

വികസിത ഇന്ത്യയ്ക്കായുള്ള ഡിജിറ്റൽ ഇടപെടലുകൾ
ഈ വർഷത്തെ എംഎസ്എംഇ ദിനത്തിൽ, ഡിജിറ്റൽ പോർട്ടലുകൾ രാജ്യത്തെ എട്ടു കോടി സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തനരീതികളിൽ നിശബ്ദമായി വിപ്ലവം സൃഷ്ടിക്കുന്നത് എങ്ങനെയെന്നത് നോക്കാം.
(കേന്ദ്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ, തൊഴിൽ-ഉദ്യോഗ സഹമന്ത്രി)
ഒരു പതിറ്റാണ്ടു മുൻപ് രാജ്യത്തെ ഏതെങ്കിലും ജില്ലയിലെ ഗവൺമെന്‍റ് ഓഫിസിലേക്ക് കടന്നുചെന്നാൽ കാണുന്ന കാഴ്ച തികച്ചും പരിചിതമായ ഒന്നായിരുന്നു. പേപ്പർ ഫയലുകളുടെ കൂമ്പാരങ്ങൾ, ജോലിത്തിരക്കിൽ വലയുന്ന ക്ലർക്കുമാർ, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായോ പണമിടപാടു തർക്ക പരിഹാരത്തിനായോ ദിവസങ്ങളോളമോ ആഴ്ചകളോളമോ കാത്തുനിൽക്കുന്ന സംരംഭകർ അങ്ങനെ നിരവധി കാഴ്ചകൾ.
എന്നാൽ ഇന്നു രാജ്യത്തിന്‍റെ ഏതു കോണിലുള്ള കരകൗശല വിദഗ്ധയ്ക്കും സ്വന്തം ഫോണിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ സംരംഭം രജിസ്റ്റർ ചെയ്യാനും ദേശീയ വിപണിയിൽ ഉത്പന്നങ്ങൽ പട്ടികപ്പെടുത്താനും പണിശാല വിട്ടുപോകാതെ കുടിശികയുള്ള ഇൻവോയ്‌സുകൾക്കായി ശ്രമിക്കാനും സാധിക്കുന്നു. ഇതു ഭരണപരമായ ചെറിയ നവീകരണമല്ല; മറിച്ച് ഘടനാപരമായ പരിവർത്തനമാണ്.
ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (മൈക്രോ- സ്മോൾ- മീഡിയം എന്‍റർപ്രൈസസ്, എംഎസ്എംഇ) ദേശീയ കണക്കുകളിലെ അടിക്കുറിപ്പ് മാത്രമല്ല. 2026-ലെ എംസ്എസ്എംഇ ദിനത്തിൽ, അവയുടെ യഥാർഥ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കാൻ നാം താത്പര്യപ്പെടേണ്ടതുണ്ട്.
കാരണം ജിഡിപിയിലേക്ക് ഏതാണ്ട് 31.1 ശതമാനവും ഉത്പാദമേഖലയുടെ ഫലങ്ങളിൽ 35 ശതമാനത്തിലധികവും സംഭാവന നൽകുന്നത് ഇവയാണ്. ഒപ്പം മൊത്തം കയറ്റുമതിയുടെ ഏകദേശം 48.58 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ മേഖലയാണ്. ഭൂരിഭാഗം രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതലായ, ഏകദേശം 38 കോടി തൊഴിൽസേനയ്ക്കാണ് ഇവർ ജോലി നൽകുന്നത്.
എന്നിട്ടും പതിറ്റാണ്ടുകളായി ഈ സംരംഭങ്ങൾ ഔദ്യോഗിക ഭരണസംവിധാനങ്ങളുടെ അതിരുകളിൽ മാത്രമായി ഒതുങ്ങി പ്രവർത്തിക്കേണ്ടിവന്നു. വ്യവസ്ഥാപിത ധനസഹായം ലഭിക്കാതെ ബുദ്ധിമുട്ടുകയും വലിയ സംഭരണ വിപണികളിൽ നിന്ന് ഒറ്റപ്പെടുകയും ചെറുകിടക്കാരേക്കാൾ വൻകിടക്കാർക്ക് അനുകൂലമായ സങ്കീർണമായ നിയമപാലന രീതികളിലൂടെ കടന്നുപോകേണ്ടിവരികയും ചെയ്തു.
