കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ!

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണന്നുള്ള പ്യൂരിറ്റൻവാദം ബ്രാഹ്മണിക്കലാണെന്നാണ് ജയമോഹനനെ എതിർക്കുന്ന ഒരു എഴുത്തുകാരന്‍റെ വാദം
കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ!

ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. ജയമോഹനും ചിരിക്കും. പക്ഷെ, മലയാളി ബുദ്ധിജീവികളും അവരുടെ പെട്ടിചുമട്ടുകാരും ഇളിക്കും.

ചിരി നല്ല ലക്ഷണമാണ്. സമ്മതിച്ചു. എന്നാൽ, ഇളി അങ്ങനെയല്ല. ഇളിഭ്യരാകുമ്പോഴാണ് ഇളിക്കാൻ തോന്നുക. ഉളുപ്പില്ലെങ്കിലും ചിലർ ഇളിച്ചുകാട്ടും. ഈ ഇളിച്ചുകാട്ടലുകളാണ് ഇപ്പോൾ ജയമോഹനെതിരേ നടക്കുന്നത്. മലയാളത്തിലും തമിഴിലും അദ്ദേഹമെഴുതുന്ന കാര്യങ്ങൾ വരികൾക്കിടയിലൂടെ വായിച്ചും കൊട്ടിഘോഷിച്ചും അദ്ദേഹത്തെ തലയിലേറ്റി കൊണ്ടുനടന്നിരുന്ന കഴുതപ്പുലികൾ ഇപ്പോൾ മൂപ്പരുടെ രക്തത്തിനുവേണ്ടി ദാഹിക്കുകയാണ്.

"നൂറു സിംഹാസനങ്ങ'ളും "മാടന്‍മോക്ഷ'വും "ഉറവിടങ്ങ'ളും മറ്റും രചിച്ച ജയമോഹൻ ഇപ്പോൾ സംഘിയും ബുദ്ധിഹീനനും പിതൃശൂന്യനും കറതീർന്ന ഫാസിസ്റ്റുമാണെന്നാണ് ചിലർ പറയുന്നത്. ഇത്തരത്തിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഭാവിയിൽ കേരളത്തിൽനിന്ന് അവാർഡുകളും സ്ഥാനമാനങ്ങളുമൊന്നും ഈ മനുഷ്യനു കിട്ടില്ലെന്നു നിശ്ചയം. ബുദ്ധിജീവികളുടെയും രാഷ്‌ട്രീയക്കാരുടെയും സാംസ്കാരിക നായകരുടെയും ഇടനിലക്കാരുടെയും ദല്ലാളന്മാരുടെയും സാഹിത്യ അക്കാഡമിയുടെയും വെറുപ്പു സമ്പാദിച്ചുകൊണ്ട് കേരള നാട്ടിൽ ഒരെഴുത്തുകാരനും നിൽക്കാനാവില്ലെന്ന് ജയമോഹനും അറിയാമെന്നു തോന്നുന്നു.

അദ്ദേഹം നല്ലവനായിരുന്നു!

കുറച്ചുനാൾ മുമ്പുവരെ നമ്മുടെ ബുദ്ധിജീവികൾക്കും അവരുടെ എറാൻമൂളികൾക്കും ഇദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു എന്നതാണ് ഏറ്റവും വലിയ തമാശ. സംസ്‌കൃത ഭാഷയെ "വൃത്തികെട്ട ഭാഷ'യെന്ന് അധിക്ഷേപിച്ചപ്പോഴും സനാതന ധർമത്തിനെതിരേ നിലകൊണ്ടപ്പോഴും എന്തൊരു കൈയടിയായിരുന്നു ഈ കഴുതപ്പുലികളിൽ നിന്നു ജയമോഹനു കിട്ടിയത്!

പക്ഷെ, എത്ര പെട്ടെന്ന് കാര്യങ്ങൾ തകിടം മറിഞ്ഞു! ഒരു സിനിമയെ വിമർശിക്കുകയും നവകേരളസമൂഹത്തിന്‍റെ ആർത്തികളെയും ചാപല്യങ്ങളെയും ഉയർത്തിക്കാട്ടുകയും ചെയ്തപ്പോൾ അദ്ദേഹം ഒരു പുഴുവിനെപ്പോലെ നികൃഷ്ടനായി മാറി. ഈ ശാപത്തിൽ നിന്ന് അദ്ദേഹത്തിന് മോക്ഷം കിട്ടുക എളുപ്പമല്ല. ഇത് ഖേരളമാണ്!

