പനാമ കനാലിൽ നഞ്ച് കലക്കാൻ ചൈനയും മീൻപിടിക്കാൻ ട്രംപും
വി.കെ. സഞ്ജു
പനാമ- ലാറ്റിനമെരിക്കൻ തീരത്തെ ഒരു കൊച്ചു രാജ്യം. പസഫിക് സമുദ്രത്തെയും അറ്റ്ലാന്‍റിക് സമുദ്രത്തെയും ബന്ധിപ്പിച്ചുകൊണ്ട് അതുവഴി കടന്നുപോകുന്ന കനാലിന് പനാമ കനാൽ എന്നു പേര്. കനാലെന്നൊക്കെ പറയുമ്പോൾ, നമ്മുടെ നാട്ടിലെ കൃഷിക്ക് വെള്ളമെത്തിക്കുന്ന കൊച്ച് തോട് പോലെയൊന്നുമല്ല, ഇരു ദിശയിലും നിരന്തരം കപ്പലുകളോടുന്ന, ലോകത്തെ തന്നെ തിരക്കേറിയ വാണിജ്യ ജലപാതയാണ് പനാമ കനാൽ.
ഈ കനാലിന്‍റെ നിയന്ത്രണം പിടിച്ചെടുക്കുമെന്ന ഭീഷണിയുമായാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികാരത്തിലേറിയിരിക്കുന്നത്. ''ഞങ്ങളുണ്ടാക്കിയ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്നത് ചൈനയാണ്, അതനുവദിക്കാനാവില്ല'' എന്നതാണ് അദ്ദേഹം അതിനു പറയുന്ന ന്യായം.
ലോകത്തെ തന്നെ ഏറ്റവും വലിയ സമുദ്രമായ ശാന്തസമുദ്രമാണ് (പസഫിക് ഓഷൻ) ചൈനയ്ക്കും യുഎസിനും ഇടയിലുള്ള അതിർത്തി. ഇത്രയും ദൂരെ കിടക്കുന്ന ചൈനയ്ക്ക് പനാമ കനാലിൽ എന്തു കാര്യം എന്ന സംശയം സ്വാഭാവികം. പനാമ കനാൽ കൈകാര്യം ചെയ്യുന്നത് ചൈനയാണെന്ന ട്രംപിന്‍റെ ആരോപണം ചൈനയ്ക്കും പനാമയ്ക്കും സാങ്കേതികമായി നിഷേധിക്കാനാവും. പക്ഷേ, പ്രായോഗികമായി ട്രംപ് പറഞ്ഞതു തന്നെയാണ് ശരി. പനാമ കനാലിന്‍റെ നിയന്ത്രണം സംബന്ധിച്ച അവകാശവാദങ്ങൾ അന്താരാഷ്ട്ര വ്യാപാര താത്പര്യങ്ങളിൽ അതീവ നിർണായകമാണ്.
500 വർഷം പഴക്കമുള്ള ആശയം
തെക്കേ അമെരിക്കൻ വൻകര ചുറ്റാതെ പസഫിക് സമുദ്രത്തിൽ നിന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിലേക്ക് കടക്കാനുള്ള കുറുക്കുവഴിയാണ് പനാമ കനാൽ. 20,000 കിലോമീറ്ററിനെ വെറും 8,000 കിലോമീറ്ററായി വെട്ടിക്കുറയ്ക്കുന്ന നല്ല ഒന്നാന്തരം ഷോർട്ട് കട്ട്.
ചരിത്ര രേഖകൾ പ്രകാരം, ഇങ്ങനെയൊരു ആശയം ആദ്യമായി മുന്നോട്ടുവയ്ക്കുന്നത് സ്പെയ്നിലെ രാജാവായിരുന്ന കാർലോസ് അഞ്ചാമനാണ്- 1534ൽ. എന്നാൽ, കനാലിന്‍റെ പണി തുടങ്ങിവച്ചത് സ്പെയ്നല്ല, ഫ്രാൻസാണ്, അതും 350 വർഷം കൂടി കഴിഞ്ഞ് 1881ൽ. പക്ഷേ, ആവശ്യത്തിനു പണവും പണിയെടുക്കാൻ ആളുമില്ലാതെ വന്നപ്പോൾ നിർമാണം മുടങ്ങി.
ഒടുവിൽ ഈ പദ്ധതി പുനരാരംഭിക്കുന്നത് യുഎസ് ആണ്, 1904ൽ. കൊളംബിയയിൽ നിന്ന് സ്വതന്ത്രമാകാൻ പനാമയെ സഹായിച്ചതിനു പ്രത്യുപകാരമായി, കനാൽ നിർമാണത്തിനുള്ള അവകാശം യുഎസ് നേടിയെടുക്കുകയായിരുന്നു. നിർമാണം പൂർത്തിയായ ശേഷം പതിറ്റാണ്ടുകളോളം യുഎസ് തന്നെയാണ് കനാലിന്‍റെ നിയന്ത്രണം കൈവശം വച്ചതും.