എംഎസ്എംഇകളുടെ വളർച്ചായാത്രയിലെ ഓരോ തടസവും നേരിടാനായി പ്രത്യേകം നിർമിച്ച ഡിജിറ്റൽ പോർട്ടലുകളുടെ വരവോടെ ഈ മാറ്റം കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഇതു ഭരണസംവിധാനവും രാജ്യത്തെ ഏറ്റവും ചെറിയ സംരംഭകരും തമ്മിലുള്ള ബന്ധത്തെ നിശബ്ദമായി പുനർനിർവചിക്കുന്നു.
ഔദ്യോഗികത്കരണം വിരൽത്തുമ്പിൽ
ഏറ്റവും ആദ്യത്തേതും അടിസ്ഥാനപരവുമായ തടസം, ഔദ്യോഗികമായ രജിസ്‌ട്രേഷൻ ഇല്ലാതെ ഒരു സംരംഭത്തിന് സർക്കാർ പദ്ധതികളോ ബാങ്ക് വായ്പകളോ പൊതു കരാറുകളോ ലഭ്യമാക്കാൻ കഴിയില്ലെന്നതായിരുന്നു. എന്നാൽ "ഉദ്യം പോർട്ടൽ' വഴിയുള്ള കടലാസുരഹിതവും ആധാർ അടിസ്ഥാനമാക്കിയുള്ളതുമായ സ്വയം സാക്ഷ്യപ്പെടുത്തിയ രജിസ്‌ട്രേഷൻ രീതി, പല ഘട്ടങ്ങളുള്ള വലിയ ബുദ്ധിമുട്ടിനെ ഒരൊറ്റ ഓൺലൈൻ സെഷനായി ലഘൂകരിച്ചു. ഇന്നു 8.7 കോടി സംരംഭങ്ങളാണ് ഈ പോർട്ടലിലൂടെ ഔദ്യോഗിക സമ്പദ്‌വ്യവസ്ഥയുടെ ഭാഗമായി മാറിയിരിക്കുന്നത്. വികസ്വര വിപണികളുടെ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത ഔദ്യോഗികവത്കരണ തരംഗത്തിനാണ് ഇത് വഴിയൊരുക്കിയത്.
എന്നിരുന്നാലും, "ഉൾപ്പെടുത്തലുകളില്ലാത്ത ഔദ്യോഗികവത്കരണം' ഏറ്റവും ദുർബലരായ വിഭാഗങ്ങൾ പിന്നിലാകാൻ ഇടയാക്കിയേക്കാം. അതിനാൽ, സാധാരണ രജിസ്‌ട്രേഷന് ആവശ്യമായ രേഖകളില്ലാത്ത അനൗദ്യോഗിക ചെറുകിട സംരംഭങ്ങൾക്കായി ‘ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം’രൂപകൽപ്പന ചെയ്തു. 2025–26 ലെ സാമ്പത്തിക സർവേ പ്രകാരം, ഇതുവരെ ഔദ്യോഗിക രജിസ്റ്ററുകളിൽ ഒന്നും ഇടംപിടിക്കാതിരുന്ന ഇത്തരം 3.28 കോടി സംരംഭങ്ങളെ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു. ഇതുവഴി സർക്കാർ സഹായങ്ങളുടെ വ്യാപ്തി ഇത്തരം പ്രവർത്തനങ്ങളിലേക്കും വ്യാപിപ്പിച്ചു.
ജിഇഎം വിപണിയിലൂടെ തുല്യമായ അവസരങ്ങളിലേക്കുള്ള പ്രവേശം
വാങ്ങുന്നവരിലേക്ക് (ബയേഴ്സ്) എത്തിച്ചേരുക എന്നത് മുൻകാലങ്ങളിൽ ഭൂമിശാസ്ത്രപരമായ ദൂരങ്ങൾ, സ്വാധീനങ്ങൾ, പൊതു സംഭരണത്തിന്‍റെ സങ്കീർണമായ ഭരണനടപടിക്രമങ്ങൾ എന്നിവയാൽ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. എന്നാൽ ഗവണ്മെന്‍റ് ഇ-മാർക്കറ്റ് പ്ലേസ് (ജിഇഎം) പൊതു സംഭരണത്തിന്‍റെ ഘടനയെ മാറ്റിമറിച്ചു. രജിസ്റ്റർ ചെയ്ത ഏതു എംഎസ്എഇയ്ക്കും സർക്കാർ വകുപ്പുകളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യാൻ സാധിക്കുംവിധം സുതാര്യവും ‘റിവേഴ്സ്-ഓക്‌ഷൻ’അടിസ്ഥാനമാക്കിയുള്ളതുമായ പ്ലാറ്റ്‌ഫോം സൃഷ്ടിച്ച്, സംഭരണ വ്യവസ്ഥിതിയെ ഇ-മാർക്കറ്റ് പ്ലേസ് ഫലപ്രദമായി ജനാധിപത്യവത്കരിച്ചു.