മദ്യത്തിൽ മുങ്ങിയ യുവത്വം

'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയെ വിമർശിച്ചുകാണ്ട് ജയമോഹൻ എഴുതിയ കുറിപ്പാണ് എല്ലാത്തിന്‍റെയും തുടക്കം. ലഹരിക്കടിമകളായ കൊച്ചിയിലെ ചുരുക്കം ചിലരുടെ കൈകളിലാണ് മലയാള സിനിമാവ്യവസായമെന്നും ലഹരിവസ്തുക്കളുടെ ദുരുപയോഗം, വ്യഭിചാരം തുടങ്ങിയവയെ മഹത്വവത്കരിക്കുന്ന സിനിമകൾ മലയാളത്തിൽ സർവസാധാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ ബാധിച്ചുകഴിഞ്ഞ പ്രകൃതിചൂഷണം, കൈയേറ്റം, മദ്യഉപഭോഗം, നഗരവത്കരണം തുടങ്ങിയ നാനാവിധ ആസുരതകളെക്കുറിച്ചാണ് അദ്ദേഹം തുടർന്നുപറഞ്ഞത്. ഈ അഭിപ്രായങ്ങൾ കുറച്ചെങ്കിലും ശരിയാണെന്ന് മലയാളിയുടെ ജീവിതവ്യവസ്ഥ സസൂഷ്മം വീക്ഷിക്കുന്ന ആർക്കും സമ്മതിക്കേണ്ടിവരും എന്നതിൽ സംശയമില്ല.

"കുടിച്ചകള്ള് കള്ളമൊന്നും പറയില്ലെടാ!' എന്നാണ് ജയമോഹൻ വിമർശിക്കുന്ന സിനിമയിലെ ഒരു ജനപ്രിയഗാനത്തിലെ വരികൾ. അതെ! നമ്മുടെ നാട്ടുമ്പുറങ്ങൾ നന്മകളാലല്ല, മദ്യത്താൽ സമൃദ്ധമാണെന്നതാണു സത്യം. സത്യമായ മദ്യവും മാംസവും പുകയും പകയുമില്ലാത്ത ഗൃഹങ്ങൾ നമുക്കിപ്പോൾ സങ്കൽപ്പിക്കാൻപോലും സാധിക്കുന്നില്ല. ജനനം, ചോറൂണ്, വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിൽ മാത്രമല്ല, എഴുദിവസവും മദ്യവും അനുസാരികളും വേണമെന്ന സ്ഥിതിയാണിപ്പോൾ. മദ്യം ഉപേക്ഷിച്ച ഒരാൾക്ക് സുഹൃത്തുക്കളും ബന്ധുക്കളും നഷ്ടമാവും എന്നതിൽ സംശയമില്ല. നാടെങ്ങും മുളച്ചുവരുന്ന ഡയാലിസിസ് യൂണിറ്റുകളും മനഃശാസ്ത്ര ചികിത്സാ കേന്ദ്രങ്ങളും മദ്യവും അമിതാഹാരവും സമ്മാനിക്കുന്ന മറ്റു ദുരവസ്ഥകളുടെ സൂചനകളാണ്. പൊതുസമൂഹത്തിന്‍റെ മാനസികാരോഗ്യത്തിന്‍റെ

സ്ഥിതിയും മറിച്ചല്ലെന്നുവേണം പറയാൻ. അസഹിഷ്ണുതയും അസഭ്യപ്രയോഗങ്ങളും കൊള്ളിവാക്കുകളും ശാപോക്തികളും കുത്തിത്തിരിപ്പുകളും ഇതിനോടകം സാമാന്യജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. മലയാള പത്ര- മാസികളിലും ചാനലുകളിലും വരുന്ന പേയ്ഡ് വാർത്തകളിലും ലേഖനങ്ങളിലും വിഷം പടരുകയാണ്. ഇതൊന്നും പോരാഞ്ഞ്, കുറ്റകൃത്യങ്ങൾ കണ്ടു രസിക്കാനായി ചാനലുകളിൽ ദിവസവും പ്രത്യേക പരിപാടികൾ തന്നെയുണ്ട്!

നമ്മളുടെ മനസ്സുകൾ എങ്ങനെയാണ് ഇത്രമാത്രം ക്രൂരവും സ്വാർഥവും നികൃഷ്ടവുമായിത്തീർന്നത്? നമ്മുടെ ഉള്ളിലെ വെളിച്ചം ഈവിധം കെട്ടുപോയത് എങ്ങനെയാണ്? നമ്മൾ മഹാന്മാരും മറ്റുള്ളവരെല്ലാം വിഡ്ഢികളുമാണെന്ന രാക്ഷസീയവിചാരം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്?

ബ്രാഹ്മണർ എന്ന ഭീകരർ

സമൂഹത്തിന്‍റെ പൊതു അവസ്ഥയെക്കുറിച്ച് അഭിപ്രായം പറഞ്ഞ ഒരെഴുത്തുകാരനെ കല്ലെറിഞ്ഞോടിക്കാൻ നവോത്ഥാനകേരളന്മാർ കാണിക്കുന്ന ആവേശം ആദിമമനുഷ്യരുടെ മൃഗയാവിനോദങ്ങളെ ഓർമിപ്പിക്കുന്നു.

