ഉണ്ടാക്കി വച്ച സൽപ്പേര് സ്വയം ഇല്ലാതാക്കരുത്
ഉണ്ടാക്കി വച്ച സൽപ്പേര് സ്വയം ഇല്ലാതാക്കരുത്
ജ്യോത്സ്യൻ
ഇക്കൊല്ലം അവസാനത്തോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും 2026 ആദ്യ മാസങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും കേരളത്തിൽ നടക്കാനിരിക്കുകയാണ്. നീണ്ട പത്തു വർഷക്കാലം കേരളത്തിന് ഭരണ നേതൃത്വം കൊടുത്ത് രണ്ടു പ്രാവശ്യം തുടർച്ചയായി അധികാരത്തിൽ വന്ന് റെക്കോഡ് സൃഷ്ടിച്ച ഇടതുമുന്നണി സർക്കാർ സ്വാഭാവികമായും ജനങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ധാരാളം ചോദ്യങ്ങൾക്കു മറുപടി പറയേണ്ടി വരും.
ഇന്നത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കരുത്തനായ ഭരണ സാരഥിയാണ്. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയതിലും, ദേശീയപാത 45 മുതൽ 60 മീറ്റർ വരെ വീതി വയ്പ്പിച്ച് ആകാശ പാതകളോടു കൂടി പൂർത്തീകരിക്കുന്നതിലും, വൈപ്പിൻ ഗെയ്ൽ പദ്ധതി നടപ്പാക്കിയതിലും, കൊച്ചി മെട്രൊ റെയ്‌ൽ പദ്ധതിയുടെ ആദ്യഘട്ടം പാലാരിവട്ടം മുതൽ തൃപ്പൂണിത്തുറ വരെ പൂർത്തിയാക്കിയതിലും, രണ്ടാം ഘട്ടം പാലാരിവട്ടം മുതൽ തൃക്കാക്കര വരെ ആരംഭിച്ചതിലും, കൊച്ചി വാട്ടർ മെട്രൊ യാഥാർഥ്യമാക്കിയതിലും പിണറായിയുടെ നേതൃപാടവം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ പിണറായി വിജയൻ സർക്കാരിന്‍റെ സംഭാവന ചെറുതല്ല. ക്രമസമാധാനം പാലിക്കുന്നതിലും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്നതിലും ഈ സർക്കാരിന് വലിയ നേട്ടങ്ങളുണ്ട്. ഇതൊക്കെ മുന്നിൽ നിർത്തിയായിരിക്കും വരുന്ന തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജനമധ്യത്തിലേക്ക് എത്തുന്നത്.
എന്നാൽ കഴിഞ്ഞ രണ്ടു മാസമായി കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ഈ സർക്കാരിന്‍റെ പ്രതിഛായ വല്ലാതെ ഇല്ലാതാക്കിയിരിക്കുന്നു എന്നതിൽ തർക്കമില്ല. എല്ലാ എതിർപ്പുകളെയും നേരിട്ട് മുന്നോട്ടു നീങ്ങിയ ദേശീയ പാതയിൽ കഴിഞ്ഞ മൂന്നു മാസങ്ങളായി വിവിധ സ്ഥലങ്ങളിലുണ്ടായ ദുരന്തങ്ങൾ ചെറുതല്ല. ഇത്തരം വൻകിട നിർമാണ പ്രവർത്തനങ്ങളിൽ ചില പിഴവുകളും പാളിച്ചകളും ഉണ്ടാകാറുണ്ട്. 20 വർഷം മുമ്പ് ഗുജറാത്തിൽ പണിത പാലം അടുത്തിടെ തകർന്നുവീണത് നാം കണ്ടതാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുരങ്കങ്ങളും റോഡുകളും പാലങ്ങളും ഭാഗികമായോ പൂർണമായോ തകർന്ന സംഭവങ്ങളുമുണ്ട്. എന്നാൽ അതൊക്കെ ചൂണ്ടിക്കാണിച്ചുകൊണ്ട് കേരളത്തിലെ ദേശീയ പാതയിൽ സംഭവിച്ചിട്ടുള്ള അപകടം ലഘൂകരിക്കാനാവില്ല. അതിനാൽ കാസർഗോഡ് നിന്നും പാലക്കാട് നിന്നും പാറശാല വരെ കേരളത്തിന് അഭിമാനകരമായി ദേശീയപാത പൂർത്തീകരിച്ചു എന്ന് അവകാശപ്പെടാൻ ഇടതു മുന്നണി ബുദ്ധിമുട്ടും.