ഇന്നു 11.14 ലക്ഷത്തിലധികം എംഎസ്എംഇ വിൽപ്പനക്കാർ ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് (ഇതിൽ 2.03 ലക്ഷം വനിതകളുടെ ഉടമസ്ഥതയിലുള്ളതും 61,000 എണ്ണം പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ളതുമാണ്). ഇ-മാർക്കറ്റ് പ്ലേസ് വഴിയുള്ള മൊത്തം സംഭരണം 18.40 ലക്ഷം കോടി രൂപ പിന്നിട്ടു. ഈ സംഖ്യ കേവലം ഇടപാടുകളെ മാത്രമല്ല പ്രതിഫലിപ്പിക്കുന്നത്. മറിച്ച്, സംരക്ഷിക്കപ്പെട്ട ഉപജീവനമാർഗങ്ങളെയും നിലനിർത്തപ്പെട്ട ബിസിനസുകളെയും വൈവിധ്യവത്കരിപ്പെട്ട വിതരണ ശൃംഖലകളെയുംകൂടിയാണ്.
പണലഭ്യത ഉറപ്പാക്കൽ
രജിസ്‌ട്രേഷനും വിപണികളുമാണ് എംഎസ്എംഇ പരിഷ്‌കരണത്തിന്‍റെ ശരീരമെങ്കിൽ, പണമൊഴുക്ക് അതിന്‍റെ ജീവരക്തമാണ്. വലിയ ഉപഭോക്താക്കൾ എംഎസ്എംഇകളുടെ ഇൻവോയ്‌സുകൾ 60, 90, അല്ലെങ്കിൽ 180 ദിവസങ്ങൾ വരെ വൈകിപ്പിക്കുന്ന വിട്ടുമാറാത്ത പ്രശ്നം, ചെറുകിട സംരംഭങ്ങളെ വലിയ പലിശനിരക്കുള്ള അനൗദ്യോഗിക വായ്പകളിലേക്ക് തള്ളിവിടാറുണ്ടായിരുന്നു.
ട്രെഡ്സ് പ്ലാറ്റ്‌ഫോം (ട്രേഡ് റിസീബവിൾസ് ഡിസ്കൗണ്ടിങ് സിസ്റ്റം) ഇതിനു ഘടനാപരമായ പരിഹാരം വാഗ്ദാനം ചെയ്യുന്നു. എംഎസ്എംഇകൾക്ക് ഇപ്പോൾ അവരുടെ ഇൻവോയ്‌സുകൾ ഡിജിറ്റൽ വിപണിയിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയും. അവിടെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും അവ ഡിസ്‌കൗണ്ട് ചെയ്യാൻ ലേലം വിളിക്കുകയും പ്രവർത്തന മൂലധനം ഉടനടി ലഭ്യമാക്കുകയും ചെയ്യുന്നു.ട്രെഡ്സ് പ്ലാറ്റ്‌ഫോം വഴി, 2021-26 കാലയളവിൽ 8.35 ലക്ഷം കോടി രൂപയുടെ ഇൻവോയ്‌സുകളാണ് ഡിസ്‌കൗണ്ട് ചെയ്തത്. വലിയ ഉപഭോക്താക്കൾ പണം നൽകാൻ വൈകിയതിനെത്തുടർന്ന് ജീവനക്കാർക്ക് ശമ്പളം മുടങ്ങാതിരുന്ന, പണമിടപാടുകാരെ (പലിശക്കാരെ) ആശ്രയിക്കേണ്ടിവരാതിരുന്ന, കച്ചവടം പൂട്ടിപ്പോകാതിരുന്ന സംരംഭങ്ങളെയാണ് ഇവ പ്രതിനിധാനം ചെയ്യുന്നത്.
