മാനുഷിക മൂല്യങ്ങൾ തകർക്കരുത്

മതന്യൂനപക്ഷങ്ങൾക്ക് എതിരേ ഉണ്ടാകുന്ന ഓരോ സംഭവങ്ങളും ആഴത്തിൽ പരിശോധിക്കുമ്പോൾ കാണുന്നത് സവർണ ഹിന്ദു രാഷ്‌ട്രീയതയുടെ കരാള ഹസ്തങ്ങളാണ്.
Don't destroy human values special story

മാനുഷിക മൂല്യങ്ങൾ തകർക്കരുത്

Updated on

ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്ന മെച്ചപ്പെട്ട ഒരു ഭരണഘടനയുണ്ട് എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ വലിയ സവിശേഷത. അമെരിക്കയുടെയും ബ്രിട്ടന്‍റെയും ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പ് എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യത്തിനുള്ള അവകാശം നൽകുന്നു. ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം അതിൽ അനുവദിക്കുന്നു. ഭരണഘടന നൽകുന്ന ഈ സംരക്ഷണം പലപ്പോഴായി ചോദ്യം ചെയ്യപ്പെടുന്നതാണ് സ്വതന്ത്രാനന്തര ഭാരതം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്.

ഛത്തീസ്ഗഡിലെ ദുർഗ് റെയ്‌ൽവേ സ്റ്റേഷനിൽ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കപ്പെട്ട സംഭവം ഭരണഘടനാ ലംഘനമാണ്. കന്യാസ്ത്രീകൾക്കൊപ്പം ജോലിക്കു പോകാൻ വന്ന മൂന്നു യുവതികളും തങ്ങൾ ക്രൈസ്തവരാണെന്നും സ്വമനസാലെ ജോലി ചെയ്യാൻ പോവുകയാണെന്നും പറഞ്ഞെങ്കിലും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയായിരുന്നു.

നീതി നിർവഹണത്തിന് ജനങ്ങൾ ആശ്രയിക്കുന്ന ഛത്തീസ്ഗഡ് പൊലീസ് വംശീയ ഭ്രാന്തന്മാരുടെ കൂടെനിന്നു എന്നതു ദുഃഖകരമാണ്. ഛത്തീസ്ഗഡ് സർക്കാർ കോടതിയിൽ എടുത്ത സമീപനം ഭരണഘടനാ മൂല്യങ്ങൾക്ക് എതിരാണ്. ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ- സഞ്ചാരസ്വാതന്ത്ര്യം ന്യൂനപക്ഷങ്ങൾക്ക് അവകാശപ്പെട്ടതല്ലെന്ന സമീപനമാണു ഛത്തീസ്ഗഡിൽ പൊലീസും സർക്കാരും ഒരു പരിധിവരെ കോടതികളും എടുത്തിട്ടുള്ളത് എന്നാണ് മനസിലാകുന്നത്.

കേരളം പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവരും മുസ്‌ലിങ്ങളും ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കു ലഭിക്കുന്ന സ്വാതന്ത്ര്യം ഇന്ത്യയുടെ തന്നെ ഭാഗമായ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ലഭിക്കുന്നില്ല എന്നതാണു ദുഃഖകരമായ ഒരു യാഥാർഥ്യം. അവിടെ ഇത്തരത്തിലുള്ള ആരോപണങ്ങൾക്കു വിധേയരായി ക്രൈസ്തവ മതന്യൂനപക്ഷങ്ങളിലെ പുരോഹിതന്മാരും സന്യാസിനികളും ജനക്കൂട്ട വിചാരണയുടെയും നിയമപാലകരുടെയും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ട്. അതിലൊന്നാണു സ്റ്റാൻ സ്വാമിയെ ഒരിറ്റു വെള്ളം പോലും നൽകാതെ ജയിലിലടച്ചു കൊന്ന കഥ. ഇത്തരം സന്ദർഭങ്ങളിൽ പലപ്പോഴും ഉണ്ടാകുന്ന കുറ്റാരോപണം നിർബന്ധിത മതപരിവർത്തനം തന്നെയാണ്.

മതന്യൂനപക്ഷങ്ങൾക്ക് എതിരെ ഉണ്ടാകുന്ന ഓരോ സംഭവങ്ങളും ആഴത്തിൽ പരിശോധിക്കുമ്പോൾ കാണുന്നത് സവർണ ഹിന്ദു രാഷ്‌ട്രീയതയുടെ കരാള ഹസ്തങ്ങളാണ്.

ബിജെപി അധികാരമേറിയതിനു ശേഷം ഭരണഘടന മത ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സ്വാതന്ത്ര്യം നിഷേധിക്കുന്നതിനായി ബജ്രംഗ്‌ദൾ തുടങ്ങിയ മതമൗലിക സംഘടനകൾ ഇറങ്ങിത്തിരിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു.

എന്നാൽ ഈ മതന്യൂനപക്ഷങ്ങൾ, രാജ്യത്തിന്‍റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ പിന്തള്ളപ്പെട്ട കിടന്നിരുന്ന പിന്നാക്ക സമുദായങ്ങളെയും ഗോത്രവർഗങ്ങളെയും സമൂഹത്തിന്‍റെ മുൻനിരയിലേക്കു കൊണ്ടുവരാൻ ക്രൈസ്തവ സഭ വഹിച്ച പങ്ക് ചെറുതല്ല. ഓരോ പള്ളിയോടൊപ്പം ഒരു പള്ളിക്കൂടം വേണമെന്ന വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെ കർശനമായ നിർദേശങ്ങൾ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ഉന്നമനത്തിന് ഇടയാക്കി.

ഇനി, വോട്ട് ബാങ്കുകൾ ലക്ഷ്യമിട്ടുകൊണ്ട് വർഗീയത വളർത്തിയെടുക്കാൻ രാഷ്‌ട്രീയ പാർട്ടികളും ശ്രമിക്കരുത്. കോടതികളെ ഭീഷണിപ്പെടുത്തി മത ന്യൂനപക്ഷങ്ങൾക്കു ഭരണഘടന നൽകുന്ന അവകാശങ്ങൾ തകർക്കാൻ ചില സംഘടിത വിഭാഗങ്ങൾ നടത്തുന്ന ശബ്ദ ആഘോഷങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. മനുഷ്യ സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാതെ, വോട്ട് ബാങ്ക് രാഷ്‌ട്രീയം ഏതു പാർട്ടി കളിച്ചാലും അത് ജനാധിപത്യവിരുദ്ധമാണ്.

""മതമേതായാലും മനുഷ്യൻ നന്നായാൽ മതി'' എന്നും, ""അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങൾക്കു തമ്പുരാൻ'' എന്നും ശ്രീനാരായണ ഗുരേവൻ പറഞ്ഞ വചനങ്ങൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. നാം യുദ്ധം ചെയ്യേണ്ടത് പട്ടിണിയോടും പരിവട്ടത്തോടും ആയിരിക്കണം, രാഷ്‌ട്രീയ അധികാരത്തിനുവേണ്ടി മാനുഷിക മൂല്യങ്ങൾ തകർക്കരുത് എന്നുമാണ് ജ്യോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com