സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിന്‍റെ മത്സ്യ ഗവേഷണ മേഖലയിലെ സുപ്രധാന കണ്ടെത്തൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിയോ. തിരുവല്ലയിലെ ഒരു സാധാരണക്കാരന്‍റെ കൗതുകത്തിൽ നിന്നും കണ്ടെത്തിയ പാഞ്ചിയോ പാതാള എന്ന അപൂർവയിനം മത്സ്യത്തെക്കുറിച്ചുള്ള ലേഖനമാണു ഡി കാപ്രിയോ ഷെയർ ചെയ്തിരിക്കുന്നത്. പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള കേരളത്തിന്‍റെ സിറ്റിസൺ സയൻസ് ഗവേഷണരീതിയെക്കുറിച്ചും ഡി കാപ്രിയോ ഇൻസ്റ്റയിൽ പറയുന്നുണ്ട്.
2022ൽ തിരുവല്ലയിലെ റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥനായ എബ്രഹാമിനു കുളിമുറിയിലെ പൈപ്പിലൂടെ വളരെ ചെറിയൊരു മത്സ്യത്തെ ലഭിക്കുന്നതിലൂടെയാണു തുടക്കം. 3.4 സെന്‍റീമീറ്റർ മാത്രമായിരുന്നു വലുപ്പം. കൗതുകം തോന്നിയ അദ്ദേഹം മത്സ്യത്തെ ഒരു കുപ്പിയിലാക്കി, കേരള മത്സ്യ സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകരെ വിവരമറിയിച്ചു. ഈ മത്സ്യത്തെ സംബന്ധിച്ചുള്ള തുടർ പഠനങ്ങൾ സൂട്ടാക്സ എന്ന അന്താരാഷ്‌ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു.
2022 ലെ മത്സ്യ ഗവേഷണമേഖലയിലെ സുപ്രധാന കണ്ടെത്തലുകൾ ഷോൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിൽ വരുകയും, റീവൈൽഡ് എന്ന സംഘടനയുടെ മീഡിയ എഡിറ്റർ ലോറ, കുഫോസിലെ ഗവേഷകരുടെ ഇന്‍റർവ്യൂ എടുത്ത് മാഗസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനമാണ് ലിയനാർഡോ ഡികാപ്രിയോ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്. റീവൈൽഡ് എന്ന സംഘടനയുടെ ഡയറക്റ്റർ ബോർഡ് അംഗം കൂടിയാണ് ഡികാപ്രിയോ.
മറ്റു ഗവേഷണ രീതികളിൽ നിന്നു വ്യത്യസ്തമായി, ഭൂഗർഭ മത്സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾ പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയാണു മുന്നോട്ടു പോകുന്നത്. ഇത്തരം മത്സ്യങ്ങൾ കിണറ്റിലും മറ്റും വരുമ്പോൾ പൈപ്പിലൂടെ കയറി വരാനിടയുണ്ട്. പലപ്പോഴും അവയെ ലഭിക്കുക പൊതുജനങ്ങൾക്കായിരിക്കും. ജനങ്ങൾ നൽകുന്ന വിവരങ്ങളും സാമ്പിളുകളുമാണ് ഈ കണ്ടെത്തലുകളുടെ ആധാരശില.
2015ലാണു കേരളത്തിലെ ഭൂഗർഭ ജല മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം കുഫോസ് ആരംഭിക്കുന്നത്.
2018-ൽ കുരുടൻ ചെമ്മീനെ കണ്ടെത്തിയതിലൂടെ ആദ്യ പഠനം പുറത്തുവന്നു. ആദ്യമായാണ് ആഫ്രിക്കയ്ക്കും ദക്ഷിണ അമെരിക്കയ്ക്കും പുറത്ത്, യൂറിറൈഞ്ചിടെ കുടുംബത്തിലെ കുരുടൻ ചെമ്മീനെ കണ്ടെത്തുന്നത്. 2019 എനിഗ്മച്ചെന്ന ഗോല്ലാം എന്ന വരാൽ ഇനത്തിലൂടെ പുതിയൊരു മത്സ്യകുടുംബത്തെയും, 2020ൽ പാഞ്ചിയോ ഭുജിയ എന്ന മത്സ്യത്തെയും കണ്ടെത്തി. ലോകത്തു തന്നെ ആദ്യമായാണ് പാഞ്ചിയോ ജനുസ്സിലെ ഒരു മത്സ്യത്തെ ഭൂഗർഭ ആവാസ കേന്ദ്രത്തിൽ കണ്ടെത്തുന്നത്. ഏറ്റവും ഒടുവിൽ ഹോരഗ്ലാനിസ് പോപ്പുലി എന്ന മത്സ്യവിഭാഗത്തെയാണു കണ്ടെത്തിയത്. ഈ ഗവേഷണങ്ങളെല്ലാം പൊതുജനങ്ങളുടെ സഹകരണത്തോടെയായിരുന്നു.
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, കേരള സർക്കാർ; മുഹമ്മദ് ബിൻ സയ്യദ്, യുഎഇ എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണു ഭൂഗർഭ ജല മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം. കുഫോസിലെ ഗവേഷകരായ ഡോ. രാജീവ് രാഘവൻ, ആര്യ സിദ്ധാർഥൻ, രമ്യ എൽ. സുന്ദർ, ശിവ് നാടാർ സർവകലാശാലയിലെ നീലേഷ് ദഹാനുങ്കർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്‌മന്‍റ്-കേരളയിലെ അർജുൻ സി.പി. എന്നിവരാണു ഗവേഷണത്തിനു നേതൃത്വം നൽകുന്നത്.