കനാൽ മാത്രമല്ല, അതിന്‍റെ ഇരുകരകളിലുമുള്ള അഞ്ച് മൈൽ വീതം ഭൂമിയും യുഎസിന്‍റെ കൈവശമായിരുന്നു. അവിടെ അവരുടെ സജീവമായ സൈനിക സാന്നിധ്യവുമുണ്ടായിരുന്നു. സ്വാഭാവികമായും ഇത് പാനമയിൽ സംഘർഷങ്ങൾക്കു കാരണമായി. യുഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന സ്ഥലത്തെ സ്കൂളിൽ പനാമയുടെ പതാക ഉയർത്താൻ 1964ൽ ഒരു സംഘം വിദ്യാർഥികൾ ശ്രമിച്ചത് വലിയ കലാപത്തിലേക്കു നയിച്ചു. അമെരിക്കൻ വിദ്യാർഥികൾ നിരവധി പനാമ പൗരൻമാരെ കൊന്നൊടുക്കി. പനാമക്കാർ ആ ദിവസത്തിന്‍റെ സ്മരണയിൽ ഇപ്പോഴും രക്തസാക്ഷിത്വ ദിനം ആചരിച്ചുവരുന്നു.
സംഘർഷാത്മകമായ സ്ഥിതിവിശേഷം തുടർന്നതോടെ പനാമയിലെ സൈനിക ഭരണാധികാരിയായിരുന്ന ഒമർ ടൊറിഹോസ്, യുഎസ് പ്രസിഡന്‍റായിരുന്ന റിച്ചാർഡ് നിക്സണുമായി ചർച്ച തുടങ്ങി. 1977ൽ ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്‍റായിരുന്ന കാലത്ത് സമാധാന കരാർ യാഥാർഥ്യയി. ടൊറിഹോസ്-കാർട്ടർ ഉടമ്പടി എന്നറിയപ്പെടുന്ന ഈ കരാർ പ്രകാരം, പനാമ കനാൽ എല്ലാ ലോകരാജ്യങ്ങൾക്കുമായി തുറന്നുകൊടുത്തു. 1999 ഡിസംബർ 31ന് കനാലിന്‍റെ നിയന്ത്രണം പൂർണമായി പനാമയ്ക്കു ലഭിക്കുകയും ചെയ്തു.
യുഎസ് താത്പര്യം
പനാമ കനാൽ കൊണ്ട് ലോകത്തേറ്റവും പ്രയോജനമുള്ള രാജ്യം യുഎസ് തന്നെയാണ്. ഇതുവഴിയുള്ള വ്യാപാര കപ്പലുകളിൽ ബഹുഭൂരിപക്ഷവും യുഎസിൽനിന്നു വരുന്നതോ, യുഎസിലേക്കു പോകുന്നതോ ആണ്.
എന്നാൽ, മറ്റു പല രാജ്യങ്ങൾക്കും പ്രധാനം തന്നെയാണ് പനാമ കനാൽ. പ്രതിവർഷം ആഗോള സമുദ്ര വാണിജ്യത്തിൽ ശരാശരി രണ്ടര ശതമാനം ഇതുവഴിയാണ് കടന്നുപോകുന്നത്.
ചൈനയുടെ താത്പര്യം
ചൈനയിൽ ഉദാരീകരണം നടപ്പാക്കിയതോടെ, കയറ്റുമതി അവരുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തന്നെയായി മാറി. ലാറ്റിനമെരിക്ക ചുറ്റാതെ ന്യൂയോർക്കിലേക്കോ, യൂറോപ്യൻ രാജ്യങ്ങളിലേക്കോ കപ്പലോടിക്കാൻ ചൈനയ്ക്ക് പനാമ കനാൽ റൂട്ട് അനിവാര്യമാണ്. യുഎസും യൂറോപ്യൻ രാജ്യങ്ങളും ചൈനീസ് ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികളുമാണ്.
