഭിരമിക്കുകയാണിപ്പോഴും. തെരഞ്ഞെടുപ്പ് നേട്ടങ്ങളിലൂടെ താത്കാലികമായി ആത്മവിശ്വാസം വീണ്ടെടുത്ത കോൺഗ്രസ്സാകട്ടെ, പതിവു പോലെ ഗ്രൂപ്പ് പോരിലൂടെ ആ നേട്ടം പാഴാക്കുന്നതിനുള്ള ശ്രമത്തിലും. അതേസമയം, വോട്ട് വിഹിതത്തിൽ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ക്ഷമയോടെ കാത്തിരിക്കുകയാണ് ബിജെപി. തളർച്ചയിലേക്ക് കൂപ്പു കുത്തുന്ന സിപിഎം തങ്ങൾക്കായി വഴിമാറിക്കൊടുക്കുമെന്ന ഉറപ്പിലാണവർ
അജയൻ
ഒരാൾ ചന്ദ്രനിലേക്ക് വിരൽ ചൂണ്ടുമ്പോൾ, വിഡ്ഢി നോക്കുന്നത് ആ വിരലിലേക്കാണ്" — ഈ പുരാതന ചൈനീസ് പഴമൊഴി കേരളത്തിലെ ഭരണപക്ഷത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പൊതുജനം നൽകിയ താക്കീതുകളോടുള്ള ഭരണപക്ഷത്തിന്‍റെ പ്രതികരണരീതി ഇതിന് അടിവരയിടുന്നു. ഈ തെരഞ്ഞെടുപ്പു ഫലം നിർഭാഗ്യമല്ല, മറിച്ച് സ്വയം വരുത്തിവെച്ചൊരു പ്രഹസനമാണ്. നേതൃത്വ അവകാശവാദങ്ങൾ മുഴക്കുന്ന ആ വലിയ പാർട്ടിക്കുള്ളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നിശബ്ദവും കടുപ്പമേറിയതുമായ ജീർണ്ണതയെയാണ് ഇത് തുറന്നുകാട്ടുന്നത്.
ശബരിമല സ്വർണ്ണക്കവർച്ചാ കേസ് മുതൽ പാർട്ടി നേതാക്കൾ അഴിക്കുള്ളിലായിട്ടും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന, കളങ്കിതരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള മൗനം വരെ, മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ധൂർത്തും പൊള്ളയായ പ്രചാരണ പദ്ധതികളും മുതൽ കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്ന മുറവിളി വരെ – വൈരുദ്ധ്യങ്ങൾ അത്രമേൽ പ്രകടമായിരുന്നു. ജനങ്ങൾ ഈ സൂചനകൾ കൃത്യമായി വായിച്ചു എന്നാൽ പാർട്ടി ഒന്നുകിൽ കണ്ണടച്ചു ഇരുട്ടാക്കി, അല്ലെങ്കിൽ ജനവികാരം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടു. ജനാധിപത്യ മര്യാദകളെ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള 'രഹസ്യ' പിഎം ശ്രീ കരാറും, ഇപ്പോൾ വിസി നിയമനങ്ങളിൽ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പും ജനരോഷം വർധിപ്പിക്കുകയേ ചെയ്തുള്ളൂ. ഒന്നിനുപിറകെ ഒന്നായി ദുരന്തങ്ങൾ ആവർത്തിച്ചിട്ടും, ഒട്ടകപക്ഷിയെപ്പോലെ മണലിൽ തലപൂഴ്ത്തി നിൽക്കുന്ന പാർട്ടി, വോട്ട് വിഹിതത്തിന്‍റെ കണക്കുകൾ നിരത്തി ആശ്വസിക്കാൻ ശ്രമിക്കുകയാണ്. ഇത് ജനങ്ങൾക്ക് നൽകുന്ന ഉറപ്പല്ല, മറിച്ച് അവരുടെ മുഖത്തടിക്കുന്നതിന് തുല്യമാണ്."
