പരിമിതപ്പെടരുത്, മാധ്യമ സ്വാതന്ത്ര്യം

180 രാജ്യങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്കിങ് 159 ആണ്
Don't limit press freedom
press freedom

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വേദനാജനകമാണ്. 180 രാജ്യങ്ങളുടെ പട്ടികയിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്കിങ് 159 ആണ്.

ആദ്യത്തെ 5 രാജ്യങ്ങൾ നോർവെ, ഡെൻമാർക്ക്, സ്വീഡൻ, നെതർലന്‍റ്, ഫിൻലന്‍റ് എന്നീ യൂറോപ്യൻ രാജ്യങ്ങളാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാൾ (74), ഭൂട്ടാൻ (147), ശ്രീലങ്ക (150), പാക്കിസ്ഥാൻ (152) ബംഗ്ലാദേശ് (165), മ്യാൻമർ (171), ചൈന (172), അഫ്ഗാനിസ്ഥാൻ (178) പട്ടികയിലെ അവസാന രാജ്യങ്ങൾ ഇറാൻ (176), ഉത്തര കൊറിയ (177), അഫ്ഗാനിസ്ഥാൻ (178) സിറിയ (179) എറിട്രിയ (180) എന്നിവയാണ്.

ജനാധിപത്യത്തിന്‍റെ നിലനിൽപ്പിന് മാധ്യമ സ്വാതന്ത്യം അത്യന്താപേക്ഷിതമാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളർച്ചയോടെ മാധ്യമ രംഗത്തും മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. അച്ചടി മാധ്യമങ്ങൾ തുടങ്ങിയ കാലഘട്ടത്തിൽ വാർത്തകൾക്ക് സത്യസന്ധതയും പ്രാധാന്യവുമുണ്ടായിരുന്നു. അച്ചടി മാധ്യമ ലേഖകരുടെ ബൈലൈനുകൾ പരിശുദ്ധമായിരുന്നു. ഡൽഹിയിൽ നിന്ന് ടി.വി.ആർ. ഷേണായി, മാധവൻകുട്ടി തുടങ്ങിയ ലേഖകർ നൽകിയിരുന്ന വാർത്തകൾ പ്രസിദ്ധമായിരുന്നു. പ്രിന്‍റ് മാധ്യമങ്ങൾ വാർത്തകൾ പരിശോധിക്കാനും തെററുകൾ തിരുത്താനും സമയം കണ്ടെത്തിയിരുന്നു. മനുഷ്യന് ജീവവായു പോലെ സമൂഹത്തിന്‍റെ ജീവവായുവാണ് സത്യസന്ധതയോടെയുള്ള മാധ്യമ പ്രവർത്തനം. മനുഷ്യ സംസ്ക്കാരത്തിന്‍റെയും കാഴ്ചപ്പാടുകളുടെയും നിലനിൽപ്പ് മാധ്യമ സ്വാതന്ത്യ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇപ്പോൾ ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ യുഗമാണ് . അവ വന്നതോടു കൂടി സെക്കൻഡുകൾക്കാണ് പ്രാധാന്യം, വാർത്തയുടെ സത്യസന്ധതയ്ക്കല്ല. വാർത്താ മാധ്യമ രംഗത്ത് പരമ്പരാഗതമായ ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ പോലും മത്സരയോട്ടത്തിൽ പലരുടെയും മാന്യത കൈവിട്ടുപോകുന്നു.

ഈ തെരഞ്ഞെടുപ്പു കാലത്ത് സ്ഥാനാർഥികൾക്കെതിരായി നടത്തിയ വ്യക്തിഹത്യ ദുഃഖകരമാണ്. കാണുമ്പോൾ പരസ്പരം കൈകൊടുക്കുകയും കെട്ടിപ്പിടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നവർ പിന്നണിയിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ എതിരാളികളെ അസഭ്യം പറഞ്ഞുകൊണ്ടുള്ള പ്രചരണ രീതി അവലംബിക്കുന്നു. സോഷ്യൽ മീഡിയകളിൽ വാർത്തകളുടെ ഉത്തരവാദിത്വം കണ്ടെത്താൻ ബുദ്ധിമുട്ടായിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ മറ്റ് തൂണുകളായ പാർലമെന്‍റ്, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്നിവയുടെ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും പരസ്പരം സ്നേഹിച്ചും സഹകരിച്ചും നമുക്കു മുന്നേറാം. രാഷ്‌ട്രീയ അധികാരത്തിനപ്പുറത്ത് സത്യസന്ധത നിലനിർത്തിയാൽ മാത്രമേ ഭരണ നേട്ടങ്ങൾ രാജ്യത്തിന് ഗുണകരമാകൂ. സത്യസന്ധമായ വാർത്തകൾ ആശങ്കയില്ലാതെ ജനങ്ങളിലെത്തിക്കാനും സ്വതന്ത്രമായി പറയാനും ഒരു ജനാധിപത്യ രാജ്യത്തിന് കഴിയണം എന്നാണ് ജോത്സ്യന് പറയാനുള്ളത്.

Trending

No stories found.

Latest News

No stories found.