ചൈനീസ് അധിനിവേശം
റഷ്യയും യുഎസുമൊക്കെ ഇപ്പോഴും ഭൗതികമായ സാമ്രാജ്യത്വ താത്പര്യങ്ങൾ വച്ചുപുലർത്തുമ്പോൾ, ചൈനയുടെ രീതി വ്യത്യസ്തമാണ്. ഭൂഭാഗങ്ങൾ സൈനിക ശക്തി ഉപയോഗിച്ച് പിടിച്ചെടുക്കുന്നതല്ല അവരുടെ ശൈലി. പകരം, ശ്രീലങ്കയിലും പാക്കിസ്ഥാനിലും മാലിദ്വീപിലുമൊക്കെ പരീക്ഷിച്ച് വിജയിച്ച സാമ്പത്തിക അധിനിവേശമാണ് പനാമയിലും അവർ പയറ്റുന്നത്. തുറമുഖങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും മറ്റും പണം കൊടുത്ത് സഹായിച്ച ശേഷം, പാട്ടത്തിനെടുത്തോ അല്ലാതെയോ അവയുടെ നിയന്ത്രണം സ്വന്തമാക്കുന്ന രീതിയാണിത്. യൂറോപ്പിലെ പല വമ്പൻ സ്ഥാപനങ്ങളെയും വൻകിട വ്യവസായികൾ മുഖേന സ്വന്തമാക്കിയ ചൈനീസ് തന്ത്രത്തിന് അവിടെ ഇതിനകം തടയിട്ടു കഴിഞ്ഞെങ്കിലും, മൂന്നാം ലോകരാജ്യങ്ങൾക്ക് ഇനിയും ഇതു പ്രതിരോധിക്കാനായിട്ടില്ല.
ട്രംപിന്‍റെ ആരോപണങ്ങൾ
പനാമ കനാലിന്‍റെ ഇരുഭാഗത്തുമുള്ള പ്രവേശന കവാടങ്ങളാണ് ബൽബോവ, ക്രിസ്റ്റോബൽ എന്നീ തുറമുഖങ്ങൾ. ഇപ്പോൾ ഇതു രണ്ടും നിയന്ത്രിക്കുന്നത് ചൈനീസ് കമ്പനികളാണ്. എന്നുമാത്രമല്ല, 2047 വരെ തുറമുഖം നടത്തിപ്പിനുള്ള പാട്ടക്കരാറും അവർ സ്വന്തമാക്കിക്കഴിഞ്ഞു! പനാമ കനാൽ ചൈന കൈക്കലാക്കിയെന്ന ട്രംപിന്‍റെ ആരോപണത്തിന് മറ്റു കാരണങ്ങൾ തേടണ്ടതില്ലല്ലോ!
സാങ്കേതികമായി പനാമ സർക്കാരിനു കീഴിലുള്ള പനാമ കനാൽ അഥോറിറ്റിക്കു തന്നെയാണ് കനാലിന്‍റെ ഉടമസ്ഥാവകാശം. പക്ഷേ, അവയുടെ പ്രായോഗിക നിയന്ത്രണം ചൈനീസ് കമ്പനികളുടെ പക്കലാണ് എന്നതൊരു യാഥാർഥ്യം തന്നെയാണ്.
പനാമയിലെ ചൈനീസ് വംശീയത
2018ൽ കനാലിന്‍റെ പ്രവേശന കവാടത്തിനടുത്ത് എംബസി നിർമിക്കാൻ പോലും ചൈന ശ്രമം നടത്തിയിരുന്നു. യുഎസ് സമ്മർദം കാരണം പനാമ സർക്കാർ ഇതു തടഞ്ഞു. പക്ഷേ, തുടർന്നു നടത്തിയ പല സർവേകളിലും പനാമയിലെ വലിയൊരു വിഭാഗം ജനങ്ങൾ ചൈനയുടെ നിലപാടിനൊപ്പമായിരുന്നു എന്നത് വ്യക്തമായിരുന്നു. പാനമ ജനസംഖ്യയിൽ നിർണായക സാന്നിധ്യമുണ്ട് ചൈനീസ് വംശജർക്ക്. 1800കളിൽ പനാമയിലേക്കു കുടിയേറിയ ചൈനക്കാരുടെ വംശപരമ്പരകളാണിവർ.
ശ്രീലങ്കയിലും പാക്കിസ്ഥാനിലും മാലിദ്വീപിലുമൊക്കെ ചെയ്തതു പോലെ പനാമയിൽ വലിയ തോതിൽ നിക്ഷേപം തുടരുകയാണ് ചൈന. യുഎസ് ഇതിനെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. എന്നാൽ, നിക്ഷേപം വരുന്നത് വികസനത്തിനു സഹായിക്കും എന്ന പ്രാഥമിക ധാരണ കാരണം വലിയൊരു വിഭാഗം പനാമക്കാർ ചൈനയ്ക്കൊപ്പം നിൽക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ, സ്വന്തമായി സൈന്യമില്ലാത്ത പനാമയിൽനിന്ന് ബലം പ്രയോഗിച്ചായാലും കനാൽ പിടിച്ചെടുക്കുമെന്ന ട്രംപിന്‍റെ ഭീഷണി പതിവ് കിറുക്കായി അവഗണിക്കാനാവില്ല. വരും നാളുകളിൽ ആഗോള രാഷ്ട്രീയത്തെ ധ്രുവീകരിക്കുന്ന സുപ്രധാന വിഷയമായി പനാമ കനാൽ തർക്കം മാറിയാലും അദ്ഭുതപ്പെടാനില്ല.