"ശബരിമല സ്വർണ്ണക്കവർച്ചയെ പരിഹസിച്ചു കൊണ്ടുള്ള പാരഡി ഗാനത്തോട് ഭരണകൂടം കാണിക്കുന്ന അമിതരോഷം മാത്രം മതി ഇവരുടെ അഹങ്കാരം വ്യക്തമാകാൻ. പാർട്ടിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കൾ ആ ഗാനത്തെ തള്ളിപ്പറയാൻ മത്സരിച്ചത് അത് കൃത്യം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടതുകൊണ്ടാണ്. തികഞ്ഞ വിവേകശൂന്യതയോടെ സർക്കാർ ആ പാട്ടിനെതിരെ കേസെടുക്കാൻ അനുമതി നൽകുകയും, വികാരം വ്രണപ്പെട്ടുവെന്ന് വിലപിക്കുകയും ചെയ്തു. വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് ഇടപെടുത്താൻ പോലും അവർ നീക്കങ്ങൾ നടത്തി. എന്നാൽ യാഥാർത്ഥ്യം അവരുടെ കണക്കുകൂട്ടലുകൾക്ക് വഴങ്ങിയില്ല. കേസ് നിലനിൽക്കില്ലെന്നും, വോട്ട് ലാഭം കൊയ്യാൻ ഇറക്കിയ വർഗ്ഗീയ കാർഡ് തിരിച്ചടിക്കുമെന്നും കണ്ടപ്പോൾ പാർട്ടി പിൻവാങ്ങി. പക്ഷേ, അപ്പോഴേക്കും സംഭവിക്കേണ്ട നാശനഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. ആ ഗാനം ഇനി കൂടുതൽ കാലം നിലനിൽക്കും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും അത് മാറ്റൊലിക്കൊള്ളുകയും മൂന്നാമൂഴമെന്ന സ്വപ്നങ്ങളെ തകർത്തെറിയുകയും ചെയ്യും."
സ്വന്തം അണികളിലെ ഒരു വിഭാഗത്തെപ്പോലെ പൊതുജനങ്ങളും പാർട്ടിയുടെ വാദങ്ങൾ കണ്ണടച്ച് വിഴുങ്ങിക്കൊള്ളുമെന്ന് സിപിഎം നേതൃത്വം വിശ്വസിച്ചിരിക്കാം. അശ്ലീല തമാശ പോലെ തോന്നിപ്പിക്കുന്ന സൈദ്ധാന്തിക ന്യായീകരണങ്ങളുമായി വന്ന പാർട്ടി സെക്രട്ടറി, ശബരിമല മോഷണക്കേസിൽ ജയിലിലായ നേതാക്കളുടെ കുറ്റകൃത്യത്തെക്കുറിച്ച് പാർട്ടിക്ക് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്നു. എന്നാൽ പാർട്ടിയുടെ സൗകര്യങ്ങളേക്കാൾ ദീർഘമാണ് ജനങ്ങളുടെ ഓർമ്മശക്തി. രണ്ട് പതിറ്റാണ്ട് മുമ്പ് വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത്, പിണറായിയുടെ മുഖ്യശത്രുവായിരുന്ന വി.എസ്. അച്യുതാനന്ദനൊപ്പം പത്തനംതിട്ട യൂണിറ്റ് എങ്ങനെ നിലകൊണ്ടിരുന്നുവെന്ന് ജനങ്ങൾക്കറിയാം. പിന്നീട് നടന്ന മലക്കംമറിച്ചിലുകളും കൂറുമാറ്റങ്ങളും ആരാണ് ആസൂത്രണം ചെയ്തതെന്നും, അതിന്നും പ്രസക്തമായിരിക്കുന്നത് എന്തുകൊണ്ടെന്നും അവർക്കറിയാം. ചില 'കുറ്റകൃത്യങ്ങൾ' എന്തുകൊണ്ടാണ് സൗകര്യപൂർവ്വം അവ്യക്തമായി തുടരുന്നതെന്നും വ്യക്തമാണ്. കാരണം, ഈ നേതാക്കളെ കൈവിട്ടാൽ, അവർ സത്യം വിളിച്ചുപറയാൻ തീരുമാനിച്ചാൽ, പ്രഖ്യാപിക്കപ്പെടുന്നത് നിരപരാധിത്വം മാത്രമായിരിക്കില്ല; പല രഹസ്യങ്ങളും അന്ന് പുറത്തുവരും. അതിന്‍റെ പ്രകമ്പനങ്ങൾ പാർട്ടിയുടെ ഏറ്റവും ഉയർന്ന തലങ്ങളിൽ വരെ എത്തിയേക്കാം