തിരുവനന്തപുരത്തെ വിഴിഞ്ഞം അദാനി തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുന്നോട്ടു പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ന് ഉദ്ഘാടനം ചെയ്ത വിഴിഞ്ഞം തുറമുഖം ഇപ്പോൾ പല ദുരന്ത സംഭവങ്ങൾക്കും സാക്ഷിയായി മാറുന്നു. തുറമുഖത്തിനടുത്തുള്ള മുതലപ്പൊഴിയിൽ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അപകടമരണങ്ങൾ ഒന്നൊന്നായി നടക്കുകയാണ്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് മുതലപ്പൊഴിയുടെ ഡിസൈനിൽ വന്ന അപാകത മൂലം രണ്ടു തുറമുഖം കൊണ്ടും മത്സ്യത്തൊഴിലാളികൾക്ക് യാതൊരു ഗുണവും കിട്ടിയില്ലെന്ന് മാത്രമല്ല, അവരുടെ ജീവന് ഭീഷണിയാവുകയും ചെയ്തിരിക്കുന്നു. തുറമുഖം ആരംഭിച്ച ഉമ്മൻ ചാണ്ടിക്കും പണി പൂർത്തിയാക്കിയ പിണറായി വിജയനും കടലിന്‍റെ മക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പലതും പൂർത്തീകരിക്കാനായില്ല. മാത്രമല്ല, തുടരെ കടലിലുണ്ടായ വലിയ കപ്പലപകടങ്ങൾ മത്സ്യസമ്പത്തിനെയും മത്സ്യബന്ധനത്തെയും ദോഷകരമായ ബാധിച്ചിരിക്കുന്നു എന്ന യാഥാർഥ്യം മറച്ചുവയ്ക്കാനുമാവില്ല.
ആരോഗ്യ രംഗത്ത് രാജ്യത്തിനാകെ മാതൃകയാണ് കേരളമെന്ന് പറയുമ്പോൾ അവിടെയും ചില ചോദ്യങ്ങളുരുന്നു. നല്ല നിലയിൽ പ്രവർത്തിക്കുന്ന രണ്ടു മെഡിക്കൽ കോളെജുകളാണ് തിരുവനന്തപുരവും കോട്ടയവും. യാതൊരു ആക്ഷേപവും കേൾക്കാത്ത ജനപ്രിയനായ യൂറോളജി വിഭാഗം ഡോ. ഹാരിസ് ജനമധ്യത്തിൽ പറഞ്ഞ കാര്യങ്ങൾ നമ്മുടെ ആരോഗ്യ ഭരണ സംവിധാനത്തിന് കാര്യമായ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോട്ടയം മെഡിക്കൽ കോളെജിൽ പഴയ കെട്ടിടം ഇടിഞ്ഞു വീണ് മകളുടെ കൂട്ടുകിടപ്പുകാരി എത്തിയ ബിന്ദു എന്ന വീട്ടമ്മ മരിക്കുന്നത്. മന്ത്രിമാരായ വി.എൻ. വാസവനോ വീണാ ജോർജോ ആണ് കെട്ടിടം തള്ളി താഴെയിട്ടതെന്ന് ആരും പറയില്ല. പക്ഷെ, ആ വിഷയം കൈകാര്യം ചെയ്ത രീതിയിൽ പാളിച്ചകൾ സംഭവിച്ചു. തുടർന്ന് കേരളത്തിലെ സർക്കാർ ആശുപത്രികളുടെ ഫിറ്റ്നെസ് പരിശോധിച്ചപ്പോൾ 250ഓളം ആശുപത്രി കെട്ടിടങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.
കുറെ കാലങ്ങളായി കേരളത്തിൽ സമാധാനപരമായി നീങ്ങിയിരുന്ന വിദ്യാഭ്യാസ മേഖലയിൽ വീണ്ടും മുദ്രാവാക്യം മുഴുങ്ങാൻ തുടങ്ങിരിക്കുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജ്ഭവനിൽ വച്ചതിനെ തുടർന്നുണ്ടായ തർക്കവും ഏറ്റുമുട്ടലും വിദ്യാലയങ്ങളിലേക്കും സർവകലാശാലകളിലേക്കും അനിയന്ത്രിതമായി വ്യാപിച്ചിരിക്കുന്നു. പക്ഷേ, എസ്എഫ്ഐ എന്ന വിദ്യാർഥി സംഘടന ഏറ്റുമുട്ടുന്നത് അവരുടെ പാർട്ടി ഭരിക്കുന്ന സർക്കാരിന്‍റെ പൊലീസിനോട് തന്നെയാണെന്നതാണ് വിചിത്രം.