പരാതി പരിഹാരവും നീതിയും
ഏറ്റവും മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത സംവിധാനങ്ങളിൽപ്പോലും ചില തടസങ്ങൾ ഉണ്ടായേക്കാം. സംരംഭകർക്ക് മാർഗനിർദേശങ്ങൾ തേടാനും ആശങ്കകൾ ഉന്നയിക്കാനും വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാനുമുള്ള സാങ്കേതികവിദ്യാധിഷ്ഠിത പ്ലാറ്റ്‌ഫോമായി "എംഎസ്എംഇ ചാംപ്യൻസ് പോർട്ടൽ'പ്രവർത്തിക്കുന്നു. ഈ വർഷം ജൂൺ 24 വരെയുള്ള കണക്കനുസരിച്ച്, ഈ പോർട്ടലിലൂടെ 1,85,253 പരാതികൾ പരിഹരിച്ചു. ലഭിച്ച ആകെ പരാതികളുടെ 99.66 ശതമാനമാണിത്.
ചെറുകിട വിതരണക്കാരെ വളരെക്കാലമായി അലട്ടിക്കൊണ്ടിരിക്കുന്ന, പണം നൽകാതിരിക്കുന്ന സംസ്കാരമെന്ന അനീതിയെയാണ് "എംഎസ്എംഇ സമാധാൻ പോർട്ടൽ' പ്രധാനമായും ലക്ഷ്യമിടുന്നത്. സമാധാൻ പോർട്ടലിന് പൂരകമായി പ്രവർത്തിക്കുന്ന ‘എംഎസ്എംഇ ഓൺലൈൻ ഡിസ്പ്യൂട്ട് റെസലൂഷൻ (ഒഡിആർ) പോർട്ടൽ, ഡിജിറ്റൽ നീതി എന്ന ആശയത്തെ ഒരുപടികൂടി മുന്നോട്ടുകൊണ്ടുപോകുന്നു. ഓൺലൈൻ അനുരഞ്ജനത്തിലൂടെയും മധ്യസ്ഥതയിലൂടെയും വാണിജ്യത്തർക്കങ്ങൾ പരിഹരിക്കാൻ എംഎസ്എംഇകളെ പ്രാപ്തമാക്കുന്നതിലൂടെ, ഇന്ത്യയിലെ ഏറ്റവും ചെറിയ വ്യവസായ സംരംഭങ്ങൾക്കും നീതി ലഭ്യമാക്കാനുള്ള സാഹചര്യം ഒഡിആർ പോർട്ടൽ വിപുലമാക്കി.
ഡിജിറ്റൽ സങ്കേതങ്ങളുടെ അടുത്ത തലമുറ
ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ഇനിയും വിപുലീകരിക്കാൻ ഇന്ത്യ തയാറെടുക്കുന്ന ഈ വേളയിൽ, ഈ എംഎസ്എംഇ ദിനം ആഘോഷം മാത്രമല്ല. മറിച്ച് ഡിജിറ്റൽ യാത്രയിലെ പുതിയ അധ്യായത്തിന്‍റെ തുടക്കം കൂടിയാണ്. അപേക്ഷ സമർപ്പിക്കുന്നതു മുതൽ സബ്‌സിഡി വിതരണം വരെയുള്ള കാര്യങ്ങൾ പിഎംഇജിപി 2.0 പോർട്ടൽ ലഘൂകരിക്കും. ഒപ്പം എംഎസ്എഇ സമാധാൻ 2.0 കുടിശികപ്പണം തീർപ്പാക്കുന്നത് കൂടുതൽ വേഗത്തിലാക്കും. കൂടാതെ, ബിടുബി, ബിടുസി വ്യാപാരങ്ങൾക്കായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) വ്യവസ്ഥിതിയുമായി സംയോജിപ്പിച്ച സർക്കാർ പിന്തുണയുള്ള വിപണിയായി "എംഎസ്എംഇ ഗ്ലോബൽ മാർട്ട് 2.0' മാറുകയും ഇതു ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളെ ആഗോള തലത്തിലേക്ക് ഉയർത്തുകയും ചെയ്യും. നാം നിർമിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും നെഞ്ചേറ്റുമ്പോൾ തന്നെ, ഈ പരിവർത്തനത്തിന്‍റെ യാത്രയിൽ ഒരു സംരംഭകൻ പോലും പിന്നിലാകില്ലെന്ന ദൃഢനിശ്ചയം മാറ്റമില്ലാതെ തുടരുകയുമാണ്.