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, പോലീസ് സംരക്ഷണത്തിൽ രണ്ട് സ്ത്രീകളെ രഹസ്യമായി ശബരിമലയിൽ എത്തിച്ചതും, പിന്നീട് കോടതി ഉത്തരവുകൾ നിലനിൽക്കെത്തന്നെ ആ നിലപാടിൽ നിന്ന് നിശബ്ദമായി പിൻവാങ്ങിയതും പൊതുമനസ്സിൽ മായാതെ കിടപ്പുണ്ട്. ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്, ഏറെ കൊട്ടിഘോഷിക്കപ്പെടുകയും എന്നാൽ അധികം വൈകാതെ തന്നെ പ്രസക്തി നഷ്ടപ്പെട്ട് തകരുകയും ചെയ്ത നവോത്ഥാന മതിലും വർഗ്ഗീയ പ്രസംഗങ്ങൾക്ക് പേരുകേട്ട എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളിയുമായി നടത്തിയ, 'ശബരിമല ഉച്ചകോടി' എന്ന പേരിൽ പരിഹസിക്കപ്പെട്ട വിവാദ കാർ യാത്രയും, അതുമായി ബന്ധപ്പെട്ട തുടർച്ചയായ ന്യായീകരണങ്ങളുമെല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു കാര്യത്തിലേക്കാണ് — പൊതുജന വികാരത്തെ അംഗീകരിക്കാനോ കണക്കിലെടുക്കാനോ ഉള്ള പാർട്ടിയുടെ വിട്ടുമാറാത്ത വൈമുഖ്യത്തിലേക്ക്.
മന്ത്രിസഭയെപ്പോലും ഇരുട്ടിൽ നിർത്തി അതീവ രഹസ്യമായി ആസൂത്രണം ചെയ്ത 'പിഎം ശ്രീ' സംഭവത്തിൽ, ഒരു കേന്ദ്രമന്ത്രി തന്നെ ഒരു സിപിഎം എംപിയെ ഇടനിലക്കാരനായി ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിക്ക് പിന്തിരിയേണ്ടി വന്നു. സിപിഐ അപ്രതീക്ഷിതമായി ആർജവം കാണിച്ചത് കൊണ്ട് മാത്രമാണ് അക്കാര്യം പുറത്തു വന്നത്. എന്നിട്ടും തെറ്റ് സമ്മതിക്കാൻ പാർട്ടി തയ്യാറായില്ല.പകരം, ആ എംപിയെ ന്യായീകരിക്കാനായിരുന്നു ശ്രമം. സാധാരണ അണികളെ മാത്രമല്ല, മുതിർന്ന നേതാക്കളെപ്പോലും അമ്പരപ്പിക്കുന്നതാണ് പ്രസ്തുത എംപിയുടെ പെട്ടെന്നുണ്ടായ സ്വാധീനം. ഡൽഹിയിലെ ഭരണകക്ഷിയുമായി പാർട്ടിക്കുള്ളിൽ രൂപപ്പെട്ടിട്ടുള്ള ആഴത്തിലുള്ളതും എന്നാൽ വെളിപ്പെടുത്താത്തതുമായ ചില ധാരണകളെ പല നേതാക്കളും സ്വകാര്യമായി ഭയപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ വിസി നിയമനങ്ങളുടെ കാര്യത്തിലുണ്ടായ സമീപകാലത്തെ ഒത്തുതീർപ്പുകൾ ഈ ഭയത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു. മുമ്പ് തങ്ങൾ നഖശിഖാന്തം എതിർത്ത ഒരു സ്ഥാനാർഥിയെത്തന്നെ ഇപ്പോൾ വൈസ് ചാൻസലറായി നിയമിച്ചതിനെ ന്യായീകരിക്കാൻ പാടുപെടുകയാണ് പാർട്ടി. പാർട്ടിയുടെ പ്രിയപ്പെട്ട ഡിജിറ്റൽ സർവ്വകലാശാലയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയതിനാലാണ് അവരെ അന്ന് എതിർത്തത്. ആ സ്ഥാനാർഥിക്കെതിരേ പാർട്ടിയുടെ വിദ്യാർഥി സംഘടനയെക്കൊണ്ട് അക്രമാസക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. പാർട്ടിയുടെ ആജ്ഞകൾ അനുസരിച്ചതിന്‍റെ പേരിൽ ഒരു രജിസ്ട്രാറെ പുറത്താക്കിയിരുന്നു. അതുവരെയും അംഗീകരിക്കാനാവില്ല എന്ന് മന്ത്രിമാർ പ്രഖ്യാപിച്ച വ്യക്തിയെ പിറ്റേദിവസം ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ ഒരു ചായസൽക്കാരത്തിന് ശേഷം വിസിയായി നിയമിച്ചതിന് എങ്ങനെ വിശദീകരിക്കണമെന്നറിയാതെ പാർട്ടി കുഴങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത മലക്കംമറിച്ചിൽ ബന്ധപ്പെട്ട രണ്ട് മന്ത്രിമാരെപ്പോലും അമ്പരപ്പിച്ചു എന്നതാണ് സത്യം.
ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗീർവാണങ്ങൾക്കിടയിൽ തന്നെ ഒരു പാരഡി ഗാനത്തോടുള്ള ധാർമ്മിക രോഷം പ്രകടിപ്പിച്ചത് വൈരുധ്യങ്ങളുടെ അറ്റമായി. സെൻസർ ബോർഡ് വിലക്കിയ ചിത്രങ്ങൾ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും, തൊട്ടടുത്ത ദിവസം തന്നെ ആ നിലപാട് നിശബ്ദമായി വിഴുങ്ങി. ആദർശങ്ങൾ ഇവർക്ക് സൗകര്യപൂർവ്വം വിഴുങ്ങാനുള്ള ഒന്നായി മാറിയിരിക്കുന്നു. വികെഎൻ ഒരു നേതാവിനെ സ്വകാര്യമായി ഉദ്ധരിച്ചതുപോലെ: 'വാക്കിന് പ്ലസ് വൺ, പ്രവർത്തിക്ക് മൈനസ് വൺ'. ഇതിനൊപ്പം ടോൾസ്റ്റോയിയുടെ വാക്കുകൾ ക്രൂരമായ കൃത്യതയോടെ അദ്ദേഹം ചേർത്തു, 'മനുഷ്യർ എപ്പോഴും ഔന്നത്യത്തെക്കുറിച്ചും വിവേകമില്ലായ്മയെക്കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കും, പക്ഷേ എന്താണ് ശരിയെന്ന് അവർക്ക് ഒരിക്കലും മനസ്സിലാകില്ല
കേരളത്തിന്‍റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ഏറ്റവും വ്യക്തമായ സൂചന നൽകിയത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ്. ഇനി മുതൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫും ബിജെപി നയിക്കുന്ന എൻഡിഎയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമായിരിക്കും കേരളത്തിലെന്നും, സിപിഎം വൈകാതെ പ്രസക്തിയില്ലാത്തവരായി മാറുമെന്നുമാണ് അദ്ദേഹത്തിന്‍റെ പ്രവചനം. വിരോധാഭാസമെന്നു പറയട്ടെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വോട്ട് വിഹിതത്തിൽ നേരിയ ഇടിവ് സംഭവിച്ചപ്പോൾ, യുഡിഎഫ് ആത്മവിശ്വാസത്തോടെ കുതിച്ചുയർന്നെങ്കിലും ആ മുന്നേറ്റം നിലനിർത്താൻ അവർക്കായില്ല. പാർട്ടിക്കുള്ളിലെ അവസാനിക്കാത്ത പടലപിണക്കങ്ങൾ ആ ആവേശത്തെ സാവധാനം ചോർത്തിക്കളഞ്ഞു; വലിയ പ്രതീക്ഷകൾ നൽകിയ ഒരു സന്ദർഭത്തെ അവർ വെറുതെ പാഴാക്കിക്കളഞ്ഞു. സിപിഎം ആകട്ടെ, തങ്ങളുടെ സ്വന്തം കരുത്തിലല്ല, മറിച്ച് എതിരാളികൾക്കിടയിൽ വർധിച്ചുവരുന്ന ഈ ബലഹീനതകളിലാണ് ഇപ്പോൾ പ്രതീക്ഷ അർപ്പിക്കുന്നത്.