എപ്പോഴത്തെയും പോലെ ദേശീയ പണിമുടക്ക് കേരള ദേശത്ത് മാത്രമായി ഒതുങ്ങി. ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ രാഹുൽ ഗാന്ധി, എം.എ. ബേബി, ഡി. രാജ, തേജസ്വി യാദവ് എന്നിവരൊക്കെ പരസ്പരം കൈ കോർത്ത് സമരത്തിന് നേതൃത്വം കൊടുത്തെങ്കിലും കേരളത്തിൽ ആ യോജിപ്പ് ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കു ശേഷം ഇപ്പോഴിതാ പണിമുടക്കിന്‍റെ ഭാഗമായി സിപിഎമ്മിന്‍റെ ഗൂണ്ടാ പട റോഡിലിറങ്ങി. വൻകിട ഹോട്ടലുകാർ അവരുടെ അതിഥികളെ സൽക്കരിച്ച് സന്തോഷിപ്പിച്ചപ്പോൾ പാവപ്പെട്ടവരുടെ ആശ്രയമായ തട്ടുകടകൾ പൂട്ടപ്പെട്ടു. കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവന്ന മത്സ്യം വിൽക്കാൻ പോലും പാവം മത്സ്യത്തൊഴിലാളികളെ അനുവദിച്ചില്ല. മൊബൈൽ ഫോൺ എല്ലാവരുടെയും കൈയിലുള്ളതു കൊണ്ട് ഇതെല്ലാം ജനങ്ങൾ തത്സമയം കാണുകയാണ്. ഈയൊരു സാഹചര്യത്തിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് എങ്ങനെയാണ് മറുപടി പറയേണ്ടതെന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ആലോചിക്കണം.
സെക്രട്ടേറിയേറ്റിനു മുന്നിൽ പായ വിരിച്ച് കിടന്ന് മഴയും വെയിലുമേറ്റു സമരം നടത്തുന്ന ആശാ വർക്കർമാർ മുഖ്യമന്ത്രി ഒന്ന് കൈവിരൽ ഞൊട്ടി വിളിച്ചാൽ എന്നേ എഴുന്നേറ്റു പോകുമായിരുന്നു. ആരുടെയൊക്കെയോ വാശി തീർക്കാൻ മുഖ്യമന്ത്രിയെടുത്തിരിക്കുന്ന അനങ്ങാപ്പാറ നയം മൂലം സംസ്ഥാനത്തിനകത്ത് ആയിരം സ്ഥലങ്ങളിലാണ് ആശാ വർക്കർമാരുടെ സമരപ്പന്തൽ ഉയർന്നിട്ടുള്ളത്. പബ്ലിക് സർവീസ് കമ്മീഷന്‍റെ പരീക്ഷയും ഇന്‍റർവ്യൂവും കഴിഞ്ഞ് പ്രത്യാശയോടെ ആയിരങ്ങൾ കാത്തിരിക്കുമ്പോൾ ആരുമറിയാതെ പിൻവാതിൽ നിയമനങ്ങൾ നടക്കുകയാണ്.
കാലടി സർവകലാശാലയിലെ വിദ്യാർഥി- വിദ്യാർഥിനികളെ യാതൊരു നിയന്ത്രണവും കൂടാതെ രാവും പകലും അഴിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നത് എസ്എഫ്ഐയാണ്. ഈ സമരത്തെ നഖശിഖാന്തം എതിർക്കുന്നത് മറ്റൊരു മുൻ എസ്എഫ്ഐ നേതാവും. അങ്ങനെ, സമരവിശേഷങ്ങൾ പറയാൻ ഇനിയുമേറെയുണ്ട്.
കേരളത്തിൽ ഈസ് ഓഫ് ഇൻവെസ്റ്റ്മെന്‍റ് എന്ന് കൊട്ടിഘോഷിച്ച സർക്കാരിന് ഈ അക്രമ സമരങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്? ജനാധിപത്യത്തിൽ സമരം ചെയ്യാൻ സ്വാതന്ത്ര്യമുള്ളതു പോലെ അതിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്തവർക്ക് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഇതെല്ലാം ഭരണവിരുദ്ധ മനോഭാവമായി മാറുമെന്നുറപ്പാണ്. അത് വരുന്ന തെരഞ്ഞടുപ്പുകളിൽ പ്രതിഫലിക്കും. എസ്എഫ്ഐ, സിഐടിയു പോലെയുള്ളവരുടെ നയങ്ങളിൽ മാറ്റം വരുത്തുകയും, തുടർ ഭരണത്തിന്‍റെ നേട്ടങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കുകയും, വേണ്ട വിധത്തിൽ പ്രചാരം കൊടുക്കുകയും ചെയ്തില്ലെങ്കിൽ വീണ്ടും അധികാരത്തിൽ കയറാനാകില്ല. ഇടതു സർക്കാർ ഇക്കാലമത്രയും ഉണ്ടാക്കിയ സൽപ്പേര് അവസാന ദിവസങ്ങളിൽ തച്ചുടച്ചു എന്നാണ് ജോത്സ്യന് പറയാനുള്ളത്.