വലിയ ചിത്രം
ഈ പോർട്ടലുകൾ പരസ്പരം വേറിട്ടല്ല നിലകൊള്ളുന്നത്. അവ ഒന്നിച്ചുചേർന്ന് ആഭ്യന്തര ഡിജിറ്റൽ വ്യവസ്ഥിതിക്കു രൂപം നൽകുന്നു. ഇത് നിയമപാലനങ്ങളുടെ ഭാരം കുറയ്ക്കുകയും വിവരസഞ്ചയങ്ങളെ പരസ്പരം സംയോജിപ്പിക്കുകയും സംരംഭങ്ങളും ഭരണകൂടവും തമ്മിൽ തത്സമയ വിവരവിനിമയം സാധ്യമാക്കുകയും ചെയ്യും. ഇവ സൗകര്യങ്ങൾ കൊണ്ടുവരിക മാത്രമല്ല ചെയ്യുന്നത്. മറിച്ച് വൻകിടക്കാർക്കും നഗര പ്രദേശങ്ങളിലുള്ളവർക്കും ഉന്നത സ്വാധീനമുള്ളവർക്കും മുൻകാലങ്ങളിൽ ചരിത്രപരമായി ലഭിച്ചിരുന്ന ഘടനാപരമായ മേൽക്കൈകളെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.
"2047ൽ വികസിത ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണം എംഎസ്എംഇ മേഖലയെ അതിന്‍റെ കാതലിലാണു പ്രതിഷ്ഠിക്കുന്നത്. "ഏവർക്കുമൊപ്പം, ഏവരുടെയും വികസനം' എന്നത് കേവലം മുദ്രാവാക്യമല്ല; മറിച്ച് പ്രവർത്തനതത്വം കൂടിയാണ്. എംഎസ്എംഇകൾക്കുള്ള ബാങ്ക് വായ്പ 2014 ഏപ്രിലിലെ 10.40 ലക്ഷം കോടി രൂപയിൽ നിന്ന് 2025 ഡിസംബറിൽ 36.79 ലക്ഷം കോടി രൂപയായി ഉയർന്നു. പന്ത്രണ്ടു വർഷത്തിനിടയിലെ 268 ശതമാനത്തിന്‍റെ ഈ വർധന വലിയ സംരംഭങ്ങളുടെ വായ്പാ വളർച്ചയെപ്പോലും മറികടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഡിജിറ്റൽ എംഎസ്എംഇ സംവിധാനം ഏറ്റവും യഥാർഥ അർഥത്തിൽ ആ വാഗ്ദാനത്തിന്‍റെ അടിസ്ഥാനസൗകര്യമാണ്.
പുതിയ തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും സൃഷ്ടിക്കപ്പെടാൻ പോകുന്നത് എംഎസ്എംഇ മേഖലയിലാണ്. ഗ്രാമീണ വ്യവസായവത്കരണം വേരൂന്നുന്നതും അനൗദ്യോഗിക സാമ്പത്തിക പ്രവർത്തനങ്ങളിൽ നിന്ന് ഔദ്യോഗിക സാമ്പത്തിക പ്രവർത്തനങ്ങളിലേക്കുള്ള നിർണായകമായ മാറ്റം പൂർത്തിയാകേണ്ടതും ഇവിടെയാണ്.
അതിനാൽ, അവയ്ക്ക് ചുറ്റും നിർമിക്കപ്പെടുന്ന ഡിജിറ്റൽ ചട്ടക്കൂട് വികസിത ഇന്ത്യയുടെ പരസ്പരബന്ധിതമായ കണ്ണിയാണ്. ദശലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ വിപണിയിലേക്കും ധനസഹായത്തിലേക്കും ഭരണസംവിധാനങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ഈ പോർട്ടലുകൾ വെറും ഡിജിറ്റൽ സൗകര്യങ്ങളല്ല. മറിച്ച് ഒരു സംരംഭകനെപ്പോലും പിന്നിലാക്കാത്ത ഇന്ത്യയ്ക്കായി, ഓരോ കണ്ണിയും ചേർത്തുവച്ച് കെട്ടിപ്പടുത്ത ആഗ്രഹങ്ങളുടെയും പ്രതീക്ഷകളുടെയും ഘടനയാണവ.