മദ്യപിക്കുന്നവരെല്ലാം മോശക്കാരാണന്നുള്ള പ്യൂരിറ്റൻവാദം ബ്രാഹ്മണിക്കലാണെന്നാണ് ജയമോഹനനെ എതിർക്കുന്ന ഒരു എഴുത്തുകാരന്‍റെ വാദം. ജയമോഹൻ ഒരു ബ്രാഹ്മണനല്ലാതിരിക്കെ, പിന്നെയെങ്ങനെയാണ് അദ്ദേഹത്തിന്‍റെ വാദം ബ്രാഹ്മണിക്കലാകുന്നത്? ബ്രാഹ്മണർ മനുഷ്യരല്ലെന്നും അവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്നുമാണ് ഇതൊക്കെക്കേട്ടാൽ തോന്നുക.

"ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാൻ പറ്റില്ല' എന്നാണ് ജയമോഹനോട് മറ്റൊരു ബുദ്ധിജീവിയുടെ താക്കീത്. "ചാമ്പുക' എന്ന പ്രയോഗം തീർച്ചയായും കാലത്തിനുചേർന്ന ഒരു പ്രയോഗം തന്നെ! എല്ലാ പ്രശ്നങ്ങളും വിവാദങ്ങളും ചാമ്പിത്തീർക്കുകയാണ് നല്ലതെന്ന് പറയുന്ന ഈ ബുദ്ധിജീവിയെ എന്താണ് വിളിക്കേണ്ടത്? ചാമ്പിയശേഷം കത്തിച്ചു ചാമ്പലാക്കിയാൽ വാദപ്രതിവാദങ്ങൾ എരിഞ്ഞുതീരുമോ?

ആടിനെ പട്ടിയാക്കുന്നവർ

വിഭിന്നങ്ങളായ രണ്ടു സംസ്കാരങ്ങളുടെ സമുദ്രത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഉഭയജീവിയാണ് ജയമോഹൻ. കന്യാകുമാരിയിൽ പിറന്ന തമിഴനും നാഞ്ചിനാട്ടിലെ മലയാളിയുമാണ് അദ്ദേഹം. കരൾപിളരുന്ന അനേകം അനുഭവങ്ങളുടെ ഇരയായ മനുഷ്യൻ. അതുകൊണ്ടുതന്നെ, ജയമോഹന്‍റെ ജീവചരിത്രക്കുറിപ്പിന്‍റെ ആഴം മറ്റു പല എഴുത്തുകാർക്കുമില്ല.

അദ്ദേഹത്തിന്‍റെ പ്രൊഫൈൽ വായിക്കുമ്പോൾത്തന്നെ വായനക്കാർ ഒരുതരം മോഹവലയത്തിൽപ്പെട്ടുപോകും. അനുഭവങ്ങളുടെ സാഗരം ആ മനസിൽ അലയടിക്കുന്നുണ്ട്.

ഇത്തരം പ്രൊഫൈലുകളിൽ ആകൃഷ്ടരായ നവബുദ്ധിജീവികൾ തങ്ങൾക്കായി പുതിയ ജീവചരിത്രക്കുറിപ്പുകൾ ഉണ്ടാക്കിയെടുക്കുന്നുമുണ്ട്. പണവും സ്വാധീനവുമുണ്ടെങ്കിൽ ഏതു തരം പ്രൊഫൈലും നമുക്ക് സൃഷ്ടിച്ചെടുക്കാം എന്നതാണ് ഇക്കാലത്തിന്‍റെ ഏറ്റവും വലിയ ഗുണം.

അങ്ങനെ തയാറാക്കപ്പെടുന്ന പ്രൊഫൈലിന്‍റെ ബലത്തിലാണ് പുതിയ എഴുത്തുകാരും ബുദ്ധിജീവികളും ഉണ്ടാകുന്നത്. അങ്ങനെയാണ് ആടിനെ പട്ടിയാക്കുന്നതും പട്ടിയെ ആടാക്കുന്നതും. അങ്ങനെയാണ് നമ്മുടെ പുതിയ സാംസ്കാരിക സാഹിത്യരംഗം സമ്പന്നമാകുന്നത്.

ഇത്തരത്തിലുള്ള പുതുമടിശ്ശീലക്കാരാണ് ജയമോഹനെപ്പോലെ, കരളുറപ്പും എല്ലുറപ്പുമുള്ളവരുടെ നേരേ ചീറിയടുക്കുന്നത്.

സാരമില്ല, യഥാർഥ എഴുത്തുകാരൻ ഒരു യാത്രക്കാരനാണ്.

വിധിയുടെ വാടകവണ്ടിയിലെ ഏകനായ വഴിയാത്രക്കാരൻ.

(ലേഖകന്‍റെ ഫോൺ: 9447809631)

Trending

No stories found.

Latest News

No stories found.