
ബിൽഗേറ്റ്സ് , മെലിൻഡ , മക്കൾ
തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് തന്‍റെ വിവാഹമോചനമെന്ന് ബിൽ ഗേറ്റ്സ്. വിവാഹമോചനത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞിട്ടുള്ള ബില്ലിന്‍റെ ഈ കുമ്പസാരത്തെ മെലിൻഡ പക്ഷേ, കാര്യമാക്കുന്നില്ല. 27 വർഷത്തെ ദാമ്പത്യത്തിനു ശേഷമുണ്ടായ വേർപിരിയലിന്‍റെ വേദന ഉയർത്തിക്കാട്ടിക്കൊണ്ട് മെലിൻഡ അവരുടെ വിവാഹ മോചനത്തെ കുറിച്ച് ആകെ പറഞ്ഞത് ഇത്രമാത്രം:
"നോക്കൂ, വിവാഹമോചനങ്ങൾ വേദനാജനകമാണ്, അത് ഒരു കുടുംബത്തിലും ഞാൻ ആഗ്രഹിക്കുന്ന ഒന്നല്ല."ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എല്ലെയുടെ 2025 വിമൻ ഓഫ് ഇംപാക്റ്റ് ലക്കത്തിനായുള്ള അഭിമുഖത്തിനിടെയാണ് മെലിൻഡ ഈ ഹ്രസ്വപ്രതികരണം നടത്തിയത്.
ദി ടൈംസിനു നൽകിയ അഭിമുഖത്തിലാണ് ബിൽ ഗേറ്റ്സ് വേർപിരിയലിനെ കുറിച്ച് തുറന്നു പറഞ്ഞത്. വിവാഹ മോചനം ഇരുവർക്കും ദയനീയമാണ് എന്നും തന്‍റെ ഏറ്റവും വലിയ തെറ്റുകളുടെ കാര്യത്തിൽ ലിസ്റ്റിൽ ഒന്നാമത് തന്‍റെ വിവാഹമോചനമാണ് എന്നും അദ്ദേഹം പറഞ്ഞു. മറ്റു പല തെറ്റുകളുമുണ്ട്, എന്നാലതൊന്നും പ്രശ്നമല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എങ്കിലും, താനും മെലിൻഡയും ഇപ്പോഴും സൗഹാർദ്ദപരമായ ബന്ധത്തിലാണെന്നും പരസ്പരം കാണുകയും മക്കളായ ജെന്നിഫറിനും റോറിക്കും ഫോബിക്കും ഒപ്പം കുടുംബ പരിപാടികളിൽ ങ്കെടുക്കാറുണ്ടെന്നും ബിൽ പറഞ്ഞു. 2021ലാണ് ഇവർ വേർപിരിഞ്ഞത്.
വിവാഹമോചനത്തെ കുറിച്ചു തീരുമാനിക്കുന്നതിനും വളരെ മുമ്പു തന്നെ താൻ ബില്ലിൽ നിന്നും വേർപിരിഞ്ഞതായും തങ്ങളുടെ ഗേറ്റ്സ് ഫൗണ്ടേഷനിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ സഹായകമായതായും 2024 ജൂണിൽ ടൈം മാഗസിന് നൽകിയ അഭിമുഖത്തിൽ മെലിൻഡ പറഞ്ഞു. ബിൽ ഗേറ്റ്സ് ഇപ്പോഴും തന്‍റെ വിവാഹമോചനമെന്ന വലിയ തെറ്റിനെ ഓർത്ത് പശ്ചാത്തപിച്ചു കാലം കഴിക്കുമ്പോൾ മെലിൻഡ തന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മക്കളിലും കൂടുതൽ ശ്രദ്ധിച്ചു ജീവിതത്തോണി തുഴയുന്നു.